Vidhivaybhavam 03

മൂന്നാം സർഗ്ഗം


സ്ഥാനലബ്ധിയിലഹന്തയെന്നിയേ

മാനമോടു നിജകൃത്യമൊക്കെയും

ഊനമറ്റു നിറവേറ്റിടാൻ മന –

ക്ഷീണമറ്റവനിറങ്ങി സത്വരം.                                                                     

1

ഒന്നു ചുറ്റിയധികാരസീമയിൽ

ചേർന്നദേശമതിലാകെയാമഹാൻ 

എങ്ങുമേ കുറവെഴാത്ത ഭാവുകം

തിങ്ങിടുന്നവിധമന്നുകണ്ടവൻ                                                                

2

പഞ്ഞമില്ല, പടയില്ല, തെല്ലുമേ 

രഞ്ജനയ്ക്ക് കുറവില്ല മർത്യരിൽ

വ്യാധികഷ്ടതയകാലമൃത്യുവെ-

ന്നാദിയായവയുമില്ലൊരേടവും.                                                                 

3

നൂറുമേനിയുമതിൽക്കവിഞ്ഞുമ-

ങ്ങേറിടുന്നു വിളവേതുദിക്കിലും 

ഏവമല്ലലറിയാതെ ഭൂതിയാർ –

ന്നാവസിപ്പു ജനസഞ്ചയം സദാ.                                                                

4

വീടുതോറുമറ തിങ്ങിമിച്ചമായ് –

ക്കൂടിടുന്ന ധനധാന്യസഞ്ചയം

ഏതുമട്ടു ചെലവാക്കിടേണ്ടതെ-

ന്നാജനാവലി നിനച്ചിടുന്നിത്.                                                                      

5

ദാനമായതുകൊടുക്കിൽ വാങ്ങുവാൻ 

യാചകപ്പരിഷയില്ലൊരേടവും 

നൂനമായതു വിലയ്ക്കു വാങ്ങുവാ-

നാളുമില്ല, പുനരെന്തു ചെയ്തിടും!                                                            

6

ക്ഷാമദേവതയതീവഭീകരി-

ക്കീമഹീതലമടുത്ത ഭാവിയിൽ 

ആടലറ്റൊരു വിഹാരരംഗമായ് 

തീരുമെന്ന കഥയാരറിഞ്ഞിത്                                                                      

7

സത്യമാകെ നിജദിവ്യദൃഷ്ടിയാൽ 

പാർത്തിരിക്കുമൊരു പുണ്യപുരുഷൻ 

ബുദ്ധിപൂർവ്വമതിനെത്തടുക്കുവാ-

നോർത്തുവേണ്ട പണി ചെയ്തു സത്വരം                                                 

8

നാട്ടിലുള്ള വിളവഞ്ചിലൊന്നുതൻ

പാട്ടിലാക്കി ഭദ്രമാംവിധം

പൂട്ടിവെച്ചറകൾ തോറുമെങ്ങുമേ

കെട്ടിവച്ചനിധിയെന്നമട്ടുതാൻ                                                                      

9

ഏഴുവത്സരമതിന്നിടയ്ക്കിദം

പൂഴിപോലെയളവേതുമെന്നിയേ

ധാന്യസഞ്ചയമവന്നധീനമായ്

ത്തീർന്നു നാട്ടിനഖിലം ഗുണത്തിനായ്.                                                      

10

ക്ഷേമകാലമതിനന്തമായുടൻ

ക്ഷാമദേവത വിളംബമെന്നിയേ 

ഭൂമിയിൽ പദമണച്ചു, നാട്ടുകാർ-

ക്കാമയങ്ങളുളവായി പലേതരം.                                                                   

11

വൃഷ്ടിയില്ല, കൃഷിയാകെ മോശമാ-

യഷ്ടിയും വിഷമമെന്നമട്ടിലായ് 

കഷ്ടകാലമവരെക്കുടുക്കിടും 

മട്ടുകണ്ടുപരമമ്പരന്നവർ                                                                                 

12

“സാരമില്ലിനിയടുത്തകൊല്ലമി 

കാര്യമൊക്കെയൊരുമട്ടു ഭംഗിയായ്

തീരുമെന്നു കരുതിസ്സമാശ്വസി-

ച്ചാജനങ്ങളകതാരിലല്പമായ്                                                                           

13

എങ്കിലും വിധിയടുത്തകൊല്ലവും

സങ്കടം പരമണയ്ക്കമൂലമായ് 

എന്തുവേണ്ടതിനിയെന്നുമാനസേ

ചിന്തപൂണ്ടു ജനമാകെയൊന്നുപോൽ.                                                          

14

മിച്ചമായ് ധനികർ വച്ചിരുന്നതും 

വിത്തിനായറയിലിട്ടിരുന്നതും

ഒക്കെയങ്ങു ചെലവായി, പട്ടിണി-

ച്ചീട്ടുതന്നെ ഗതിയെന്നു കേണവർ.                                                                

15

ക്ഷാമദേവത തുറന്ന വായിൽ വീ-

ണീവിധം ജനതയാർത്തരാകവേ

ആധിപോക്കിയവരെത്തുണയ്ക്കുവാൻ                                                     

16

നീതിമാൻ വഴിതുറന്നു സത്വരം

പൂട്ടിവച്ചൊരറയൊക്കെയും തുറ-

ന്നിട്ടു നല്ലമിതമാം നിരക്കിലായ് 

ധാന്യവില്പന തുടങ്ങി വേണ്ടപോൽ

മന്നവന്റെ പ്രതിപുരുഷൻ മഹാൻ.                                                                 

