രണ്ടാം സർഗ്ഗം

സഹജാതരെ വിട്ടു വർത്തകർ –
ക്കടിമപ്പെട്ടൊരു സാധുബാലകൻ
വിധിതൻ മതമാണിതെന്നുറ –
ച്ചവരോടൊത്തു ഗമിച്ചു സത്വരം. 1
പരിപാവന ചിന്തയെന്നിയേ
പ്രതികാരേച്ഛയൊരല്പമെങ്കിലും
അവനിൽ കുടികൊണ്ടതില്ല, സ-
ജ്‌ജനഹൃത്തിൻ സ്ഥിതിയീവിധത്തിലാം. 2
ജനയിത്രിയുമില്ല കേണിടാ –
നനുജൻ ബഞ്ചമിനും പിതാവിനും
ഉളവായിടുമല്ലൽമാത്രമോർ-
ത്തവനല്പം വ്യഥയാർന്നു മാനസേ. 3
ധനകാംക്ഷികളെങ്കിലും വണിക്ക്
പ്രവരന്മാർ പരമാർദ്രചിത്തരായ്
ഇടപെട്ടതുകൊണ്ടു തുഷ്ടനായ്
ദിനരാത്രങ്ങൾ കഴിച്ചു ബാലകൻ. 4
ചിലനാളൊരുമിച്ചു യാത്രചെ-
യ്തവർ മെസ്രേനിലണഞ്ഞനന്തരം
സചിവപ്രവരന്റെ മുമ്പിലാ-
ഗുണവാൻ ബാലനെയാനയിച്ചുടൻ. 5
വിനയം കലരുന്ന ഭാവവും
നിലയും, ദൃഷ്ടികളിൽ സ്ഫുരിച്ചിടും
സഹജപ്രതിഭാവിലാസവും
മതിമാൻ കണ്ടു തെളിഞ്ഞു മാനസം. 6
മടിവിട്ടൊരു നല്ല സംഖ്യയ-
ങ്ങുടനേതന്നെ കൊടുത്തു ബാലനേ
പരിചാരകനായി വാങ്ങിനാൻ
ധനവാൻ മന്ത്രി വിശാലമാനസൻ. 7
അവിചാരിതമായി ലാഭമീ
വിധമുണ്ടായതിനാൽ വണിക്കുകൾ
ഹൃദയത്തെളിവോടുചൊല്ലിനാർ
“വരുമിക്കൊച്ചനു നന്മ’യെന്നിദം. 8
അവരങ്ങു തിരിച്ചുപോയ് ജവം
യജമാനന്നരികത്തു വേണ്ടപോൽ
പരിചര്യകൾ ചെയ്തിടേണ്ടതി-
ന്നുടനേർപ്പെട്ടു കഴിഞ്ഞു ബാലനും. 9
ചൊടിയും പ്രസരിപ്പുമേതിലും
മടിയില്ലായ്മ വിധേയഭാവവും
യജമാനനിലുള്ള ഭക്തിയും
സചിവൻകണ്ടവനിൽ പ്രസന്നനായ്. 10
അറിയാതെ വളർന്നു നാൾക്കുനാ-
ളവനിൽ ചേർന്നൊരു വത്സലത്വവും
സചിവന്റെ ഗൃഹത്തിനുള്ളില-
ന്നവനുള്ളോരധികാരസീമയും. 11
ശരിയായ് പിതൃപുത്രബന്ധമെ-
ന്നരുളാൻ തക്കവിധത്തിലെത്രയും
ബലമേറിയതായിരുന്നവർ-
ക്കിടയിൽ ചേർന്നൊരു ബന്ധമോർക്കുകിൽ. 12
തരുണന്റെ മഹൽ ഗുണങ്ങൾ ക-
ണ്ടവനെത്തൻഗൃഹകാര്യമൊക്കെയും
മടിവിട്ടു മഹാശയൻ മുദാ
ഭരമേല്പിച്ചു വിളംബമെന്നിയേ. 13
അവനേതുമഹങ്കരിച്ചിടാ-
തതിവിശ്വസ്തതയോടതൊക്കെയും
ശരിയായി നടത്തി നിത്യവും
യജമാനന്റെ ഹിതത്തിനൊത്ത പോൽ. 14
അഹിതം സചിവന്നൊരിക്കലും
യുവകാര്യസ്ഥനില്പമെങ്കിലും
ഉളവായതുമില്ല പിന്നെ യെ-
