കാലിത്തൊഴുത്തിലെ ദിവ്യബാലൻ

കൈതൊഴാം! കൈതൊഴാം! കാലിത്തൊഴുത്തിലെ
പൈതലേ! പാദതാർസന്നമിക്കാം!
ആരു നീ? കുപ്പയിൽ മിന്നുന്ന രത്നംപോൽ,
ചേരുന്നു ദിവ്യമാം കാന്തി നിന്നിൽ.
കാലിത്തൊഴുത്തിൽ വന്നു ജനിക്കേണ്ട
ബാലകനല്ലനീ സത്യമായും.
ചേവടിത്താരിതു തെല്ലൊന്നു താങ്ങുവാൻ
ദേവലോകം പോലും പോരപോരാ.
ആദിത്യചന്ദ്രന്മാർ താണു നമിക്കേണ്ടേ-
രീദിവ്യസുന്ദരവിഗ്രഹത്തേ
10
സ്വീകരിക്കാനൊരു നിന്ദ്യമാം ഗഹ്വരം!
ലോകമേ! ഞാനെന്തു ചൊന്നിടേണ്ടു
നിസ്തുലമോഹനരാജസൗധങ്ങൾക്കു-
മെത്താത്തസൌഭാഗ്യശ്രീവിശേഷം
കാലിത്തൊഴുത്തിനു കൈവന്നു, നന്മകൾ-
ക്കാലംബമെന്നാളും താഴ്ചയല്ലോ.
മിന്നുന്ന താരങ്ങൾ ലജ്ജിച്ചുമങ്ങുന്നി-
പ്പൊന്നോമൽക്കുഞ്ഞിനേ നോക്കിടുമ്പോൾ
മാനസതാരു കവരുന്നപൈതലേ!
ഞാനൊന്നുണർത്തിച്ചു ചോദിക്കട്ടെ!
20
മാനുഷരൂപം ധരിച്ച നീ കേവലം
മാനുഷനോ സാക്ഷാൽ വാനവനോ?
വാനത്തു ക്രോബേമ്മാർ നിന്നെ സ്തുതിക്കുന്നു,
വാനവന്മാരിലുമുന്നതൻ നീ.
നിവ്യന്മാർ കാണുവാൻ ദീർഘനാൾ കാംക്ഷിച്ച
ദിവ്യനാം പൈതൽ നീ തന്നെയല്ലോ.
മന്നവൻ ദാവീദിൻ ഗോത്രാഭിമാനം നീ
കന്യകാമാതാവിന്റെ സന്താനം നീ.
നാശത്തിൻ പാശത്തിൽ പെട്ടൊരു ലോകത്തി-
ന്നാശ്വാസം നീ തന്നേ പാഹി പാഹി!!
ആരോമൽ പൈതലേ! താണുവീണങ്ങേ-
ഞാനാരാധിച്ചീടുന്നു വീണ്ടും വീണ്ടും.
വല്ലതും കാഴ്ചയായ് നല്കുവാൻകൈവശ-
മില്ലാഞ്ഞുഖേദമുണ്ടുള്ളിലേറ്റം.
ഏകസമ്പാദ്യമാം സ്നേഹഭാരം ഞാ-
നാകവേ സാമോദം നൽകിടുന്നേൻ.
പൂമൃദുമേനിയെപ്പുല്ലിന്മേൽ കാണുമ്പോൾ
മാമകമാനസം വേദനിപ്പൂ.
പാർത്ഥിവന്മാരുടെ മേല്ത്തരം സൗധങ്ങൾ
പത്തുകൂപ്പുന്നൊരു പാർപ്പിടത്തെ
അങ്ങേക്കായ് സമ്മാനിച്ചാതിഥ്യം നല്കുവാൻ
40
തിങ്ങിക്കവിയുന്ന വാഞ്ഛയെന്നിൽ
എന്നാൽ ഞാൻ കേവലം നിർദ്ധനയാണെന്ന-
തെന്നാളുമങ്ങേയ്ക്കു ബോദ്ധ്യമല്ലൊ.
കൈവല്യദായകാ! കാരണപൂരുഷാ!
ദൈവകുമാരാ ഞാനെന്റെ ഹൃത്തിൽ
തന്നിടാമങ്ങേയ്ക്കു ഭദ്രമാം പാർപ്പിടം
വന്നാലും പാവനസ്നേഹമൂർത്ത
ശഷ്പങ്ങൾ കൊണ്ടല്ല നല്ലൊരു തല്പം ഞാൻ
പുഷ്പങ്ങൾ കൊണ്ടതിൽ തയ്യാറാക്കാം.
50
ആദരവോടങ്ങേതൊരു നേരത്തും
പാദശുശ്രൂഷകൾ ചെയ്തുകൊള്ളാം.
ഇന്നേക്കുമാത്രമല്ലെന്നേക്കുമായങ്ങു
വന്നാലും! ഞാനങ്ങേ ദാസിയല്ലോ!
തൃപ്പദസേവയെൻ ജീവിതോദ്ദേശ്യമായ്
മുപ്പാരും സാക്ഷിയായ് കൈവരിച്ചേൻ
കന്മഷനാശനഃ സ്വാഗതം! പാഹിമാം!
ചിന്മയാ! സ്വാഗതം! പാഹി പാഹി!!
(കർമ്മലകുസുമം, ജനുവരി, 1938)