17

ന്യായമായൊരുവിലയ്ക്കു വില്ക്കയാ-

ലാമഹാന്റെയനുകമ്പയിൽപരം

മായമറ്റൊരു മതിപ്പുതോന്നിയാ

നാട്ടിലുള്ള ജനതയ്ക്കശേഷവും.                                                                  

18

നാണയങ്ങൾ, വിലയേറിടുന്നതാം 

ഭൂഷണങ്ങൾ പലജംഗമങ്ങളും

മേന്മയേറിയ നിലംഗ്രഹങ്ങളെ-

ന്നൊക്കെ ധാന്യവിലയായ്ക്കൊടുത്തവർ.                                                    

19

പാപ്പരായി ജനമാകെയെങ്കിലും

ചില്‌പുമാന്റെ വിധി മാറ്റിവയ്ക്കുവാൻ

സാധ്യമോ നരനു? കൂസലെന്നിയേ

ക്ഷാമദേവത കളിച്ചു പിന്നെയും.                                                                    

20

അപ്പിശാചിയവിടത്തിൽ മാത്രമ-

ല്ലപ്പുറത്തു വിലസും കനാനിലും 

കൂത്തടിച്ചു തരിശാക്കി ഭൂമിയേ-  

ക്ഷുത്തിനാലവശരായ് ജനാവലി.                                                                  

21

വൃദ്ധനായ്, വലിയ ദൈവഭക്തനായ് 

പുത്രദുഃഖമതിലാർദ്രചിത്തനായ് 

മേവിടും സുജനഹീരമായ യാ-

ക്കോബിനേയുമവളിട്ടലട്ടിനാൾ.                                                                    

22

അർദ്ധപട്ടിണിയിലൊട്ടുനാൾ കഴി-

ഞ്ഞാസ്ഥിതിക്കുമിടിവെന്നു കാണവേ

വൃദ്ധനും ബഹു വിഷാദമാർന്നുതൻ

പുത്രപൗത്രരെ നിനയ്ക്കുമൂലമായ്.                                                            

23

എന്തുവേണ്ടതു, വിലയ്ക്കുവാങ്ങുവാ-

നെങ്ങുകിട്ടുമിനി ധാന്യമെന്നിദം 

ചിന്തപൂണ്ടുകഴിയും ദിനങ്ങളിൽ 

കേട്ടറിഞ്ഞു മെസറേനിലേ സ്ഥിതി.                                                             

24

മക്കളോടരുളി, “പൊന്നുമക്കളേ 

ദൈവനിശ്ചയമി,തെന്തു ചെയ്തിടാം! 

ഭക്ഷണത്തിനുനമുക്കു ധാന്യമി-

ല്ലായതിനു വഴിനോക്കിടേണ്ടയോ?                                                              

25

വില്പനയ്ക്കുമിവിടത്തിലെങ്ങുമി-

ല്ലായ്കയാൽ ചെറുതു ദൂരെയാകിലും 

ദൈവസൽകൃപയിലാശ്രയിച്ചുടൻ

പോക നിങ്ങൾ മെസറേനിലേക്കു താൻ.                                                  

26

ന്യായമായൊരു വിലയ്ക്ക് ധാന്യമാ-

നാട്ടിൽ വില്പന നടപ്പതുണ്ടുപോൽ 

നാണയങ്ങളുമെടുത്തു സത്വരം 

പോകനിങ്ങളിനി വേണ്ടതാമസം.                                                                

27

കൊച്ചുബെഞ്ചമിനൊഴിച്ചു മറ്റവർ

പത്തുപേരുമൊരുമിച്ചുതൽക്ഷണം

താതപാദയുഗളം നമിച്ചുകൊ-

ഭാണ്ടാജ്ഞപോലവിടെനിന്നു യാത്രയായ്.                                                 

28

ധാന്യവില്പന നടക്കുമാസ്ഥലം-

ത്തെത്തി, നാട്ടിനധികാരിയായൊരാ

മാന്യനായ മനുജന്റെ പാദതാർ 

താണുവീണവർ വണങ്ങിയോതിനാർ:                                                        

29

“പാലയാ, വരഗുണാലയാ വിഭോ! 

മാലകറ്റുക നിരാശ്രയർക്കു നീ

കാലദോഷമിവിടേക്കു ഞങ്ങളേ-

യാനയിച്ചു തവ തൃപ്പദങ്ങളിൽ.                                                                     

30

പണ്ടുതൊട്ടു ഫലപുഷ്ടിയുള്ളതായ് 

കേളികേട്ടു വിലസും കനാനിലും

ക്ഷാമബാധയതിശക്തമാകയാ-

ലങ്ങുനിന്നിവിടെ വന്നു ഞങ്ങളും                                                             

31

വൃദ്ധനായൊരു പിതാവിനെങ്കിലും

തെല്ലുയാവനകൊടുത്തു പോറ്റുവാൻ

ഇല്ല ധാന്യ,മതിനാൽ കൃപാംബുധേ! 

ഞങ്ങളിൽ കരുണതോന്നിടേണമേ!                                                         

32

വേണ്ടപോലെ വിലതന്നുവാങ്ങുവാ-

നുണ്ടു നാണയവുമാകയാൽ വിഭോ! 

