ഇരുളിലെ മൃദുരോദനം

ബ്രഹ്മാണ്ഡമാകവേ ഗാഢമാം നിദ്രയിൽ
ചെമ്മേലയിച്ചു സുഖിച്ചിടുന്ന
പാതിരാനേരത്തൊരാർത്തനിനാദമെൻ
കാതുകൾക്കന്തികേ കേൾക്കുമാറായ്.
സംഭ്രാന്തചിത്തയായ് ഞെട്ടിയുണർന്നു ഞാൻ
സംഭവമെന്തെന്നറിഞ്ഞുകൊൾവാൻ
ദീപം തെളിച്ചെന്റെ ചുറ്റിലും നോക്കീട്ടു-
മാപത്തിൻ ലക്ഷ്യങ്ങൾ കണ്ടതില്ല.
ദീനസ്വരത്തിലാരോദനം പിന്നെയും
വാനിലുയർന്നുമുഴങ്ങിമേന്മേൽ.
എന്തൊരുമായമിതേതൊരു ഭൂതമെ-
ന്നന്തരംഗത്തിലുദിച്ചു ശങ്ക.
കൃത്യബോധംവിനാ ശ്രദ്ധിച്ചുനിന്നു ഞാ-
നാർത്തനിനാദം തുടർന്നു വീണ്ടും
ആർക്കുമനുകമ്പ ചേർക്കുമാരോദനം
വ്യക്തമായങ്ങിനെ കേൾക്കുന്തോറും
പൂർവ്വപരിചയബന്ധമൊന്നായതിൽ
നിർവ്യാജം ലീനമായ്ക്കണ്ടിരുന്നു.
എന്തെന്നുമേതെന്നും സുവ്യക്തമാകാതെ
ചിന്തിച്ചുനിന്നുഞാനൊട്ടുനേരം.
പന്തം പൊലിഞ്ഞിട്ടു നേർവഴികാണാതെ
യന്ധനായ് കാട്ടിലുഴന്നിടുന്ന
പാന്ഥനു നേരിട്ടശുക്രോദയംപോലെ-
യെന്തോതെളിഞ്ഞു കണ്ടെന്റെയുള്ളിൽ.
മങ്ങിയരശ്മിയിൽ സൂക്ഷിച്ചുനോക്കിഞാൻ
സംഗതിനിശ്ശേഷം വ്യക്തമായി.
ഏതാനും കാലങ്ങൾമുമ്പു താന്തോന്നിയായ്
താതന്റെ ഗേഹത്തേവിട്ടുപോയ
ധൂർത്തനായ് ദുർഭഗനായൊരെൻസോദര-
നാർത്തനായ്ക്കേഴുകയാണു നൂനം.
എത്രയോ ദൂരെനിന്നാമൃദുരോദന-
മെത്രയും വ്യക്തമായെന്റെ കാതിൽ
എത്തിയെന്നാകിലും ഭൂമിയിൽ മറ്റൊരു
മർത്യനും കേട്ടതില്ലാനിനാദം.
സോദരബന്ധത്തേ വെല്ലുവാൻ തക്കതാ- യേതൊരുബന്ധമുണ്ടീജഗത്തിൽ!
രണ്ടുദേഹത്തിലും പായുന്ന രക്തമോ
രണ്ടല്ല തീർച്ചയായൊന്നുതന്നേ.
ആയവൻ കേഴുമ്പോളെന്റെയീ ദേഹത്തിൽ
പായുന്ന രക്തവും കേഴുമല്ലോ.
ദേഹങ്ങൾ വേർപെട്ടു വാഴുന്നനേരത്തും
ദേഹികൾ യോജിച്ചു ജീവിക്കുന്നു.
സോദരൻ പിൻതിരിഞ്ഞെത്തുകയാണെന്നു
മോദമോടോർത്തുടൻ സ്വീകരിപ്പാൻ
ഏകയായ് ധീരയായൊട്ടുദൂരം വരെ-
പ്പോകുവാൻ തന്നെ ഞാൻ തീർച്ചയാക്കി.
എന്തൊരുസാഹസ,മെന്തൊരു ധീരത,
യെന്തൊരു സോദരസ്നേഹബന്ധം!
മാരുതദേവനും ഭീരുവായ്മേവുന്ന
ഘോരമാം യാമിനീമദ്ധ്യനേരം
കൂരിരുളല്ലാതെ മറ്റൊരുകാഴ്ചയും
പാരിതില്ലെങ്ങുമേ കാണാനില്ല.
സോദരൻ കേഴുന്ന രോദനമല്ലാതെ
യാതൊരുശബ്ദവും കേൾപ്പാനില്ല .
ആകവേ ബ്രഹ്മാണ്ഡം നിശ്ചലം! നിശ്ശബ്ദം!
ഭീകരമെന്നതേ ചൊന്നിടേണ്ടൂ.
ആകുലനാമെന്റെസോദരനെത്തേടി-
യേകയായ് സത്വരം ഞാനിറങ്ങി.
