Hosana

ഹോശാന


രു കാഹളമൊരു മോഹന കാഹള- 

          മൊരു പ്രക്ഷേപിണികൊണ്ടു ദിഗന്തം 

മുഖരിതമാണതു ഭാരതജനനി-

          ക്കഭിമാനത്തിൻ തിരയടിയല്ലോ. 

വിജയമഹോത്സവഗീതം സുഭഗേ,

          ഭവതിയുമിങ്ങനെ പാടിക്കൊള്ളുക 

“ഹോശാനാ, ഹോശാനാ ഈശോ- 

          നാഥനു ഹോശാനാ സന്തതവും”

1

ഭൂഖണ്ഡങ്ങളിലഞ്ചിലുമുള്ള

          ജനാവലിബോംബേനഗരയിലെത്തി

സ്വീകരണം നരകുലരക്ഷകനാ-

          മീശോനാഥനു നല്കുന്നല്ലൊ. 

ഫരിസേയരെവിട്ടൊരുജരുശലമായ് 

          കുരിശില്ലാത്തൊരു കാൽവരിയായി- 

പ്പരിശോഭിപ്പൂബോംബേനഗരം

          യൂദാസില്ലാത്തൊരു സെഹിയോനായ്.

2

ലോകപിതാവാം പാപ്പാപൗലോ-

          സാറാമൻ തിരുവടിയുടെ പാദുക- 

ഭാരതമാതാവുള്ളംകൈയിൽ

          താങ്ങാൻ പുഞ്ചിരി തൂകിയിരിപ്പൂ. 

പാരിച്ചുള്ളൊരുഭാഗ്യോദയമേ!

          ഭാരതമിതിനാൽ ശുദ്ധീകൃതയായ്- 

ത്തീരും;പശ്ചാത്താപം പള്ളിതു-

          രപ്പന്മാർക്കും വരികില്ലെന്നോ?

3

അപ്പത്തിൽ സ്ഥിതിചെയ്യും ദേവനെ-, 

          യപ്പംവർദ്ധിപ്പിക്കും നാഥനെ- 

യെപ്പൊഴുമാരാധിക്കാം നമ്മുടെ

          പട്ടിണിനീങ്ങാൻ കേരളനാടേ; 

ഭാരതമേ, നിന്നുത്സംഗത്തിൽ 

          മാലാഖാമാരുടെ മേളത്തിൽ, 

പാരത്രികകാരുണ്യമഹാസഭ

          വിജയിക്കട്ടെ! വിജയിക്കട്ടെ!!

(തൊഴിലാളി വാർഷികപ്പതിപ്പ്, 1964)