Visudha Job

വിശുദ്ധ ജോബ്


രാപരഭക്തശിരോമണിയായി

പരംവിനീതനായ കുലീനനുമായി,

പെരിയസമ്പത്തിന്നുടമസ്ഥനായി-

പരന്ന സൽകീർത്തിക്കൊരു വിഷയമായ്, 

കളങ്കമറ്റുള്ള ഗുണഗണങ്ങളാൽ

വിളങ്ങിയ പത്തു സുതർക്കു താതനായ്, 

ഒരുതരത്തിലുമൊരുകുറവില്ലാ-

തൊരുമഹാൻ “ജോബെ” ന്നഭിധാനത്തോടേ, 

ധരാതലത്തിന്നു തിലകമെന്നപോൽ 

പുരാധരണിയിൽ വിളങ്ങി നീതിമാൻ,

കഴലിണ കൂപ്പും നിജഭക്തന്മാരിൽ 

പിഴയെന്യേശുഭം ചൊരിയുന്ന ദൈവം

അനന്തമായുള്ള കൃപാതിരേകത്താ-

ലനുഗ്രഹിച്ചുതൻ വിനീതദാസനെ. 

നിറഞ്ഞസമ്പത്തും തികഞ്ഞഭക്തിയും

മുറയ്ക്കനുദിനമഭിവൃദ്ധിപ്പെട്ടു. 

അനുകമ്പാശീലനഗതികൾക്കെന്നു-

മനവധിയായിക്കൊടുത്തു ധർമ്മവും. 

നിരാശയന്മാരേപരിരക്ഷചെയ്തും 

നിരാമയൻ തന്നെസ്സദാവിചാരിച്ചും, 

നിരന്തരം ജപതപാദികൾ ചെയ്തും

നിരാകുലം വാണ വിശിഷ്ടനാം ജോബിൽ 

അനാദ്യനന്തനാം ജഗൽപിതാവേറ്റം 

മനംതെളിഞ്ഞങ്ങു വസിക്കും വേളയിൽ, 

കനകമഗ്നിയിൽ വറുക്കും പോലെയി-

ത്തനയനേയേറ്റം വിശുദ്ധനാക്കുവാൻ

നിറച്ചുവേണ്ടപോൽ പരീക്ഷിച്ചുകൊൾവാ –

നനുമതിനൽകിയ ശുദ്ധരൂപിക്ക്.

അഹോ! മഹത്തരം സുകൃതങ്ങളാലി 

മഹാവിശുദ്ധനോടടുത്തുകൊള്ളുവാൻ,

കഴിവെന്യേ വൈരം മുഴുത്തിതേവരെ-

ക്കഴിഞ്ഞുകൂടിയ പിശാചുക്കളെല്ലാം,

 ഇളകിയാർത്തട്ടഹസിച്ചു മത്തരായ്, 

പുളച്ചഹങ്കരിച്ചടുത്തുകൂടിനാർ. 

കടുത്ത പാറയേയടിച്ചുടയ്ക്കുവാ –

നടുത്തിടും വീചീപരമ്പരയ്ക്കൊപ്പം, 

കടുത്ത കോപത്തോടരികുലം ജോബി-

ന്നടുത്തുനിർദ്ദയം തുടങ്ങി മർദ്ദനം.

കൊടിയുയർത്തിത്തന്നരികിലെത്തിയ 

കൊടിയ ശത്രുവിൻ പെരുമ്പറഘോഷം 

“തുടിൻ തുടിൻ’ എന്നങ്ങിരുചെവികളി-

ലടിച്ചിടുംവിധമസഹ്യമായേതും. 

നിനച്ചിരിയാത്തകഠോരവാർത്തകൾ

കനക്കവേ ജോബിൻ ചെവികളിലെത്തി, 

ഒരുവനോടിയങ്ങരികിലെത്തിക്കൊ-

ണ്ടുരചെയ്താൻ വിഭോ! ശ്രവിച്ചാലുമങ്ങേ

കഴുതകാളകൾ പലസഹസ്രങ്ങ –

ളഴകെഴുന്നപുൽ തകിടികൾ തോറും 

ഒരുമിച്ചു തിങ്ങി നിരന്നഹോ! പര-

മരുമയോടുമേഞ്ഞിരിക്കും വേളയിൽ,

ഒരു ദുഷ്ടക്കൂട്ടം “സബെയിക്കാർ’ വന്നു 

കരുണ കൂടാതെ കവർച്ച ചെയ്തിതു.