ശങ്കവേണ്ട, ജവമിങ്ങളക്കുവാ- 

നാജ്ഞ കിങ്കരജനത്തിനേകണേ!                                                               

33 

കൊച്ചുസോദരനൊരുത്തനെന്നിയേ 

താതനില്ല തുണയാരുമാകയാൽ

വീട്ടിലെത്തുവതിനായ് തിടുക്കമു-

ണ്ടാവിശേഷവുമുണർത്തിടട്ടെയോ?”                                                        

34

ഏവമോതി വിരമിച്ചു, തൃപ്പദം 

കൂപ്പി,യുത്തരവു കേട്ടുകൊള്ളുവാൻ 

രാജസന്നിധിയിലെന്നമട്ടു താൻ 

പഞ്ചപുച്ഛവുമടക്കി മേവിനാർ                                                                     

35

ഉള്ളിലേറുമസൂയമൂലമായ

തള്ളിവിട്ടസഹജന്റെ സന്നിധൗ

ദാസഭാവമിഹവേണ്ടി വന്നിതാ;

ദൈവനിശ്ചയമലംഘ്യമല്ലയോ!                                                                  

36

തന്നെ വിറ്റ സഹജാതരേയുടൻ 

താനറിഞ്ഞവരറിഞ്ഞിടായ്കിലും 

പൂർവ്വകാലചരിതങ്ങളാകവേ-

യാവിനാഴികയിലോർത്തു മാനസേ.                                                    

37

ഹൃത്തിലൊട്ടിടകലർന്ന ചിന്തകൾ 

മെത്തിവന്നരവിനാഴികയ്ക്കകം 

എങ്കിലും പകയകക്കുരുന്നിനെ-

ത്തീണ്ടിയില്ല; സുജനത്വമാണത്.                                                               

38

പങ്കലേശമിയലാത്തസോദര-

സ്നേഹമുള്ളിലൊരു ദിവ്യശക്തിപോൽ 

ഒന്നുയർന്നു വികസിച്ചു, തൽക്ഷണം

 ഭാവഭേദമുളവായ് മുഖാംബുജേ.                                                             

39

മെയ് ‌വിയർത്തഥ വിറച്ചു ചുണ്ടുകൾ

ബ്ബാഷ്പസങ്കലിതമായി കണ്ണുകൾ

ധീരപൂരുഷനു മേവമെങ്കിലാ 

സ്നേഹശക്തിയതിരറ്റതല്ലയോ?                                                           

40

കാണികൾക്കിതു കോപഭാവമായ് 

തോന്നുമാറു നിജശബ്ദമാമഹാൻ

ഒന്നുയർത്തിയധികാരഭാവമോ-

ടേവമോതി ചില വാക്യമൊക്കെയും.                                                 

41

 “വഞ്ചകപ്പരിഷ! ചാരസഞ്ചയം! 

നാട്ടിലെ സ്ഥിതിയറിഞ്ഞുപോകുവാൻ 

വന്നതാണിതിനു തക്കശിക്ഷയു-

ണ്ടിന്നുതന്നെ, ചെറുതില്ല സംശയം.                                                       

42

താതനുണ്ടനുജനുണ്ടിതൊക്കെയും, 

സത്യമെങ്കിലതു കണ്ടറിഞ്ഞിടാം

ഭീതിയെന്തി,നവരിങ്ങുവന്നിടാ-

നാളയയ്ക്കുക, വരട്ടെ സത്വരം.                                                               

43

ആരെടോ പരിജനങ്ങൾ ശീഘ്രമി-

ച്ചാരരെത്തടവിലിട്ടടയ്ക്കുവിൻ

സാരമറ്റ കളിയല്ല, ഗൗരവം

പാരമുള്ള കഥതന്നെയാണിത്.”                                                                 

44

ഉള്ളിലെ സ്ഥിതി മറച്ചിതൊക്കെയും

വല്ലപാടുമുരചെയ്തു തൽക്ഷണം

കോപഭാവമൊടുതന്നെയാസ്ഥലം 

വിട്ടുപള്ളിയറതന്നിലെത്തിനാൻ                                                             

45

“ആരുമിങ്ങുവരികില്ല നിശ്ചയം

സ്വൈരമൊന്നു കരയാമെനിക്കിനി 

ഏവമോർത്തു ചിറയറ്റ സിന്ധുപോൽ 

ബാഷ്പധാരയവനങ്ങൊഴുക്കിനാൻ.

46

കെട്ടിനിൽക്കുമൊരു വെള്ളമൊക്കെയും

വെട്ടിവിട്ടിടുകിലേതു വാപിയും 

കാട്ടിടും ചെറുതു ശാന്തഭാവമാ-

മട്ടുഹൃത്തടമവന്നു ശാന്തമായ്.

47

വൃദ്ധനാം ജനകനേയുമോമന-

ക്കൊച്ചുസോദരനെയും നിനയ്ക്കയാൽ 

കത്തിടുന്നൊരഴലോടു വീണ്ടുമ-

ങ്ങെത്തി ബന്ധന ഗൃഹത്തിലാ മഹാൻ.

48

ശാന്തഭാവമൊടു ചൊന്നു നീതിമാൻ, 

“ദൈവശിക്ഷയെ ഭയപ്പെടുന്നു ഞാൻ

ക്ഷാമബാധിതർ വിശപ്പിനാൽ മരി-

ച്ചെങ്കിലോ വലിയ പാപമാണത്.

49 

ആകയാലൊരുവനെത്തടഞ്ഞുകൊ-

ണ്ടന്യരെ സപദി വിട്ടയച്ചിടാം. 

വേണ്ട ധാന്യവുമളന്നു തന്നിടാം 

കൊണ്ടുപോവുക വിളംബമെന്നിയേ,

50,

ധാന്യമൊക്കെയെവിടെക്കൊടുത്തുടൻ

കൊച്ചുസോദരനുമൊത്തു സത്വരം

വന്നിടായ്കിലിഹ ബന്ധനസ്ഥനായ്

മേവിടുന്നവനു മൃത്യു നിശ്ചയം”

51

ഏവമോതി,യവർ പത്തുപേരിൽ നി-

ന്നൊൻപതാളുകളെ വിട്ടയച്ചുടൻ 

ഏകനെത്തടവിലിട്ടു പിന്നെയും

നാമമായവനു “സൈമൺ’ എന്നുതാൻ.

