ജീവിതം പോലെയന്ത്യം

ഇടിത്തീകണക്കെന്റെ ഹൃദയം ഭേദിച്ചുള്ളിൽ
കടന്നവാർത്തയോർക്കാൻ ശക്തിയില്ലെനിക്കിന്നും
മരണം സാധാരണം; രോഗികൾ മരിക്കുന്നു
ജരന്മാരും വിട്ടുപിരിയുന്നീലോകത്തെ
വിരഹം മനുഷ്യനു ദുസ്സഹം, പക്ഷേ കര-
ളുരുക്കി ദ്രവിപ്പിച്ചീടുന്നതോഭയങ്കരം
സോദരാ, സഹോദരാ…. ബാക്കിയെന്തോതേണ്ടു ഞാൻ!
ഖേദമേ രണ്ടക്ഷരം, വാക്കെനിക്കില്ലവേറെ.
സെപ്റ്റംബർ പന്ത്രണ്ടിലാ സംഭവം; സായംസന്ധ്യ
നിഷ്പ്രഭം കടന്നുപോയ്, വന്നുടൻ നിശീഥിനി.
അന്ധകാരത്താൽ മുഖം മൂടിയ തമസ്വിനി
സന്ധ്യയെത്തട്ടിക്കടന്നെത്തിയീധരിത്രിയിൽ
തെല്ലും സംഭ്രമത്തോടേ ‘യല്ഫോൻസാഭവൻ’* നോക്കി
അല്ലലോടെത്തിച്ചേർന്നുനിന്നിരുന്ന ദൃശ്യയായ്.
എന്തിനോസായാഹ്നത്തിൽ പട്ടണത്തിലേക്കുപോയ്
പിന്തിരിഞ്ഞെത്തി തദാപ്രീതനാമെൻസോദരൻ.
കാറിൽനിന്നിറങ്ങവേ പുറകേ നിഴൽപോലെ
വേറൊരുരൂപം-മൃതി-നില്പതുകണ്ടു നിശ.
അറിഞ്ഞു പരസ്പരം ശബ്ദമില്ലാത്തവാക്കിൽ
പറഞ്ഞുകാര്യമെല്ലാം, കരഞ്ഞു നിശാദേവി.
പാകമായ് നില്ക്കും പഴം കർഷകൻ കണ്ടാൽ കൊണ്ടു-
പോകുകില്ലയോ? മൃതിദേവത ചോദിക്കയായ്.
അവളപ്പോഴേതന്റെ നീട്ടിയകരങ്ങളാ –
ലവനെമന്ദംപുല്കിക്കടന്നു വീട്ടിനുള്ളിൽ.
യാതൊന്നുമറിയാതെ സാധുവെൻ സഹോദരൻ
വീതകല്‌മഷൻ സ്നാനാഗാരത്തിൽ പ്രവേശിച്ചു.
രാവിലെ കുളിച്ചതാണതിനാൽ കൈകാൽ മുഖം
കേവലം വെടിപ്പാക്കി ധരിച്ചു വേറേ വസ്ത്രം
പെട്ടെന്നൊരസ്വസ്ഥത തോന്നുകയാലോ വേഗം
കട്ടിലിൽ കിടന്നിട്ടു മകളോടേവമോതി.
“ഒന്നെന്നെ വീശു ഗീതേ സംഭ്രമിച്ചവൾ വീശി
വന്നുടനമ്മച്ചിയും ഡോക്ടരേ വിളിപ്പിച്ചു.
ആരുമാളയയ്ക്കാതെ,യത്ഭുതംതന്നേ -വേണ്ട
നേരത്തു സമീപത്തുവന്നെത്തി പുരോഹിതൻ,
ക്രിസ്തീയവിധിപോലെ വേണ്ടതൊക്കെയും ചെയ്തു
യാത്രാനുവാദം നല്കി വിട്ടയച്ചാത്മാവിനെ.
കുറഞ്ഞനേരംകൊണ്ടോ ജീവിതം സമാപിച്ചു
പറന്നാധന്യാത്മാവു പരലോകത്തേക്കുപോയ്.
അഴലില്ലാതെയുള്ള ശാന്തിയിൽ, വിശ്രാന്തിയിൽ,
നിഴലില്ലാതെയുള്ള ദീപ്തിയിൽ നിർലീനനായ്.
ജീവിതം നന്നായിരുന്നതുപോൽ തന്നെയന്ത്യം
ദൈവികസംവിധാനം തന്നെയാണിതൊക്കെയും
രാവിലേയന്നും ദിവ്യപൂജയിൽ സംബന്ധിച്ചു
ജീവിത തീർത്ഥയാത്രന്ത്യമാം കാൽവയ്പായി
ആശ്വസിച്ചാലും നിത്യശാന്തിയിൽ സഹോദരാ,
വിശ്രമംലഭിക്കാത്ത ജീവിതം നയിച്ച നീ
ഏകസന്താനം ഗീത, സഹധർമ്മിണി ബേബി
ശോകമൂകമായ് നില്ക്കുമാനല്ലൊരിൻ സ്റ്റിറ്റ്യൂട്ടും
അങ്ങിരുന്നോർമ്മിക്കണേ യദൃശ്യകരങ്ങളാൽ
ഭംഗിയായ്പോറ്റീടണേ,യാരേയും മറക്കല്ലേ.
(ദീപിക, ഒക്ടോബർ 11, 1976)