 

തടഞ്ഞൊരു ഭൃത്യജനങ്ങളെയെല്ലാ –

മടിച്ചുകൊന്നവർ നിലത്തുവീഴിച്ചു.

” മറുപടിയൊന്നുമുരിയാടും മുമ്പു 

മറുവശത്തുനിന്നപരനെത്തിനാൻ.

“അറിഞ്ഞതില്ലയോ ഭയങ്കരശിക്ഷ-

യിറക്കിയങ്ങേയ്ക്കിന്നഖിലനായകൻ;

പറഞ്ഞുകൊള്ളുവാനരുതെനിക്കയ്യോ

നിറഞ്ഞധർമ്മിഷ്ഠന്നിതുവരാവതോ? 

വിജനമായുള്ള സ്ഥലങ്ങളിലങ്ങേ-

യജഗണങ്ങളേയഴകിൽ മേച്ചുകൊ-

ണ്ടിടയന്മാർ വള്ളിക്കുടിലുകൾ തോറും

വടിവിൽ പാടിയുല്ലസിച്ചിരിക്കവേ; 

പൊടുന്നനേയഗ്നിയിറങ്ങി വാനിൽനി-

ന്നിടയന്മാരെയുമജഗണത്തെയും, 

കഠിനമായ് ചുട്ടു ദഹിപ്പിച്ചശേഷം 

കഠോരമാം വഹ്നിയമർന്നണഞ്ഞിതു.”

ഉരചെയ്തവാർത്തയവസാനിക്കുംമു-

മ്പൊരുവനോടി വന്നുണർത്തിനാനേവം:

“പ്രതാപശാലിയാം പ്രഭോ! നമോസ്തുതേ!” 

അതിക്രമം ഭൂവിലഹോ! മുഴുത്തുപോയ്, 

കരളുറച്ചുള്ള കവർച്ചക്കാരിപ്പോ- 

ളൊരുകൂട്ടർ വന്നിട്ടൊരുമടിയെന്യേ, 

തവഭൃത്യന്മാരേ കൊലചെയ്ത ശേഷം

ജവമവിടുത്തെ തടിച്ചയൊട്ടക-

മൊരുമുവായിരമുരുക്കളേയുമ-

ങ്ങൊരുമിച്ചുമറുദിശികടത്തിനാർ.

ശിലകളെക്കാറ്റു പറപ്പിച്ചീടുമ്പോ*

ളിലകളേപ്പിന്നെ നിലത്തിട്ടേക്കുമോ?

ഇതുവിധമവൻ പറഞ്ഞുനിൽക്കവേ,

കുതിച്ചുപാഞ്ഞേറ്റം വിയർത്തൊലിച്ചൊരാ-

ളകലെനിന്നിങ്ങു വരുന്നതുകാണായ്. 

അകത്തുവന്നവൻ വിശുദ്ധനാം ജോബിൻ

പദങ്ങളിൽ വീണു ഹൃദയം തിങ്ങുന്ന

കദനഭാരത്തെയൊഴുക്കിയശ്രുവായ്. 

മുറയിട്ടാനവനിതുവിധം, “വിഭോ!

പറയുന്നെന്തുഞാനവിടുത്തോടിപ്പോൾ;

അഹോ! ഭയങ്കരം! ഭയങ്കരമങ്ങേ-

ഹേതുകമായിട്ടൊരു ശിക്ഷദൈവ-

മയച്ചിരിക്കുന്നു; നിനക്കിലിന്നിതിൽ

ഭയങ്കരമെന്തുള്ളവനിയില്ലയ്യോ!

അരുമയേറിയ സുതരെല്ലാരുമ-

ങ്ങൊരുമിച്ചു മൂത്തതനയന്റെ വീട്ടിൽ

വിരുന്നിലേർപ്പെട്ടു സുഖിച്ചിരിക്കവേ-

യൊരുകൊടുങ്കാറ്റു മഹാഭയങ്കരം, 

അടിച്ചുകെട്ടിടം മറിച്ചിട്ടു സർവം

മുടിച്ചഹോ! ബാക്കി പറവതെന്തുഞാൻ?”

