നീ തന്നെ പാട്ടുകാരി

പാടുക പാടുക മണ്ണാത്തിപ്പക്ഷി നീ
പാടുക കേട്ടു ഞാനാനന്ദിപ്പൂ.
ആടലേതും വിനാ നിദ്രയിൽ നിന്നെന്നെ-
പ്പാടിയുണർത്തുന്നു നിത്യവും നീ.
എന്തൊരു സംഗീതമാധുരി ലോകത്തിൽ
ചിന്തുന്നു നീയൊരു കുഞ്ഞുപക്ഷി!
പൂർവ്വകാലം മുതൽ പൈങ്കിളിയോടല്ലോ
കാവ്യകാരന്മാർക്കു പ്രീതിയേറ്റം.
ഞാനെന്റെ ദൃഷ്ടിയിൽ താഴ്മയേതും വിനാ
കാണുന്നു നിന്നെയും ഗായികയായ്
സുപ്രഭാതത്തിന്റെ മുന്നറിവാളുകൾ-
ക്കെപ്പൊഴും നൽകുന്നു ഗായികേ, നീ.
ആരിലുമാദ്യമായ് സൃഷ്ടികർത്താവിനെ-
യോരോ ദിനത്തിലും വാഴ്ത്തുന്നു നീ.
നിദ്രയാം ദേവിയെപ്പേർത്തുമാശ്ലേഷിച്ചു
മെത്തയിൽ പറ്റിക്കിടന്നിടുന്ന
താമസമൂർത്തികൾ ലജ്ജിതരാകും നി-
ന്നാമന്ദ്രപഞ്ചമരാഗം കേട്ടാൽ.
നിന്നെയീഗാനങ്ങളഭ്യസിപ്പിച്ചവ-
നുന്നതഗായകൻ തന്നെയല്ലൊ.
സപ്തസ്വരങ്ങളും താളമേളങ്ങളും
നിഷ്ഫലം, നീ തന്നെ പാട്ടുകാരി.
നീയൊന്നു പാടിയാൽ, വാ തുറന്നീടുന്ന
ഗായകന്മാരുടൻ വായടയ്ക്കും.
നിന്നൊടു ചേർന്നിരുന്നീവിധം പാടുവാ-
നെന്നെയുമൊന്നു പഠിപ്പിക്കാമോ?
ദക്ഷിണവേണ്ടതും നല്കിടാം കൈതൊഴാം
ശിക്ഷണം ഭംഗിയാക്കീടുമെങ്കിൽ.
പാടുക പാടുക മണ്ണാത്തിപ്പക്ഷി നീ
പാടുകെൻ കാതു കുളുർത്തിടട്ടെ.
എന്നുമെൻ തോട്ടത്തിലീ വിധം രാവിലേ
വന്നു നീ പാടുന്നതെന്റെ ഭാഗ്യം
ശയ്യമേലൊന്നിങ്ങു വന്നിരുന്നീടുമോ
കൈയിലിരുന്നൊന്നു പാടിടാമോ?
ജാലകം കണ്ടില്ലേ? പാടിപ്പറന്നുവാ
ജാലികയെന്നെന്നെയോർത്തിടല്ലേ.
അല്ലെങ്കിൽ ഞാനങ്ങു വന്നിടാം നിന്നടു,-
ത്തുല്ലസിക്കാം നമുക്കൊത്തുപാടി.
ഒറ്റടിവച്ചു ഞാനങ്ങടുത്തീടുമ്പോൾ
മറ്റൊരേടത്തു നീ പോകയാണോ?
എന്തിനു ഭീരുത, തങ്കമേ നീയെന്റെ-
യന്തരംഗത്തിനു വീണയല്ലേ?
വർണ്ണവിശേഷത്താൽ, ഗാനപീയുഷത്താൽ
കണ്ണിനും കാതിനുമൊന്നുപോലെ
ആനന്ദമേകുന്ന നിന്നെ ദ്രോഹിക്കുവാൻ
ഞാനെന്റെ മാനസേയോർക്കുമെന്നോ?
