ക്രിസ്തുരാജന്റെ ജൈത്രയാത

ബോംബേ പുഞ്ചിരിതൂകിടുന്നു, ഹൃദയം
തിങ്ങുന്നെനിക്കൊപ്പമായ്
ബോംബേ പാരമണിഞ്ഞൊരുങ്ങി നിലകൊ-
ണ്ടീടുന്നതുണ്ടെന്തിനോ!
ബോംബേ പാല്ക്കടലിൽ തരംഗനിരയാൽ
ചൂഴപ്പെടുന്നത്ഭുതം!
ബോംബേപ്പട്ടണമേ, നിനക്കു തൊഴുകൈ!
ദൂരത്തുനിന്നാകിലും.
മംഗല്യത്തിനഹോ നിനക്കു നഗരീ,
കാലം സമീപിച്ചുവോ?
തുംഗപ്രൗഢിയിൽ നീ മണാട്ടികളെയും
വെല്ലുന്നതായി കാണ്മു ഞാൻ.
മുങ്ങിപ്പത്മിനിയിൽ കുളിച്ചു വിലയേ-
റീടുന്ന പട്ടും ധരി-
ച്ചംഗം തോറുമലങ്കരിച്ച സുഭഗേ,
നേരുന്നു ഞാൻ മംഗളം!
കൊള്ളാം; ഭാരതമാർഷഭൂമി, സുകൃതം
പെറ്റുള്ളാരാമാതൃവിൻ
നല്ലോരാനനമായതെളിഞ്ഞഴകിൽ നീ
യാറാടി മോദിക്കയാം.
അല്ലേ, വിശ്വമഹാപുരങ്ങളിൽ നിന-
ക്കൊന്നാമതാം സ്ഥാനമാ-
ണല്ലോ ഭാഗ്യവശാൽ കിടച്ച, തതിനാൽ
ചിന്തുന്നു മന്ദസ്മിതം.
അമ്മേ, ഭാരതമേ,തെളിച്ചു വഴി നീ
കർത്താവിനാ,യങ്ങയെ-
ക്കാണാനക്ഷമയായി നിന്നിടുകയോ
സൗവർണ്ണദീപത്തോടേ?
എന്നാലങ്ങുവരുന്ന വാർത്തയറിയി-
ച്ചീടാൻ പറന്നെത്തുമീ
വന്ദ്യന്മാരെ നമസ്കരിച്ചിടുക നീ
യാരാധ്യരാം ദിവ്യരെ.
ഭൂഖണ്ഡങ്ങളിലഞ്ചിൽ നിന്നുമൊരുപോ-
ലെത്തുന്നിതാസജ്ജനം
വേഗംകൂടിയ വാഹനങ്ങളിലിടം
കിട്ടാൻ തിടുക്കം പരം.
ആകാശത്തിൽ വിമാന,മജ്ജലധിയിൽ-
ക്കപ്പൽ സമൂഹം, കര-
യ്ക്കാകും മട്ടിലനേകജാതി ശകടം,
സർവ്വത്ര കോലാഹലം.
കല്ലോലം കളിയാടിടും ജനമഹാ-
രത്നാകരം തന്നെയാ-
ണല്ലോ ദിവ്യമഹോത്സവത്തിനിടയിൽ
ബോംബേമഹാപട്ടണം
എല്ലാത്താളുകളും മറിക്കപുറകോ-
ട്ടിന്ത്യാചരിത്രത്തിലെ-
ച്ചൊല്ലേറുന്നൊരു സംഭവത്തെയിതിനോ-
ടൊപ്പിക്കുവാൻ കിട്ടുമോ?
അദ്ധ്യായം നവമായ്തുറന്നുതരുമി-
സ്സംപൂജ്യസമ്മേളനം
വ്യത്യാസം ചെറുതില്ല പുണ്യധരണീ,
കൈവന്ന സൗഭാഗ്യമാം
നിത്യം താവക പൊന്മുഖത്തിനഴകേ-
റ്റീടുന്നൊരാരോമന-
കസ്തൂരിക്കുറിയായ് ലസിക്കുമാമലേ,
മായാതെയീ സംഭവം.
വത്തിക്കാനിലിരുന്നുകൊണ്ടു സതതം
ഭൂചക്രവാളത്തെയും
മെത്തും ദൈവികമാം മഹാജനപദം
നന്നായ് ഭരിക്കും മഹാൻ
എത്തുന്നുണ്ടിഹ പോപ്പുരാജനവിടു-
ന്നിന്നേവരേ മറ്റൊരേ-
ടത്തും തൃപ്പാദതാരണച്ചൊരറിവി-
ല്ലേതോരു രാഷ്ട്രത്തിലും.
