Kavithakamini

കവിതാകാമിനി


സ്തഗിരിമുകളെത്തിനിന്നീടുന്ന

മാർത്താണ്ഡദേവന്റെ ദീപ്തിയാലേ 

പാർത്തലമാകവേ ചീർത്തൊരു കാന്തിയേ 

ചേർത്തുവിളങ്ങുന്ന സായാഹ്നത്തിൽ, 

ഉന്നതമായൊരുമൈതാനദേശത്തു 

തെന്നലുമേറ്റു സുഖിച്ചുകൊണ്ട്, 

ചിന്തകൾക്കൊന്നിനും കീഴടങ്ങാതെ ഞാൻ 

സന്തുഷ്ടചിത്തയായ് വാണിരുന്നു. 

പച്ചപ്പട്ടൊന്നു വിരിച്ചതുപോലേറ്റം 

മെച്ചമേറിടുമാ പുൽപ്രദേശം 

ഓളമില്ലാത്തൊരു വൻകടൽ പോലൊട്ടു 

നീളത്തിലങ്ങുകിടന്നിരുന്നു.

ലോകമാം വിദ്യാലയത്തിലേ കുട്ടികൾ- 

ക്കാകവേ ചേർന്നു കളിപ്പതിന്നായ് 

സമ്മോദപൂർവമീ നല്ലകളിത്തട്ടു

ബ്രഹ്മാണ്ഡശില്പി ചമച്ചതാവാം.

അന്നു ഞാനേകയായാക്കളിത്തട്ടിന്മേ-

ലൊന്നുമനങ്ങാതെ നിന്നിരുന്നു. 

ആലസ്യമറ്റു ഞാൻ നാലുവശത്തേക്കും 

ചേലോടെൻ കണ്ണുതിരിച്ചനേരം

ഭൂലോകം മുക്കാലുമൊന്നാകെക്കാണുവാൻ

മാലേതുമുണ്ടായതില്ല ചൊല്ലാം

ബ്രഹ്മാണ്ഡമാകുന്ന സുന്ദരിതന്നുടെ-

യമ്മനോമോഹനമാം ഗളത്തിൽ 

കുറ്റമകന്നുള്ളൊരഡ്‌ഢിയവിൽ കോർത്ത 

മാറ്റേറും നല്ലപതക്കംപോലെ 

ചക്രവാളത്തിന്റെ പശ്ചിമഭാഗത്തു 

നില്ക്കുന്നു ദിവ്യമണിപ്രകാണ്ഡം. 

പച്ചനെല്ലോലകൾ ചെങ്കനൽകാന്തിയിൽ 

മെച്ചമോടാടി വിഹരിക്കുന്ന

പാടങ്ങൾ സീമയില്ലാതെ വിശാലമാ യ് 

മോടിയിൽ കാണുന്നുണ്ടാട്ടുദൂരെ; 

തോടുകളുണ്ടതിൻമദ്ധ്യേ പലേടത്തും

കൂടുന്ന ശാഖോപശാഖയോടെ; 

കേരത്തോട്ടങ്ങളും വാഴത്തോട്ടങ്ങളും

ദൂരത്തു കാണുന്നുണ്ടങ്ങുമിങ്ങും.

ദൃഷ്ടിക്കുഗോചരമെങ്കിലുമേതുമേ

സ്പഷ്ടമല്ലാതെ വളരെ ദൂരെ

ഓളമടിച്ചങ്ങു വേറൊരുഭാഗത്തു 

കേളിയാടുന്നു മഹാസമുദ്രം

പൊങ്ങിയും താണുമിടമുറിഞ്ഞും ബഹു-

ഭംഗിയേറീടുന്ന കുന്നുകളും,

പാദപജാലമിടതിങ്ങിക്കണ്ണിനു 

മോദമേകീടുന്ന താഴ് വരയും,

ഊറ്റുകളും ചെറുവെള്ളച്ചാട്ടങ്ങളും

മറ്റൊരുഭാഗത്തു ശോഭിക്കുന്നു. 

വേലസ്ഥലംവിട്ടു സാധുക്കൾ തങ്ങടെ 

കൂലിയും വാങ്ങിക്കരത്തിലേന്തി 

വീടുകൾ നോക്കി ത്വരിതം ഗമിക്കുന്നു 

കൂടുകൾ തേടുന്നു പക്ഷികളും. 

വൻപുവെടിഞ്ഞിട്ടു പങ്കജമാകവേ 

കൂമ്പിത്തുടങ്ങുന്നു മന്ദമന്ദം.

ആനന്ദവാരിധിക്കുള്ളിലകപ്പെട്ടു 

ഞാനങ്ങു നീന്തിത്തുടങ്ങിമെല്ലെ. 

മങ്ങിമറയുന്നു മന്ദം ദിവാകരൻ 

പൊങ്ങിയടുക്കുന്നു കൂരിരുട്ടും. 