52 

ആധിയും വലിയ ഭീതിയും കലർ-

ന്നേതുമേയിതരമാർഗ്ഗമെന്നിയേ

താതപാദസവിധേയണഞ്ഞുകൊ-

ണ്ടോതിനാരവർ വിശേഷമൊക്കെയും.

53 

വൃദ്ധനാം ജനകനീയുദന്തമോ

ഹൃത്തിനുഗ്രതരവശൂലമായ്

ഉത്തരം പറവതിന്നു വാക്കുകൾ

കിട്ടിടാതെ നെടുവീർപ്പുവിട്ടുടൻ.

54 

പുത്രദുഃഖജലരാശിതൻ നടു-

ക്കാണ്ടുനീന്തിയുഴലുന്ന വൃദ്ധനേ

ശക്തിയോടതിനടിയ്ക്കു താഴ്ത്തുവാൻ

കൈയുയർത്തിടുകതന്നെയോ വിധി!

55

വഞ്ചിമുങ്ങി വലയുന്ന വേളയിൽ

കിട്ടിടും പലകകെട്ടതാകിലും 

ജീവരക്ഷയതിലാഗ്രഹത്തൊടേ-

യേതുധീരനുമതിൽ പിടിച്ചിടും.

56

കണ്മണിക്കു സമനാം കുമാരനെ

കൈവെടിഞ്ഞ ജനകന്നുമീവിധം

ജീവിതാശയൊരു മട്ടിലെങ്കിലും

ചേർത്തിടുന്ന സുതനാണു ബെഞ്ചമിൻ.

57

തെല്ലുനേരവുമകന്നു വാഴുവാ-

നില്ല ശക്തി ജനകന്നു, പുത്രനും

എങ്കിലും സപദി വിട്ടിടായ്കിലോ

സങ്കടം വലുതുവന്നു ചേർന്നിടും.

58

ബന്ധനത്തിലമരുന്ന പുത്രനേ

ശങ്കയറ്റവർ വധിച്ചിടും ദൃഢം 

ബാക്കിയുള്ളവർ വിശപ്പുമൂലവും 

മൃത്യുവക്ത്രകുഹരത്തിൽ വീണിടും.

59

വൃദ്ധനൊന്നുമുരിയാടിടാതെ ത-

ന്നുത്തമാംഗമതു കൈത്തലങ്ങളിൽ

ചേർത്തിരുന്നിതു വിചാരമഗ്നനായ് 

കൃത്യബോധമൊരു ലേശമെന്നിയേ.

60

മക്കളൊക്കെയവിടെ പരസ്പരം

നോക്കിനിന്നു ജനകന്റെ ചുറ്റിലും 

നാക്കിളക്കിയൊരു വാക്കുരയ്ക്കുവാൻ

തക്കധീരത ലഭിച്ചിടായ്കയാൽ

61

ദീർഘമായൊടുവിലൊന്നു നിശ്വസി-

ച്ചോതിനാൻ ജനകനീവചസ്സുകൾ:

“എന്തുസങ്കടമിതെന്റെ മക്കളേ! 

ചിന്ത ചെയ്തിടുക നിങ്ങളേവരും

62

കാളുമഗ്നിയതിലേക്കു പിന്നെയും

തൈലമങ്ങു ചൊരിയുന്നുവോ വിധി!

കാഴ്ചയറ്റ നയനങ്ങൾ പിന്നെയും 

കുത്തിവേദന വരുത്തിവയ്ക്കയോ!

63

സദ്ഗുണാബ്ധി മമ ജീവതുല്യനാ-

മക്കുമാരനെ വെടിഞ്ഞ നാൾ മുതൽ 

ജീവനുള്ള ശവം കണക്കു ഞാൻ 

ഭൂവിലിങ്ങനെ വസിച്ചിടുന്നിത്.

64

അന്യദേശമതിൽ ബന്ധനസ്ഥനായ് –

ത്തീർന്നുമറ്റൊരുവനിന്നു പിന്നെയും

കൊച്ചുബഞ്ചമിനെ വിട്ടയയ്ക്കുവാൻ 

നിങ്ങൾ ചൊന്നിടുവതോർക്കിലത്ഭുതം.

65

അന്ത്യമാത്രയിലവന്റെയാ മുഖം 

കണ്ടു ജീവനെ വെടിഞ്ഞുകൊള്ളുവാൻ 

ഭാഗധേയമിവനില്ലയെന്നതോ! 

ദുസ്സഹം പരമിതോർത്തു നോക്കിയാൽ

66

എന്തുനാശവുമണഞ്ഞിടട്ടെ, ഞാ-

നെന്റെയോമനെയെ വിട്ടിടാ ദൃഢം”

ഏവമോതി വിരമിച്ചു താത,ന- 

ന്നാവചസ്സിനെതിരാരുരച്ചിടും!

67

അന്നുവാങ്ങിയൊരു ധാന്യമൊക്കെയും

തീർന്നിടുന്നിതുവരെ നാളുകൾ

സ്വൈരമായവർ കഴിച്ചുകൂട്ടിനാർ

ബെഞ്ചമിന്റെ കഥ മിണ്ടിടാതെ താൻ.

68 

കൊറ്റിനുള്ളൊരു വകയ്ക്കുപിന്നെയും

മറ്റുമാർഗ്ഗമറിവിൽ പെടായ്കയാൽ

പോകുവാൻ ജനകനോതി മക്കളോ-

ടാകവേയവർ വിഷാദമഗ്നരായ്.