 

തുലാവർഷത്തിലേയിടികൾക്കൊപ്പമോ,

വലിയതോക്കിലെ വെടികൾക്കൊപ്പമോ, 

ഹൃദയംപൊട്ടുമാറതിഭയങ്കര 

കദനവാർത്തകൾ പലതിതുവിധം 

ഇടതിങ്ങിത്തന്റെ ചെവികളിൽക്കൂടി

ക്കടന്നു ചങ്കിനേ ദഹിപ്പിച്ചീടവേ,

മഹേന്ദ്രജാലമോ കിനാവിതോയെന്നാ

മഹാപരിശുദ്ധൻ ഭ്രമിച്ചുപോയേറ്റം,

സ്ഥിരവിശ്വാസിയായ് വിശുദ്ധനാം ജോബു

കരഞ്ഞില്ല നിലത്തുരുണ്ടില്ലതെല്ലും. 

അനാദ്യനന്തനേ ദുഷിച്ചുകൊള്ളുവാൻ

തുനിഞ്ഞില്ലന്യരേ പഴിച്ചതുമില്ല. 

ധരിച്ചവസ്ത്രത്തെ വലിച്ചു കീറിത്തൻ 

കരങ്ങളേ നെഞ്ചിൽ പരിചൊടു കൂപ്പി, 

നിലത്തു സാഷ്ടാംഗ നമസ്കാരം ചെയ്തു. 

നിലവിളിച്ചിദമുരചെയ്തുഭക്തൻ. 

“ജനയിത്രിതന്റെയുദരത്തിൽ നിന്നും 

ജനിച്ചു നഗ്നനായ് ധരണിയിലഹം; 

കടശിഞാനിനിയിതേസ്ഥലംവിട്ടു 

മടങ്ങിടുന്നതുമതുവിധം വേണം. 

ഇടയ്ക്കുകിട്ടിയവിഭൂതികളെല്ലാ –

മുടയവൻ തന്നു, തിരിച്ചെടുത്തുതാൻ.

അനർഘമാമങ്ങേത്തിരുനാമത്തിന്നാ-

യനന്തകാലവും സ്തുതിയുണ്ടാകട്ടെ!” 

മറുപടിയിദം ശ്രവിക്കവേമഹാ 

കുറച്ചിലും കോപവെറിയും പൂണ്ടിട്ടു 

“സലജ് ജോഹ  ‘മഭിനയിച്ചു വൈരികൾ

തലയും താഴ്ത്തിക്കൊണ്ടുടൻ തിരിച്ചുപോയ്

മടുത്തില്ല സാത്താൻ കുപിതനായ് തന്റെ

മിടുക്കുകാട്ടുവാനുറച്ചു പിന്നെയും

“കഠിനമായുള്ള ശരീരപീഡയാൽ 

പഠിപ്പിക്കും പാഠമവനെയൊന്നുഞാൻ. 

അഴകെഴുന്നൊരാ ശരീരമാകവേ 

പുഴുത്തു നാറുമ്പോളിളകിടുമവൻ. 

സ്ഥിരതയാകവേ പറന്നു ദൂരെപ്പോ 

ശരണം കെട്ടവൻ നിലവിളിച്ചിടും. 

കൊടിയവേദനയസഹ്യമാകുമ്പോൾ 

കിടന്നുരുണ്ടവൻ ദുഷിക്കും ദൈവത്തേ.”

ഇതുവിധമെല്ലാം നിനച്ചുസാത്താനൊ-

ട്ടതികൃതാർത്ഥനായധികവേഗത്തിൽ

മഹോന്നതൻ തന്റെ തിരുമുമ്പിലെത്തീ-

ട്ടഹങ്കാരപൂർവമുണർത്തിയീവിധം:

“വലിയനാശങ്ങൾ പലതും വന്നിട്ടും 

കുലുക്കമില്ലവന്നതുശരിതന്നെ 

വടിവുമാരോഗ്യത്തികവുമേറിടു-

മുടലിനേയെന്റെ ഹിതംപോലെയൊന്നു 

കടന്നുബാധിപ്പാനനുമതിതന്നാ-

ലുടനടി ചെമ്പു വെളിപ്പെടുത്താം ഞാൻ.” 