മഞ്ഞിൻ മാമലതാഴ്ത്തണം സവിനയം
ശീർഷം നമസ്കാരമായ്
ഗംഗാ തൊട്ട മഹാസരിത്തുകൾ മുദാ
പാദ്യം സമർപ്പിക്കണം
തിങ്ങും ചന്ദനവന്മരങ്ങളവയിൽ
ച്ചേർന്നുല്ലസിച്ചീടുമാ
കുഞ്ഞിക്കാറ്റിനെ വിട്ടയച്ചുതിരുമെയ്
വീശിത്തണുപ്പിക്കണം.
ഇൻഡ്യക്കിന്നു മഹാമഹം! കരൾ കുളിർ-
ത്തിക്കാഴ്ചകണ്ടീടുവാൻ
പണ്ടുള്ളോർക്കിടയായതില്ല സുകൃതം
ചെയ്തീടിലും വേണ്ടപോൽ
കണ്ടീടുന്നവർ ഭാഗ്യശാലികളിനി-
സ്വർല്ലോകമല്ലാതെയൊ-
ന്നുണ്ടാകാനിടയില്ലിതിന്നുപരിയായ്
നിസ്സംശയം ചൊന്നിടാം.
ഈശോ നാഥനു ജൈത്രയാത്രയിഹമു-
ന്നേറുന്നു, പണ്ടേപ്പടി-
ക്കോർശ്ലേമല്ലതിനായൊരുങ്ങിയിടമേ-
കീടുന്നതീ ഭാരതം.
“ഹോശാനാ” ഗഗനത്തിലാവിജയസം-
ഗീതം മുഴങ്ങുന്നിതാ!
“ഹോശാനാ”ഭുവിയേറ്റു പാടിടുക
വാനരൂപികൾ വാദ്യഘോഷസഹിതം
പാടുന്നു, പാർത്തട്ടിലേ
നാനാജീവികളും തുടർന്നു നടനം
ചെയ്യുന്നു സന്തുഷ്ടരായ്
ചേണാ’ർത്തോവലി’ലെതൃണാവലികളും
കുഞ്ഞോമനക്കൂമ്പേുകൾ
കാണാമഞ്ജലിയാക്കി നിന്നിടുവതും
ഭക്തിപ്രഹർഷത്തൊടേ.
മാടപ്രാവുകളോവലിന്റെ മുകളിൽ
ചുറ്റിക്കറങ്ങിപ്പറ-
നാടോപത്തോടതാക്ഷണിച്ചിടുകയോ
വെൺമേഘജാലത്തെയും?
നാടൊന്നാകെയണിഞ്ഞൊരുങ്ങിയെതിരേ-
റ്റിടുന്ന രാജാവിനായ്
കൂടിച്ചേർന്നൊരുവാനനൃത്തമവരും
ചെയ്യാനൊരുങ്ങുന്നുവോ?
“എല്ലാക്കുന്നുകളും നിരന്നിടയിലേ
ഗർത്തങ്ങളെല്ലാംനിക”
ന്നെല്ലാടത്തുമൊരേനിരപ്പുവരണം
നാഥന്റെ കാൽവയ്ക്കുവാൻ.
വെള്ളപ്പട്ടു വിരിക്കണം വഴികളിൽ,
സൗരഭ്യമോലുന്നതാ-
യുള്ളോരാസുമജാലവും വിതറണം
ധാരാളമായ് ചന്തമായ്.
വത്തിക്കാൻ തിരി, ഭദ്രദീപ,മവിടെ-
സ്സമ്മേളനത്തിൽ സദാ
കത്തിചുറ്റുമയച്ചിടുന്ന കിരണം
നിശ്ശബ്ദസന്ദേശമായ്
ഭക്തന്മാരൊടുരച്ചിടുന്നു “മിശിഹാ,
രാജാധിരാജൻ, സഭാ-
മദ്ധ്യേ സന്നിധിചെയ്തുകൊണ്ടിതഖിലം
കാണുന്നു” വെന്നീവിധം
സന്താക്രൂസു വിമാന വിശ്രമമഹാ-
സങ്കേതമിന്നെത്രയോ
സന്തോഷത്തിരയിൽ കിടന്നുമറിയു-
ന്നെന്തോരലങ്കാരമോ!
പൊന്തിത്തള്ളിയിരമ്പീടുന്നു വിപുലം
മർത്യാർണ്ണവം ചുറ്റിലും.