ആർത്തനിനാദത്തേശീഘ്രമായ് പിൻതുടർ-
ന്നെത്തുവാനുണ്ടായബദ്ധപ്പാടാൽ
കുണ്ടും കുഴികളും കാടും വഴികളും
കണ്ടില്ല, പക്ഷിപോൽ ഞാൻ പറന്നു.
ആ ശബ്ദമെന്നോടടുത്തുവരുന്നതാ-
യാശ്വാസം തോന്നിടുമൊട്ടുനേരം.
ദൂരത്തുദൂരത്തുമാറിപ്പോകുന്നതായ്
പാരം നിരാശയും വന്നുചേരും.
കാനൽജലബ്ഭ്രാന്തിപോലെയാശബ്ദമെൻ
മാനസതാരിനു ക്ഷീണമേകി.
രക്തധമനികൾക്കുള്ളിലാരോദനം
ശക്തിയായ് മാറ്റൊലിക്കൊണ്ടുയർന്നു.
വൈദ്യുതശക്തിപോലായതെൻഹൃത്തിനെ
മർദ്ദനംചെയ്തിതു നിർദ്ദയമായ്
കൃത്യബോധംവിനാ പാരം കുഴങ്ങി ഞാ-
നാർത്തയായ് ചുറ്റിലും നോക്കിനില്ക്കെ
മിന്നൽ പിണറുപോൽ കൂരിരുട്ടിൽ പാരം
മിന്നുന്ന ദീപ്തി ഞാനൊന്നു കണ്ടു.
ആ മഹാദീപ്തിയിൽ പ്രത്യക്ഷമായിതു
സീമയില്ലാതെ വിശാലമായി
മിന്നിത്തിളങ്ങിക്കിടക്കുന്നവാരാശി
കണ്ണാടിപോലേറ്റം നിശ്ചലമായ്.
ആഴിതന്നക്കരെനിന്നതിദീനനായ്
കേഴുന്നോരെൻ പ്രിയസോദരന്റെ
സൂക്ഷ്മമാം ഛായയെപ്പാരാവാരം തന്നിൽ
വീക്ഷിച്ചു വിസ്മയമെന്നിലുണ്ടായ്
കണ്ഠനാളത്തിന്റെ ശക്തിയേയുല്ലംഘി-
ച്ചണ്ഡകടാഹം മുഴങ്ങിടുംപോൽ
എത്രയുമുച്ചസ്വരത്തിൽ വിളിച്ചു ഞാൻ
ധൂർത്തനായ് പോയൊരാ സോദരനേ.
ആയവൻ കേട്ടതില്ലാവിളി,ശബ്ദമോ
വായുവിലങ്ങുലയിച്ചുപോയി!
വീണ്ടും വിളിച്ചുഞാ,നെങ്കിലും പ്രത്യുക്തി-
യുണ്ടായതില്ലതിനൊന്നുമേതും
ദാരിദ്ര്യമൂർത്തിയാ,യംബോധി തന്നുടെ
തീരത്തിരുന്നവൻ കേണിരുന്നു.
ക്ഷുൽപിപാസാർത്തനായാഴിയിൽ നിന്നവ-
നുപ്പുള്ള വെള്ളം കുടിച്ചിരുന്നു.
ശോഷിച്ച ദേഹത്തിൻ നഗ്നത, യാചക-
വേഷത്താൽ തെല്ലുമറച്ചിരുന്നു.
ആഴമേറിപ്പരം വിസ്തൃതമായുള്ളോ
രാഴിയേതന്നുടെ പിന്നിലാക്കാൻ
പാരം സുരക്ഷിതയാനപാത്രങ്ങളാ-
ചാരത്തുകണ്ടിട്ടും ധൈര്യമെന്യേ
രണ്ടു നേത്രങ്ങളും കൈകളാൽ പൊത്തീട്ടു
വീണ്ടും തുടരുന്നു രോദനത്തേ.
എന്തു ഞാൻ ചെയ്യേണ്ടു ദൈവമേ! സോദരൻ
പിന്തിരിഞ്ഞെത്തുന്നോരാമുഹൂർത്തം,
കാണുവാൻ കണ്ണുകൾ പാരം കൊതിക്കുന്നു
പാണികൾ കൂപ്പി ഞാൻ പ്രാർത്ഥിക്കുന്നു.
കാരണപൂരുഷാ! കൈതൊഴാം, നാളത്തേ-
സൂര്യനെക്കാർകൊണ്ടൽ മൂടിടാതെ
വന്നുദിച്ചീടട്ടെ! ഭൂതലം നൂതന-
സുന്ദരരൂപത്തെപ്പൂണ്ടിടട്ടെ!
ആഗതനാമെന്റെ സോദരനോടൊത്തു
സ്വാഗതമാവിഭാതത്തിനോതാൻ
പൂർവ്വികന്മാരുടെ പുണ്യപൂരത്താൽ മേ
ഭാവുകപൂരവും കൈവരട്ടെ!
(വേദപ്രചാരമധ്യസ്ഥൻ, 1936)