നിജപദസേവാനിരതനാം ജോബി-

ന്നജയ്യമാം സ്‌ഥൈര്യമറിഞ്ഞൊരു ദൈവം, 

ഒരുമടിയെന്യേയതും ചെയ്തുകൊൾവാൻ നരകരാജാവിന്നനുമതിനൽകി.

ഉരുവതുതെല്ലും പിഴയെന്യേ തന്റെ

കുരുക്കിലായെന്നു കരുതിക്കൊണ്ടവൻ

അനുചരന്മാരുമൊരുമിച്ചു ശീഘ്രം

തുനിഞ്ഞുതൻകൃത്യം നിറവേറ്റീടുവാൻ

ധനസന്താനാദി മഹാനാശങ്ങളാൽ 

മനസ്ഥിരതയ്ക്കു കുറവേതുമെന്യേ-

അനാരതപൂർവാധികഭക്തിയോടേ-

യനാമയൻ തന്നെ സ്തുതിച്ചുവാണൊരു 

വിശുദ്ധനാം ജോബിൻ ശരീരമാകവേ-

യശുദ്ധമാം രോഗം പിടിപെട്ടുമെല്ലേ. 

തൊലിയെല്ലാം വിണ്ടിട്ടവയിൽ നിന്നുമ-

തൊലിച്ചു ദുർഗ്ഗന്ധം നിറഞ്ഞൊരുവെള്ളം.

ശരീരമാകവേ മഹാവ്രണങ്ങളാൽ

വിരൂപമായേറ്റം ഭയങ്കരമായി. 

പഴുത്തഹോ! പാരമസഹ്യമാംവണ്ണം 

പുഴുത്തുദേഹത്തിൽ കടുകിടയെന്യേ. 

മരിച്ചടക്കം ചെയ്തിരുന്നൊരു ശവം

തിരിച്ചു നാലഞ്ചുദിനങ്ങൾക്കുശേഷം 

ശവക്കുഴി വെടിഞ്ഞെഴുന്നേറ്റാലുമി-

ന്നവർണ്യമിക്കാഴ്ചയ്ക്കുപമാനമാകാ.

മനുഷ്യകോലത്തെ വെടിഞ്ഞൊരിദ്ദേഹം

മനുഷ്യസംസർഗ്ഗമതുമുപേക്ഷിച്ച് 

വസതിവിട്ടങ്ങു വെളിയിൽ ദൂരെയായ് 

വസിച്ചിരുന്നതി വിവശതയൊടെ. 

ശരീരമാകവേ കരുണ കൂടാതെ-

യരിച്ചുതിന്നുന്ന പുഴുക്കൂട്ടത്തിന്റെ 

കടിയതുതെല്ലും സഹിച്ചു കൂടാഞ്ഞി-

ട്ടുടഞ്ഞപാത്രത്തിൻ കഷണങ്ങളാലേ 

ഒരുക്ഷമകേടുംവിനാ ശരീരത്തിൽ 

ചുരണ്ടി രാത്രിയും പകലുമൊന്നുപോൽ. 

അഹോ ഭയങ്കരമിതുവിധം ദൈവം 

മഹാഭക്തന്മാരെ പരീക്ഷിച്ചീടുമോ? 

നരകപീഡയ്ക്കു സമാനമായൊരീ 

ദുരിതത്തിൽ പെട്ടു വലയും ജോബിന്റെ- 

യരികത്തെത്തിയിസ്ഥിതികണ്ടു പാരം 

പരിതാപത്തോടെയുരചെയ്തു ഭാര്യ

“അധിക ഭക്തിയാൽ വരുത്തിക്കൂട്ടിയ 

വിധിബലമത്രയിൽനിനയ്ക്കുമ്പോൾ

മിതമല്ലാത്തവയഖിലമീവിധം 

ഹിതമല്ലാതെകണ്ടവസാനിച്ചിടും.”

ഇരുകരത്താലും ചെവികളെപ്പൊത്തി-

യുരചെയ്തുവന്ദ്യൻ മറുപടിയേവം.