ചെന്താർ കാന്തിയോടംശുമാലിയെതിരെ
ഭൂചക്രവാളത്തിലും.
എല്ലാ നേത്രവുമംബരാഭിമുഖമായ്
നില്ക്കുന്നു നിശ്ചഷ്ടമാ-
യെല്ലാക്കൈകളുമൊന്നുപോൽ മുകുളിതം
നിശ്ശബ്ദരംഗം പരം
മെല്ലെത്താണുവരും വിമാനമതിനേ
യാഹ്‌ളാദശബ്ദത്തോടേ-
യല്ലാതെങ്ങനെ നോക്കിടും? ക്ഷണമഹോ
പൊങ്ങുന്നു മന്ത്രാരവം
പുണ്യശ്ലോകനുദാരശീലനമലൻ
നിസ്സംശയം ഭൂമുഖ-
ത്തെണ്ണപ്പെട്ട മഹാനശേഷജനലോ-
കത്തിന്റെ പിതാവായവൻ
ധന്യൻ സാത്വികസത്തമൻ ജലധിയെ-
ത്താണ്ടിപ്പറന്നിങ്ങിതാ
വന്നല്ലോ! ഹൃദയത്തുടിപ്പു നിതരാം
ശക്തിപ്പെടുന്നിന്ത്യയിൽ.
ഘണ്ടാനാദമുയർന്നിടുന്നു ഹിമവൽ
സാനുക്കൾതൊട്ടിൻഡ്യയിൽ
പണ്ടേ കീർത്തിതമായ സേതുവരെയും
ഗുണ്ടും പടക്കങ്ങളും
ഉണ്ടോ പണ്ടിതുപോലെ സംഭവമറി-
ഞ്ഞീടുന്നു സർവ്വേശ്വരാ!
കണ്ടിട്ടൊന്നെഴുതാനെനിക്കവസരം
കിട്ടാത്തതേകുണ്ഠിതം.
ശാന്തിക്കായ് നിലകൊണ്ടിടുന്ന വിനയ-
ശ്രീയാർന്ന തീർത്ഥാടകർ
സന്തോഷം ജനമാനസങ്ങളിൽ നിറ-
ച്ചീടുന്നൊരാചാര്യനും
സന്തൃപ്തിക്കു സദാപി പദ്ധതി തെളി-
ച്ചീടുന്ന നേതാവുമാ-
ണിന്ത്യാദേശമലങ്കരിപ്പ,തിതിലും
മേലെന്തു കൈവന്നിടാൻ?
പാരാവാരസമാനമങ്ങനെ പര-
ന്നാഹ്ലാദമേളങ്ങളെ-
പ്പാരം വാനിലുയർത്തി നിന്ന ജനത-
യ്ക്കാശിസ്സുകൾ നല്കിയും
ചേരും പുഞ്ചിരി സത്കരിച്ചുമവിടു-
ന്നാസ്ഥാനമെത്തീടവേ
പോരാ വാക്കുകൾ, വർണ്ണനയ്ക്കുപരിയായ്
ഹർഷ പ്രഘോഷാരവം.
പത്രോസിന്റെ വികാരി വാണരുളിടു-
ന്നഗ്രാസനത്തിൽ മുദാ
വാഴ്കാ, മുന്നതകർദ്ദിനാൾനിരയതി-
ന്നഭ്യർണ്ണപീഠങ്ങളിൽ
മെത്രാന്മാരുടെ പട്ടുടുപ്പണികളോ
സമ്മേളനം ചന്തമായ്
ചാർത്തും മാലകണക്കുതന്നെ പരിശോ-
ഭിക്കുന്നനേകം ശതം.
ധന്യന്മാർ ബഹുമാന്യവൈദികർ, പലേ
സന്ന്യാസവൃന്ദങ്ങളും
വന്നിട്ടുള്ളതു സംഖ്യയറ്റ വിധമെ-
ന്നല്ലാതെയെന്തോതിടാം?
പിന്നെപ്പട്ടണമാർത്തിരമ്പി നിറയും
സാധാരണക്കാരെയൊ-
ന്നെണ്ണാനെങ്ങനെ സാദ്ധ്യമാകു,മുലകം
കാണാത്ത സമ്മേളനം
പൗരസ്വീകരണം ജഗത്തിലിതുപോൽ
രാഷ്ട്രാധിപന്മാർക്കഹോ
കൈവന്നില്ലൊരിടത്തുമിന്നുവരെയെ-
ന്നോതുന്നു വിദ്വജ്ജനം
സ്നേഹംകൊണ്ടു പിടിച്ചടക്കിയ മഹാ
സമ്രാജ്യമല്ലോ കൊടി-
ക്കീഴിൽക്കാണ്മതു, സാർവ്വഭൗമ, വിജയി-
ച്ചാലും പ്രതാപത്തൊടേ.
