Vidhivaybhavam 01

വിധിവൈഭവം

  (1936)

ഒന്നാം സർഗ്ഗം

പുരാവിശ്രുതമാദ്ധ്യധരണിക്കടലന്തികേ

കനാനെന്നഭിധാനത്തോടൊരു ദേശം വിളങ്ങിപോൽ.                          

1

ഫലപുഷ്ടിനിനയ്ക്കുമ്പോളതിനോടുപമിക്കുവാൻ

ഒരുദേശവുമെന്നാളുമുലകിൽ കണ്ടുകിട്ടിട.                                           

2

മധുവും ക്ഷീരവും ചേർന്നങ്ങൊഴുകും ദേശമെന്നിദം 

അതിനുള്ളൊരു പേരോർത്താൽനിതരാമർത്ഥവത്തുതാൻ.             

3

കനകക്കംബളം നീളെവിരിച്ചിട്ട കണക്കുതാൻ. 

വിളവൊത്തു ശയിക്കുന്നുഗോതമ്പുവയലെങ്ങുമേ.                            

4

തഴച്ചുഫലവത്തായ മുന്തിരിച്ചെടിയേറ്റവും

ഇടതൂർന്നു വളർന്നുള്ള തോട്ടങ്ങളതിമോഹനം.                                    

5

ഫലഭാരം വഹിച്ചേറ്റം തലകുമ്പിട്ടു നിന്നിടും 

ഫലവൃക്ഷങ്ങളും കണ്ണിന്നതുലാനന്ദദായകം.                                          

6

ആടുമാടുകൾ പറ്റം ചേർന്നുല്ലസിച്ചങ്ങു മേഞ്ഞിടും

പുൽത്തകിടികളും കാണാമെങ്ങും പച്ചവിരിപ്പുപോൽ.                        

7

സ്വതസ്സിദ്ധമതായുള്ള രമണീയതയിൽ പരം 

ചരിതാർത്ഥതയോടേതാൻ നിലകൊള്ളുന്ന കുന്നുകൾ.                      

8

അച്ഛസ്ഫടികമെന്നോണം സ്വച്ഛമായുള്ള വാരിയാൽ

ശോഭയേറും തടാകങ്ങൾ കാണ്മാനുണ്ടവിടങ്ങളിൽ.                            

9

ഫലവത്തായൊരാ നാട്ടിൻ വിഭവത്തിനു ഹേതുവായ് 

ഒഴുകുന്നൊരു ഭാഗത്തു യോർദ്ദാൻ നദിമോഹനം.                              

10

കർഷകപ്പണിചെയ്തിട്ടുമാടുമേച്ചിട്ടുമെത്രയും 

നിസ്തനശീലരായ് പാരം തുഷ്ടിയോടവർ മേവിനാർ.                            

11

അനീതിയക്രമംതൊട്ട് പാപചിന്തകളൊന്നുമേ

ആ ജനാവലിയെത്തീണ്ടാനിടയായില്ലൊരിക്കലും.                                

12

തങ്കനിർമ്മിതമായുള്ള ഭൂഷണത്തിനു മുത്തുപോൽ

അവരിൽ പരിശോഭിച്ചാനൊരു ഭക്തശിരോമണി.                                 

13

യാക്കോബെന്നഭിധാനത്താലറിയപ്പെടുമാമഹാൻ 

സല്ക്കീർത്തിവെണ്മകൊണ്ടേറ്റംവെളുപ്പിച്ചതു ഭൂതലം.                       

14

ധനവും പുത്രസമ്പത്തും സുഖവും സുകൃതങ്ങളും

അവനോടതി സഖ്യം പൂണ്ടൊരുമിച്ചു വസിച്ചത്.                                      

15

അവനുണ്ടായ പന്ത്രണ്ടു പുത്രന്മാരിലുമുത്തമൻ

പതിനൊന്നാമനാം യൌസേപ്പൊരു ദൈവികമാനുഷൻ.                      

16

അവനോടതിവാത്സല്യം ജനകന്നുജനിക്കയാൽ

ജ്യേഷ്ഠസോദരരെല്ലാരുമീർഷ്യ പൂണ്ടിതവന്റെ മേൽ.                            

