Kalahavisaradha

കലഹവിശാരദ


രുട്ടുതിങ്ങും യാമിനി സമയം,

 ലോകമുറങ്ങുമ്പോൾ

ഇരുന്നിടുന്നൊരു വൃദ്ധ തനിച്ചാ

 വീട്ടിൽ കോലായിൽ

ഇരച്ചുപൊങ്ങുന്നയല്പക്കത്തൊരു 

കലഹം ദുസ്സഹമായ്

പരം കൃതാർത്ഥതയോടേയവളതു

 കേട്ടുരസിക്കുകയോ.

 

നരച്ചശീർഷമിടയ്ക്കു കുലുക്കും

  കാണുന്നില്ലാരും 

ജയിച്ചുപോയെന്നുള്ള വിധത്തിൽ 

മൂളിയിരുത്തീടും

 വഴക്കുമൂത്തിട്ടടിപിടിയായി,

 നല്ലൊരു സംഗീതം

ശ്രവിച്ചിടുമ്പോലവളുടെ കാതുക- 

ളതിനാൽ മധുരിച്ചു.

 

കിലുക്കമോടൊരു കിഴിവന്നവളുടെ

 മുമ്പിൽ വീണപ്പോൾ

 നിലത്തുനിന്നവൾ ഞെട്ടിയെണീറ്റു,

നിദ്രയിലാണ്ടവരും.

വെളിച്ചമില്ലെന്നാലും കാണാം

കാഞ്ചനനാണയമാ-

കനത്ത സഞ്ചിക്കകമേയനവധി

 ചേർന്നു തിളങ്ങുന്നു.

 

എടുത്തെറിഞ്ഞിതു തന്നവനാരെ-

 ന്നോർത്തവൾ നില്ക്കുമ്പോൾ

പിടിച്ചുരുക്കുകരത്താലവളേ 

യാരോ നിർദ്ദയമായ്.

അമർത്തിവായും, മുറവിളികൂട്ടാൻ

സാധിക്കാത്തതുപോൽ,

അദൃശ്യസത്വം സ്നേഹപുരസ്സര-

 മവളോടുരചെയ്തു.

 

“മിടുക്കി നീയൊരു ‘കലഹവിശാരദ’

ഞാനിതു സാധിപ്പാൻ

പഠിച്ചവിദ്യകളെല്ലാം പലനാൾ

നോക്കി മടുത്തപ്പോൾ

പിടിച്ചപാടേ മൂന്നു ദിനം കൊ-

ണ്ടിതു സാധിച്ചവൾ നീ

മിടുക്കി തന്നേ, നിന്നെയെടുത്തിത 

ഞാൻ നടകൊള്ളുന്നു.

 

എനിക്കു കാര്യവിചാരണ നിന്നെ

സ്ഥിരമായേല്പിക്കാം

നമുക്കു പാർക്കാം വേർപിരിയാതെ

 നിത്യം നരകത്തിൽ.’’

ഭയപ്പെടുത്തും വിധമൊരു ശബ്ദം

മറ്റുള്ളവർ കേട്ടു

വലിച്ചിഴച്ചു പിശാചനിരുട്ടിൽ

“കലഹവിശാരദ’യെ.

 

ഇഹത്തിലാരും പിന്നെക്കണ്ടി-

 ല്ലവളേ, ഹാ കഷ്ടം!

ദഹിക്കയാവാമുടലോടെയവൾ

ശാശ്വതനരകത്തിൽ.

വഴക്കിനായ്ക്കണിവയ്ക്കുന്നവരേ,

 ദുരിതം നിങ്ങൾക്കെ-

ന്നറിഞ്ഞിരിക്കുക, നിങ്ങൾ പിശാചിൻ

 സഹവർത്തകരത്രേ.

 

വിശുദ്ധ ജോൺ സുവിശേഷകനരുളി –

ച്ചെയ്തു കേട്ടാലും, 

“പരസ്പരം സ്നേഹിപ്പിൻ നിങ്ങൾ’’

 ചെറുതാണീവാക്യം.

 ഉപദ്രവിക്കുന്നവരേയും സ്നേഹ-

 ഹിക്കുക സോദരരേ,

ഇതിൽ പ്രമാണം സകലതുമുണ്ടെ-

 ന്നോർക്കേണമെല്ലാരും.

(തൊഴിലാളി, നവംബർ 24, 1963)