മാറാലയും മക്ഷികയും

വിദഗ്ദ്ധശില്പി നീ, വിദഗ്ദ്ധശില്പി നീ,
വിദഗ്ദ്ധനാം കലാകാരൻ!
പഠിച്ചതില്ലൊരു ഗുരുവിനോടെന്നാൽ
പടുത്വമോ ബഹു കേമം!
വിരിച്ചുബന്ധിച്ച വലതൻ മദ്ധ്യത്തി-
ലിരുന്നു ചുറ്റും നോക്കി
രസിക്കയോ? കലാകുശലതപാരം
ലസിപ്പതുണ്ടതിൽ ലൂതേ,
ആ വലതന്നൂടും പാവുമാരിതുപോൽ ചേർത്തു?
ധീവിലാസമില്ലാത്ത നീ ചെയ്തതോയീ വേല?
എന്തുഭംഗി! ഇതേ മട്ടിലൊന്നു നെയ്തുണ്ടാക്കാൻ
യന്ത്രവേലക്കാരേക്കൊണ്ടും സാദ്ധ്യമാകാ നൂനം
മദ്ധ്യഭാഗത്തേറ്റം മനോഹാരിത ചേർന്നുള്ള
ചിത്രവേല ചെയ്തിട്ടതിൽ നീയിരുന്നീടുന്നു.
ഇടയ്ക്കിടയ്ക്കെന്തു നടനം ചെയ്കയോ?
പടുതയേതിലുമേറും
പഠിച്ച വിദ്യകളിനിയും വല്ലതു-
മെടുത്തുകാട്ടാമോ വേറേ?
വലിയ സൂരികളറിയുകിൽ നിന്നെ
വിലവച്ചീടുമൊട്ടേറെ.
എനിക്കു തോന്നുന്നു, ലഭിച്ചിടും പക്ഷേ,
നിനക്കു നോബൽ സമ്മാനം.
നിശ്ചലയായ് സമാധിയിലെന്നപോലെയേറ്റ-
മച്ചടക്കമാർന്നീടുന്നതെന്തു ചിലനേരം?
സ്വന്തകലാപുരോഗതിയായിരിക്കാം നിന്റെ
ചിന്തയിൽ കറങ്ങുന്നതു നല്ല കാര്യം തന്നേ.
വിശ്വകലാകാരന്മാരിൽ നിന്റെ പേരും ചേരും
വിശ്വസിച്ചു നിസ്സംശയം ജോലി നീ ചെയ്താലും.
പറഞ്ഞു നില്ക്കുമ്പോളെടുത്തുചാടി നീ-
യെവിടേക്കോടുന്നു ശീഘ്രം?
വലയിൽ വീണൊരച്ചെറിയ ജീവിയെ-
ക്കൊലചെയ്തിടുന്നോ ദ്രോഹീ?
പരമദുഷ്ടനാം കിരാതനാണു നീ-
യകന്നുപോവുക ദൂരെ
മതി മതി- നിന്റെ കലയും കാണണ്ട
വലയും കാണണ്ട പോകൂ
നിന്റെ മാറാലയെത്തൂക്കാനിങ്ങു പോന്നതെന്തേ?
എന്റെ തേനീച്ചക്കൂടത്രയന്തികത്തിൽ കാണ്മൂ.
കണ്മണിയേക്കാൾ സ്നേഹിച്ചു ഞാൻ വളർത്തീടുന്ന
നന്മധുമക്ഷികകളിലൊന്നുപോലും നിന്റെ
ആ വലയിൽ വന്നുവീഴാൻ സമ്മതിച്ചീടാ ഞാൻ
നീ വനത്തിലെങ്ങാനും പോയ് നിന്റെ കാര്യം നോക്കൂ.
സരഘസങ്കേതം വിരഞ്ഞുവന്നതു
നിനക്കു നല്ലതിനല്ല
പരഹിംസാചിന്തലവമെന്യേ സദാ
പരിശ്രമിക്കുന്ന ജീവി.
വലവിരിച്ചു നീയവയേ വഞ്ചിപ്പാൻ
കരുതീടുന്നുവോ ധൂർത്താ?
തുലഞ്ഞു നീയെന്നാൽ; വലയൊരു തോണ്ടി-
നെറിഞ്ഞു ഞാനിതാ ദൂരെ
ഒറ്റയടി നിന്നെക്കൊല്ലാൻ പറ്റിടുമെന്നാലും
ചെറ്റുമതു ചെയ്തീടുവാൻ ഞാൻ തുനിയുന്നില്ല.
നീയൊരു നിസ്സാരജീവി, നിന്നെ ഹനിക്കുന്ന-
തീയെനിക്കൊരപദാനമെന്നു ചൊന്നീടാമോ?
ദ്രോഹബുദ്ധി നിഷിദ്ധമാണാർക്കുമതുമൂലം
സ്നേഹപൂർവ്വമോതുന്നു ഞാൻ, ദൂരെ മാറിപ്പോകൂ.
(ദീപിക, 3 ജൂലൈ 1960)