സീമയില്ലാതെന്റെ കണ്ണുകൾ രണ്ടിനു- 

മാമോദം നൽകിയ കാഴ്ചയെല്ലാം

യൗവനം വിട്ടൊരു സുന്ദരിതന്നുടെ 

ലാവണ്യധാമംപോൽ മങ്ങിടുന്നു.

ബ്രഹ്മാണ്ഡമാകവേ ഗംഭീരഭാവത്തിൽ 

ചെമ്മേ നിശ്ശബ്ദത വ്യാപിക്കുന്നു. 

വീടുകൾ തോറും കൊളുത്തിയ ദീപങ്ങൾ- 

ക്കാടലേകീടുവാനെന്നപോലെ

അംബരവീഥിയിൽ വന്നുനിരക്കുന്നു 

ഡംഭേറിടും ചില തേജഃപുഞ്ജം. 

എന്തെന്നില്ലാതൊരു ധ്യാനത്തിലപ്പോളെ-

ന്നന്തരംഗം ചെന്നു ചാടുകയാൽ

ചാരുകസാലപോൽ ചാഞ്ഞൊരുപാറമേൽ

ചാരിക്കിടന്നു ഞാൻ സ്വസ്ഥയായി. 

കണ്ണുകളാകാശദേശത്തും മാനസം 

വിണ്ണിലും ചുറ്റിത്തുടങ്ങി മന്ദം. 

ആഴമേറീടുന്നചിന്താപരമ്പര- 

യാഴിപോലോളമടിച്ചു ഹൃത്തിൽ; 

വാനവരോടൊത്തു വിണ്ണിൽ വസിക്കുമ്പോ-

ലാനന്ദപൂരത്തിലാണ്ടുപോയ് ഞാൻ.

ജീവൻ പിരിയാതെ ദേഹമീലോകത്തിൽ

മേവുന്നകാര്യം ഞാൻ വിസ്മരിച്ചു. 

ഈരേഴുലോകവും ചുറ്റിയെൻ മാനസം 

സ്വൈരസഞ്ചാരത്തിന്നാരംഭിച്ചു.

ഐഹികചിന്തയാം ഭാരത്തേ വിട്ടുഞാൻ

വാഹനം കൂടാതെ യാത്രചെയ്തു. 

അഞ്ചിതകൗതുകം ജോലിയെല്ലാം വിട്ടു 

പഞ്ചേന്ദ്രിയങ്ങളുമാശ്വസിച്ചു.

ബോധക്ഷയമല്ല നിദ്രയുമല്ലെന്നെ 

ബാധിച്ചോരാസ്ഥിതി നിശ്ചയം താൻ. 

യോഗീശ്വരന്മാരിൽ സംതൃപ്തി ചേർക്കുന്ന 

യോഗവുമീവിധമായിരിക്കാം.

ഉൽകൃഷ്ടമായൊരീ  ധ്യാനത്തിലാണ്ടു ഞാൻ 

മുക്കാലും സായുജ്യപ്രാപ്തയായി

മേവുന്നനേരത്തു കർണ്ണങ്ങൾ രണ്ടിലും 

താവുന്ന പീയൂഷധാരപോലെ

വാനുലകത്തിലേ മാനിനീ വർഗ്ഗത്തിൻ

ഗാനവിശേഷത്തിന്നിണ്ടലേകി

മാനം കെടുത്തുന്ന നല്ലൊരു സംഗീതം

വാനിൽ മുഴങ്ങുന്നതായിക്കേട്ടു.

എന്തൊരുമാധുര്യം കർണ്ണങ്ങൾ രണ്ടിലും 

ചിന്തുന്നതെന്നു ഞാനമ്പരന്നു.

“സന്താനശാഖിതൻ പൂവിൽ നിന്നോലുന്ന 

പൂന്തേനെൻ കാതിൽ പതിച്ചിടുന്നോ? 

പഞ്ചവർണ്ണക്കിളിപ്പൈതലെൻ കർണ്ണത്തിൽ 

കൊഞ്ചിക്കുഴഞ്ഞു ചിലച്ചിടുന്നോ?

ചന്ദനക്കുന്നിൽനിന്നെത്തുമിളങ്കാറ്റു 

ചന്ദനച്ചാറുചൊരിഞ്ഞിടുന്നോ?

കോകിലം പാടുന്ന പഞ്ചമരാഗമോ? 

നാഗസ്വരത്തിന്റെ മാധുര്യമോ? 

ആരെന്റെ കർണ്ണങ്ങൾ രണ്ടിലുമീവിധം

ധാരയൊഴുക്കുന്നു പീയുഷത്താൽ? 

ഈവിധമോരോന്നു ചിന്തിച്ചു ഞാനങ്ങു 

മേവുമ്പോളാശബ്ദം മെല്ലെ മെല്ലെ

ദ്യോവിനേ വിട്ടൊരു സംശയമെന്നിയേ 

ഭൂവിലേക്കെത്തുന്നതായിത്തോന്നി.