17

താതസന്നിധിയിൽ പാരം പ്രീതിഭാവം നടിക്കിലും 

ദ്രോഹചിന്തയകക്കാമ്പിലൊതുക്കിക്കരുതീടിനാർ.                                

18

മുള്ളുവാക്കുകളോതീടും കളിയാക്കിടുമെപ്പൊഴും 

അവനേ വിഷമിപ്പിക്കാൻ ബദ്ധകങ്കണരായവർ.                                      

19

സഹജാതരിൽ നിന്നേവം വന്ന ശല്യങ്ങളൊക്കെയും

സാധുവാം ബാലനെപ്പോഴും സഹിച്ചാനതി ശാന്തനായ്.                           

20

മതിയിൽ ഖേദഭാരത്തോടൊരുനാൾ നിദ്രചെയ്യവേ

സ്വപ്നമൊന്നവനുണ്ടായി ദൈവനിശ്ചയഹേതുവാൽ.                           

21

അവനും സോദരന്മാരും വയലിൽ കറ്റ കെട്ടവേ 

അവൻ കെട്ടിയോരാ കറ്റയെഴുന്നേറ്റങ്ങു നിന്നിതു.                                

22

മറ്റുകറ്റകളെല്ലാം വന്നതിനേ താണുവീണുടൻ 

നമിക്കും കാഴ്ച കണ്ടേറ്റമത്ഭുതപ്പെട്ടു ബാലകൻ.                                  

23

എതിരേ എഴുനേറ്റിട്ടീ സ്വപ്നദർശനമോതവേ 

അധികം ദ്വേഷമുൾക്കാമ്പിലുജ്ജ്വലിച്ചവരോതിനാർ.                             

24

“എന്തെടാ നീയുരയ്ക്കുന്നു? പന്തിയല്ലിതു തെല്ലുമേ, 

നാൾക്കുനാൾ നിന്റെ ധിക്കാരം മുഴുത്തീടുന്നു സത്യമായ്.                   

25

ഞങ്ങളെല്ലാവരും വന്നു നിന്റെ പാദം നമിക്കയോ?

നാഥനായൊരു കാലത്തു ഞങ്ങളേ നീ ഭരിക്കയോ?                               

26

അതിമോഹത്തിനാലുള്ളിൽ കണ്ടൊരാ കാഴ്ചയാണിത്, 

സ്വപ്നമെന്നു പറഞ്ഞീടാൻ ലജ്ജയില്ലാത്തതത്ഭുതം!”                           

27

ശകാരവർഷമീവണ്ണം പുറപ്പെട്ടവയൊക്കെയും 

മറുവാക്കുരിയാടാതെ കേട്ടിതാ സാധുബാലകൻ.                                   

28

എങ്കിലും ദൈവചിത്തത്തെ തടുക്കാനാർക്കുമാവതോ? 

അതിലും മേത്തരം സ്വപ്നമവനുണ്ടായി പിന്നെയും.                             

29

പങ്കമറ്റമനസ്സാക്ഷി തങ്കുമാ നല്ലബാലകൻ 

ഭൂതഭാവികളേപ്പറ്റി നിനയ്ക്കാതേവമോതിനാൻ.                                     

30

“മുമ്പിലത്തേതിലും നല്ല മെച്ചമാം സ്വപ്നമൊന്നു ഞാൻ

ഇന്നലെക്കണ്ടതോതീടാം കേട്ടുകൊള്ളുവിനേവരും.                             

31

സൂര്യനും ചന്ദ്രനും നല്ല ശോഭയേറുമുഡുക്കളിൽ 

പതിനൊന്നെണ്ണവും ചേർന്നിട്ടെൻപദങ്ങൾ വണങ്ങിനാർ.                    

32

ഓമനപ്പുത്രനെന്നാലുമീവിധം ചൊന്നവാക്കുകൾ

കേൾക്കവേ തെല്ലുകോപിച്ചിട്ടോതിനാൻ താതനീവിധം:                         

33

“അർത്ഥമെന്തിതിനെന്നുള്ളതോർത്തുകൊണ്ടുരചെയ്ക നീ 

വ്യർത്ഥമായ് വല്ലതും ചൊന്നാൽ ബുദ്ധിഹീനതയായ് വരും.                  

