Kavitha Pinnale

കവിത പിന്നാലേ


രിയുന്ന വേനലിൽ പൊരിയുന്ന ഭൂദേവി-

യൊരു തെല്ലുനീർത്തുള്ളിക്കായ് കേഴുമ്പോൾ,

മരമെല്ലാം തലതാഴ്ത്തിയിലവീഴ്ത്തി നില്ക്കുമ്പോൾ

ഹരിതാഭ ധരണിയെപ്പുണരാത്തപ്പോൾ, 

അനിലന്റെ സാന്നിദ്ധ്യമരുളും സന്താപത്താ-

ലനലന്റെയാശ്ലേഷമായ് തോന്നുമ്പോൾ 

വാപികൂപാദികൾ വറകലം പോലെന്തോ

ശാപപ്രതീതി വളർത്തിടുമ്പോൾ,

കളിയാടും വെള്ളത്താൽ കരമൂടും നദിയെല്ലാം

പുളിനങ്ങൾ കാട്ടിക്കിടന്നിടുമ്പോൾ, 

എവിടെയിക്കാലത്തു പത്രാധിപർ സാറേ, 

കവിതാപ്രചോദനം വിളയാടുന്നു?

ഒരു കൊച്ചുകിളിപോലും പാടുന്നില്ലൊരിടത്തു-

മൊരു മേഘനിർഘോഷം കേൾപ്പാനില്ല. 

വരളുന്ന ഭൂദേവി കരയുന്ന കാഴ്ചയാ –

ലുരുകുന്ന ഹൃദയത്തിൽ കവിതയുണ്ടോ? 

ഋതുവൊന്നു മാറട്ടെ, മഴയൊന്നു പെയ്യട്ടെ 

ഹൃദയങ്ങൾ കുളിരട്ടെ കവികൾക്കെല്ലാം,

മേലോട്ടു നോക്കിയാൽ, കീഴോട്ടു നോക്കിയാൽ, 

നാലു ദിഗന്തങ്ങൾ വീക്ഷിച്ചാലും 

എഴുതാത്ത കവിതയുണ്ടവിടെയുമക്കാല-

ത്തെഴുതാത്ത കവികളെക്കാണുകില്ല. 

അന്നു കാണാം നമുക്കന്നുസംസാരിക്കാ-

മന്നൊരു കവിതയും തന്നുകൊള്ളാം.

                                                          (പ്രോഗ്രസ് വാരിക – വാർഷികപ്പതിപ്പ്, 1976)