ചിന്തയ്ക്കതീതമാം ഭാഗ്യമീലോകത്തി-

ന്നെന്തോ വന്നെത്തീടുന്നെന്നുറച്ച് 

താങ്ങുവാൻ വയ്യാത്തോരാനന്ദംകൊണ്ടെന്റെ- 

യംഗങ്ങളെല്ലാം തളർന്നുപോയി.

ഏതും പ്രതീക്ഷിക്കാതുള്ളൊരു സംഭവ- 

മാദിക്കിലുണ്ടായി തത്സമയം;

ലില്ലിപ്പൂപോലതിമാർദ്ദവമേറിയ

നല്ലൊരു വസ്തുവൊന്നെൻ കവിളിൽ 

ചേമ്മേപതിക്കവേ തെല്ലൊന്നു ഞെട്ടി ഞാൻ

കോൾമയിർക്കൊണ്ടുപോയ് മേനിയെല്ലാം.

പെട്ടെന്നു കണ്ണുതുറന്നു ഞാൻ നോക്കവേ 

ദൃഷ്ടിയിൽപെട്ടൊരു തേജഃപുഞ്ജം, 

എട്ടുദിഗന്തവും പാരം പ്രശോഭിച്ചു 

നട്ടുച്ചനേരംപോൽ കാണപ്പെട്ടു

വർണ്യമല്ലാത്തൊരാ തേജസ്സുകൊണ്ടെന്റെ 

കണ്ണുകൾ താനേയടഞ്ഞുപോയി.

എന്തൊരു കാഴ്ചയിതെന്നറിഞ്ഞീടുവാൻ 

ചിന്തുന്ന ജിജ്ഞാസയോടുകൂടി

വീണ്ടും തിരുമ്മിത്തുടച്ചു ഞാൻ കണ്ണുക-

 ളിണ്ടലകന്നു തുറക്കുന്നേരം, 

മന്നിലും വിണ്ണിലുമില്ലാത്തതേജസ്സു

കന്യകാരൂപമായ് തീർന്നപോലെ,

ചിന്നിച്ചിതറുന്ന കാന്തിയോടൊത്തെന്റെ 

മുന്നിൽ നിൽക്കുന്നൊരു സ്ത്രീസ്വരൂപം. 

എന്തൊരു പുഞ്ചിരി, യെന്തൊരുചാഞ്ചാട്ട-

മെന്തൊരു സംഗീത, മെന്തുതാളം! 

ചില്ലിക്കൊടികളിളക്കുന്ന കാഴ്ചയിൽ

സ്വർല്ലോകംപോലും മയങ്ങിപ്പോകും. 

ചുണ്ടിൽ പരക്കുന്ന പുഞ്ചിരി കാണുകി-

ലണ്ടർ കോനാലസ്യപ്പെട്ടുവീഴും. 

കറ്റാർകുഴലിനോടൊത്തു വിലസുന്ന 

നെറ്റിത്തടത്തിന്റെ കാന്തിപൂരം, 

പങ്കമകന്നുള്ള മേഘത്തിൻ കീഴിലേ 

തിങ്കൾക്കിടാവിനേ കുമ്പിടീക്കും. 

ചാഞ്ചാടും വേളയിലാടിമറിയുന്നോ-

രഞ്ചിതമായുള്ള കുണ്ഡലങ്ങൾ, 

കണ്ണാടിക്കൊപ്പമായ് മിന്നിത്തിളങ്ങുന്ന

ഗണ്ഡസ്ഥലത്തു നിഴലിക്കുന്നു. 

എന്തിനുവർണ്ണന! സൗന്ദര്യധോരണി 

ചിന്തുമാവിഗ്രഹമൊന്നു കണ്ടാൽ, 

വിദ്യുല്ലതികയും പാദം നമിച്ചിടും.

സിദ്ധനും മത്തുപിടിച്ചുപോകും.

സ്വർഗ്ഗവിഭവത്തേ ഭൂമിയിൽ കാട്ടുന്നോ-

രക്കവികുഞ്ജരന്മാരുമെല്ലാം

മേലോട്ടും കീഴോട്ടും നോക്കാതെ തൽക്ഷണം

തൂലികതാഴത്തുവച്ചുപോകും.

ചായപ്പകിട്ടിനാൽ ലോകം മയക്കുന്ന

മായാവിയായുള്ള ചിത്രകൃത്തും

ഊനമകന്നൊരിതേജസ്സുകാണുകിൽ 

താനേ മയങ്ങിടുമില്ലവാദം.

