ഗാന്ധിസൂക്തങ്ങൾ

വിശ്വമഹാനാം ഗാന്ധിജിയുടെ തിരു
വായ്മൊഴി, സോദരരേ,
വിശ്വാസത്തോടു കേൾക്കുക ചിലതിഹ
കവിതയിലാക്കുന്നേൻ
വിശ്വവിശാലമനസ്കൻ വിജ്ഞരിൽ
വിജ്ഞൻ യതിവരനേ
ഈശ്വരഭക്തരിലഗ്രസരനെ
കൂപ്പണമാദ്യം നാം.
പ്രാർത്ഥനയാണോ ധന്യനു ജീവൻ;
സകലരുമെപ്പോഴും
പ്രാർത്ഥിക്കേണ്ടതിനീദൃശബോധന
മവിടുന്നരുളുന്നു.
“സ്വാർത്ഥവിചാരമഹംകൃതിയെല്ലാം
ദൂരീകൃതമാക്കി
ഹൃത്തു വിശുദ്ധിയിലാക്കുക ജഡവും
പ്രാർത്ഥനയാലാദ്യം.
ഉന്നതനന്മകൾ മൂർത്തീഭാവ
മെടുത്ത പരംപൊരുളിൻ
മുന്നിൽ നമ്മുടെ ബലഹീനതകൾ
കൊള്ളരുതായ്മകളും
സന്നദ്ധതയൊടു താണു നമിച്ചു
പറഞ്ഞാലതുതന്നേ-
യൊന്നാമത്തെ പ്രാർത്ഥനയെന്നു
ധരിക്കണമെല്ലാരും.
ചുണ്ടുകളെത്ര ചലിപ്പിച്ചാലും
സരളപദാവലി നാം
കൊണ്ടാടിക്കൊണ്ടുരുവിട്ടാലും
പ്രാർത്ഥനയാകില്ല.
ഉണ്ടാകണമകതാരിൽ- ചിന്തയിൽ-
ഈശ്വരസാന്നിദ്ധ്യം
വേണ്ടുംപോൽ സ്തുതി വരണം ഹൃദയാ
ഗാധത്തിൽ നിന്നും.
ജീവിതമീശ്വരസാന്നിദ്ധ്യത്തിൽ
സ്ഥിരമായർപ്പിച്ചാൽ
ഏവനുമോരോ കർമ്മവുമതിനാൽ
പ്രാർത്ഥനയായ്ത്തീരും.
ആവശ്യം പരമാത്മാർപ്പണ, മതു
നേരായ് ചെയ്തവനോ
സേവകനത്രേ സഹജീവികളാ
മോരോ വ്യക്തിക്കും.
സേവന തൽപരനവനൊരു നൂതന
ജന്മമെടുത്തതുപോൽ
ദൈവികനായിത്തീരും ലോക
മവന്റേതായ്ത്തീരും.
സേവനരംഗം വ്യാപ്തിയിലെത്തും
ഭൂതലസീമവരെ
ജീവികളവനിൽപരമാദരവും
സ്നേഹവുമർപ്പിക്കും.
പ്രാർത്ഥനയാലേയജ്ഞതയാകു
മിരുട്ടിനെ നീക്കീടാം.
പ്രാർത്ഥനയാലേ വിജ്ഞാനപ്രഭ
യകമേ ചേർത്തീടാം
പ്രാർത്ഥനയാലേ ഭക്ഷണമെന്യേ
പോറ്റാം ജീവനെയും.
പ്രാർത്ഥന വിട്ടൊരുനിമിഷം ഭക്തനു
ശാന്തി ലഭിച്ചീടാ.
ശൂന്യത നമ്മിൽക്കാണണമെന്നോ
ലീശ്വരനേയറിയാ
മെന്നല്ലതിനാൽ പ്രാർത്ഥനയെ
ന്നറിയാനും കഴിയും
എന്നാൽ വാചാപ്രാർത്ഥനയെക്കാൾ
ധ്യാനം ശ്രേഷ്ഠതമം
നന്നായ് ശാന്തത പരിസരസീമനി രണ്ടിനുമാവശ്യം.
ഉപവാസത്തോടു ചേർന്നാൽ പ്രാർത്ഥന
യുന്നതഫലമേകും
തപമാണായതു വിലയിക്കും നാ
മതിനാലീശ്വരനിൽ.
ഉപരി വിശിഷ്ടം മൗനം, സച്ചി
ന്മയനൊടു വേണ്ടുമ്പോ-
ലശങ്കം സാധിക്കും മേന്മേൽ
സമ്പർക്കവുമതിനാൽ.
സ്വന്തം കഴിവാലൊരു തീപ്പെട്ടി
കോലതുരയ്ക്കാനും
തൻതിരുവടിയുടെ പിന്തുണയെന്യേ
സാധിക്കില്ലാർക്കും
എന്തും കോലൊടു കൂടിക്കൈകൾ
സ്തംഭിതമായേക്കാം.
ചിന്തിക്കണമരനിമിഷം മുമ്പേ
യറിയുന്നില്ലതു നാം.
വാക്കിൽ പ്രാർത്ഥന, ചിന്ത വിഭിന്നം
കർമ്മം വേറെയുമായ്
പോക്കും സമയം സാക്ഷാൽ നഷ്ടമ
തീശ്വരവഞ്ചനയാം.
ആർക്കും വിജയം സാധിക്കില്ലതി,
ലാത്മാർത്ഥതയോടെ-
യാക്കുക പ്രാർത്ഥനയ,പ്പോൾ കൈവരു
മത്ഭുതസിദ്ധികളും.
(മഹാത്മജി മലയാളകവിതയിൽ 1969)
