Kalikoottile Kalari

കാലിക്കൂട്ടിലെ കളരി


ഴിഞ്ഞു കുത്തുകളാകപ്പാടേ ലോകമഹാഗ്രന്ഥം

കുഴഞ്ഞുപോയോ? പോംവഴി നോക്കണമതിനെശ്ശരിയാക്കാൻ

പഴക്കമേറിവരുന്നതിനൊപ്പം നിത്യനവീനവുമായ്

തൊഴുത്തിലുണ്ടൊരു കളരിയതിൽ പോയ് ച്ചേർന്നു പഠിക്കുക നാം.

വിരിച്ച വൈക്കോലിന്മേലവിടെ പൂമൃദുമെയ് താങ്ങി

കരഞ്ഞു കാലും കൈയുമിളക്കും ശിശുവിനെ നാം കാണും. 

തുറന്ന പുസ്തകമാണതു ലോകം വായിക്കേണ്ടതിനായ്,

മറഞ്ഞിരിക്കും താളുകളില്ലതി, ലെല്ലാം പ്രസ്പഷ്ടം.

 അടുത്തുചെല്ലാമനുവാചകരായ് തെല്ലൊരുനേരത്തേ-

യ്ക്കടച്ചു പോകരുതക്ഷികളാച്ചെറു ശിശുവിൽ പതിയേണം

മിടിപ്പു സത്വരമാകും ഹൃത്തിൽ, പാരമഗാധത്തിൽ

കടന്നുപോകും നോട്ടം, നമ്മെത്തന്നെ മറക്കും നാം.

തെളിഞ്ഞ നല്ല ചലച്ചിത്രം പോൽ വരുമദ്ധ്യായങ്ങൾ

കുളിർമ്മ ഹൃത്തിൽ പകരും, കാഞ്ചന ശീർഷകമക്ഷിയിലും

തിളങ്ങുമായവയേവം “സ്നേഹം, ത്യാഗം ശാന്തത”യും

കളങ്കമറ്റ മനസ്സാക്ഷിയിലേ “സേവന ചോദന’വും

“മനുഷ്യജീവികൾ നീന്തിത്തുഴയുംചുടുകണ്ണീർക്കടലും, 

മനക്കരുത്തോടതിനെത്തരണം ചെയ്യേണ്ടും വിധവും,

 അനന്തമായതിനക്കരെയുള്ളാരു ഭവികനികേതനവും.”

മനസ്സിലാക്കണമദ്ധ്യായങ്ങൾ പലതുണ്ടിതുപോലെ.

പഠിച്ചു പണ്ടാഗ്രന്ഥമതല്ലിക യാട്ടിടയന്മാരും

തുടർന്നു പിന്നെയഭിജ്ഞന്മാർ ചില ഭൂപാലന്മാരും.

ഇടത്തരക്കാരും ചിലരെല്ലാം നോക്കീട്ടുണ്ടാകാം;

പഠിച്ചിടാത്ത വിനാശകരന്മാരെണ്ണത്തിൽക്കവിയും.

പുറപ്പെടാം നാം ബേതലഹേമിലെ ഗോശാലയിലേക്കായ്

തുറന്നിരിക്കുകയാണാഗ്രന്ഥം നല്ല വെളിച്ചത്തിൽ.

പറിഞ്ഞ കുത്തുകൾ ശരിയാക്കീട്ടി ലോകം നന്നാക്കാൻ

നിറഞ്ഞ വിജ്ഞാനത്തിൻ നിധികൾ നേടാമതിൽ നിന്നും.

ഗുരുവരനാഗ്രന്ഥം തന്നെ;ദക്ഷിണയായ് നല്കാ-

നൊരിക്കലും വേണ്ടൊരു നാണയവും,സ്നേഹം മതിയാകും

ശരിക്കു നമ്മെ വഴികാണിക്കാൻ വരുമൊരു നക്ഷത്രം

തിരിക്കണം നാമവിളംബം, പോയ് കാര്യം നേടിവരാം

 

                                                                              (വിശ്വദീപ്തി, ഡിസംബർ, 1970)