Amma

അമ്മ


“അമ്മ”യെന്നുള്ള രണ്ടക്ഷരം നാവിന്മേൽ 

നന്മധു സത്യമായ് ചിന്തിടുന്നു

നന്മകൾക്കൊക്കെയും ബീജമീയെന്നുള്ളിൽ 

മേന്മയിൽച്ചേർത്തതെന്നമ്മയല്ലോ. 

നിർമ്മലസ്നേഹത്തിൻ മാധുരിയാദ്യമെ 

ന്നമ്മയിൽ നിന്നു ഞാനാസ്വദിച്ചു. 

ശൈശവപ്രായത്തിൽമാറോടുചേർത്തന്നെ 

യാശ്ലേഷിച്ചാദ്യമായമ്മതന്നെ.

എൻമുഖത്താദ്യമായ് സസ്നേഹം ചുംബിച്ച- 

തമ്മയല്ലാതെ മറ്റാരുമല്ല.

ജീവിതനാടകവേദിയിൽ വന്ന ഞാൻ

ഭൂവിലേ മോഹനരംഗമായി

ആദ്യമായ്ക്കണ്ടതെൻ മാതാവിൻ ചുണ്ടിലേ 

ഹൃദ്യമാം പുഞ്ചിരിയാണു നൂനം.

“ആരോമൽ പൈതലേ, തങ്കമേ,”യെന്നേവം 

താരാട്ടുപാടുമെൻ മാതാവിന്റെ

ഗ്രാമീണഗീതമാണാദ്യമെൻ കാതുകൾ- 

ക്കാമോദമേകിയ ദിവ്യഗീതം. 

അക്ഷരവ്യക്തിയില്ലാത്തൊരു പ്രായത്തിൽ 

ശിക്ഷണചാതുരിയോടുകൂടി

“ഈശോ”യെന്നെന്നെക്കൊണ്ടുച്ചരിപ്പിച്ചതും

ദേശികാഗ്രേസരയമ്മതന്നെ.

തിന്മയെ ദ്വേഷിപ്പാൻ, നന്മയെ സ്നേഹിപ്പാൻ, 

നിർമ്മലപന്ഥാവിൽ സഞ്ചരിപ്പാൻ, 

ദുഷ്ടരാം കൂട്ടരെ വിട്ടകന്നീടുവാൻ, 

ശിഷ്ടരെ സ്നേഹിതരായ് വരിക്കാൻ 

താതനേയാദരിച്ചീടുവാനും സഹ- 

ജാതരെ വേണ്ടപോൽ സ്നേഹിക്കാനും 

ദീനരോടെപ്പൊഴും കാരുണ്യപൂരിത- 

മാനസയായ്ത്തന്നേ വർത്തിക്കാനും 

വന്ദ്യയാം മാതാവു തന്നൊരു പാഠങ്ങൾ 

നന്ദിയോടിന്നും ഞാനോർമ്മിക്കുന്നു. 

നിത്യനാമീശ്വരൻ, നിത്യമാം ജീവിത- 

മിത്തരം കാര്യങ്ങളാദ്യമായി

ഉന്നതജ്ഞാനങ്ങളൊന്നുമില്ലാത്തൊരാ 

ധന്യയിൽ നിന്നല്ലോ ഞാൻ ഗ്രഹിച്ചു. 

ഉത്തമകർഷക പാകിയ മേൽത്തരം

വിത്തുകൾ മാനസവാടിതന്നിൽ

ഒത്തപോൽ ചേർത്തു ഞാൻ സേചനം ചെയ്തെങ്കി-

ലെത്ര സംവർദ്ധകമായിരുന്നു.

പക്ഷികൾ കൊത്തിയും മുൾച്ചെടി ഞെക്കിയും

സൂക്ഷമില്ലാതെപോയൊട്ടുഭാഗം.

സ്വന്തമാം വീഴ്ചയാൽ വന്നൊരാ നഷ്ടത്തിൽ

സന്തപിക്കുന്നു ഞാൻ ന്യായമായി. 

എങ്കിലും നന്മയായ് വല്ലതുമെന്നിലു-

ണ്ടെങ്കിലക്കാര്യത്തിൽ നിത്യകാലം

വാഴ്ത്തിടുന്നെന്റെ മാതാവിനെത്തന്നെ ഞാൻ 

ഹൃത്തടം തിങ്ങുന്ന നന്ദിയോടെ.

അമ്മയെപ്പോൽ പരിപൂജ്യയാം ദേവിയെ 

കാണ്മതില്ലെൻമനോവേദിയിൽ ഞാൻ. 

നിർമ്മലസ്നേഹവുമുന്നതത്യാഗവു-

മമ്മയെ വെല്ലുമാറാരു കണ്ടു?

നല്ല മാതാക്കളുണ്ടെങ്കിലോ ലോകത്തിൽ- 

നല്ലവരുണ്ടാകും മേല്ക്കുമേലായ്. 

ഉന്നതസ്ഥാനികളാകിലും ദൃഷ്ടിയെ- 

പിന്നിലേക്കൊന്നു തിരിച്ചുവിട്ടാൽ 

ധന്യയാമമ്മതൻ കാലടിപ്പാടുകൾ 

മുന്നിലുണ്ടായിരുന്നെന്നു കാണാം. 

അപ്പദതാരുക്കൾക്കായി നാമഞ്ജ്‌ലി 

യെപ്പോഴും സാദരം നല്കിടേണം.

                                            (കുട്ടികളുടെ ദീപിക, ജനുവരി 1968)