ഈവിധമുള്ളൊരു സുന്ദരീരത്നത്തിൻ

പാവന കോമളശ്രീകളിക്കും 

ഓമനച്ചുണ്ടുകളാണെന്നെ സ്പർശിച്ചോ- 

രാമനോമോഹനമായ വസ്തു

മിന്നൽ പിണറുപോൽ വീണ്ടും കുനിഞ്ഞവൾ

മന്ദമെൻമറ്റേ കവിൾത്തടത്തിൽ 

തൻചൊരിവായ് മലർ കൊണ്ടു പതിച്ചൊരു 

തേഞ്ചോരും ചുംബനമേറ്റനേരം 

പഞ്ചാമൃതം കൊണ്ടുലേപനം ചെയ്തുള്ളോ-

രെൻ ചിത്തതാരിനേ പീയൂഷത്താൽ 

ധാര ചൊരിഞ്ഞു കുളുർപ്പിച്ചിടുംവിധം

പാരിച്ചോരാനന്ദമെന്തുചൊല്ലാം! 

കുമ്പിടും വേളയിൽ കൂന്തലഴിഞ്ഞൊരു 

വമ്പിച്ചമേഘപടലംപോലെ!

ചിന്നിച്ചിതറിയെൻ ദേഹത്തുവീണെന്നെ- 

യൊന്നാകെ മൂടിപ്പുതപ്പിച്ചപ്പോൾ, 

തിങ്ങിയ പൂമണം കാറ്റിൽ പറന്നങ്ങു 

പൊങ്ങിസുരലോകസീമയോളം.

തങ്കച്ചെന്താമരപ്പൂക്കളെന്നേവനും

ശങ്കതോന്നിച്ചീടും കൈകളാലേ 

നീണ്ടുചുരുണ്ടു കറുത്തപൂവേണിയെ 

വണ്ടാർകുഴലിയാൾ നീക്കിമെല്ലെ,

പല്ലവകോമളമായൊരക്കൈകളാൽ

 മെല്ലെത്തലോടിയെൻ ദേഹമെല്ലാം. 

കെട്ടിപ്പിടിച്ചെന്നെ മാറോടുചേർത്തന്റെ 

നെറ്റിത്തടത്തിലുമുമ്മവച്ചു

കൈതവമറ്റൊരു വാത്സല്യമീവിധം 

പൈതൽ പ്രായത്തിന്നുശേഷമെന്റെ 

അമ്മയുമെന്നോടുകാണിച്ചിട്ടുള്ളതാ-

യോർമ്മയെനിക്കില്ല തെല്ലുപോലും.

“ആരിവളെന്നോടീ വാത്സല്യം കാണിപ്പാൻ 

കാരണമെന്തെന്ന” ചിന്തയോടെ പാറയാം

തല്പത്തേവിട്ടെഴുന്നേറ്റു ഞാൻ 

കാറണിവേണി തന്നന്തികത്തിൽ

മന്ദമെൻമുട്ടുകളൂന്നിട്ടു സാദരം 

വന്ദിപ്പാൻ കൂപ്പിയ കൈകൾ രണ്ടും 

സ്വർണ്ണശലാകയാലെന്നപോൽ തൽക്ഷണ- 

മർണ്ണോജനനേത്രയാൾ തൻകരത്താൽ

ബന്ധിക്കപ്പെട്ടെന്നുമാത്രമല്ലെന്നെയാ 

ബന്ധുരഗാത്രിയാളൊന്നുകൂടി

ചേർത്തു പുണർന്നിട്ടു പൈതലെപ്പോലങ്ങു

ചേർത്തുകരങ്ങളിൽ നിഷ്പ്രയാസം. 

ആലോലഗാത്രിയാൾ പിന്നീടുകാണിച്ച 

ലീലാവിലാസങ്ങൾ വർണ്ണിച്ചീടാൻ

ശേഷനും ശേഷിപോരെന്നല്ല, വാക്കുകൾ 

ഭാഷയിലൊന്നിലും കിട്ടുകില്ല.

പാർത്തലംവിട്ടവൾ തെല്ലൊന്നുയർന്നു

നൃത്തവും പാട്ടും തുടങ്ങിമെല്ലെ.

ഭംഗിയേറീടുന്നൊരംഗങ്ങളിലെല്ലാം

തിങ്ങുന്ന ഭൂഷണജാലമപ്പോൾ

ശിഞ്ജിതഘോഷത്താൽ താളംപിടിച്ചതാ

മഞ്ജുള ഗാത്രിയറിഞ്ഞതില്ല.

പൂച്ചെണ്ടുപോലെന്നെക്കൈയിലെടുത്തവ- 

ളുച്ചത്തിൽ മന്ദം ചുഴറ്റിമേന്മേൽ.

മാർദ്ദവമേറുന്ന പാദസരോജങ്ങൾ

പാർത്തലത്തിലെങ്ങും തൊട്ടിടാതെ, 

ആടിമറിഞ്ഞുമറിഞ്ഞവളെത്രയും

മോടിയിൽ ചെയ്യുന്ന നൃത്തം നോക്കി 

ഉർവശി, മേനക, രംഭ തുടങ്ങിയ 

സ്വർവ്വധൂരത്നങ്ങളമ്പരന്നു. 