69

“കൊച്ചനേയിവിടെ വിട്ടു ഞങ്ങള-

ങ്ങെത്തിയാൽ കരുണ ലേശമെന്നിയേ

വഞ്ചകപ്പരിഷയെന്നുറച്ചവൻ 

കൊന്നിടും സപദി പത്തുപേരെയും.

70

മന്നനുള്ളൊരധികാരമൊക്കെയാ

മാന്യനുണ്ടു കുറവില്ല തെല്ലുമേ, 

ആകയാലിവരൊടൊത്തു കുട്ടിയേ

വിട്ടയച്ചിടുക നന്മ കൈവരാൻ.

71

 

അത്തലേതുമണയാതെ ബാലനേ

സത്യമായ് തിരികെയാനയിച്ചിടാം, 

ഹൃത്തിലേതുമൊരു കുണ്ഠിതം വിനാ-

പാർത്തിടേണമിഹ പുത്രവത്സലാ!”

72 

ഇത്ഥമോതി വിരമിച്ച പുത്രരോ-

ടുത്തരം ജനകനെന്തുരച്ചിടും! 

സത്യമാണവർ പറഞ്ഞതൊക്കെയും

വൃദ്ധനായതറിയുന്നു വേണ്ടപോൽ.

73

“ഏകനേയിഹ തടഞ്ഞുകൊള്ളുകിൽ 

പത്തുപേർക്കു മരണം ഭവിച്ചിടും 

പോയിടായ്കിലിഹ ഭക്ഷണത്തിനും

മറ്റുമാർഗ്ഗമതു നാസ്തിതന്നെയാം.

74

ദൈവചിത്തമിതു, പോയിടട്ടവൻ

ഭാവിയാരറിവതീശനെന്നിയേ

ഏവമോർത്തു നിജ കണ്ണിലുണ്ണിയേ

വിട്ടയച്ചിടുവതിന്നുറച്ചവൻ

75

അത്രയല്ലതിവിശേഷമായ് പലേ

സാധനങ്ങളധിപന്നു കാഴ്ചയായ് 

ശേഖരിച്ചവയുമങ്ങയച്ചു തൻ

മക്കളിൽ കൃപയവന്നു തോന്നുവാൻ.

76

പത്തുകൂപ്പി വിടവാങ്ങി വത്സലർ 

പത്തുപേരുമൊരുമിച്ചിറങ്ങവേ

പുത്രവത്സലനു നെഞ്ചകം തപി-

ച്ചെത്തി ബാഷ്പമതു കണ്ണുരണ്ടിലും.

77

 

തെല്ലുദൂരമവരെത്തുടർന്നുചെ- 

ന്നല്ലലോടുമരുമക്കുമാരനേ

ചേർത്തണച്ചഥ പുണർന്നനുഗ്രഹി-

ച്ചുത്തമാംഗമതിലേകി ചുംബനം.

78

ഈശ്വരന്റെ കൃപയൊന്നിൽ മാത്രമ –

ങ്ങാശ്രയിച്ചുടനയച്ചു മക്കളേ, 

ഏകനായ് ബഹുവിചാരമഗ്നനായ് 

പിന്തിരിഞ്ഞു ഭവനത്തിലെത്തിനാൻ.

79

ഈ വിധം വിരഹതപ്ത ചിത്തനായ് 

ഗേഹസീമ്നി മരുവുന്ന താതനേ

ഓർത്തു മന്ദഗതി മൗനഭാവവും

തനൂജരിലുമാർന്നു യാത്രയിൽ.

80

ബഞ്ചമിന്നസുഖമല്പമെങ്കിലും

വന്നിടാതെ വഴിയാത്രയിൽ പരം

ശ്രദ്ധവച്ചു സഹജാതരൊക്കെയും

വൃദ്ധനാം ജനകനേ നിനയ്ക്കയാൽ

81

 

വീടുവിട്ടവരകന്നു, ഹൃത്തിലേ-

യാടലൊക്കെയൊരുമട്ടു ശാന്തമായ് 

കാടുമേടു മരുഭൂമിയും കട-

ന്നോടിവാഹനമൃഗങ്ങളൊക്കെയും.

82

ഒട്ടുനേരമവർ യാത്രചെയ്കയും, 

തുഷ്ടിയോടിടയിൽ വിശ്രമിക്കയും,

കാട്ടിലേ പുഴകളിൽ കുളിക്കയും,

വീട്ടിലേക്കഥയിടയ്ക്കുരയ്ക്കയും,

83

ഒത്തതൊക്കെ വിധിപോൽ പചിക്കയും,

പത്തുപേരുമൊരുമിച്ചശിക്കയും 

ഗർദ്ദഭങ്ങളെ നിറച്ചു തീറ്റിയി-

ട്ടെത്രയും പ്രിയമോടേ നയിക്കയും,

84

വസ്ത്രഗേഹമഴകിൽ ചമച്ചതിൽ

രാത്രിതോറുമവർ നിദ്ര ചെയ്കയും

ഈവിധം പലദിനം കഴിഞ്ഞു മെ-

സ്രേനിലെത്തിയവരത്തലെന്നിയേ.(വിശേഷകം)

85

രാജധാനിയതിനോടടുക്കവേ 

വ്യാജമല്ല, കുറവായി ധീരത;

യാത്ര മന്ദഗതിയായി കൊച്ചനേ-

യോർത്തു ശങ്കകളകത്തുദിക്കയാൽ.

86

“ബാലകന്നപകടങ്ങൾ വല്ലതും

പറ്റിയാൽ കഥകഴിഞ്ഞു ദൈവമേ!

ജീവനോടിവരിരിപ്പതെന്തിനായ് ?

ചെയ്യണേ കരുണ സൽകൃപാംബുധേ!”

