Koonammavoru Bethlahem

കൂനമ്മാവൊരു ബേത്ലഹം


കൂനമ്മാവിലന്നൊരു കൂനപ്പുരയിൽ നാലു

മാനിനീമാണിക്യങ്ങൾ വസിച്ചിരുന്നു

ആടയാഭരണങ്ങൾ മോടിയിലണിഞ്ഞില്ല 

മേടയിൽപാർക്കാനവർ കൊതിച്ചുമില്ല.

പാടിയില്ലാടിയില്ല ലോകത്തേയാകർഷിക്കാൻ

പാടുള്ളമാർഗ്ഗങ്ങളിൽ ചരിച്ചുമില്ല.

പാവനസുവിശേഷ സൂക്തികൾക്കൊത്തവിധം 

ജീവിതം നയിക്കുവാനുറച്ചിരുന്നു. 

ഓലയും പനമ്പുമാ താപസഗേഹത്തിനു 

ചേലുചേർത്തീടുന്നതായവർക്കുതോന്നി

കാലികൾക്കിടയ്ക്കല്ലേ യാമിനീമദ്ധ്യേയല്ലേ 

ഭൂലോകസംരക്ഷകനവതരിച്ചു?

ചാവറയച്ചൻ പുണ്യശ്ലോകന്റെ നേതൃത്വത്തിൽ

കേവലമജ്ഞാതരായവർ വസിച്ചു.

ത്യാഗിനീമാണിക്യങ്ങൾ, ലോകത്തെയുപേക്ഷിച്ച

യോഗിനീ വെണ്മുത്തുകൾ, സുകൃതിനികൾ. 

ആദർശപരമായ നൂതന ജീവിതത്താ –

ലാകർഷിച്ചത്യദ്ഭുതം വളരെപ്പേരേ. 

ആച്ചെറുബേസ്ലഹേമിൽ നിന്നല്ലോ കേരളത്തി –

ലായിരങ്ങൾക്കു ദൈവവിളി ലഭിച്ചു. 

പാവനചരിതയാം കേരളകാർമ്മൽ സഭ 

പാകിയ കടുകുപോൽ മുളച്ചുയർന്നു. 

വീശിവിരിഞ്ഞുവന്ന ശാഖോപശാഖകളാൽ 

ദേശമിന്നാകെയതിന്റെ തണലിലായി.

 

ഞാനതിൻ ചില്ലകളിലാഹ്ളദനൃത്തം ചെയ്തു 

ഗാനങ്ങളാലപിക്കും ചെറിയ പക്ഷി. 

ആയല്ലോ മൂവായിരമാകെ നിന്റെ സന്താനങ്ങ-

ളാകുമോ കൃതാർത്ഥത പറഞ്ഞുതീർപ്പാൻ?

ശോഭനമൊരുഭാവി ചൂഴുന്നു നിന്നെയിന്നു 

പ്രാഭവത്തോടെ പുരോഗമിക്ക ധന്യേ,

സേവനസന്നദ്ധയായ് ഭൂവിലേ വിളക്കായി 

പോവുക മുന്നേറുക മഹാജനിത്രി, 

 

ഹാ നല്ല ശതവർഷ ജൂബിലി മഹാമഹം

സാനന്ദം സമീപിച്ചുവരുന്നുവല്ലോ. 

ഞാനന്നുമിതുപോലെ ഗാനങ്ങളാലപിക്കാം

മാനമായ്തളിരുകൾക്കിടയ്ക്കുനിന്നും.

(കർമ്മലാരാം, ജനുവരി, 1964)