34

അമ്മയും സോദരന്മാരും ഞാനുമീ നിൻപദങ്ങളേ 

കൂപ്പുമെന്നു നിനിച്ചിട്ടോ നീയുരയ്ക്കുന്നതീവിധം?”                                 

35

മകനെത്താതനീവണ്ണം ശകാരിച്ചെന്നിരിക്കിലും 

സംഭവം വിസ്മരിച്ചീടാൻ കഴിഞ്ഞില്ലവനെന്നുമേ.                                   

36

സോദരന്മാർക്കകക്കാമ്പിൽ കുടികൊണ്ടുള്ള വൈരമോ? 

കാറ്റു വീശുന്ന വൻകാട്ടിലഗ്നിപോലുജ്ജ്വലിച്ചിത്.                                     

37

സാധുവായുള്ള യൗസേപ്പിൻ പേരു കേൾപ്പതുപോലുമേ 

എരിയും രോഷവഹ്നിക്കു ചൊരിയും തൈലമായ് പരം.                       

38

എറുമ്പിൻ കൂട്ടിലുൾപ്പെട്ട ചെറുകീടത്തിനൊപ്പമായ്

സോദരന്മാർക്കിടയ്ക്കേറ്റം വലഞ്ഞാ സാധുബാലകൻ.                         

39

 അജവൃന്ദത്തെ മേപ്പാനായവർ ദൂരത്തു പോകവേ 

ചിലനാൾ നിജഗേഹത്തിൽ സ്വൈരമായ് വാണിരുന്നവൻ.                     

40

ഏതുകാര്യത്തിനായിട്ടും, പ്രീതിഭാജനമായൊരാ –

പുത്രനെപ്പിരിയാൻ തെല്ലും സമ്മതിച്ചില്ല താതനും.                                   

41

ഗുണവാനായ യൗസേപ്പിന്നൊരു കൊച്ചുസഹോദരൻ 

കണ്ണിലുണ്ണികണക്കുണ്ടായിരുന്നാൻ, കൊച്ചുബഞ്ചമിൻ.                       

42

രണ്ടുമൂർത്തിയിലും ജീവനൊന്നു താനെന്നു കാണികൾ

സംശയിച്ചിടുമാറേറ്റം സ്നേഹമാർന്നു വസിച്ചവർ.                                      

43

ഈവിധം കഴിയും കാലത്തൊരിക്കൽ ജ്യേഷ്ഠസോദരർ 

ആടുമേച്ചിടുവാനായിട്ടകലെപ്പോയിരുന്നിത്.                                               

44

പതിവുള്ളതിലൊട്ടേറെത്താമസിച്ചതു മൂലമായ് 

അകമേ ഭീതിപൂണ്ടിട്ടു താതനീവിധമോതിനാൻ.                                        

45

“ഓമനേ യവരെല്ലാരും പോയനാൾ തൊട്ടിതേവരെ 

ദിവസം പലതായല്ലോ കാണ്മതില്ലെന്തു ബന്ധമോ!                                    

46

വല്ലതും വിധിദോഷത്താലസുഖം സംഭവിച്ചിതോ! 

വിവരം ഗ്രഹിയാതേറ്റം കലങ്ങീടുന്നു മാനസം.                                            

47

ചെന്നുകാര്യമറിഞ്ഞീടാൻ സ്വന്തമായിട്ടൊരാളിനെ

ആരെയാണൊന്നയയ്ക്കേണ്ടതോർത്തുനോക്കുക വത്സലാ!”              

48

പിതൃഭക്തിനിറഞ്ഞുള്ള സുകൃതാംബുധിവത്സലൻ

സത്വരം മറുവാക്കേവമോതിനാൻ വിനയത്തോടേ.                                     

49

“താതനക്കാര്യമോർത്തിട്ടു വിഷമിക്കേണ്ടതെല്ലുമേ 

അനുവാദം ലഭിച്ചെന്നാലുടനേ ഞാൻ പുറപ്പെടാം.                                       

50

“വീടുവിട്ടുവെളിക്കെങ്ങുമിറങ്ങാതുള്ള കുട്ടി നീ 

തനിയേ നിന്നെ വിട്ടീടാൻ ധൈര്യമില്ലിങ്ങു ലേശവും.”                                 