87

ഏവമീശ ചരണം നമിച്ചുകൊണ്ടേ-

വരും ചെറുതു ധൈര്യപൂർവ്വമായ്

നാഥസന്നിധിയിലെത്തി വേണ്ടപോൽ

പാദതാർ തൊഴുതുനിന്നു സാദരം.

88 

ഒന്നുനോക്കിയവരേ യതീശ്വരൻ 

കണ്ടുതന്റെ സഹജാതനേയുടൻ,

മാറിടത്തിലവനേയണയ്ക്കുവാൻ

വാഞ്ഛപൂണ്ടു കുതികൊണ്ടു മാനസം.

89

എങ്കിലും ചെറുതു ഗൗരവത്തോടെ 

ഭൃത്യരിൽ പ്രമുഖനായ മർത്യനേ 

ആംഗ്യമാത്രമതിനാലടുക്കലേ- 

ക്കാനയിച്ചു ചിലതോതിഗൂഢമായ്.

90

ആ മനുഷ്യനധിപന്റെ വീട്ടിലേ –

ക്കാദരിച്ചു വഴികാട്ടി തൽക്ഷണം, 

കാലുകൾക്കു ജലമേകി വേണ്ടപോ-

ലാലയത്തിലവരേയിരുത്തിനാൻ.

91

 

സത്വരം കഴുതകൾക്കു വെള്ളവും 

പുല്ലുമേകി,യിവയൊക്കെയീവിധം

കണ്ടനേരമളവറ്റ വിസ്മയം

പൂണ്ടുകൊണ്ടവർ പറഞ്ഞിതേവിധം:

92

“അപ്രതീക്ഷിതമതാംവിധത്തിലീ

സൽകൃതിക്കിവിടെയെന്തു ബന്ധമോ!

പന്തിയല്ല ശുഭമല്ല ഭാവി നാം 

ബന്ധനത്തിലമരുന്നു നിശ്ചയം.

93

വിട്ടയച്ചിടുകയില്ല നമ്മെയ-

ദുഷ്ടനാമധിപ,നിസ്ഥലത്തു നാം

പെട്ടുപോയ്; സഹജനായ സൈമണെ

കഷ്ടമേയിവർ വധിച്ചിരിക്കുമോ?

94 

ഏവമായവർ വിഷാദമഗ്നരായ്

നില്ക്കവേയരികിലെത്തി ഭൃത്യനും,

“ഭീതിവിട്ടു സുഖമായിരിക്ക’ യെ-

ന്നോതി വാസ്തവമുണർത്തിയീവിധം:

95

“കേമമായൊരു വിരുന്നൊരുക്കുവാ-

 നുണ്ടു കല്പനയെനിക്കു മാന്യരേ! 

വന്നുചേരുമിഹ നാഥനും ദ്രുതം

നിങ്ങളോടുമൊരുമിച്ചശിക്കുവാൻ.”

96

പിന്തിരിഞ്ഞവനടുത്ത മാത്രയിൽ

കൊണ്ടുവന്നവിടെ വിട്ടു സൈമണേ,

ഒത്തുചേർന്നു പതിനൊന്നുപേരുമാ

വീട്ടിനുള്ളിൽ നിവസിച്ചു ശാന്തരായ്.

97

 

ഉച്ചനേരവുമടുത്തു വേണ്ടപോൽ

വച്ചൊരുക്കി വിഭവങ്ങളൊക്കെയും,

കൊണ്ടുവന്നവിടെഭൃത്യസഞ്ചയം,

വന്നുചേർന്നു ഗൃഹനാഥനും ജവം.

98

കാഴ്ചയൊക്കെയുമടുത്തുകൊണ്ടുപോയ് 

വച്ചുകാലിണ നമിച്ചു സാദരം,

മാറിനിന്നതിവിനീതരായവർ

ചഞ്ചലിച്ച ഹൃദയങ്ങളോടുതാൻ.                                                   

99

വൃദ്ധനായ ജനകന്റെ കാര്യവും

വീട്ടിലേ സ്ഥിതിയുമൊക്കെയാ മഹാൻ,

വിസ്തരിച്ചു വിരവോടു ചോദ്യമാ-

യുത്തരങ്ങളവരോതി ഭീതരായ്.                                                     

100

ഉള്ളിലുള്ള വിഷമങ്ങളൊക്കെയും

വല്ലപാടുമകമേയൊതുക്കിയും, 

നല്ലവാക്കു പലതും പറഞ്ഞുമാ-

രംഗമങ്ങനെ കഴിച്ചു ബുദ്ധിമാൻ                                                     

101

മോടിയേറിയ വിരുന്നുശാലയിൽ

ചെന്നുചേർന്നഥ വിരുന്നിനേവരും,

രാജകീയവിഭവങ്ങൾ മേശയിൽ

കണ്ടു കണ്ണുകൾ കുളുർത്തു തൽക്ഷണം.                                   

102

അദ്വിതീയ സുജനപ്രമാണിത-

നാജ്ഞ പോലവരിരുന്നു പന്തിയായ്, 

അഗ്രപീഠമതിലാസനസ്ഥനായ് 

നാഥനും തെളിവെഴും മുഖത്തോടേ.                                               

103

ആധിഭീതികളകന്നു ഭക്ഷണം 

പ്രീതിയോടവർ കഴിച്ചു തൃപ്തരായ്

സ്വന്തമേശയതിൽ നിന്നു കൂടെയും 

വീതമേകിയഖിലർക്കുമാ മഹാൻ                                                     

104

ഹൃദ്യമായി തുലയകന്ന മട്ടിലാ-

സ്വാദ്യമായൊരു വിരുന്നിതേവിധം

തീർന്നു, നാട്ടിനു തിരിച്ചുപോകുവാൻ

നിഷ്പ്രയാസമഥ കിട്ടി സമ്മതം.                                                           