“അറിവില്ലാതെ നീ പറയുമീവാക്കു 

പൊറുക്കട്ടെ ദൈവമടക്കട്ടെ കോപം!

ശുഭങ്ങൾ ദൈവതൃക്കരങ്ങളിൽനിന്നും

ലഭിച്ചവയെല്ലാമതിമോദത്തോടെ 

അനുഭവിച്ചനാമശുഭവുമിപ്പോ –

ളനുഭവിക്കണമതേവിധം തന്നെ.

ദയനിറഞ്ഞൊരു പിതാവുതാൻ നമു-

ക്കയയ്ക്കും തിന്മയും ഗുണത്തിനായത്രേ.”

ക്ഷമാനിധി തന്റെ പ്രിയപത്നിയാളേ 

സമാശ്വസിപ്പിച്ചീവചനങ്ങളാലേ 

പരോപകാരിയാം വിശുദ്ധനുവന്ന

പരിതാപവാർത്തയതിനിമിഷത്തിൽ

പരന്നുഭൂതലേ മഹാജനമിതിൽ

പരംസഹതപിച്ച കൈതവമായി. 

അടുത്തുകണ്ടൊന്നു സമാശ്വസിപ്പിക്കാ-

നടുത്തസ്നേഹിത “രെലിഫാസേലിയൂ”

മുതലായി ചിലരസഹ്യമായൊരീ 

സ്ഥിതികണ്ടുപാരം വിവശതയോടേ 

അകലത്തുനിന്നു കരഞ്ഞുകൊണ്ടേഴു-

പകലും രാത്രിയും കഴിച്ചതല്ലാതെ 

ഒരുവാക്കുപോലുമുരിയാടീടുവാ-

നൊരുവനും ദൈര്യമുദിച്ചില്ലതെല്ലും.

അലംഘനീയമാം വിധിബലത്താലേ 

പലതും ചിന്തിച്ചു വിശുദ്ധനാം ജോബ് 

വിലപിച്ചനേരം സമാഗതന്മാരി-

“ലെലിഫാസ്” എന്നവനുരചെയ്താനേവം.

“അയീ! സഹോദരാ, ശ്രവിച്ചാലും! ദൈവ-

മയയ്ക്കും ശിക്ഷകളകാരണമല്ല. 

വിശുദ്ധജീവിതം നയിച്ചിദമാരും 

നശിച്ചതായി നാമറിയുന്നുമില്ല. 

അനന്തനന്മയോടുപദ്രവിച്ചതി 

അനുതപിച്ചുനീ പൊറുതി ചോദിക്ക

രഹസ്യമായുള്ള മഹാപാപമേതോ

സഹിച്ചുകൂടാഞ്ഞുജഗൽപിതാവിദം

കൊടിയശിക്ഷകൾ തനിക്കയച്ചെന്നു 

തടവകന്നവർ ധരിച്ചവാസ്തവം 

അറിഞ്ഞുനീതിമാനധികശാന്തനായ്

മറുപടിചൊന്നാനവരൊടീവിധം;

“മനസ്സാക്ഷിക്കുള്ള യഥാർത്ഥമാം സ്ഥിതി

യനാദിതൊട്ടറിഞ്ഞിരിക്കുന്നു ദൈവം.

മനുഷ്യരിൽനിന്നു വരും വിധികളി-

ലെനിക്കുകുണ്ഠിതമശേഷവുമില്ല.

അഹോ! നിനയ്ക്കിലെൻ ശരീരത്തെയിന്നീ 

മഹാദുരിതാഗ്നി നരകത്തീയ്ക്കൊപ്പം

ദഹിപ്പിച്ചീടുന്നുകരുണയറ്റയ്യോ

സഹിച്ചുകൂടെനിക്കൊരുതരത്തിലും. 

കളവല്ലിന്നുഞാൻ സഹിക്കും പീഡകൾ

കളവുചൊല്ലുവാൻ മൊഴി കാണുന്നില്ല. 

അതിവിശാലമാം മഹാസമുദ്രങ്ങൾ

പതിനഞ്ചുലക്ഷമൊരുമിച്ചീടിലും 

അതിന്റെ സീമയേ പുറകിലാക്കിക്കൊ-

ണ്ടിതുതന്നേപാരം മികച്ചുനിന്നിടും.