ന്തവിടെത്തെല്ലസുഖം ഭവിക്കുവാൻ! 15
അതുമല്ല ഗുണാഢ്യനാമവൻ
ഗൃഹകാര്യങ്ങളശേഷമീവിധം
ഭരമേറ്റൊരുനാൾ തുടങ്ങിയാ-
ഭവനത്തിന്നുളവായി മംഗളം. 16
കൃഷിയിൽ പിഴയില്ലൊരിക്കലും,
വിളവൊട്ടെൺപതു നൂറുമേനിയാം,
പണവും കുറവില്ല പെട്ടിയിൽ,
പിണയാറില്ലസ്സുഖങ്ങളൊന്നുമേ. 17
ജനകന്റെ വിയോഗഹേതുവാൽ
പരമസ്വാസ്ഥ്യമവന്നിരിക്കിലും
ഭവുകം പരിപൂർണ്ണമാണവ –
ന്നിവിടെത്തെല്ലുവിശങ്കയില്ലതിൽ. 18
ചിലകാലമിതേവിധം കഴി-
ഞ്ഞൊരു വൈഷമ്യമിടയ്ക്ക് ചേർന്നിതാ
കളിയല്ലുലകത്തിലെങ്ങുമി-
ല്ലസ്സുഖസ്പർശമെഴാത്ത ഭാവുകം. 19
ഗൃഹനായിക, മാതൃതുല്യയായ്
കരുതിപ്പോന്നൊരു ഭർതൃവഞ്ചകി
അവനിൽ പ്രണയാർത്തയായ് ചമ-
ഞ്ഞണുവും ധർമ്മവിചാരമെന്നിയേ. 20
സുകുമാരനവന്റെ പുഞ്ചിരി
പ്രഭയും സുന്ദരമെയ് വിലാസവും
മധുരം കലരും വചസ്സുമാ
കുലടയ്ക്കാശവളർത്തി മേൽക്കുമേൽ. 21
അവനെ സ്വവശത്തിലാക്കുവാൻ
പണിയൊട്ടല്ലവൾ ചെയ്തതെങ്കിലും
അകതാരിലധർമ്മഭീതിയോ-
ടവളേവിട്ടകലെച്ചരിച്ചവൻ. 22
ഒരുനാൾ വളരും ദുരാശ ത-
ന്നകമേയെങ്ങുമടങ്ങിടായ്കയാൽ
പിടികൂടി യുവാവിനേയവൾ
തനിയേ വീട്ടിനകത്തു കാണാവേ. 23
സഹജപ്രകൃതം വെടിഞ്ഞുകൊ-
ണ്ടവളെച്ചുട്ടഥ ഭസ്മമാക്കുവാൻ
മതിയാകുമൊരൊറ്റനോട്ടമാ
തരുണൻ നോക്കി; കുലുങ്ങിയില്ലവൾ. 24
പിടികൂടിയൊരുത്തരീയവും
വിടുകില്ലായവളെന്നു കാൺകയാൽ
അതു വിട്ടുകളഞ്ഞു പാഞ്ഞവൻ
പുലിയെക്കണ്ടൊരു പാന്ഥനെന്നപോൽ. 25
ഇതുമട്ടവളന്നുചൊയ്തൊരാ-
കടശിക്കൈ ഫലിയാതെപോകവേ
അകമേ പ്രതികാരബുദ്ധിയാ-
ണുദയംചെയ്തതതീവശക്തിയായ്. 26
ഒരു രാക്ഷസിയോടു തുല്യയാ-
യവൾ ജ്യംഭിച്ചലറിത്തുടങ്ങവേ
ഭവനം മുഴുവൻ കുലുങ്ങി ന-
ല്ലൊരുഭൂകമ്പമതെന്നമട്ടുതാൻ. 27
പതിയൊട്ടധികം പരിഭ്രമി –
ച്ചരികത്തെത്തിയ നേരമായവൾ
നിജ പല്ലുകൾ ശക്തിയായ് കടി-
ച്ചരിശത്തോടിതു മട്ടുചൊല്ലിനാൾ: 28
“ഇവളേ വഷളാക്കിടേണ്ടതി-
ന്നൊരുതാന്തോന്നിയുവാവിനേയിതാ
വലുതായവിലയ്ക്കു വാങ്ങിയി-
ട്ടനിശം തന്നരികത്തു പോറ്റുമോ? 29
തലയുള്ളവർ പേപിടിച്ചതാം
ശുനകൻ തന്നെ വിലയ്ക്കുവാങ്ങുമോ?
