കൈവന്ന കല്യാണമേ

ഗാനം തീർന്നു ശുഭ,മൊരു മഹാനാടകം, പൂർത്തിയായി
വാനമ്പാടിക്കിനിയുമിവിടെത്തങ്ങുവാൻ സ്ഥാനമില്ലാ.
ആനന്ദത്താൽ പുളകമണിയും സഭ്യരേ, നന്ദിപൂർവ്വം
ഞാനിപ്പോളെൻ ചെറുകരയുഗം കൂപ്പിടുന്നേൻ നമസ്തേ!
പോകുന്നേൻ ഞാനണിയറയിലേയ്ക്കാസ്ഥലത്താത്മനാഥൻ
തൂകും മന്ദസ്മിതമൊടിവളെ സ്വാഗതം ചെയ്തിരിപ്പൂ.
ഹാ! കണ്ണഞ്ചും വലിയൊരു സദസ്സപ്പുറത്തുണ്ടു സാക്ഷാ-
ലാകമ്രശ്രീവിലസുമതിലദ്ധ്യക്ഷനാണങ്ങു നിത്യം.
ആമോദത്തോടിഹ ഭുവനമാം നാടകത്തട്ടിലേറി
ക്കാമക്രോധാദികളെയഖിലം കാലടിപീഠമാക്കി
സാമർത്ഥ്യത്തോടഭിനയവിശേഷങ്ങൾ കാണിക്കുവോരിൽ
സീമാതീതപ്രിയതയവിടേയ്ക്കുള്ളതാണേതു നാളും.
സമ്മാനിക്കും സഭയിലവരെ സ്ഥാനമാനങ്ങൾ നല്കി
സാമ്രാജ്യങ്ങൾക്കധിപതികളാക്കീടുമെന്നേക്കുമായി.
മേന്മയ്ക്കോർത്താലുപരിയൊരുവന്നാശയുണ്ടാകയില്ല.
തമ്മാത്രം സുസ്ഥിതികളവിടെ ശ്ശാശ്വതം ലബ്ധമാകും.
കണ്ണും കാതും കരളുമറിയാ, കാവ്യകൃത്തുക്കളാരും
വർണ്ണിക്കില്ലാ, മഹിതപരമാനന്ദമാനിത്യഭാഗ്യം.
വിണ്ണോർ നാഥൻ തിരുവടിയതിന്നോഹരിക്കാരിയായി-
ട്ടെണ്ണത്തിൽ ചേർത്തിവളെയതിനാണീ സമാഹ്വാനമിപ്പോൾ
വേണ്ടും പോലന്നൊരു കവിതയാൽ “ലോകമേ യാത്ര’ പാടി-
ക്കൊണ്ടാഹ്ളദപ്രചുരിമയൊടേകേറിഞാനിങ്ങൊളിച്ചു.
വണ്ടിക്കപ്പോൾ ശുഭസമയമായില്ല ടിക്കറ്റു വാങ്ങാൻ
വീണ്ടും ഞാനെൻ നടനമിവിടെ ക്ഷീണമെന്യേ തുടർന്നു.
ഇന്നിപ്പോളെൻ വരഗൃഹമലങ്കാരസമ്പൂർണ്ണമായി
ചെന്നീടാനായ് ഝടുതിയിൽ വിളിക്കുന്നു ഞാൻ പോയിടട്ടേ.
വന്നീടേണം സസുഖമവിടേയ്ക്കു വരും, തമ്മിലപ്പോ-
ളൊന്നിച്ചീടാം വിരഹമറിയാതുള്ളൊരാരാജിതത്തിൽ.*
എന്താണോർത്താൽ ഭുവന,മിതിലേ ജീവിതം പാന്ഥരാം നാം
താന്തന്മാരായൊരു ചെറുമരച്ചോട്ടിൽ വിശ്രാന്തി മാത്രം
സ്വന്തം വാസസ്ഥലമകലെയാണങ്ങുചെന്നെത്തിടാനായ്
ചിന്തിച്ചീടാതിഹമണിഗൃഹം തീർപ്പവൻ മൂഢനത്രേ.