51

“പതിനാറുവയസ്സിങ്ങു തികയാറായിരിക്കയാൽ

 പുരുഷപ്രായമായല്ലോ ഭീതിവേണ്ടവിടേയ്ക്കിതിൽ.                                   

52

“എങ്കിലോ പോയിവന്നാലും! മംഗളം കൈവരാനിതാ 

തന്നിടുന്നെന്റെ യാശിസ്സു താമസിക്കേണ്ട തെല്ലുമേ.”                                

53

“എന്റെ വേർപാടുകൊണ്ടേതും ഖേദമില്ലാതെ താതനും 

കൊച്ചുബഞ്ചമിനോടൊത്തു വസിച്ചീടുക മോദമായ്.                              

54

ഈവിധം കാര്യമന്യോന്യം സംക്ഷേപിച്ചു പറഞ്ഞുടൻ 

അനുവാദവുമാശിസ്സും വാങ്ങി യാത്രതിരിച്ചവൻ.                                      

55

വഴിനിശ്ചയമില്ലാതെ തനിയേ പോകയാൽ പരം 

വിഷമിച്ചും വിഷാദിച്ചുമേറെ ദൂരം നടന്നവൻ.                                             

56

ദാഹവും പശിയും യാത്രാക്ഷീണവും കൊണ്ടുഴന്നവൻ 

കുഴങ്ങുംനേരമാശ്വാസമേകിടും കാഴ്ച ലബ്ധമായ്.                                    

57

ദൂരവേ അജവൃന്ദങ്ങൾ മേഞ്ഞിടും പുൽപ്രദേശവും

സോദരന്മാർ വസിക്കുന്ന കുടിലും കണ്ടു ബാലകൻ.                                

58

അതിമോഹനമാം വർണ്ണപ്പകിട്ടേറിയ കഞ്ചുകം 

മൂലമായവനേയും കണ്ടറിഞ്ഞാരവരേവരും.                                               

59

ഇരകണ്ടൊരുചെന്നായ്ക്കളെന്നപോലവരക്ഷണം

അവനെസ്സംഹരിപ്പാനായ് പകയോടൊത്തു കൂടിനാർ.                               

60

“കുടിലാശയനാം സ്വപ്നക്കാരനിങ്ങുവരുന്നിതാ

അവനെക്കൊലചെയ്യാതെയടങ്ങീടരുതിന്നുനാം.                                        

61

എഴുന്നേല്ക്കുവിനെല്ലാരുമുടനേ പിടികൂടുവിൻ 

ജീവഹാനിവരുത്തീട്ടാക്കുഴിയിൽ തള്ളിടാം ജഡം.                                      

62

കടുവാ കൊന്നുതിന്നെന്നായ് താതനോടുരചെയ്തിടാം

സത്യമാരുമറിഞ്ഞീടാ നാമൊഴിച്ചെന്നു നിശ്ചയം.                                         

63

അവരീവിധമോതിക്കൊണ്ടൊത്തുകൂടിയ വേളയിൽ

മൂത്തസോദരനാം റൂബേൽ സമ്മതിക്കാതെ ചൊല്ലിനാൻ.                         

64

“എന്തിനായ്ക്കൊല ചെയ്യുന്നു? പാപമേല്ക്കുവതെന്തിനായ് 

ജീവനോടെ പിടിച്ചിട്ടാ വൻകുഴിക്കുള്ളിലിട്ടിടാം.”                                            

65

കടുവാക്കൂട്ടിലുൾപ്പെട്ട മാൻകിടാവെന്നമട്ടുതാൻ

ഖലരാമഗ്രജാതന്മാർക്കിടയിൽപ്പെട്ടു ബാലകൻ.                                            

66

മൂന്നുസോദരർ ശക്തന്മാരൊത്തുചേർന്നണയും വിധൗ ഏകനായവനെന്തോന്നു ചെയ്തിടും? ദൈവമാശ്രയം!                                 

