ഗണേശന്റെ കവിത

കവിതാകാമിനി, വിഷമക്കാരി,
കവിയാകാൻ ഞാൻ പലവഴി നോക്കി
പലെടത്തും പോയ് ഭജനമിരുന്നു.
പലെടത്തും വഴിപാടുകൾ നേർന്നു
ഭട്ടതിരിക്കും നമ്പൂരിശ്ശനു-
ഷ്ടപ്പെട്ടവ ദക്ഷിണ നല്കി.
നന്നായ് വരുമെന്നാശിസ്സുകളും
സന്ദേഹം കൂടാതെ ലഭിച്ചു.
വൃത്താലങ്കാരാദികൾ തെല്ലും
വ്യത്യാസംകൂടാതെ പഠിച്ചു.
കാവ്യം നോക്കീ, ശാസ്ത്രം നോക്കി,
ഗീർവ്വാണത്തിൽ പലതും നോക്കി,
നേരം നോക്കി, ഗ്രഹനില നോക്കി,
നേരേ പേനാ കൈയിലെടുത്തു,
സരിഗമ പാടി കടലാസും കൊ-
ണ്ടരയാലിന്റെ ചുവട്ടിലിരുന്നു.
തുടയിൽകൊട്ടി താളമടിച്ചു
കടലാസിൽ ചില കള്ളികളിട്ടു.
മന്ദമുദിച്ചുയരുന്ന ദിവാകര-
നെന്നെത്തന്നെ നോക്കുകയായി.
“സ്വാഗതമംബേ, കവിതാദേവീ,
സ്വാഗതതന്നെ തുടങ്ങാം വൃത്തം”
എന്നു നിനച്ചു ഗണമെല്ലാമുട-
നൊന്നും തെറ്റാതോർമ്മയിലെത്തി.
ഓരോ കള്ളിയിലോരോന്നായി-
ച്ചേരുമ്പോലെഴുതീ ഗണനാമം
ആരംഭിക്കാൻ പോകുന്നു ഞാൻ…
ആരും കണ്ടില്ലൊന്നു ചിരിച്ചു.
പുഞ്ചിരി പിന്നെ പൊട്ടിച്ചിരിയും.
സഞ്ചിതസുകൃതം ചിരിയായ്ത്തീർന്നോ!
ചിരിതന്നേ ചിരി, പരമാനന്ദം!
ചിരി ചിരി, കവിത വരുന്നതുമില്ല.
ചിരിയിതു കവിതാമുഖവുരയാവാം,
വരികില്ലേ നീ കവിതാദേവീ?
ഗണമൊന്നെഴുതി, വാക്കായില്ല
വാക്കൊന്നെഴുതി, ഗണമായില്ല
ഗണവും വാക്കും ചേർന്നു പക്ഷേ,
ഗുണമില്ലർത്ഥം; വേറൊന്നെഴുതി
രഗണം ശരിയായ്, നഗണം… നഗണം…
നഗണത്തിന്നൊരുജഗണം വന്നു
വായിച്ചപ്പോൾ സുഖമായില്ല
പോയീ പുഞ്ചിരിപാടേതന്നേ.
വൃത്തം മാറാം വേറൊന്നെഴുതാ-
മൊത്തുവരും ക്ഷമവേണം വളരെ.
പെട്ടെന്നുണ്ടോ കവിത വരുന്നു?
വിട്ടുവിടാ ഞാനിതുകൊണ്ടൊന്നും.
പൊട്ടക്കവിതകളെഴുതീടാ ഞാൻ
പൊട്ടന്മാരല്ലെന്റെ ഗുരുക്കൾ
മാലിനി, മഞ്ജരി, ശാലിനി, കാകളി;
നാലഞ്ചെണ്ണം നോക്കീ തുടരെ.
ഒന്നും ശരിയായില്ല മുഷിഞ്ഞു
വന്നിടുകില്ലേ കവിതാദേവീ?
അമരം നോക്കീ, ഡിക്ഷ്ണറിനോക്കി
സമരംചെയ്യാൻ തന്നെയുറച്ചു.
“മന്ദാക്രാന്താവൃത്തം കൊള്ളാം
സന്ദേശം വാഗ്ദേവിയ്ക്കെഴുതാം”
ആടിപ്പാടീ മൂളിപ്പാട്ടുകൾ;
പാടില്ലെന്നോ കവിതരചിക്കാൻ?
ഉള്ളൂ,രാശാൻ,വള്ളത്തോളും
നല്ലൊരു കവിതകളെങ്ങനെയെഴുതി
എഴുതീടും ഞാനങ്ങനെതന്നെ
പഴമകളോർത്താൽ സമയം പോകും.
ബന്ധുരകവിതകളരയാലിലയിൽ
ഗന്ധർവ്വന്മാർ പക്ഷേയെഴുതി
കീഴോട്ടിടുവാൻ വയ്യെന്നുണ്ടോ?
വീഴട്ടേയില, കാണട്ടേ ഞാൻ.
സമയം പിന്നെയുമൊട്ടുകഴിഞ്ഞു
സമരം ഫലവത്തായതുമില്ല.
ഉച്ചയിലെത്തീ ഭാസ്കരദേവൻ
നിശ്ചിതസമയത്തൂണുകഴിപ്പാൻ
എന്നെക്കാണാഞ്ഞമ്മ വിളിക്കു-
ന്നന്വേഷിക്കുന്നെന്തൊരു ബഹളം!
“കണ്ടില്ലിന്നു ഗണേശനെയിവിടൊരു
മിണ്ടാട്ടം കേട്ടില്ലിതുവരെയും
കൂട്ടരുമൊന്നിച്ചങ്ങേവീട്ടിൽ
ചീട്ടുകളിക്കാൻ പോയോ പക്ഷേ.
ലീലേ, ചേട്ടനെയൊന്നു വിളിച്ചേ.”
ലീല പറഞ്ഞു, “നോക്കിക്കേമ്മേ,
കാലത്തേതൊട്ടവിടെയിരിപ്പൂ-
ണ്ടാലിൻചോട്ടിൽ തന്നത്താനേ”
“പെണ്ണിനു വേറെ തൊഴിലില്ലേ?” ഞാൻ
കണ്ണുമിഴിച്ചൊന്നവളേ നോക്കി
പേനാ ദൂരെയൊരേറുകൊടുത്തു
കടലാസൊറ്റക്കീറുകൊടുത്തു.
എന്തൊരു തൊഴിലിതു കണ്ടുപിടിച്ചവ-
നെന്തൊരു മണ്ണാങ്കട്ടത്തലയൻ!
കപ്പയ്ക്കിടയിൽ പുല്ലുകിളച്ചാൽ
കപ്പ പറിച്ചു പുഴുങ്ങിത്തിന്നാം
(ദീപിക, 10 മെയ് 1959)