105

വേണ്ട ധാന്യവുമളന്നു ചാക്കുകൾ 

കെട്ടിവച്ചുടനെ ഭൃത്യസഞ്ചയം,

ഗർദ്ദഭങ്ങളെയടുത്തുകൊണ്ടുവ-

നാദരിച്ചവരെ യാത്രയാക്കിനാർ.                                                             

106

 

ബഞ്ചമിന്റെ വിരഹം നിനയ്ക്കവേ

നെഞ്ചകം കഠിനമായ് തപിക്കയാൽ

സ്നേഹശക്തിയിലമർന്നു കൃത്രിമം

ചെയ്തുപോയ് ചിലതു നീതിമാനവൻ.                                                     

107

നന്ദിപൂർവ്വമധികാരിയോടവർ

ചൊന്നുയാത്ര പതിനൊന്നുപേരുമായ്, 

വന്നടുത്തവിധിയോടു മല്ലിടാ-

നെന്നപോലവിടെനിന്നിറങ്ങിനാർ.                                                           

108

പോയതില്ലധികദൂരമപ്പപ്പൊഴേ-

യ്‌ക്കോടിയെത്തിയൊരു രാജസേവകൻ,

“നിൽക്ക നിൽക്ക, പരിശോധനയ്ക്കു ഞാൻ

വന്നതാ”ണിദമുറച്ചു ചൊന്നവൻ.                                                                 

109

അമ്പരന്നവർ തിരിഞ്ഞുനിൽക്കവേ-

യന്തികത്തിലുടനെത്തിനാനവൻ,

“മോഷണം വലുതുചെയ്തു നിങ്ങളെ” 

ന്നോതി തെല്ലുമൊരു കൂസലെന്നിയേ.                                                         

110

കെട്ടഴിച്ചു ചുമടൊക്കെ നോക്കവേ

ബഞ്ചമിന്റെ ചുമടിന്നകത്തിതാ,

കണ്ടുകിട്ടി തിരുമേനിതന്റെയാ

പാനപാത്രമതു തങ്കനിർമ്മിതം.                                                                           

111

തൊണ്ടിയോടുമപരാധിയെ ക്ഷണം

കൊണ്ടുപോവതിനൊരുങ്ങി സേവകൻ, 

കണ്ടു മറ്റവർ സഹിച്ചിടായ്കയാ-

ലിണ്ടലോടവരുമെത്തി പിന്നിലായ്.                                                                   

112

ചെന്നുചേർന്നു തിരുമുമ്പിലേവരും

താണുവീണടിപണിഞ്ഞു ചൊല്ലിനാർ,

“പാഹിപാഹി! കരുണാഗുണാംബുധേ! 

ബാലനിൽ കരുണചെയ്തിടേണമേ!                                                                         

113

ചെയ്തിടാത്തൊരപരാധമാണിതെ-

ന്നാകിലും തെളിവുലേശമെങ്കിലും

തന്നിടാനിവരശക്തരാകയാൽ 

ദൈവമേകനറിയട്ടെ വാസ്തവം.                                                                                   

114

നാട്ടിനീശനവിടുന്നു, ദുഷ്ടരെ-

ക്കൊന്നിടാനുമധികാരമുള്ളവൻ

നീതിമാൻ, സുജനരക്ഷകൻ, വിഭോ!

ദാസരിൽ കരുണ തോന്നിടേണമേ!”                                                                   

115

“ഏതൊരുത്തനിതു ചെയ്തിരിക്കിലും 

ന്യായമായടിമയാണെനിക്കവൻ,

ബാക്കിയുള്ളവർ തിരിച്ചുപോയിടാ-”

മേവമോതിയധികാരിയുത്തരം,                                                                                 

116

ഈ വചസ്സുകളവർക്കു മാനസേ-

യാധിപാരമുളവാക്കി വയ്ക്കയാൽ,

കൃത്യബോധമതു,ലേശമെന്നിയേ 

സ്തബ്ധരായവിടെനിന്നുപോയവർ.                                                                         

117

താണുവീണവരുരച്ചു പിന്നെയും

“ചെയ്യണേ കൃപ ദയാപയോനിധേ! 

ബാലനേയിവിടെ വിട്ടുപോകുവാൻ

സാദ്ധ്യമല്ലൊരുതരത്തിലും വിഭോ!                                                               

118

 

മറ്റൊരാളവനുവേണ്ടിയിച്ഛപോൽ

കുറ്റമില്ലടിമയായി നിന്നിടാം, 

കൊച്ചനേയിഹതടഞ്ഞു ഞങ്ങളേ

വിട്ടയച്ചിടുക സങ്കടം പരം.                                                                                   

119 

സത്യമായി ജനകന്നു ജീവനാ-

ണയവൻ, കളവു ലേശമില്ലതിൽ; 

കാണിനേരമവനെപ്പിരിഞ്ഞിടാൻ 

ത്രാണിയില്ല ജരOന്നു തെല്ലുമേ.                                                                               

120

ഏതുമേയിതരമാർഗ്ഗമെന്നിയേ

വിട്ടയച്ചവനെ,യാകയാൽപരം

ഖേദമാർന്നു നിമിഷങ്ങളെണ്ണിയാ-

വൃദ്ധനങ്ങു മരുവുന്നതോർക്കണേ!                                                     

121

ബഞ്ചമിന്റെ സഹജാതനേകനാ-

പൂജ്യപാദനുടെ കണ്ണിലുണ്ണിയായ്

വാണിരുന്നിതുകുടുംബദീപമായ്

നിത്യമായിവരെ വിട്ടുപോയവൻ                                                               

122

ഞങ്ങളിന്നിവനെവിട്ടു സന്നിധൗ

ചെന്നുചേർന്നിടുകിലാവയോധികൻ,

ആധിമൂലമിഹലോകജീവിതം 

ഭേദമില്ല, മതിയാക്കുമപ്പൊഴേ.”                                                                               