അല്ല, ശങ്കിക്കേണം – തെല്ലുമാംസത്തിനായ്
കൊല്ലുന്നു വ്യാധൻ വിഹംഗമത്തേ.
ഹാ കഷ്ടം! നിർദ്ദയൻ വ്യാധനും മാനുഷ-
നാകയാൽ മാനവ ജാതിയെല്ലാം
രാക്ഷസന്മാരെന്നു പേടിച്ചു സാധുക്കൾ
പക്ഷികൾ ദൂരത്തുപോകുന്നല്ലൊ.
ദ്രോഹം പരസ്പരമെന്തിനു? ജീവികൾ
സ്നേഹിച്ചു കൂടിക്കഴിഞ്ഞുവെങ്കിൽ
സ്വർല്ലോകഭാഗ്യത്തിൽ സാനന്ദച്ഛായയിൽ
സോല്ലാസം ജീവിക്കാമായിരുന്നു.
എന്നാലും പോകട്ടെ, യോമൽപതങ്ഗികേ,
നിന്നാലും ഞാനൊന്നു ചൊന്നിടട്ടെ.
പുണ്യവാൻ ഫ്രാൻസീസിന്നന്തികേയെപ്പൊഴും-
മുണ്ണികളെപ്പോലെ പക്ഷിവൃന്ദം
ശങ്കകൂടാതെയടുത്തിരുന്നത്രയ-
ലങ്കത്തിലേറിക്കളിച്ചിരുന്നു.
അക്കഥയജ്ഞാതമെങ്കിൽ നീ ഭാവിയി-
ലോർക്കണമിന്നിപ്പോൾ കേട്ടുവല്ലോ.
പേടിച്ചു മാറുന്ന നിന്നെ ഞാൻ പിന്തുടർ-
ന്നോടിവരുന്നില്ല, ശങ്കിക്കേണ്ട.
ഭീതിയേതും വിനാ പാടുക നീയെന്റെ
കാതും കരളും കുളീർക്കുവോളം.
മാധുര്യസ്രോതസ്സുപോലെന്റെ കാതിലീ
മാധുര്യഗീതകം വീഴ്ത്തിടുന്ന
നീയൊരു നല്ല ചലച്ചിത്രതാരമായ്
തീരുകിൽ ശോഭിക്കും തർക്കമില്ല.
കമ്പനിക്കാർ നിന്റെ പാട്ടൊന്നു കേൾക്കുകി-
ലമ്പൊടേ സ്വാഗതം ചെയ്യുമല്ലോ.
പേരിതു “മണ്ണാത്തി’ – പോരല്ലോ സംസ്കാരം
വേറൊരു നല്ലപേർ തന്നിടാം ഞാൻ.
പത്മിനി-രാഗിണി-മഞ്ജുവാണീമണി-
ഇഷ്ടമേതെന്നാലെടുത്തുകൊള്ളാം.
ആമുഗ്ദ്ധപാദങ്ങളാമൃദുശഷ്പത്തിൽ
സാമോദം ചേർത്തു കുണുങ്ങിമാറി
പോകുകയാണോ നീ? നാളെയും കാണുമോ?
വേഗത്തിൽ വേലിപ്പടർപ്പിലായോ?
നില്ക്കണേ, രണ്ടുവാക്കോതുന്നു ഞാനതു
കേൾക്കണേ, വേറൊരു കാര്യമല്ല.
പഞ്ചാമൃതം ചൊരിഞ്ഞീടുമീ ഗാനത്താൽ
നെഞ്ചു കുളിർപ്പിച്ചു റാണിയെപ്പോൽ
എന്നെയുണർത്തുവാനെന്റെയീ തോട്ടത്തി-
ലെന്നും വരേണമേ, സ്വാഗതം തേ !
(സിനിമാമാസിക വാർഷികപ്പതിപ്പ്, 1963)