വിഷസർപ്പമതിന്നു പാൽ കൊടു –
ത്തനിശം തന്നരികത്തു പോറ്റുമോ? 30
അവനെപ്പിരിയാൻ പ്രയാസമോ?
അഥവാ ഞാനിവിടം വിടട്ടെയോ?
ഇനിയില്ലൊരുമിച്ചു വാസമി-
ന്നുടനേ തീർച്ചയുരയ്ക്കണം ഭവാൻ.” 31
“സുജനാഗ്രണിയെന്നു ഞാൻ നിന –
ച്ചൊരു യൗസേപ്പവനിത്ര നീചനോ?
കളിയോ ബത! കാര്യമോയിതെ-
ന്നകമേയോർത്തൊരുമാത്ര നിന്നവൻ. 32
പതിതന്നുടെ ശങ്ക തീർക്കുവാൻ
പ്രതികൈവിട്ടു കളഞ്ഞവസ്ത്രവും
ഉടനേയവൾ ഹാജരാക്കിനാ-
ളതുകണ്ടക്ഷമനായി മന്ത്രിയും. 33
അകതാരിലെരിഞ്ഞ കോപമോ-
ടൊരു വിസ്താരവുമെന്നിയേ ജവം
വിധി ചെയ്തവനെപ്പിടിച്ചു ന-
ല്ലൊരുപാറാവിലടച്ചുപൂട്ടുവാൻ. 34
കലുഷം കലരാത്ത നീതിമാൻ
തടവിൽ പാർക്കുകയെന്നു വന്നിതോ
കുലടയ്ക്കിതു വേണ്ടതല്ലയോ?
പരമാർത്ഥത്തിനു സാക്ഷിയാരുവാൻ? 35
അഥവാ ജഗദീശചിത്തമാ-
ണിതുനന്മയ്ക്കവിടന്നു ചെയ്‌വതാം
ഇതുപോലിഹ നീതിയേക്കുറി-
ച്ചുഴലും മാനുഷർ ഭാഗ്യശാലികൾ. 36
അപരാധികളോടു ചേർന്നവൻ
തടവിൽ പാർത്തുതുടങ്ങിയെങ്കിലും
വലുതാം ദുരിതങ്ങളാസ്ഥല-
ത്തവനില്ലാതെ കഴിഞ്ഞു നാളുകൾ. 37
ഗുണവാനവനെന്നു കാൺകയാ-
ലധികാരിക്കവനോടനല്‌പമാം
പ്രതിപത്തി ജനിച്ചു, തന്റെ കീ-
ഴവനും തെല്ലധികാരമേകിനാൻ. 38
പലമാതിരി ദുഷ്കൃത്യങ്ങൾ ചെ-
യ് തവിടെപ്പാർത്തുവരും ജനങ്ങളും
“ഒരു നല്ല മനുഷ്യനെന്നു താ –
നിവനേയെണ്ണിയിരുന്നു സന്തതം. 39
സുകൃതാംബുധിയാമനുഷ്യനോ-
ടൊരുമിച്ചങ്ങു വസിക്കമൂലമായ്
ജയിൽവാസികളിൽ പലേതരം
ഗുണമുണ്ടായി വളർന്നു നാൾക്കുനാൾ. 40
നരകത്തിനു തുല്യമാസ്ഥല-
ത്തൊരുമോക്ഷം ചെറുതായ് ചമയ്ക്കുവാൻ
സുകൃതിക്കു കഴിഞ്ഞു, സജ്ജനം
പദതാർ വയ്ക്കുമിടം വിശുദ്ധമാം. 41
ഇതുപോൽ സുഖമായ് കഴിഞ്ഞിടു-
ന്നൊരു കാലത്തവിടേയ്ക്കു രണ്ടുപേർ
അപരാധികൾ വന്നുചേർന്നു ദുർ-