കഴിഞ്ഞകാലങ്ങൾക്കിടയ്ക്ക് ഞാൻ ചെയ്ത 

പിഴകളൊക്കെയുമൊരുമിച്ചുകൂട്ടി 

ദുരിതവാരിധിയിതിനുമുമ്പിൽ വച്ചാ-

ലൊരുകടുകിനുസമമെന്നുകാണാം.

ജഡരക്തങ്ങളാൽ വിനിർമ്മിതമായോ-

രുടലിനിത്രയും കൊടിയ പീഡകൾ 

ഒരിക്കലുമയ്യോ സഹിച്ചുകൊള്ളുവാൻ

കരുത്തുണ്ടെന്നുഞാൻ നിനച്ചിരുന്നില്ല. 

ഉടൽ നശിച്ചിട്ടും വിടാതെ ജീവനേ

തടഞ്ഞതിൽ വച്ചു വറക്കുന്നോദൈവം!

കവിയുന്ന “കാസാ’യിതിലേയ്ക്കു-

മവിരതംകൈപ്പുനിറഞ്ഞ പാനീയം 

ചൊരിയുന്നു ദൈവം കുറവെന്യേ, തന്റെ 

തിരുച്ചിത്തമെല്ലാം നിറവേറീടട്ടെ! 

പരൻപുമാൻ തന്റെ കരങ്ങളിൽ നിന്നും 

നിരന്തരമിങ്ങു പുറപ്പെട്ടീടുന്ന

വിഷമയമായശരങ്ങളേറ്റു ഞാൻ

വിഷമിച്ചീടുന്നു; ചിതറുന്നെൻ ദേഹം. 

ഇനിയുമീപീഡസഹിച്ചുകൊള്ളുവാ –

നെനിക്കു ശക്തിയില്ലശേഷവുമയ്യോ! 

ഉരുക്കുകൊണ്ടുള്ള ശരീരവുമതി-

ലുറച്ചവജ്രത്താൽ ചമച്ചചിത്തവും 

ഇരിക്കിലുമിതിൽപരം സഹിക്കുവാ-

നൊരുമനുഷ്യനുകഴിവുണ്ടാകുമോ! 

ജയക്കൊടിതന്നീരണാങ്കണത്തിൽ നി-

ന്നയയ്ക്കുവാനി നിവിളംബമെന്നിയേ

ദയാപരനൊന്നുകനിഞ്ഞിരുന്നെങ്കിൽ

സ്വയംസമാശ്വാസമെനിക്കുണ്ടായേനേ. 

ദരിദ്രനായൊരുമഹാരോഗിയായി

നിരാശ്രയനായിട്ടുഴലുമീയെനി-

ക്കൊരു തുണയെന്നുനിനച്ചനിങ്ങളു-

മെരിയും വഹ്‌നിയിൽ ചൊരിയുന്നു തൈലം.

മഹാപാപിയെന്നുനിനയ്ക്കുകമൂല-

മിഹലോകമാകെ വെറുത്തിടുന്നെന്നെ. 

കറയകന്നുള്ള കനകത്തേ തട്ടാൻ 

വറുക്കുന്നകാര്യം നിനയ്ക്കുന്നില്ലാരും. 

കരുണയറ്റൊരു സഹോദരനോടു 

പെരുമാറുന്നവർ കണിശമായിട്ടും 

കൃപാസ്വരൂപിയാം ജഗൽപിതാവിനേ-

യുപ ദ്രവിക്കയാണറിഞ്ഞിരിക്കണം

പലതുമീവിധം പറഞ്ഞവയൊന്നും 

വിലവയ്ക്കാതവർ വിശുദ്ധനേവീണ്ടും

അപരാധിയെന്നു സയുക്തികം സ്ഥാപി-

ച്ചുപേക്ഷിച്ചുപോയാരതി വെറുപ്പോടെ.

മഹാത്മനോ, തന്റെ കളങ്കമില്ലായ്മ-

യഹങ്കാരമേന്യേയറിഞ്ഞിരുന്നുകൊ-

ണ്ടെതിരില്ലാതുള്ള ക്ഷമയോടേദൈവ-

സ്തുതികളേപാടിയനന്തഭാഗ്യത്തേ

പ്രതീക്ഷിച്ചുകൊണ്ടു വിനാഴികയോരോ-

ന്നതിഫലവത്തായ് കഴിച്ചുകൂട്ടിനാൻ. 

