പാലാ നല്ലൊരു പാലാഴി

പാലായെ നല്ലൊരു പാലാഴി തന്നെയായ്
ചാലേയെൻ ഭാവന കാണുന്നിപ്പോൾ.
പാലാഴിയെപ്പോലെ പാലാ കടഞ്ഞാലും
ശ്രീലമാം നേട്ടങ്ങൾ വന്നുചേരും.
കാലത്തിനൊത്തുള്ള പീയൂഷകുംഭവും
പാലാഴി മങ്കയും മാത്രമല്ലാ,
പക്ഷേ സ്യമന്തകരത്നവുമെന്നുവേ-
ണ്ടക്ഷയപാത്രവും കിട്ടിയേക്കാം.
ആയിരം നേട്ടങ്ങൾ വേറെയുമുണ്ടാകാ-
മായാസ സന്നദ്ധരാകണം നാം.
അത്രനാം നമ്മുടെ മുമ്പിലായ് നല്ലൊരു
വിസ്തൃതമാം വയൽ കാണുന്നില്ലേ.
ആ വയൽ സസ്നേഹം സ്വാഗതം ചെയ്യുന്നു
ദേവാസുരന്മാരേയൊന്നുപോലെ.
തെല്ലൊരു ശങ്കയും വേണ്ടാ സമീപിക്കാൻ,
ഇല്ലൊരു പങ്കവുമുള്ളിലെങ്ങും.
തത്രനാം സംഘടിച്ചീ നല്ല പാലാഴി
നിത്യവും നന്നായ് കടഞ്ഞുകൊണ്ടാൽ,
പേർത്തുമോതുന്നു ഞാൻ, പാല്ക്കടൽ മാനിനി
യെത്തിടും പീയൂഷകുംഭവുമായ്.
ആരുള്ളു രാമപുരത്തെ മഹാകവി
വാര്യരെക്കേൾക്കാതെ കേരളത്തിൽ?
കട്ടക്കയത്തിന്റെയാഴത്തിൽ നിന്നെത്ര
ത്വിട്ടോലും രത്നങ്ങൾ നേട്ടമായി!
അന്നത്തെ വാസനാബീജങ്ങളീമണ്ണി-
ലിന്നുമുണ്ടെന്നു നാം കാണുന്നില്ലേ!
രണ്ടു മഹാകാവ്യം തീർത്ത മഹാകവി
യുണ്ടല്ലോ നമ്മുടെ മദ്ധ്യേ തന്നെ.
ആരെന്നോ? “ബേനേമെരേന്തി’യാൽ മാനിതൻ
സൂരി “പ്രവിത്താനം’ സാറു തന്നെ.
കേരളം മേന്മേൽ വളർത്തും കവി, പാലാ
നാരായണൻ നായർ വേണ്ട മട്ടിൽ
ഷഷ്ടിയെപ്പിന്നിട്ടു“പൗർണ്ണമി” ദർശിച്ചു
ശിഷ്ടൻ കൃതാർത്ഥനായ് വാഴുന്നല്ലോ
“വിശ്വരൂപം”കണ്ട ശ്രീലളിതാംബിക
പ്രശ്രുത സാഹിത്യകാരി തന്നെ.
കാവ്യകൃത്തും കഥാകൃത്തുമായുള്ളൊരാ
ദേവിയെയോർക്ക നാം സാഭിമാനം.
രണ്ടുകൈയിൽ പേനായേന്തുന്ന നോവലി-
സ്റ്റുണ്ടല്ലൊ മുട്ടത്തുവർക്കി ധീമാൻ,
പാലായിലല്ലെന്നിരുന്നാലുമദ്ദേഹം
ദീപനാളത്തിന്റെ മിത്രമല്ലോ.
ആ മഹാനും നമോവാകമർപ്പിക്കുന്നു.
ഞാനിന്നു നല്ലൊരീ സന്ദർഭത്തിൽ
അൽഫോൻസാ കോളേജിലല്ലോ നാം നിൽക്കുന്ന –
തൽഫോൻസാ പൂരിത പുണ്യശ്ലോക.
കാലിലെപ്പൂഴിയുതിർന്നതു സിദ്ധയീ
പാലാപ്പരിധിയിൽത്തന്നെയല്ലോ.
“നീലക്കൊടുവേലി’ കേട്ടിട്ടേയുള്ളു നാം
ഭൂലോകം കാണാത്ത പാരിജാതം
പാലായിലാണതും “ഇല്ലിക്കൽ കല്ലിന്റെ
മേലേഭാഗത്തൊരു കല്ക്കളത്തിൽ
കാലവർഷത്തിലാവാപിമെത്തിജ്ജല-
മോലുന്നു മീനെച്ചിലാറ്റിലൂടേ
നാലുപാടും ഭൂതി വാരി വിതച്ചതു
പാലായേ സമ്പന്നമാക്കിടുന്നോ !
പാലായെപ്പാവന പാലാഴി’ തന്നെയായ്
ചാലേ ഞാൻ കാണുന്നു മാറ്റമെന്യേ
വിദ്വൽ സദസ്സിലീയാശയം കേട്ടവർ,
ശ്രദ്ധിച്ചു ചിന്തിച്ചു നോക്കിയാലും!
നാലു പേരുണ്ടാകുമെന്നോടു യോജിക്കാൻ
പാലായെപ്പാലാഴിയായിക്കാണാൻ.
(25-3-1973-ൽ ദീപനാളം സംഘടിപ്പിച്ച സെമിനാരിൽ
അവതരിപ്പിച്ചത്)
