കളഞ്ഞുകിട്ടിയ ദ്രാഗ്മാ

പത്തുനാണ്യമൊരു ചെപ്പിൽ ഭദ്രമായ്
കാത്തിരുന്നവളെടുത്തു നോക്കവേ
പത്തിലൊന്നു കുറവൊന്നു കാണ്കയാൽ
ഹൃത്തിലേറിയതിയായ സംഭ്രമം.
വീണ്ടുമെണ്ണിയവളൊൻപതെണ്ണമേ
കണ്ടതുള്ളു, വളരുന്നു കുണ്ഠിതം
ചൂലെടുത്തുടനെ ദീപവും തെളി-
ച്ചാലയം മുഴുവനൊന്നു തൂത്തവൾ.
തൂത്തുവാരിയതിലുണ്ടു നാണയം
മത്തകാശിനി പരം കൃതാർത്ഥയായ്
എത്തീ ശീഘ്രമയ മന്ദിരങ്ങളിൽ
വാർത്തയാകെയവരൊടുരച്ചവൾ.
വീട്ടിലേക്കു വരുവാൻ ക്ഷണിച്ചുടൻ
കൂട്ടുകാരികളെ ഹൃഷ്ടചിത്തയായ്
നഷ്ടവസ്തു തിരികെക്കിടച്ചതിൻ
തുഷ്ടിയെങ്ങനെയൊതുക്കിടും സ്വയം?
ഏകപാപിയനുതാപിയാകുകിൽ
ദൈവദൂതരുടെയുൾപ്രമോദമോ
എത്രമാത്രമിനി ദിവ്യരക്ഷകൻ
ക്രിസ്തുനാഥനരുളുന്നതോർക്ക നാം.
(ഇടപ്പള്ളി തിരുനാൾ സ്മരണിക,1966)