അരാതിയാം സാത്താനിവിടെയും പാരം

പരാജിതനായി നിരാശയും പൂണ്ട് 

ഇതിനുമേലൊരു പരീക്ഷയും കാണാ-

ഞ്ഞതിവിഷണ്ണനായ് പുറം തിരിഞ്ഞവൻ. 

കഴിഞ്ഞു ജോബിന്റെ ശനിദശയെല്ലാം

മുഴങ്ങിദൈവത്തിൻ സ്വരം ചെവികളിൽ.

അനന്തനന്മയായനാദ്യനന്തനാ-

യനാമയനായിസ്സനാതനനായി

ചരാചരാത്മകജഗത്തിലാകവേ

നിറഞ്ഞിരിക്കിലുമദൃശ്യനുമായി

തടവെന്യേ സൃഷ്ടിസ്ഥിതിലയമെല്ലാം 

കടാക്ഷമാത്രത്താൽ കഴിപ്പവനായി 

അപാരമായുള്ള കൃപാസമുദ്രമാ-

യുപമയറ്റൊരു പരിശുദ്ധസ്നേഹ 

സ്വരൂപനുമായ പരമപുരുഷൻ 

തിരുവടിയേറ്റം പ്രസാദിച്ചുതന്റെ 

പരമഭക്തനേയനുഗ്രഹിപ്പാനായ്, 

പരിചിലസ്ഥലത്തുടൻ പ്രത്യക്ഷനായ് 

ശുഭമഴ തന്റെ വിനീതദാസനി –

ലഭംഗമായങ്ങുപൊഴിച്ചിതു ദൈവം

സുഭഗതയേറും ശരീരമെന്നല്ല 

അഭൂതപൂർവ്വമായ് സകലസമ്പത്തും 

എതിരില്ലാതുള്ള പ്രതാപവും തന്റെ 

ഹിതാനുവർത്തിയായ് വിളങ്ങും ദാസനു 

കൊടുത്തസഹ്യമാം കദനവാരിധി

കടത്തിവേണ്ടപോലനുഗ്രഹിച്ചുതേ.

മഹാവിശുദ്ധനേവിവേകമെന്നിയേ

മഹാപാപിയെന്നു ശപിച്ച കൂട്ടരാം

“എലിഫാ”, “സെലിയൂ മുതലായുള്ളവർ 

ബലിയിട്ടു പാപപരിഹാരം ചെയ്‌വാൻ 

കുറവറ്റ നീതിസ്വരൂപനാം ദൈവ- 

മറിയിച്ചുകൊണ്ടു മറഞ്ഞുതൽക്ഷണം. 

മിടുമിടുക്കന്മാർ തനയന്മാർ നല്ല 

കുടിലതയറ്റകുടിലകേശികൾ 

കഴലിണ കൂപ്പുന്നൊരു പുത്രിമാരും 

പഴയതിലൊരുകുറവേതുമെന്യേ

ജനിച്ചു പിന്നെയും വിശുദ്ധനു ദൈവ-

മനുഗ്രഹിക്കിലെന്തസംഭവ്യം ലോകേ

വളർന്ന സന്താന പരമ്പരകണ്ണു –

കുളുർക്കവേ നാലുതലമുറയോളം

പരമഭാഗ്യവാൻ വിരവിൽ കണ്ടുകൊ-

ണ്ടിരുന്നു നൂറ്റി നാല്പതുവർഷം വീണ്ടും.

സഹോദരങ്ങളേ! പഠിച്ചാലുമേറ്റം

മഹത്തരമൊരു ഗുണപാഠം നിങ്ങൾ

സുഖദുഃഖങ്ങളിലൊരു ഭേദമെന്യേ

യഖിലനാഥനെ സ്തുതിച്ചു വാഴുന്ന 

സ്ഥിരവിശ്വാസികൾക്കവസാനം ദൈവം 

തിരുവുള്ളം തെളിഞ്ഞരുളിടും ശുഭം!

 

                                                                                           (മഹിളാമണി, 1924)