വിധിയേ വെല്ലുവതിന്നശക്തരായി. 42
അമൃതേത്തിനു വേണ്ട ഭോജ്യവും
വിലയേറുന്ന വിശിഷ്ടപേയവും
പരിചോടു തയാറുചെയ്തുവ-
ന്നവർ രണ്ടാളുകളൊട്ടു കാലമായ്. 43
ഇതിനാലുപജീവനം പരം
സുഖമായിട്ടു കഴിച്ചിരിക്കവേ
ചില തെറ്റുകൾ സംഭവിക്കയാൽ
നൃപകോപാഗ്നിയിൽ വീണിതേവിധം. 44
ഇരവും പകലും മനസ്സുഖം
ചെറുതില്ലാതെ വിചാരമഗ്നരായ്
ദിവസങ്ങൾ കഴിച്ചിരുന്നവർ
കെണിയിൽപ്പെട്ട മൃഗങ്ങളെന്നപോൽ. 45
ചിലനാളുകളീവിധം കഴി-
ഞ്ഞൊരു രാവിങ്കലുറങ്ങിടും വിധൌ
ഒരുപോൽ പരമാർത്ഥഗൌരവം
കലരും മട്ടു കിനാവു കണ്ടവർ. 46
എതിരേയരികത്തു വന്നുചേർ-
ന്നൊരു യൗസേപ്പിനെയക്കിനാവുകൾ
അറിയിച്ചിടുവാൻ തിടുക്കമാർ-
ന്നൊരുവൻ കണ്ടതവൻ പറഞ്ഞിദം: 47
“ഇതുകേൾക്ക സഖേ! കഴിഞ്ഞൊരീ
നിശയിൽകണ്ട കിനാവുചൊല്ലുവേൻ
അതിനർത്ഥമറിഞ്ഞുകൊള്ളുവാ-
നതിയായുണ്ടകതാരിലാഗ്രഹം. 48
ഒരു മുന്തിരിവള്ളിയം കുരി-
ച്ചതിലുണ്ടായ ലത മൂന്നു തൽക്ഷണം,
ഉടനങ്ങു വളർന്നു കായ്ച്ചതിൽ
പഴമുണ്ടായി, പറിച്ചെടുത്തു ഞാൻ. 49
പറവോനുടെ പാനപാത്രമെ-
ന്നരികിൽക്കണ്ടതിലേക്കു സത്വരം
രസമങ്ങു പിഴിഞ്ഞൊഴിച്ചു ഞാൻ
തിരുമേനിക്കു കൊടുത്തു തൃപ്തനായ്.” 50
ഇതുകേട്ടഥ ദിവ്യമാനുഷൻ
മറുവാക്കോതി “സമാശ്വസിക്കനീ,
ശുഭമാണു നിനക്കു ഭാവിയെ-
ന്നരുളീടുന്നിതു സത്യമായി ഞാൻ. 51
ഇനി മൂന്നുദിനം കഴിഞ്ഞു നിൻ
ദുരിതം തീർത്തഥ രാജധാനിയിൽ
പണിപോയതു വീണ്ടു ലബ്ധമായ്
പറവോൻ തൻ പ്രിയദാസനായ്‌വരും. 52
അതുകാലമെനിക്കു വല്ലതും
തുണചെയ്യാൻ കഴിയുന്നതാകിലോ
അതു ചെയ്യണമെന്നു സോദരാ!
വിരവോടർത്ഥന ചെയ്തിടുന്നു ഞാൻ.” 53
ശരിയാണിവനിപ്പറഞ്ഞതെ-
ന്നൊരു വിശ്വാസമകത്തുദിക്കയാൽ.
അപരൻ നിജഭാവിയെക്കുറി-
ച്ചതി ജിജ്ഞാസകലർന്നു ചൊല്ലിനാൻ. 54
“ദയവായിതു കേൾക്കണേ സഖേ!