കാളിന്ദിതന്നിലെക്കല്ലോലജാലംപോൽ

നീളെച്ചുരുണ്ട കറുത്തുനീണ്ട 

വാർകൂന്തൽ മന്ദമിളകിക്കളിക്കവേ 

കാർകൊണ്ടലെല്ലാമൊളിച്ചുമണ്ടി. 

ചെമ്പവിഴങ്ങൾക്കിടയ്ക്കു നിരത്തിയ

വൻപെഴും മുത്തുകൾക്കൊപ്പമായി 

അക്ഷയഭാസ്സെഴും ദന്തനിര കണ്ടു 

നക്ഷത്രജാലവും മങ്ങിപ്പോയി. 

പുഞ്ചിരിച്ചന്ദ്രിക നാട്ടിലെല്ലാം ചിന്നു-

മഞ്ചിതമാം മുഖപാർവണേന്ദു 

അംബരേശോഭിച്ചുനില്ക്കയാലോ; മതി-

ബിംബത്തെക്കണ്ടില്ല വാനിലെങ്ങും. 

മംഗളവാണിതൻ സംഗീതം വാനത്തിൽ

പൊങ്ങി മുഴങ്ങിത്തുടങ്ങിമെല്ലെ. 

എട്ടുദിഗന്തവും നിശ്ശബ്ദമായ്ത്തീർന്നു 

മട്ടോലും ഗാനത്തിന്റെ മാധുരിയാൽ. 

വൃക്ഷം ചലിച്ചില്ല, പൂക്കൾ പൊഴിഞ്ഞില്ല

പക്ഷികളൊന്നുമനങ്ങിയില്ല.

ഝില്ലികൾ ഝങ്കാരനാദം തുടർന്നില്ല 

നല്ലൊരു തെന്നലും വീശിയില്ല. 

ഓളമടിച്ചില്ല വാരിധിയൊന്നുമേ 

വ്യാളങ്ങൾ പാഞ്ഞില്ല കാടുകളിൽ. 

വാഹിനിയൊന്നുമൊഴുക്കുതുടർന്നില്ല, 

വാഹനങ്ങളൊന്നുമോടിയില്ല. 

മണ്ഡൂകജാലത്തിൻ ശബ്ദവും കേട്ടില്ല, 

വിണ്ണവർപോലും ചരിച്ചുമില്ല.

ഊളന്റെ ശബ്ദവും കേട്ടതില്ലെങ്ങുമേ

കാളിയും കൂളിയും കൂകിയില്ല.

ആദിത്യചന്ദ്രന്മാർ യാത്ര തുടർന്നില്ല,

മേദിനിചുറ്റിയില്ലംബരത്തിൽ.

ബ്രഹ്മാണ്ഡമാകെയീ മാധുര്യഗീതത്തിൽ

ചെമ്മേലയിച്ചു പോയെന്നേ വേണ്ടൂ.

കല്പാന്തകാലത്തേ നിശ്ചലതയെല്ലാ-

മിപ്പോഴീ ബ്രഹ്മാണ്ഡം കാട്ടിടുന്നു.  

സുന്ദരീരത്നത്തിൻ സംഗീതം പിന്നെയു-

മൊന്നിനൊന്നങ്ങു മുഴങ്ങിടുന്നു. 

താളം ചവിട്ടവേ കാലിലേനൂപുരം 

മേളം കലർന്നു കിലുങ്ങിടുന്നു

കൈവളകൾ തമ്മിൽ കൂട്ടിയടിക്കുന്നു, 

കൈവിരൽകൊണ്ടു ഞൊടിച്ചിടുമ്പോൾ. 

മാലാകലാപങ്ങൾ കൂടിയുരസിട്ടു. 

മാലാകലാപത്തെ കാട്ടീടുന്നു.

കോടിസൂര്യപ്രഭ കോലുന്ന രത്നങ്ങ-

ളാടിക്കളിക്കുന്നു കാതുകളിൽ.

മേദിനീപാർശ്വങ്ങൾ രണ്ടിലും ചോർന്നുള്ളോ-

രാദിത്യചന്ദ്രന്മാരെന്നപോലെ

പട്ടാംബരത്തിന്റെയറ്റം പറന്ന ങ്ങു

വട്ടം കറങ്ങിടുന്നംബരത്തിൽ.

പുല്കൊടിപോലൊരു കൈയിലിരുന്നു ഞാൻ

നോക്കിരസിക്കുന്നിക്കാഴ്ചയെല്ലാം.

ക്ഷീണിച്ചതില്ലവൾ നൃത്തഗീതങ്ങളാൽ

താണില്ലശബ്ദവും തെല്ലുപോലും.

ആരിവളെന്നറിഞ്ഞീടുവാനെൻ ചിത്തേ

പാരിച്ചജിജ്ഞാസയോടുകൂടി, 

പെണ്മണിമാണിക്യം തന്മുഖാംബോജത്തേ

കണ്മിഴിച്ചൊന്നു ഞാനുറ്റുനോക്കി. 