67

നിർദ്ദയം പിടികൂടീട്ടു മർദ്ദനക്രിയ ചെയ്യുവാൻ 

ഒരുങ്ങിത്തന്നെകുപ്പായമുരിഞ്ഞാദുഷ്ടമാനസർ.                                           

68

എങ്കിലും ജ്യേഷ്ഠനാം റൂബേൽ സമ്മതിക്കായ്കമൂലമായ് 

ജീവനോടവനെപ്പൊട്ടക്കിണറ്റിൽ തള്ളിയിട്ടുടൻ.                                             

69

“സ്വപ്നമെല്ലാം ഫലിച്ചിപ്പോൾ രാജസത്തമനായി നീ 

വാഴ്ക’യെന്നു പറഞ്ഞേറ്റം ഹസിച്ചാർത്തു വിളിച്ചവർ.                                   

70

വലുതാം ശത്രുസൈന്യത്തെസ്സംഹരിച്ചൊരു സേനപോൽ 

കൃതകൃത്യതഭാവിച്ചാരവരീദുഷ്പ്രവൃത്തിയിൽ.                                                

71

സൂജനാഗ്രണിയാം റൂബേലവരേവിട്ടകന്നുടൻ 

ബാലനേ മുക്തനാക്കീടാൻ മാർഗ്ഗമെന്തെന്ന ചിന്തയായ്.                                 

72

മറ്റുസോദരരെല്ലാരും ഭക്ഷണത്തിനിരിക്കവേ 

ഒരു വർത്തകസംഘം വന്നതിലേ വഴിപോക്കരായ്.                                         

73

പാഴ്ക്കിണറ്റിനകത്താരോ ദൈവസങ്കീർത്തനങ്ങളേ 

പാടിടുന്നതു കേട്ടേറ്റ മത്ഭുതപ്പെട്ടു നിന്നവർ.                                                    

74

അവരെക്കണ്ടനേരത്തു യൂദായെന്ന സഹോദരൻ 

ചൊന്നു മറ്റവരോടായിട്ടൊരു കൌശലമീധം:                                                    

75

“എന്തിനീബാലനെക്കൊന്നു പിഴച്ചീടുന്നു നാം വൃഥാ? 

അവനേയറബിക്കാരാം വർത്തകർക്കിഹ വിറ്റിടാം                                          

76

ബാധതീരും നമുക്കപ്പോൾ പാപവും കുറവുണ്ടതിൽ 

ഏതുദേശത്തിലും പോയിപ്പിഴച്ചീടട്ടെ ബാലനും.”                                             

77

നല്ലകാര്യമിതെന്നപ്പോളോതി മറ്റവരേവരും

അഗ്രജൻ വന്നുചേർന്നീടും മുൻപു കാര്യം നടത്തിനാർ.                               

78

സംഘനേതാവിനെക്കണ്ടു കാര്യമോതീട്ടു തൽക്ഷണം 

തുച്ഛമാം വിലയും വാങ്ങി വിറ്റു ബാലകനേയവർ.                                            

79

ജീവഹാനിവരുത്താതെ ഗൂഢമായിട്ടു ബാലനെ

വീട്ടിലെത്തിച്ചുകൊള്ളാമെന്നോർത്തു റൂബേൽ മഹാശയൻ.                     

80

സംഭവിച്ചവിശേഷങ്ങളൊന്നുമേയറിയാതവൻ

ആരുമില്ലാത്ത നേരത്താകിണറ്റിൻകരെയെത്തിനാൻ.                                 

81

ബാലനേയവിടെക്കാണാഞ്ഞേറ്റവും ഖിന്നനായുടൻ

അനുജന്മാർ വസിക്കുന്ന ദിക്കിലെത്തിത്തിരക്കിനാൻ.                                

82

സത്യമെല്ലാമറിഞ്ഞപ്പോളാർത്തനായാർദ്രചിത്തനായ്

വസ്ത്രവും കീറി ദൂരത്തുപോയിരുന്നു കരഞ്ഞവൻ.                                    

