Marana Niyanthranam

മരണനിയന്ത്രണം


നനനിയന്ത്രണനിരതന്മാരേ,

മരണം കൂടെ നിയന്ത്രിക്കാമോ?

നിരവധിയാണിന്നപകടമരണം

ധരണിയിലതു നാം കാണുന്നില്ലേ?

മലകളിടിഞ്ഞും ഖനികളിടിഞ്ഞും

മലവെള്ളത്താൽ നദികൾ കവിഞ്ഞും 

അണകൾ പൊട്ടിയുമുരുളുകൾ പൊട്ടിയു-

മാളുകളെത്ര മരിച്ചീടുന്നു!

ഭൂകമ്പങ്ങൾ ചുഴലിക്കാറ്റുകൾ

കടലാക്രമണം പ്രക്ഷോഭണവും

ആരറിയുന്നുണ്ടനവധി മർത്യരെ-

യപകടമൃത്യുവിനിരയാക്കുന്നു!

തൊണ്ണൂറ്റൊമ്പതിൽ വെള്ളം പൊങ്ങീ

ട്ടെണ്ണംപിടിയില്ലെത്ര മരിച്ചു!

പിന്നീടും പല വെള്ളപ്പൊക്കം

മരണവുമുണ്ടായ് നമ്മുടെ നാട്ടിൽ.

അറുപത്തൊന്നിലുമുണ്ടായില്ലേ

കുറവില്ലാത്തൊരു നിലവാരത്തിൽ?

ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചും 

ബസ്സിൽ തട്ടിക്കാറുമറിഞ്ഞും 

പാളംതെറ്റിയ തീവണ്ടികളിൽ

പകിടമറിഞ്ഞും പരഗതിചേർന്നും

അഭിനയമവസാനിക്കുന്നവരും

വ്യപകലനത്തിൽപ്പെട്ടവരല്ലേ?

തരുണീമണികൾ യുവകേസരികൾ

ബാലകരും മൃതിയടയുന്നില്ലേ?

അനവധിയപകടമരണം ഭൂവിൽ

ജനസംഖ്യയ്ക്കൊരു പരിമിതിവരുവാൻ

പ്രകൃതി വിധിച്ചൊരു വിധിയാണെന്നോ?

ശരി,യെന്നാലതിനപ്പീലില്ല.

ഒരു മരണത്തെത്തടയാൻ ഭൂമിയി

ലൊരു ശാസ്ത്രജ്ഞനു സാദ്ധ്യവുമല്ല.

വേണ്ട; മരണമിതേവിധമെല്ലാം

വേണ്ടതുതന്നെയെന്നാണെങ്കിൽ

ജനനനിയന്ത്രണബദ്ധപ്പാടും

മനുജനകറ്റി നിറുത്തീടേണം.

മരണം തടയാൻ കഴിവില്ലെങ്കിൽ

ജനനം തടയാനെന്തവകാശം?

 

കാലൻ ഭൂമിയിലില്ലാതുള്ളൊരു

കാലം കുഞ്ചൻ ഫലിതരസത്തിൽ

വർണ്ണിച്ചതുപോലാകണമെന്നി-

ല്ലെണ്ണത്തിന്നൊരു പരിധിവരുത്താം.

ചിന്തിക്കുകനാം മനുജായുസ്സി

ന്നന്തം ക്ലിപ്തം നൂറുവയസ്സ

ന്നൊരു പരിമിതിയിലുറപ്പിച്ചാലോ?

മരണനിയന്ത്രണമാകുന്നില്ലേ?

രോഗം ജരനരയെന്നിവയൊന്നും

ബാധിച്ചീടരുതന്നാൾവരെയും

നവയൌവന സമ്പൂർണ്ണസുഖത്തിൽ

ഭുവനനിവാസം സാധിക്കേണം.

അപകടമൃതികളുമപഘാതങ്ങളു

മപചരിതങ്ങളിതൊന്നും വേണ്ടാ.

ജലനിധിമദ്ധ്യേയൊരുവൻ വീണാൽ

തലയും പൊക്കി കയറിപ്പോരണ-

മുയരത്തിൽ നിന്നൊരുവൻ വീണാൽ

ജയഘോഷത്തോടു താഴെവരേണം,

ഇങ്ങനെ ശതകം ഘോഷിച്ചിട്ടൊരു

ഭംഗികലർന്ന സുവർണ്ണവിമാനം

സ്വാഗതഗാനം പാടിവരുമ്പോൾ

വേഗത്തിൽ വിടവാങ്ങിക്കയറി-

ട്ടങ്ങേലോകത്തേയ്ക്കുപറക്കണ-

മെങ്ങോട്ടെന്നതു കർമ്മം പോലെ.

 

കളിയല്ലിതു നാമാലോചിക്കണ-

മിളകിക്കൂടുകവിജ്ഞന്മാരേ,

ശാസ്ത്രജ്ഞന്മാരാലോചിച്ചാൽ

സാധിക്കാതൊരു സംഗതിയുണ്ടോ?

കരയിൽ, കടലിൽ, ഭൂഗർഭത്തിൽ,

ശരിയായംബരവായുവിലും നാം

ആനന്ദ(പദവേഗതയോടേ

യാനം സാധിച്ചീടുന്നില്ലേ?

ലോകോത്തരമാം വൈദ്യുതശക്തിക-

ളാകെക്കൈയിലടക്കുന്നില്ലേ?

ആകാശത്തിൽ, ചന്ദ്രനിലേയ്ക്കും

പോകാനാലോചിക്കുന്നില്ലേ?

ചിന്താഗതിയുടെ ഫലമാണല്ലാ

മെന്താണിനിയും ചിന്തിക്കരുതോ?

അന്തസ്സാരം മുറ്റുന്നവരുടെ

ചിന്തയിൽ ലോകം വിജയിക്കട്ടെ!

മൃത്യുവിനേയൊരു പരിധിയിലാക്കി-

ട്ടെത്തുക ജനനനിയന്ത്രണ വിജയം!

                                      (മനോരമ വാർഷികപ്പതിപ്പ് 1961)