തലയിൽ ചേലൊടു മൂന്നു കുട്ടകൾ
പുതുവെണ്മ കലർന്നൊരപ്പവും
നിറയെച്ചേർത്തു വഹിച്ചിരുന്നു ഞാൻ. 55
മുകളിൽ സ്ഥിതിചെയ്തിരുന്ന കുട്ടത-
ന്നകമേ തിങ്ങി നിറഞ്ഞിരുന്നൊരാ
പലഹാരമശ്ലേഷമാർത്തിയോ-
ടശനം ചെയ്തുകളഞ്ഞു പക്ഷികൾ. 56
“അശുഭം ഫലമാണിതിന്നു, നാ-
ളിനിയും മൂന്നു കഴിഞ്ഞിടും: വിധൌ
തലപോയിടുമത്രയല്ല നി-
ന്നുടലും പക്ഷികുലം ഭുജിച്ചിടും.” 57
ഇരുവർക്കുമടുത്ത ഭാവിയിൽ
വരുവാനുള്ള ശുഭാശുഭങ്ങളെ
ഇതുപോൽ പ്രവചിച്ചുകൊണ്ടവൻ
വിരമിച്ചാൻ കൃതകൃത്യനായ് പരം 58
പിഴയറ്റിവ സംഭവിച്ചിടേ-
ണ്ടൊരുനാളാഗതമായ്ക്കഴിഞ്ഞിതാ
പറവോനുടെ ജന്മനാളതാ-
ണതു രാജ്യത്തു മഹാമഹോത്സവം. 59
പുരവാസികളാമഹോത്സവം
ബഹുധാ മോടിയോടേ നടത്തുവാൻ
മടിയെന്നത് ലേശമെന്നിയേ
പണിചെയ്യുന്നിതു രാജഭക്തിയാൽ. 60
അവരേ വിരവോടു സല്ക്കരി-
പ്പതിനായ് വേണ്ടതു ലോഭമെന്നിയേ
അരുളുന്നിതു ഭൂമിപാലനും
ബഹളം നിസ്തുലമേളമെങ്ങുമേ. 61
നിജദാസരിൽ നിന്നു ഭ്രഷ്ടരായ്
തടവിൽ പാർത്തു കഴിച്ചിടുന്നൊരീ
അപരാധികളേയുമന്നുത-
ന്നരികത്തേക്കവനാനയിച്ചിത്. 62
കരുണാനിധിയന്നു മാപ്പവർ –
ക്കരുളാനാണു നിനച്ചതെങ്കിലും
അതിനേകനനർഹനെന്നു ക-
ണ്ടവനെത്തൂക്കിലിടാൻ വിധിച്ചുടൻ. 63
അപരന്നു ലഭിച്ചു മുക്തിയും
പണിയും പാർത്ഥിവസൽപ്രസാദവും,
പ്രവചിച്ച ഫലങ്ങളല്പവും
പിഴയില്ലാതിവർ കണ്ടിതേവിധം 64
അതിമാനുഷനെന്നു ധന്യനേ-
യവരോർത്താരതുകൊണ്ടു കിം ഫലം!
ഒരുവൻമൃതനായ്ക്കഴിഞ്ഞു; മ-
റ്റവനോ ഹാ! ബഹുനന്ദിഹീനനായ്. 65
ഭവുകസ്ഥിതിവന്നു ചേരവേ
നിജ മിത്രത്തെയവൻ മറന്നുപോയ്
കലുഷം കലരാത്ത നിർമ്മലൻ
തടവിൽത്തന്നെ വസിച്ചു പിന്നെയും. 66
അവനീവിധമസ്വതന്ത്രനായ്
തുണയറ്റുള്ളവനെന്നു കാണുകയാൽ
അഖിലാണ്ഡമടക്കി വാഴുവാൻ
കരുണക്കണ്ണുതിരിച്ചവന്റെ മേൽ. 67
സുഖമെന്നതറിഞ്ഞിടായു-
ള്ളൊരു കാരാഗൃഹമായതിൽ പുമാൻ
കുറവറ്റൊരു പൗരുഷത്തോടേ
ചിലകൊല്ലങ്ങൾ കഴിച്ചു ധീരനായ് 68
അതുകാലമൊരിക്കൽ ഭൂമിപൻ
സുഖമായ് രാത്രിയിൽ നിദ്ര ചെയ്യവെ
