Noothanageetham

നൂതനഗീതം


ല്ലൊരു സംഗീതം, നൂതനസംഗീതം, 

സ്വർല്ലോകം പല്ലവി പാടും ഗീതം, 

മാനസവീണയിൽ താനേ മുഴങ്ങീട്ടു 

മാനുഷർക്കാഹ്‌ളാദമേകും ഗീതം, 

എപ്പോഴും കേട്ടാലും മേല്ക്കുമേലാനന്ദ-

മുത്പാദിപ്പിക്കുന്ന നവ്യഗീതം, 

സാഹിത്യകാരന്മാർ രേഖപ്പെടുത്താതെ 

സൗഹിത്യം സ്വായത്തമാർന്ന ഗീതം,

സംഗീതവാസനലേശവുമില്ലാതെ 

ഭംഗിയായേവനും പാടും ഗീതം, 

ലോകാലോകങ്ങളെപ്പിന്നിട്ടു മാറ്റൊലി 

നാകലോകംവരേ ചേർക്കും ഗീതം, 

പാവനമാനസരല്ലാത്ത മാനുഷർ 

കേവലം കേൾക്കാത്ത ദിവ്യഗീതം, 

രാജകുമാരന്റെ കല്യാണപ്പന്തലിൽ 

ഹാ! ജയഘോഷം മുഴക്കും ഗീതം, 

പള്ളിക്കുറുപ്പാർന്ന പാർത്ഥിവശ്രേഷ്ഠനെ –

പ്പള്ളിയുണർത്തുന്ന പുണ്യഗീതം,

ഉണ്ടൊരു സംഗീതം, സ്നേഹസങ്കീർത്തനം!

പണ്ടേയുണ്ടെങ്കിലും നവ്യഗീതം!

കേട്ടാലും മാധുരിയോലുമാസംഗീതം!

കൊട്ടാരം ഗായിക പാടിടുന്നു 

ആരാമസീമനിരാജാധിരാജന്റെ

ചാരേവിനീതയായ് ധീരയായി

പാടുന്നു പെൺകൊടി, തോഴിമാർ പിൻപാട്ടു

പാടുമ്പോൾ താളം പിടിച്ചിടുന്നു.

പാർത്ഥിവപുംഗവൻ പാട്ടുകേട്ടാനന്ദ-

മത്തനായ് രോമാഞ്ചം പൂണ്ടിടുന്നു.

കൂടുന്നു ശ്രോതാക്കൾ, നൂതനഗീതം കേ-

ട്ടാടുന്നു ഭൂദേവിയാനന്ദത്താൽ.

ആദിത്യചന്ദ്രന്മാരദ്ഭുതതന്ത്രരാ-

യീദിവ്യഗാനത്തിൽ ശ്രദ്ധിക്കുന്നു. 

മന്ദസമീരണൻ വന്നു തലോടുന്നു

സുന്ദരിമാരുടെ പൂവൽമെയ്യിൽ. 

പൂക്കളും ചാഞ്ചാടിപ്പൂന്തേൻ പൊഴിക്കുന്നു 

നോക്കുന്നു താരങ്ങൾ ദ്യോവിൽ നിന്നും. 

ആരാണീ ഗായികയെന്താണീഗീതമെ-

ന്നാരാഞ്ഞുതാരങ്ങൾ ക്ലേശിക്കുന്നോ! 

രാജാധിരാജന്റെയാരോമൽ പുത്രിയാം 

രാജീവനേത്രയാണക്കുമാരി 

പാടുന്ന നൂതനഗീതത്തിന്റെ പല്ലവി 

നാടെങ്ങുമാലപിച്ചാനന്ദിപ്പാൻ 

പണ്ഡിതപാമരന്മാരായി ഭൂതല 

ഖണ്ഡങ്ങളഞ്ചിലും വാണിടുന്ന

എല്ലാജനത്തെയും വ്യക്തിഭേദം വിനാ

നല്ലാർസമാഹ്വാനം ചെയ്തിടുന്നു.

“സ്നേഹമഹാരാജൻ നിത്യം ജയിക്കട്ടെ!

സ്നേഹസാമ്രാജ്യം വളർന്നിടട്ടെ!” 

നല്ലൊരീപല്ലവിഭൂലോകവാസിക-

 ളെല്ലാരുമൊത്തുചേർന്നാലപിക്കാം! 

“വാഴട്ടെ! വാഴട്ടെ! സ്നേഹമഹാരാജൻ 

താഴാതെ പൊങ്ങട്ടെ സ്നേഹരാജ്യം!”

                                                                  (കർമ്മലകുസുമം, ഒക്ടോബർ, 1940)