നിത്യനൂതനം ചിത്രം

യാത്രക്കാരാ, തിരിഞ്ഞൊന്നു നില്ക്കു, ചലച്ചിത്രരംഗം
നിത്യനൂതനമാണിതു കണ്ടിട്ടുപോകൂ
ഒരു ചെറുഗോശാലയിൽ പിറന്നിരിക്കുന്ന ദിവ്യ-
നൊരു ശിശു പ്രതാപവാൻ, രാജഗോത്രജൻ,
വിരിച്ചിട്ടവൈക്കോലിന്മേൽ ശയിക്കുന്നു, മൃദുമേനി
വിറയ്ക്കുന്നു, പുതപ്പില്ലകുളിരുമാറ്റാൻ
അരികത്തു മാതാവുണ്ടു പിതാവുമുണ്ടവരേറ്റം
ദരിദ്രരാണത്രയല്ല നിസ്സഹായരും
കാലിക്കൂട്ടിൽ പിറന്നാലും വാനിലൊരു ഗാനാലാപം
മാലാഖമാരാനേരത്തു നടത്തിയേവം;
“ഉന്നതമണ്ഡലങ്ങളിൽ ചിന്മയനു നിത്യം സ്തുതി!
മന്നിടത്തിൽ സന്മനസ്സുള്ളവർക്കു ശാന്തി!”
നരലോകമുറക്കത്തിലാണ്ടനടുനിശീഥിനി
തരപ്പെട്ടില്ലതു കേൾക്കാനധികമാർക്കും.
ഉറങ്ങാതെയാടുകളെക്കാത്തിരുന്നോരിടയന്മാർ
നിറഞ്ഞവിസ്മയത്തോടേശ്രവിച്ചീഗാനം.
കാഴ്ചകളുമായിട്ടവരോടിയെത്തിയൊന്നാമത്തെ-
യർച്ചകരായ് ഭാഗധേയപൂരിതരായി.
പുരുഷനെയറിയാത്ത കന്യകയിൽ നിന്നു ഗാത്രം
ധരിച്ചവനാണീ പൈതൽ നരരക്ഷകൻ.
എല്ലാമെല്ലാം സൃഷ്ടിച്ചിട്ടിത്തിരുമേനി താങ്ങാനിപ്പോ-
ളില്ലതെല്ലുസ്ഥലം കാലിത്തൊഴുത്തിലെന്യേ
എത്രയെത്രചിന്തകന്മാർക്കിതു ചിന്താവിഷയമായ് !
ചിത്രകന്മാരെത്രയോപേർ ചിത്രിതമാക്കി.
അഭിനയവിദഗ്ദ്ധന്മാർക്കെന്നാളുമിക്കൊച്ചുരംഗം
വിഭവസമൃദ്ധമായ വിരുന്നു നൽകി.
കവി പ്രവീണന്മാർക്കിതു പ്രചോദനം നല്കീട്ടെത്ര
കവിതകളിക്കാലത്തിന്നിടയ്ക്കുണ്ടായി!
പള്ളികളിലെന്നുവേണ്ട വീടുതോറുമിന്നും കാണാ-
റുള്ളതല്ലോനാമിതിന്റെ പ്രതിരൂപങ്ങൾ.
രണ്ടായിരത്തോളമായി വത്സരങ്ങളീ സംഭവ-
മുണ്ടായിട്ടെന്നാലുമിതു നവീനമിന്നും.
തലമുറകളിലൂടേ നവഭാസ്സു പകർന്നേകി-
ചലച്ചിത്രമിതുലോകനിലനില്ക്കുന്നു.
മനോഹരചിത്രമിതു മനുഷ്യഹൃദയങ്ങളെ-
യനാരതംലസിപ്പിച്ചു വിജയിക്കട്ടെ!
(കുടുംബദീപം, ഡിസംബർ, 1975)