123

 ശുദ്ധനുള്ളുരുകിയീവചസ്സിനാൽ; 

“ഹൃദ്വികാരമകമേയൊതുക്കുവാൻ

 സാധ്യമല്ലിനി’യിദം നിനച്ചുടൻ

 ഭൃത്യരേയകലെവിട്ടു തൽക്ഷണം.                                                                       

124

കെട്ടിനിന്ന ചിറയറ്റുബന്ധനം 

വിട്ടുപാഞ്ഞ നദിയെന്ന മട്ടുതാൻ

ശിഷ്ടനപ്പൊഴുതൊഴുക്കി കണ്ണുനീർ 

ദൃഷ്ടിയുഗ്മ മതിൽനിന്നനർഗ്ഗളം                                                                           

125.

ബഞ്ചമിന്നരികിലെത്തി ബാലനേ 

നെഞ്ചിനോടുടനടുത്തണച്ചവൻ, 

തഞ്ചമായ് തഴുകി,യേകി നെറ്റിയിൽ

തേഞ്ചൊരിഞ്ഞവിധമുള്ള ചുംബനം.                                                                 

126

കണ്ണീർ ധാരചൊരിഞ്ഞുകൊണ്ടുസഹജ-

  ന്മാരോടു ചൊന്നാനവൻ

“മെസസ്രേൽകാർക്കു വിലയ്ക്കു വിറ്റ സഹജൻ

യൗസേപ്പു ഞാനാണിതാ!

വേണ്ടാ ഭീതി,യടുത്തു വന്നീടുക, നാ-

മന്യോന്യമാലിംഗനം

ചെയ്തീടാമിതു ദൈവചിത്തമതിനാൽ

സ്നേഹിച്ചു ജീവിച്ചിടാം.                                                                                         

127

അന്നത്തെക്കഥയോർത്തു നിങ്ങളിനിയും

ഖേദിക്കവേണ്ടേതുമേ,

ഇന്നത്തെസ്ഥിതികണ്ടിരുന്ന കരുണാ-

സമ്പൂർണ്ണനാമീശ്വരൻ

ഇന്നാട്ടിന്നധിനാഥനായ് സഹജരെ-

പാലിക്കുവാൻ വേണ്ടിയാ –

ണന്നീമട്ടിവിടേയ്ക്കയച്ചതിവനെ

 യാരും പിഴച്ചില്ലതിൽ.                                                                                     

 128

എല്ലാ മംഗളവാർത്തയും ജനകനേ 

വേഗം ധരിപ്പിക്കുവിൻ

സോല്ലാസം ജവമെന്നടുക്കവനെ 

ക്കൊണ്ടിങ്ങുവന്നീടുവിൻ,

വല്ലായ്മയ്ക്കടിമപ്പെടാതവിടെ നി- 

ന്നേതും വിളംബം വിനാ

കല്യാണം ബത കൈവരാനഖിലരും 

വന്നിങ്ങു പാർത്തീടുവിൻ.”                                                                                 

129

വല്ലാതുള്ളൊരു ഭീതി, ലജ്ജ, സഹജ-

 സ്നേഹം മനസ്‌തുഷ്ടിയെ-

ന്നെല്ലാം തമ്മിലിടഞ്ഞു നേത്രസലിലം 

ചിന്തുന്നതന്നഗ്രരേ

കല്യൻ സ്നേഹപുരസ്സരം സവിനയം 

മാറോടണച്ചാദരി-

ച്ചെല്ലാർക്കും നിജ ചുംബനങ്ങളരുളി

സന്തുഷ്ടരാക്കീടിനാൻ.                                                                                               

130

മെച്ചം കൂടിയ വാഹനങ്ങൾ, സഹജ-

 ന്മാർക്കും പിതാവിന്നുമാ-

യിച്ഛയ്ക്കൊത്തവിധം വിശിഷ്ടതരമാ-

 യുള്ളോരു വസ്ത്രങ്ങളും,

പൊന്നും വെള്ളിയുമൊക്കെയേകിയവരെ

വിട്ടിട്ടു തൻ താതനെ

ത്തന്നെയോർത്തു ഗുണാംബുരാശി പകലും

രാവും കഴിച്ചീടിനാൻ.                                                                                                   

131

*ഇസ്രായേൽ നിജപുത്രപൗത്രരൊരുമി-

 ച്ചെത്തീടിനാൻ സത്വരം

മെസ്രേനിൽ; പരിവാരപൂർവ്വമെതിരേ

 യൗസേപ്പണഞ്ഞീടവേ,

ആനന്ദാശ്രു പൊഴിച്ചുകൊണ്ടു സുതനെ

 ക്കെട്ടിപ്പിടിച്ചീടിനാൻ

താതൻ, തൽപ്പദതാർ നമിച്ചു മകനും

കണ്ണീർ പൊഴിച്ചീടിനാൻ.                                                                                           

 132

എല്ലാ സംഗതിയും ഗ്രഹിച്ചു പറവാൻ

മോദിച്ചു സൗജന്യമായ്

ചെല്ലേറുന്നൊരു ദേശമേകിയവരെ-

പാർപ്പിച്ചു വേണ്ടുംവിധം

കല്യൻ തന്റെ, കിനാവുപോൽ സ്വജനസം-

രക്ഷാഭരം കൈവരി-

ച്ചെല്ലാരും വിധിവൈഭവത്തെയനിശം,

കീർത്തിച്ചു; സന്മംഗളം.                                                                                               

 133