83

മറ്റു സോദരരെല്ലാരുമൊത്തു ശീഘ്രമൊരാടിനെ 

കൊലചെയ്തനുജൻ തന്റെ കഞ്ചുകം മുക്കിയായതിൽ                             

84

വീട്ടിലെത്തീട്ടു താതന്റെ കാല്ക്കലായതുവച്ചുടൻ 

സംശയം കൈവെടിഞ്ഞവം വ്യാജവാക്കുകളോതിനാർ.                               

85

“രക്തപങ്കിലമായോരീകഞ്ചുകം കാട്ടിൽ നിന്നിദം 

കണ്ടുകിട്ടുകയാലിങ്ങു കൊണ്ടുവന്നിതു ഞങ്ങളും.                                    

86

ജീവസർവ്വസ്വമായോരാതനയന്നു ഭവാൻ മുദാ 

സമ്മാനിച്ചൊരു കുപ്പായം കണ്ടാലാരറിയാത്തത്?                                          

87

ബാലനെന്തിനു കാട്ടിൽ പോയ്? വിപത്തെങ്ങിനെ വന്നിതോ? 

ഏതുമൊന്നും തിരിഞ്ഞീടാതിവിടേയ്ക്കെത്തി ഞങ്ങളും.                         

88

” വൃദ്ധനാം താതനീവാർത്തകേട്ടു ചിത്തം തകർന്നുപോയ് 

വസ്ത്രവും കീറി ദേഹത്തു ചാക്കുശീല ധരിച്ചുടൻ.                                       

89

ജീവിതാശ വെടിഞ്ഞിട്ട് കണ്ണുനീർവാർത്തുകൊണ്ടുതൻ 

ഭാവികാലം കഴിച്ചീടാൻ നിശ്ചയിച്ചു വയോധികൻ.                                       

90

അഥവാ പരലോകത്തിൽ മകനോടൊത്തുചേരുവാൻ

താമസം നേരിടായ്‌വാനാ യീശപാദം നമിച്ചവൻ.                                            

91

പകലും നിശയും ധ്യാനം ജപമെന്നിവയെന്നിയേ 

ഇഹലോകവിചാരങ്ങൾ വൃദ്ധനില്ലാതെയായിത്.                                            

92

ഒരു പുഞ്ചിരിയാവൃദ്ധൻ തൂകീടുന്നതു കാണുവാൻ 

ഒരു മാനുഷനും ഭാഗ്യം വന്നതില്ലൊരുനേരവും.                                            

93

“മകനേ! മകനേ! കണ്ണിന്മണിയേ! നിത്യമായി നീ 

എന്നെ വിട്ടു പിരിഞ്ഞെന്നോ! തുണമറ്റാരെനിക്കിനി?”                                

94

അനുകമ്പയകക്കാമ്പിലാർക്കുമുണ്ടായിടും വിധം

ഉരുവിട്ടിടുമീവാക്യം ദീർഘമായ് നിശ്വസിച്ചിടും.                                               

95

കൊച്ചുബഞ്ചമിനെക്കണ്ടാലോമനിച്ചിടുമെങ്കിലും

ചുടുബാഷ്പമുടൻ തന്നേ നിറയും കണ്ണുരണ്ടിലും                                       

96

അല്പമാം വാസമേകീടാനെത്രമേൽ പണിചെയ്കിലും 

ഫലമില്ലാതെയെപ്പോഴും വിലപിച്ചീടുമീവിധം.                                                   

97

ദൈവമേകിയരത്നത്തെ കൈവെടിഞ്ഞതുമൂലമായ് 

നിത്യവും താൻ കരഞ്ഞീടാൻ ന്യായമുണ്ടെന്നുറച്ചവൻ.                                

98

സന്താനസമ്പത്തിനുഭാഗധേയം

             ധാരാളമായീശ്വരനേകിയാലും                                                                                                     

വിനാശമാമക്കളിലൊന്നിനാർന്നാൽ

       മാതാപിതാക്കൾക്കതു സഹ്യമാമോ?                                                

99  

അമാനുഷപ്രാഭവമാർന്നുപാരം

               ഗുണാഢ്യനായുള്ളൊരു പുത്രനേവം 

വേർപെട്ടതോർത്താൽ തകരാത്ത ചിത്തം 

               പിതാക്കളിൽ കാണുകയില്ലനൂനം.                                                           

100