കാന്തമാം കാർനെടുംകണ്ണുകൾ രണ്ടിലും

ചിന്തുംനീലദ്യുതിയക്ഷണത്തിൽ, 

നല്ലൊരു പുഞ്ചിരിപ്പൂനിലാവിൽ കലർ-

ന്നുല്ലസിച്ചെന്റെ മുഖത്തണഞ്ഞു.

ചെല്ലക്കിടാവിനെപ്പോലെന്നെക്കൈകളിൽ 

മെല്ലെ, വിലങ്ങെപ്പിടിച്ചുകൊണ്ട്, 

ആലോലഗാത്രിതലയുമാട്ടിപ്പരം 

താലോലിച്ചെന്നോടുചൊല്ലിയേവം. 

“മേരി! കുമാരി നീയെന്നെയറികില്ലേ? 

നേരുപറയെടി! കള്ളിപ്പെണ്ണേ! 

ചോദിച്ചറിയുവാൻ സന്ദർഭംകിട്ടാഞ്ഞോ 

ഖേദിച്ചിടുന്നെന്റെ മേരിക്കു ഞ്ഞോ!

കണ്ടാലറിയാത്ത കൊച്ചുങ്ങളോരോന്നു

കൊണ്ടാലറിഞ്ഞീടു” മെന്നുചൊല്ലി 

ഫുല്ലാംബുജത്തിനെ വെല്ലുംകരങ്ങളാൽ 

പല്ലവഗാത്രിയാൾ മന്ദമന്ദം,

ലീലയാതാഡിച്ചെൻ കന്നങ്ങൾ രണ്ടിലും 

ചേലൊടീവണ്ണം തുടർന്നുരച്ചു.

“ഓമനേ! മൂന്നുലോകത്തിലും പേർപെട്ട

കാമിനിഞാനെന്നറിയണം നീ; 

വേഷപ്പകിട്ടുകൾ ഭൂഷാവിശേഷങ്ങൾ

ശേഷമിക്കാണുന്നതൊന്നുകൊണ്ടും 

എന്നെത്തിരിച്ചറിഞ്ഞീടുകില്ലാരുമീ

മന്നിടേ എന്നതു സത്യമത്രേ. 

സന്താപഹാരിണി, സന്തോഷദായിനി, 

യന്തം കുളുർപ്പിക്കും സുന്ദരാംഗി, 

എന്നെല്ലാം പാടിജ്ജഗത്രയവാസിക-

ളെന്നും പുകഴ്ത്തുന്നതെന്നെയത്രേ. 

പണ്ഡിതന്മാരെന്റെ പാദം വണങ്ങുന്നു, 

വിണ്ണവരെന്നെയാരാധിക്കുന്നു.

വത്സലേ! നീയും പലപ്പോഴും വന്നെന്റെ-

യുത്സംഗമേറിക്കളിക്കുന്നില്ലേ! 

ഞാനല്ലേ സങ്കടവൻകടലിൽ നിന-

ക്കാനന്ദമേകുന്നതോർമ്മയില്ലേ!

ഞാനല്ലേ ലോകത്തെ പോറ്റുന്ന നായിക! 

ഞാനല്ലേ സ്നേഹത്തിനേകമൂർത്തി

ഞാനല്ലേ നിസ്സാരവസ്തുക്കൾക്കൊക്കെയും

മാനംകൊടുക്കുമുദാരബുദ്ധി!

ഞാനല്ലേ സുന്ദരി! ഞാനല്ലേ നിർമ്മല!

ഞാനല്ലേ മാനിനീമൌലിരത്നം!

ഇല്ലാത്തതുണ്ടാക്കാൻ ബ്രഹ്മാവിനെക്കാളും 

വല്ലഭത്വം പരമുണ്ടെനിക്ക്.

സംഹരണത്തിനു ഞാൻ തുനിഞ്ഞീടുകിൽ

സംഹാരമൂർത്തിയും തോറ്റുപോകും.

മായപ്പകിട്ടു ഞാൻ കാട്ടിത്തുടങ്ങിയാൽ 

മായാവിമാരും മയങ്ങിപ്പോകും. 

ദുഷ്ടന്മാരെന്നോടടുക്കിലവരേ ഞാൻ

ശിഷ്ടന്മാരാക്കിയേ വിട്ടയയ്ക്കൂ. 

വൻ ചതിയന്മാരെപ്പാട്ടിലാക്കാനുമി

പുഞ്ചിരിമാത്രമെനിക്കു പോരും. 

സാമവും ദാനവും മാത്രം പ്രയോഗിച്ചു 

കാമക്രോധാദിയേ നീക്കിടും ഞാൻ. 

സൽ“പദവിന്യാസം” കാമിക്കുന്നോരെങ്കി

ലപ്പദവിന്യാസമങ്ങുകാട്ടും. 

