ഇന്ദിര വന്നു!

ഇന്ദിര വന്നു, കേരളമാതാ-
വൊന്നുതെളിഞ്ഞു ചിരിച്ചു കുലുങ്ങി
അന്നൊരു ഭാസുരഭാവി സമീപ-
ത്താർന്നതുപോലവൾ പുളകം ചാർത്തി
പാലാപ്പട്ടണമിന്ദ്രപ്രസ്ഥം
പോലെയൊരുങ്ങിവരവേല്പിന്നായ്
അവനികൊതിച്ചാചേവടിതാങ്ങാ-
നവളോവാനിലുയർന്നു പറന്നു
വീടുകൾ വിട്ടു പാലായുടെ നേർ-
ക്കോടി കുട്ടികളവിടെക്കൂടി. 10
മാനാതീതമനോഹാരിതയൊടു
നാനാവർണ്ണവിശിഷ്ടസുമങ്ങൾ
പാലാ നിറയും പരിധിയിലങ്ങനെ
ചേലേറുന്നൊരു പൂച്ചെണ്ടായി.
മടിയിൽ ചേർന്നാകുഞ്ഞുങ്ങളെയാ
പുടഭേദനമന്നൊന്നു പുണർന്നു
നൂറു സഹസ്രം വത്സലരെത്തൻ
മാറൊടു ചേർത്തൊന്നാശ്ലേഷിപ്പാൻ
ഏതു ജനിതിക്കുണ്ടായിട്ടു-
ണ്ടീദൃശഭാഗ്യമിതദ്ഭുതമോർത്താൽ 20
അവരുടെ മധുരപ്പുഞ്ചിരികൊണ്ടാ
നഗരം ദീപ്തിയിലാണ്ടു കഴിഞ്ഞു.
മന്ദാനിലനപ്പൂക്കളെയെല്ലാ-
മൊന്നു പതുക്കെച്ചാഞ്ചാടിച്ചു.
മന്ദം മന്ദം കാലടികൾ വ-
ച്ചൊന്നായിട്ടവർ നീങ്ങുകയായി.
റാലി,യസാധാരണമാം റാലി!
പാലായുടെ കരളന്നുകുളിർത്തു.
വർണ്ണമനോഹരമാല്യം ചാർത്തിയ
പെണ്ണിനെവെല്ലും നിലയായ് നഗരി 30
ശക്രധനുസ്സുമുടൻ തലതാഴ്ത്തിടു-
മക്കാഴ്ചയിലതുവസ്തുത തന്നെ.
വിണ്ണവരാകിലുമിതുകാണുമ്പോൾ
കണ്ണുകുളിർക്കും കരളുകുളിർക്കും.
വീടുകളെല്ലാം വിട്ടുമറന്നി-
ട്ടോടിക്കൂടി ജനതതിയവിടെ
വൈക്കത്തഷ്ടമിയതിനോടൊപ്പം
നില്ക്കില്ലത്ര മഹാജനനിവഹം.
‘ഡി.സി.എൽ’. ലിപിരേഖാങ്കിതമാം
ബാനറുയർന്നഭിമാനത്തോടേ, 40
നെറ്റിപ്പട്ടം കെട്ടിയഹങ്കൃതി
മുറ്റിയ മട്ടിൽ ഗജവീരന്മാർ.
ചേലേറുന്നൊരു പുഷ്പരഥം, ചെറു-
ബാലികമാരുടെ താലപ്പൊലിയും,
കാക്കിക്കാരും, കൈലിക്കാരും.
തൂമ്പാക്കാരും, പൂണൂൽക്കാരും,
മേക്കാമോതിരമിട്ടു പുരാതന-
വിക്രിയ കാട്ടും ഗ്രാമീണകളും,
ചെണ്ടക്കാർ, പല വാദ്യക്കാരും,
ബാന്റുമുഴക്കും മേളക്കാരും, 50
വണ്ടാറണികുഴൽ പൂമാലകളെ
ക്കൊണ്ടാകർഷകമാക്കിക്കെട്ടി
കണ്ണുകളെഴുതിയ സുന്ദരിമാരും
വർണ്ണിപ്പാൻ പണി; വാക്കുകൾ പോരാ.
പുരിയാം പെണ്മണി മാറണിമാല്യമ-
തൊരുതാലത്തിനകത്തിട്ടതുപോൽ,
കോളേജ് സ്റ്റേഡിയപരിധിക്കുള്ളിൽ
റാലിയൊതുങ്ങിച്ചേർന്നു കഴിഞ്ഞു.
പെട്ടെന്നദ്ഭുതമംബരവീഥിയെ
വിട്ടൊരുകൊച്ചുവിമാനം താണു. 60
അക്ഷമരായിട്ടായിരമായിര-
മക്ഷികൾ കാണാൻ നോക്കിയിരുന്നൊരു
പാല്ക്കടൽ മാനിനിയാണതിനകമേ
തൃക്കഴലിണയവർ ഭൂമിയിലൂന്നി
പുഞ്ചിരി തൂകിക്കണ്ടു മഹാജന
സഞ്ചയവിസ്തൃതപാരാവാരം.