അതിഭീകരമായനർത്ഥസൂ –
ചകമായുള്ള കിനാവു കണ്ടിദം. 69
പരിശുദ്ധജലം വഹിച്ചുകൊ-
ണ്ടൊഴുകും വാഹിനിയൊന്നിനന്തികേ
സുമനോഹര പുൽപ്രദേശമാ-
നൃവരൻ കണ്ടു കടന്നുചെന്നതിൽ. 70
അതുലപ്രകൃതിപ്രഭാവവും
കുളിർകാറ്റിന്റെയുദാരശീലവും
ഒരുവാക്കിലുരച്ചിടാം പരം
ഹൃദയാകർഷകമായിരുന്നവ. 71
നൃപനങ്ങിനെ നിർന്നിമേഷനായ്
ചുഴലം നോക്കി രസിച്ചുനിൽക്കവേ
അവിടേയ്ക്കു തടിച്ച ഗോക്കളേ –
ഴൊരുമിച്ചങ്ങു കടന്നുവന്നുടൻ. 72
ഇടതൂർന്നു വളർന്ന പുല്ലില-
ങ്ങൊരുപോലായവ മേഞ്ഞുനിൽക്കവേ
ജവമേഴുമെലിഞ്ഞ ഗോക്കൾ വ-
ന്നവയെത്തിന്നൊരു കൂസലെന്നിയേ. 73
ഇരചെന്നതറിഞ്ഞിടാത്തപോ-
ലുദരം ചുങ്ങിയിരുന്നു പിന്നെയും
പശിയേതുമടങ്ങിടാത്തപോ-
ലശനം തേടി നടന്നിരുന്നവ. 74
തൊലിയസ്ഥിയിലൊട്ടി മാംസമ-
റ്റൊരു കോലങ്ങളതീവഭീകരം
പറവോനിതു കണ്ടു മാനസേ
പരമസ്വസ്ഥതയോടുണർന്നുടൻ. 75
നയനങ്ങൾ തുറന്നശേഷവും
തെളിവായ് കാണ്മൊരു കാഴ്ചയെന്ന പോൽ
കളിയാടിയിരുന്നു മുമ്പിലാ-
ഭയമേകുന്ന മഹാവിരൂപികൾ 76
അസുഖം പരമാർന്നു ശയ്യ വി-
ട്ടെഴുനേല്ക്കാതെ വിചാരമഗ്നനായ്
നൃപനൊട്ടു കിടന്നു, കണ്ണട-
ഞ്ഞറിയാതൊന്നു മയങ്ങി പിന്നെയും. 77
സമയംവളരെക്കഴിഞ്ഞതി-
ല്ലൊരു ദുഃസ്വപ്നമതിന്റെ തുടർച്ചയായ്
അവനീപതി കണ്ടു ഞെട്ടിയ-
ങ്ങുടനേതന്നെയുണർന്നു ഖിന്നനായ്. 78
കതിരേഴൊരു തണ്ടിലുത്ഭവി-
ച്ചൊരുപോലങ്ങു വളർന്നു; ലേശവും
പതിരെന്ന്യെ കൊഴുത്തുരുണ്ടതാം
മണിജാലത്തെ വഹിച്ചിരുന്നവ. 79
ജവമങ്ങുവിളഞ്ഞു, തങ്കവും
തലതാഴ്ത്തുന്ന നിറപ്പകിട്ടൊടേ
അഴകാർന്നു വിളഞ്ഞു കാറ്റടി-
ച്ചിളകിച്ചാഞ്ഞു കിടന്നിരുന്നവ. 80
പതിരാൽ നിറയുന്ന പൊട്ടയാം
കതിരേഴങ്ങുമുളച്ചുയർന്നുടൻ
അവയേഴിനേയും വിഴുങ്ങിനാ-
രണുവും കൂസലകന്നു കഷ്ടമേ! 81
അകമേയിരചെന്നഭാവമോ
പുറമെ കണ്ടതുമില്ല ലേശവും
മണികൾക്കൊരു പുഷ്ടിയെന്നിയേ
പതിരായ്ത്തന്നെ നിവർന്നു നിന്നവ. 82
ഒരു രാവിലൊരേതരത്തിലി-
ത്തരമായ് രണ്ടുകിനാവു കാൺകയാൽ
എരിതീയകമേ കടന്നപോൽ