അർത്ഥത്തിലത്യാശയുള്ളവരെങ്കിൽ ഞാ-

 നർത്ഥം കൊടുത്തെന്റെ പാട്ടിലാക്കും.

 “ശയ്യാസുഖത്തിലഭിരുചിയുള്ളാരെ

ശയ്യാസുഖംകൊണ്ടുമാകർഷിക്കും.

നല്ലോ“രലങ്കാര കാംക്ഷികളെങ്കിൽ ഞാൻ 

ചെല്ലുമടുക്കലലംകൃതയായ്.

തിങ്ങും“രസ”ക്കൊഴുപ്പാരിലും ചേർക്കുന്ന

ശൃംഗാരംതൊട്ട നവരസങ്ങൾ,

ഒന്നും കുറയാതെൻ കൈവശമുണ്ടതു 

സന്ദർഭംപോലങ്ങും കാട്ടിടും ഞാൻ. 

ആരിലും പ്രീതികൂടാതെ വർത്തിപ്പാൻ 

ചേരുന്ന നല്ലൊരു രീതിയെല്ലാം, 

പേരെടുത്തുള്ളൊരു സൂരികുലോത്തമ-

 ന്മാരുപദേശിച്ചിട്ടുണ്ടെനിക്ക്.

ഉത്തമന്മാരോടു സംസർഗ്ഗം ചെയ്കയാൽ

 “വൃത്ത”ത്തിനു കുറവേതുമില്ല.

ഭക്തിയോടെന്നെ ഭജിക്കുന്ന മർത്യനേ 

മുക്തിമാർഗ്ഗത്തിൽ നയിച്ചിടും ഞാൻ. 

എന്നോടടുത്തു വസിക്കും പുമാനൊരു

ഖിന്നതതട്ടുകില്ലൊന്നുകൊണ്ടും. 

അല്ലും പകലുമാ വേനലും വർഷവു- 

മുല്ലാസസമ്പൂർണ്ണമാക്കിത്തീർക്കാൻ,

ആടലകന്നൊരു പാടവമെപ്പോഴും

കൂടുമെനിക്കതുകൊണ്ടുതന്നെ, 

“നല്ലാർജനമണിമൌലി”യെന്നെന്നെയാ-

നല്ലവരെല്ലാം വിളിച്ചിടുന്നു. 

ഭൂതലമാകവേ ദുർവ്വഹമായുള്ളോ-

രീതിബാധയ്ക്കുവശപ്പെട്ടാലും,

ദാരിദ്ര്യദേവത പാരിടമെങ്ങുമേ

ഭേരിയടിച്ചു വിലസിയാലും,

മന്നവന്മാരെല്ലാം ഭിന്നിച്ചു യുദ്ധത്താൽ

മന്നിടമാകെ വിറപ്പിച്ചാലും,

ഞാനുമെൻ ഭക്തരുമൂനമകന്നുള്ളോ-

രാനന്ദത്തോടെ വസിക്കുമെന്നും.

കാണുന്നതൊക്കെയുമാനന്ദദായക-

മാണെന്റെ കൈവശം വന്നിടുമ്പോൾ. 

ഉപ്പിട്ടവട്ടിയേ പീയൂഷകുംഭത്തോ-

ടൊപ്പമായ് ലോകത്തിൽ കാട്ടിടും ഞാൻ. 

“കീറത്തലയിണ” “വീണപൂ”വെന്നിവ-

യ്ക്കേറുന്ന മാഹാത്മ്യം കാണുന്നില്ലേ? 

ആത്മജേ! ഞാനിപ്പറയുന്നതൊന്നുമേ-

യാത്മപ്രശംസയെന്നോർത്തിടല്ലേ!

ഭൂമിയിലെങ്ങുമേയെന്നെപ്പോലിന്നൊരു

കാമിനീരത്നത്തെ കാണുകില്ല. 

ആരു ഞാനെന്നറിഞ്ഞീടുവാൻ ജിജ്ഞാസ 

മേരി! നിനക്കു വളർന്നിടുന്നോ? 

സൂരികുലോത്തമരങ്കമേറ്റിപ്പരം

താരാട്ടുപാടികളിപ്പിക്കുന്ന

ചെല്ലക്കിടാവായ “സത്കവിതാംഗന-

യല്ലേ ഞാനെന്നെ നീ കേട്ടിട്ടില്ലേ?

എല്ലാം തികഞ്ഞങ്ങു സൃഷ്ടിക്കപ്പെട്ടൊരു

മല്ലാക്ഷിയാണു ഞാനോർത്തു കണ്ടാൽ.

കോലം ധരിച്ചെന്റെ പേരും പറഞ്ഞങ്ങു 

നാലുദിശിയും നടന്നുകൊണ്ട്,

തട്ടുമേടിക്കുന്ന പെണ്ണുങ്ങൾ ലോകത്തി-

ലൊട്ടല്ല ഞാനതും കാണുന്നുണ്ട്. 

