മദർ തെരേസാ

“അഷ്ടാദശപുരാണത്താൽ
വ്യാസൻചൊന്നതു രണ്ടുതാൻ
പരോപകാരമേ പുണ്യം,
പാപമേ പരപീഡനം.”
പത്തുദൈവപ്രമാണത്തിൻ
സത്തയും രണ്ടുതന്നെയാം
ദൈവഭക്തി പരസ്നേഹം,
ജീവിതം പൂതമാണതിൽ
ദ്യോവിനെ സ്വന്തമാക്കീടാ-
നിവനന്നായറിഞ്ഞവൾ
ഭൂവിലുണ്ടൊരു സമ്പൂജ്യ
ദേവിയെന്നറിയുന്നു ഞാൻ
യശോധനയവൾ ധന്യ
മഹേളാമണിതന്നെയാം-
അവളെപ്പഞ്ചഭൂഖണ്ഡം
പ്രണമിക്കുന്നു നിത്യവും
ആതുരർക്കു ഭിഷക്കത്രേ
നിർദ്ധനർക്കുവദാന്യയും
ഒരുവാക്കവളോതീടി-
ലാർക്കുമുള്ളം കുളിർത്തിടും.
ചിറകില്ലാത്ത മാലാഖ,
പറക്കുന്നവളെങ്ങുമേ
മദർതെരേസായെന്നുള്ള
നാമം തന്നെ പവിത്രമാം.
പറന്നുപോകും നേരത്തെ
ത്തണൽ കിട്ടുകിലാസ്ഥലം
പാരഡൈസായി മാറീടും
വ്യർത്ഥവാക്കുകളല്ലിവ
ഇനിയും പല നൂറ്റാണ്ടീ
വനിതാമണിയീവിധം
കാശ്യപിക്കമ്മയായ് വാഴാ
നീശ്വരാകൃപചെയ്യണേ.
(1982)