കാലിൻ കീഴിട്ടവഗണനയാനിത്യവും നാം ചവിട്ടും
ചേലേറീടും മണികളഖിലം ശ്രദ്ധയാ സംഭരിച്ചാൽ
മാലയ്ക്കൊന്നാം തരമതണിയിച്ചാദരിക്കാം സദസ്സിൽ
മേലദ്ധ്യക്ഷൻ തിരുവടിയെ നാമങ്ങു ചെന്നെത്തിടുമ്പോൾ.
പൊന്നും വേണ്ടാ പണവുമവിടേയ്ക്കാവശ്യമില്ലാ
മന്നന്മാരിൽ പ്രമുഖനുപകരം ഹൃദ്യമീഹാരമത്രേ.
തന്നെത്തന്നേ തിരുവടി ഭജിക്കുന്നവർക്കേകുമങ്ങീ
മന്നിൽക്കാണും വരമണികളെപ്പൂഴി പോലെണ്ണിടുന്നു.
കത്തും ദീപം കനകകുസുമം തന്നെയെന്നോർത്തതിൽച്ചെ-
ന്നെത്തി ജീവൻ ദഹനബലിയാക്കുന്നഹോ, ഷട്പദങ്ങൾ!
മനുഷ്യൻ സാക്ഷാൽ പരിമളസുമം ദീപമെന്നോർത്തു കഷ്ടം,
ഹൃത്തിൽ തിങ്ങും ഭയമോടതിനേവിട്ടുപറയുന്നു ദൂരെ!
ത്യാഗം ലോകോത്തര മഹിതമാം ദിവ്യപുഷ്പപ്രകാണ്ഡം !
രാഗദ്വേഷാദികളെ വിളയിച്ചുദ്ഗമിക്കും പ്രസൂനം!!
പ്രാഗല്ഭ്യത്തോടതിനെയറിയും സൂക്ഷ്മദൃക്കാണു വിദ്വാൻ
ഭൂഗർഭത്തിൻ സ്ഥിതികളഖിലം കണ്ട ശാസ്ത്രജ്ഞനെക്കാൾ.
കാണുന്നില്ലേ പരമഗുരുവക്കാൽ വരിക്കുന്നിൽ മർത്യ –
ത്രാണം സാധിപ്പതിനു കുരിശിൽ സർവ്വസംത്യാഗിയായി
പാണിദ്വന്ദ്വം പരിചൊടുവിരിച്ചന്തരീക്ഷത്തിൽ നീട്ടി
പ്രാണൻ പോലും മഹിതബലിയായർപ്പണം ചെയ്തുനില്പൂ.
ഏവം ഗാനം വളരെയധികം ദീർഘമാക്കുന്നതില്ലെൻ
“സ്ലീവാപ്പാഥ”യ്ക്കറുതിയരികത്തായി ഞാൻ കണ്ടിടുന്നു.
ഭൂവാകെപ്പര്യടനമതുസാധിച്ചിരുന്നാലുമെന്താ-
ണീ വിജ്ഞാനപദസരണിയിൽ കാലുവച്ചോൻ കൃതാർത്ഥൻ
സത്യം; മുള്ളിൻ മുനകളിൽ നടന്നിങ്ങുഞാനെത്തി; മാർഗ്ഗം
പുത്തൻ പൂക്കൾ വിതറി മൃദുവായ് കണ്ടതില്ലേതിടത്തും
അത്യാനന്ദത്തിരകളതിനാൽ മാത്രമെൻ ഹൃത്തിലിപ്പോൾ
നൃത്തം ചെയ്യുന്നതു, ഭൂവനമേ, നീ പഠിക്കേണ്ട പാഠം!
(നവംബർ, 1929)