പറവാനുള്ളു തപിച്ചനല്പമായ് 83
ഒരു മട്ടു കഴിച്ചു രാത്രി, യ-
ന്നെതിരേതന്നെ വിളിച്ചു മന്ത്രിയേ
അറിയിച്ചു വിശേഷമൊക്കെയും;
പറയുന്നെന്തിതിലാ മഹാശയൻ! 84
“ഫലമോതിടുവാൻ സമർത്ഥരെ-
ന്നറിയപ്പെട്ടവരൊക്കെയിക്ഷണം
മടിയെന്നിയെ രാജധാനിയിൽ
വരികെ”കെന്നാജ്ഞ കൊടുത്തു മന്ത്രിയും. 85
ഉടനേ പല മന്ത്രവാദികൾ
ഗണിതക്കാർ മുതലായനേകരും
വഴിപോലെയുടുത്തൊരുങ്ങി വ-
ന്നൊരുമിച്ചാരഥ രാജധാനിയിൽ. 86
ഇവരേവരുമാസനസ്ഥരാം
സഭയിൽ പാദമണച്ചു ഭൂമിപൻ
അതിയായൊരു രാജഭക്തിയാൽ
വിരവോടഞ്‌ജലികൂപ്പിനിന്നവർ. 87
നിജപീഠമതിൽ പ്രഭാവമാർ-
ന്നുപവേശിച്ചിതു ഭൂമിപാലനും
വിവരിച്ചു വിശേഷമൊക്കെയും
ഘനഭാവത്തൊടിരുന്നനന്തരം. 88
ഉരിയാടിയതില്ലൊരുത്തനും
സഭനിശ്ശബ്ദതയാർന്നു കേവലം
ഫലമോർത്തറിയേണ്ടതിന്നു താ-
നവരേകാഗ്രതയോടിരിക്കയാം. 89
ചിലമാത്ര കഴിഞ്ഞനന്തരം
ചിലരോരോവിധമോതിയെങ്കിലും
അവതമ്മിലൊരല്‌പബന്ധവും
ബതകാണാതെ കുഴങ്ങി ഭൂമിപൻ 90
ഉടനോടിയണഞ്ഞു തൃപ്പദം
പ്രണമിച്ചാനൊരു സാധുമാനുഷൻ
അമൃതേത്തിനു പേയസാധനം
പതിവായ് നിത്യമൊരുക്കിടുന്നവൻ 91
അവനോതി, “യുണർത്തിടുന്നു ഞാൻ
തിരുമുമ്പിൽ ചിലവാർത്തയൊക്കെയും
ഒരു ദിവ്യമനുഷ്യനെയെനി-
ക്കറിയാം നല്ലൊരു ദീർഘദർശിയേ. 92
ഇവരന്നൊരുമിച്ചു രണ്ടുപേർ
തടവിൽ പാർത്തുവരുന്നവേളയിൽ
ഇവർകണ്ട കിനാവുകൾക്കവൻ
ശരിയായർത്ഥമുരച്ചതോർപ്പു ഞാൻ. 93
ഒരുപുള്ളി വിസർഗ്ഗമെങ്കിലും
പിഴകൂടാതവ സംഭവിക്കയാൽ
ശരിയായ് പ്രവചിച്ചുകൊള്ളുവാൻ
വിരുതുണ്ടായവനെന്നു നിശ്ചയം. 94
അവനുള്ളൊരു നാമധേയമാർ-
ന്നതു യൌസേപ്പവനീദിനത്തിലും
സചിത്രപ്രവരന്റെയാജ്ഞയാൽ
തടവിൽ പാർത്തുവരുന്നു കഷ്ടമേ! 95
നൃപതിക്കിതുകേട്ടമാത്രയിൽ
പരമാഹ്ളാദമുദിച്ചു മാനസേ
അവനേയുടനാനയിക്കുവാൻ
സചിവന്നാജ്ഞ കൊടുത്തു തൽക്ഷണം. 96
ദുരിതങ്ങളകന്നു, മുക്തനാ-
യഥ പാറാവിനകത്തു നിന്നവൻ
നൃപകിങ്കരരാൽ പരീതനാ-
യുടനേ ചെന്നിതു രാജധാനിയിൽ. 97
പറവോന്റെ പദം നമസ്കരി-