ആമുഖദർശനഭാഗ്യം ജനതയി
ലാമോദത്തിരയടിയുളവാക്കി.
കണ്ണുകളാകും ചിത്രഗ്രാഹികൾ
വർണ്ണോജ്വലതര ചിത്രമെടുത്തു. 70
മായാതുള്ള മനോഹരചിത്രം
മായാപേതം കരളിൽച്ചേർത്തു.
പഞ്ചമിനാളിലെ വിധുമണ്ടിടുമാ-
റഞ്ചിതവേദിയിലേറിയ ദേവി
കേരളനാട്ടിൻ ഭാവി കുറിക്കും
താരകയെപ്പോൽ പരിശോഭിച്ചു
വേദിയിലവരുടെ പാർശ്വങ്ങളിലായ്
വൈദികമേലദ്ധ്യക്ഷന്മാരും
സചിവോത്തമരുമിരുന്നു കഴിഞ്ഞു
പ്രചലസമീരണനവരെ വീശി. 80
ശ്വാസം പോലുമടക്കിയിരിക്കും
ഡി.സി.എൽ. സ്തബകത്തിൻ ദൃശ്യം
നളിനദളായതലോചന കണ്ടു
കുളിരുകയായി കണ്ണും കരളും
ആകാശത്തിൽ പൊങ്ങി മുഴങ്ങി
സ്വാഗതവാണികളാശംസകളും
ഭാരതസാരഥിതെല്ലൊരുമന്ദ-
സ്മേരത്തോടവയെല്ലാം കേട്ടു.
ലക്ഷം നമ്പരുകാരിയടുത്തു,
നിക്ഷേപംപോലൊരു സമ്മാനം 90
കാഞ്ചനശില്പം, നല്ലൊരു പുഷ്പം,
സഞ്ചിതഭാഗ്യ,മവൾക്കു ലഭിച്ചു.
വിപുലസദസ്സിന്നഭിമുഖമായി-
ട്ടപഗതഗർവ്വം ദേവിയെണീറ്റു.
(മൈക്കണ്ണികളേ, വനിതകളേ, യാ
നില്ക്കും ദേവിയെ നോക്കു നിങ്ങൾ!
വസ്ത്രം ലളിതം, വേണ്ടനിലയ്ക്കതു
ഗാത്രാവരണം സാധിക്കുന്നു.
തലമുടിതൊട്ടാ ചേവടിവരെയും
ചലമിഴിമാരേ, നന്നായ് നോക്കൂ 100
ശാലീനകളാം ഭാരതവനിതകൾ
ചേലൊടു ചേലധരിക്കണമിതുപോൽ.
തലമുടി കെട്ടിപ്പുചൂടാമൊരു
കലയാണതു പല ഭംഗിയിലാകാം.
അതിലൊരു തെറ്റും പറയില്ലാരും
ചിതമായ് മൂടുകദേഹമശേഷം)
കുട്ടികളോടായ്, കേരളഭൂമിയി-
ലൊട്ടുക്കുള്ള ജനാവലിയോടായ്
തൂമധുതൂകും വാണിയുതിർത്തു
വാമാക്ഷീമണി പ്രിയദർശിനിയാൾ 110
കാതുകുളിർത്തു കരളു കുളിർത്തു
ചേതോഹാരിവചോധോരണിയാൽ
ഭാസുരഭാവിയിലാശവളർത്തീ-
ട്ടാസംസാരം ദേവി നിറുത്തി.
ദിനമണി പൊങ്ങി, ചൂടു വളർന്നതു
ജനതതിയേതും വകവച്ചില്ല
കരൾ കുളിരുന്നൊരു സമയം ഭാസ്കര
കിരണം മർത്യനുചൂടേറ്റിടുമോ?
ഇന്ദിര തിരിയെപ്പോകാറായി
നന്ദി പറഞ്ഞു പ്രിയകൊച്ചേട്ടൻ 120
ആംഗലഭാഷയിലാരംഭിച്ചി-
ട്ടവസാനിച്ചു ഹിന്ദിയിലൂടേ
“മേരി പ്യാരി പ്രിയദർശിനി ആപ്
ദീർഘായുരഹിയേ” ഇത്യാദി.
ആയിരമായിരമധരങ്ങളിൽ നി-
ന്നംബരസീമനിമാറ്റൊലികൊള്ളും
ജയവിളിഘോഷത്തിരയടിയേറ്റാ
ച്ചെറിയവിമാനമുയർന്നു പറന്നു.
മാത്രകൾ കൊണ്ടതുദൂരത്തായി
തങ്ങൾക്കതഗോചരമായി
കേരളനാടിനുവന്ന കൃതാർത്ഥത- 130
യാരാലെന്നുമുയർന്നുലസിക്കും.
(കുട്ടികളുടെ ദീപിക, ജൂലായ്, 1976)