കണ്ണുള്ളവരെന്നെക്കണ്ടാലറിയുമി-

പ്പെണ്ണുങ്ങൾ പേക്കൂത്തുകാട്ടിയാലും. 

സൃഷ്ടികർത്താവിന്റെ പാടവം വേറൊരു

സൃഷ്ടിയിലീവിധം കാണുകില്ല

ശ്രേഷ്ഠതയുള്ളൊരു വസ്തുക്കളൊക്കെയെ-

ന്നിഷ്ടംപോൽ സേവയ്ക്കു നിന്നിടുന്നു.

മായാമയമായോരിപ്രപഞ്ചത്തിന്റെ 

മായകളെല്ലാമകലെ നീക്കി,

അക്ഷയമായുള്ള ശോഭയോടൊത്തതിൻ  

സൂക്ഷ്മ പ്രതിബിംബം കാണിക്കുന്ന 

പങ്കമകന്നൊരു ദർപ്പണമത്രേ ഞാ-

നെൻ കഴൽ കൂപ്പുന്നു ലോകമെല്ലാം. 

ചേതോഹരമായ മട്ടു നിയതിയ-

ങ്ങേതൊരുദിക്കിൽ നിഴലിച്ചാലും,

മംഗലരൂപിണി “സൽക്കവിതാംഗന

യങ്ങുവിലസുന്നതായിക്കാണാം. 

ഏകാഗ്രചേതസ്സോടേവം നിയതിതൻ

സൗകുമാര്യങ്ങളേ വീക്ഷിച്ചു നീ,

ധ്യാനിച്ചുതന്നത്താൻ വിസ്മരിച്ചത്രയു-

മാനന്ദമത്തയായീ സ്ഥലത്തിൽ

വാണതുകണ്ടെനിക്കുള്ളം കുളുർക്കയാൽ

കാണപ്പെട്ടീവിധം നിന്റെ മുമ്പിൽ. 

അല്ലലകന്നു നീയെന്നുമിതേവിധ-

മുല്ലാസത്തോടെ വസിച്ചുകൊൾക!

ആനന്ദസർവ്വസ്വക്കാതലാമെന്നെ നീ

ധ്യാനിക്കുമ്പോളെല്ലാം വന്നീടാം ഞാൻ. 

തങ്കക്കുടമേ! നീ നന്നായ് വരട്ടെന്നും, 

മങ്കമാർ മൗലിയായ് വാഴട്ടെന്നും, 

നേരം വളരെയായ് സൂര്യനുദിച്ചീടും 

നേരംവരുന്നല്ലോ പോകട്ടെ ഞാൻ. 

നന്നായ് വരട്ടെ നീ!” എന്നുവീണ്ടും പറ-

ഞ്ഞൊന്നുകൂടിപ്പുണർന്നുമ്മവച്ച്,

പാറപ്പുറത്തെന്നെ ചാരിക്കിടത്തീട്ടാ-

കാറണിവേണിയാൾ മാറിനിന്നു.

“പാടുകയെന്നെത്തുടർന്നു നീ ഞാനൊന്നു 

പാടിത്തരാ”മെന്നു ചൊല്ലിക്കൊണ്ട്, 

മാനിനിമാർമണിപാടിയുമാടിയും 

വാനത്തിലേയ്ക്കങ്ങുയർന്നു മന്ദം.

താരാട്ടു കേട്ടൊരു പൈതങ്ങളെപ്പോലെ-

യീരേഴുലകമിപ്പാട്ടുകേട്ട്

മന്ദംമയങ്ങിത്തുടങ്ങിയ കാഴ്ച ഞാൻ

നന്നായിക്കണ്ടതായോർമ്മിക്കുന്നു. 

ഏറ്റുപാടീടുവാനായി ഞാൻ ചുണ്ടുകൾ 

ചെറ്റു വിടർത്തതുമോർമ്മയുണ്ട്.

പിന്നത്തേസംഗതി സ്വപ്നമോ മായമോ

ഒന്നുമെനിക്കറിവില്ലതെല്ലും.

ദുർഗ്രാഹ്യമായുള്ളൊരാസ്ഥിതിവിട്ടു ഞാൻ

ജാഗ്രദവസ്ഥയിലെത്തിയപ്പോൾ, 

വിസ്തൃതമായൊരാ മൈതാനദേശത്തു

ചിത്രമാപാറയാം തല്പത്തിന്മേൽ,

രാകാശശാങ്കനുച്ചസ്ഥനായ് മേവുന്നോ-

രാകാശപ്പന്തലിന്റെ താഴെയായി,

ഞാനെന്നെക്കണ്ടു കഴിഞ്ഞകഥകളോർ-

ത്താനന്ദവാരിധിക്കുള്ളിലാണ്ടു.

                                                                               (ദീപിക, മേയ് 1927)