ച്ചവിടെത്തന്നെയൊതുങ്ങിനിന്നവൻ
അവിളംബമുരച്ചു ഭൂപനാ
നിശയിൽ കണ്ട വിശേഷമൊക്കെയും 98
വിനയാന്വിതനായുരച്ചവൻ
ജഗദീശന്റെയനുഗ്രഹം വിനാ
ഇതിനൊന്നിനുമർത്ഥമോതുവാ-
നൊരു മർത്ത്യന്നു കഴിഞ്ഞിടാ ദൃഢം. 99
“കരുണാനിധിയാകുമീശ്വരൻ
വരുവാനുള്ളാരു സംഭവങ്ങളേ
അറിയിപ്പതിനിക്കിനാവുകൾ
തിരുമേനിക്കു വരുത്തിവച്ചതാം. 100
അതിരറ്റൊരു ഭാവുകംവരും
തവരാജ്യത്തിനടുത്ത ഭാവിയിൽ
അവിതർക്കമൊരേഴുവത്സരം
നിലവിട്ടായതു കേളിയാടിടും. 101
തദനന്തരമേഴുകൊല്ലമീ
ഭാവുകത്തെയഖിലം വിഴുങ്ങുവാൻ
മതിയായൊരു ദുഷ്ടഭൂതമെ-
ന്നതുപോൽ ക്ഷാമവുമിങ്ങണഞ്ഞിടും. 102
അതിനാലവിടുന്നു തൽക്ഷണം
മതിമാനായൊരു നല്ലമർത്യനേ
ധനകാര്യവിചാരമൊക്കെയും
ഭരമേല്പിക്കുവതേറ്റമുത്തമം. 103
ഇതുകേട്ടവരേകകണ്ഠമായ്
ശരിയെന്നോതി, വസുന്ധരേശനും
അതു സമ്മതമായ് മുതിർന്നതി-
ല്ലെതിരോതാനൊരു മർത്യനെങ്കിലും. 104
ഉടനേ നിജരാജചിഹ്നമായ്
വിലസീടുന്നൊരു മുദ്രമോതിരം
പറവോൻ നൃപനൂരിനീട്ടിയി-
ട്ടരുളിച്ചെയ്തവനോടിതേവിധം: 105
“പ്രതിപുരുഷനാണെനിക്കു നീ-
യിതുനാൾ തൊട്ടതിനുള്ള ചിഹ്നമായ്
ഇതുവാങ്ങി ധരിക്ക; നിന്നെ ഞാ-
നറിയുന്നേനൊരു ദിവ്യമർത്യനായ്. 106
ശരിയായ് പ്രവചിച്ചു നീയതിൽ
കവിയും വിജ്ഞതയേതുമർത്യനും
വരികില്ലഖിലേശ്വരൻ നിന-
ക്കറിയിക്കുന്നവയാണിതൊക്കെയും. 107
അതിനാലിനിയെൻ പ്രജാവലി-
ക്കഖിലം രക്ഷകനെന്നു നിന്നെ ഞാൻ
കരുതുന്നു; സമസ്തകാര്യവും
ഭരമേല്പിച്ചുതരുന്നു പൂർണ്ണമായ്.” 108
ഏവമോതി നൃപനാ മഹാശയൻ
മുദ്രയാർന്ന തിരുവാഴിയും
രാജകീയവസനങ്ങളും കനക
രത്നഭൂഷണവുമാകവേ 109
ഏകി നല്ലൊരു രഥത്തിലേറ്റിയധി-
നാഥനായി ജനസഞ്ചയം
സ്വീകരിച്ചു പരമാദരിപ്പതിനു
വേണ്ടകല്പനകൊടുത്തുടൻ. 110
അത്രയല്ല പരമാഭിജാത്യവു-
മതുല്യസൽഗുണവിശേഷവും
ഗാത്രസൗഷ്ഠവവുമൊത്തിണങ്ങിയൊ-
രപൂർവ്വകന്യകയെ ഭാര്യയായ് 111
ചേർത്തുഭൂപതിയവന്റെ പാർശ്വമതി-
ലീവിധം ഭാവുകമൊക്കെയും
പൂർത്തിയായി; ജഗദീശസൽകൃപ-
ലഭിക്കിലെന്തു കുറവേവനും? 112