“ശുദ്ധൻ, ദൈവികമാനുഷൻ, ശരിവരെ-
സ്നേഹത്തെയർഹിപ്പവൻ,
വത്തിക്കാനിലെ രാജരാജനളവ-
റ്റൗദാര്യവാരാന്നിധി”
ഇത്ഥം ജാതിമതാദിഭേദമണുവും
കൂടാതെ കീർത്തിച്ചിടു-
ന്നത്യന്തം പരിതുഷ്ടരായ് സകലരും
നാടാകെയാത്മാർത്ഥമായ്.
രാഷ്ട്രത്തിന്റെ ഭരണാധിപൻ മുതൽ വെറും
നിസ്സാരരായ് ജീവിതം
കഷ്ടപ്പെട്ടുകഴിക്കുമാളുകൾ വരേ
യെല്ലാത്തരക്കാരൊടും
ശിഷ്ടൻ വിസ്തൃതമാനസൻ പരമസൗ-
ഹാർദ്ദം നയജ്ഞൻ മഹാ-
നൊട്ടല്ലാതെ പുലർത്തിടുന്നു മരിയാ
പുത്രന്റെ പാദാനുഗൻ.
ഓർത്താൽ നാമഭിമാനജന്യ പുളകം
സന്ദേഹലേശംവിനാ
ചാർത്തിടാമതുഭാരതീയജനത-
യ്ക്കെന്നേയ്ക്കുമായ്ത്തീർത്തിടും.
പത്തുക്കൾ പരിപാവനങ്ങളിവിടെ-
ച്ചേർത്തുള്ള പൊന്മുദ്രകൾ
നിത്യം നമ്മുടെ മാതൃഭൂമിയണിയും
മാറിന്നു പൂണാരമായ്.
പൊങ്ങുന്നുണ്ടു നഭസ്സിലേയ്ക്ക് തിരുമെയ്
താങ്ങും വിമാനം, പ്രിയം
തിങ്ങും പൈതൃകഹൃത്തുഗൂഢമിവിടെ
ത്തങ്ങുന്നിതാ പിന്നെയും
നീങ്ങിടുന്നിതാപശ്ചിമാദിമുഖമാ-
യാവാഹനം, കേൾക്കനാ-
മിങ്ങോട്ടായ് ബതവീണ്ടുമാസ്വരവുമാ-
സസ്നേഹസന്ദേശവും.
വന്നപ്പോൾ ഹൃദയം കുളിർത്തു തിരികെ-
പ്പോകുന്നതിൽ ഖേദമു-
ണ്ടെന്നാലും ഹൃദിസങ്കടത്തിനകമേ
പൊന്തുന്നു സന്തോഷവും
എന്നും ഭാരതമേ, നിനക്കു ചെറുതും
മങ്ങാത്ത ദിവ്യപ്രഭാ-
സന്ദോഹം നയനങ്ങളിൽ ചൊരിയുമീ
രംഗം മഹാനേട്ടമാം.
എല്ലാം മംഗളമായ്ക്കഴി,ഞ്ഞിവിടെയി-
സമ്മേളനം ഭംഗിയാ-
യല്ലോ പോൾ തിരുമേനിഷഷ്ഠനുടെ സൽ
സാന്നിദ്ധ്യമുണ്ടാകയാൽ
എല്ലാജാതിമതാനുയായികളെയും
സന്തപ്തരാക്കിജ്ജയി-
ച്ചല്ലോ പിൻതിരിയുന്നതങ്ങു, തൊഴുകൈ!
പോൾ പോപ്പുരാജൻ ജയ!
കണ്ടിട്ടർച്ചനബേത്ലഹേം ഗുഹയിലേ
യാരാധ്യനാം പൈതലി-
നിൻഡ്യാചെയ്തു ‘കിഴക്കുകൾ’ക്കിടയിൽ നി-
ന്നിപ്പോഴിയതാ നൽവരം!
ഇൻഡ്യക്കെത്ര കൃതാർത്ഥതാഭരം! ഇതാ
ശ്രീയേശു സാമ്രാട്ടിനേ
വേണ്ടുമ്പോൽ ജയഘോഷപൂർവ്വമെഴുനെ-
ള്ളിച്ചു മഹാഭാഗ്യമേ!
(കുടുംബദീപം, ജനുവരി 1965)
