Lokame Yathra

ലോകമേ യാത്ര


നിച്ചനാൾ തുടങ്ങിയെന്നെയോമനിച്ചു, തുഷ്ടിയോ –

ടെനിക്കു വേണ്ടതൊക്കെ നല്കിയാദരിച്ച ലോകമേ, 

നിനക്കു വന്ദനം പിരിഞ്ഞുപോയിടട്ടെ ഞാനിനി- 

ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയേ വരിക്കുവാൻ. 

 

സ്ഫുരിച്ചിടുന്നതെന്തു നിൻ മുഖത്തൊരത്ഭുതം സഖേ,

പരസ്പരം രസക്ഷയങ്ങളൊന്നുമില്ല വാസ്തവം. 

ഒരിക്കലും പിരിഞ്ഞിടാത്ത മട്ടിലാണു നാം കഴി-

ഞ്ഞിരുന്നതാ ദിനങ്ങൾ ഞാൻ മറന്നുമില്ല തെല്ലുമേ. 

 

എനിക്കു നീ സുഹൃത്തുതന്നെ, യെങ്കിലും ഭവാനിലി-

ല്ലനശ്വരം ഗുണങ്ങളൊന്നുമെന്നറിഞ്ഞിടുന്നു ഞാൻ. 

നിനയ്ക്കിലിന്നു ഞാൻ പിരിഞ്ഞുപോയിടാനിതേവിധം

തുനിഞ്ഞിടുന്നതിന്റെ ഹേതുവായതൊന്നുതന്നെയാം. 

 

നശിച്ചിടാത്ത നേട്ടമൊന്നെനിക്കു നല്കിടുന്നതി-

നശക്തനായ നിന്നെ ഞാൻ ഭജിച്ചിടുന്നതെന്തിന്? 

അശിച്ചു കുക്ഷി നിത്യവും നിറഞ്ഞഹങ്കരിക്കുമാ

പശുക്കളോടു തുല്യമോ മനുഷ്യജന്മമുത്തമം? 

 

മരിച്ചിടും ജനിച്ച മർത്യരൊക്കെയും, വിതർക്കമി-

ങ്ങൊരുത്തരും പറഞ്ഞിടാത്ത സത്യമാണതെങ്കിലും, 

മരിച്ചതിന്റെ പിമ്പുമറ്റൊരന്തമറ്റ ജീവിതം 

വരിച്ചിടുന്നതാണു മർത്യനുള്ള മേന്മയോർക്ക നീ. 

 

ചിരിച്ചിടേണ്ട; വാസ്തവം ധരിച്ചിടാതെ ഭോഷിയെ- 

ന്നുരച്ചു മാം ഹസിച്ചിടേണ്ട; സംശയിച്ചിടേണ്ട നീ.

ഒരിക്കലിപ്പറഞ്ഞ സത്യമൊക്കെ നിന്റെ ദൃഷ്ടിയിൽ

ശരിക്കു വന്നു തട്ടുമെന്നു വിശ്വസിക്ക പൂർണ്ണമായ്. 

 

പടുക്കളെന്നു പേരെടുത്ത പൂർവ്വികപ്രമാണികൾ-

ക്കൊടുക്കമെന്തു സംഭവിച്ചു കേട്ടുകേൾവിയില്ലയോ?

പഠിച്ച വിദ്യയൊന്നുമേ ഫലപ്പെടാതെ ദേഹിയേ 

വെടിഞ്ഞു പഞ്ചഭൂതമായ് പിരിഞ്ഞുപോയ് ജഡം ക്രമാൽ. 

 

സമർത്ഥനായ സീസറും, പ്രസിദ്ധനായ ഹോമറും, 

സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും, 

അമർന്നുപോയി കാലചക്രവിഭ്രമത്തിലെങ്കിലീ 

നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലതിൽ. 

 

ഒരിക്കലീ ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം 

തിരിക്കണം, വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ.

തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ 

കരത്തിലുള്ളതൊക്കെ നാമതിർത്തിയിൽ ത്യജിക്കണം. 

 

ഇഹത്തിലേ ധനം സുഖം യശസ്സുമാഭിജാത്യവും

വഹിച്ചുകൊണ്ടുപോകയില്ല മർത്യനന്ത്യയാത്രയിൽ;

അഹന്തകൊണ്ടഴുക്കുപെട്ടിടാത്ത പുണ്യമൊന്നുതാൻ

മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും.

 

അനന്തമായ ജീവിതം സുഖത്തോടേ നയിക്കുവാൻ 

ധനം കരസ്ഥമാക്കിടുന്നതിന്നു പോകയാണു ഞാൻ; 

മിനുങ്ങിമിന്നിടുന്ന പൂച്ചുനാണയങ്ങളൊന്നുമോ-

യെനിക്കു വേണ്ടവയ്ക്കു ഞാൻ വശപ്പെടുന്നതല്ലേ മേൽ. 

 

സമസ്തവും ത്യജിച്ചു ഞാനിറങ്ങിടുന്നു, ധീരരാം

ശമിപ്രവീരരെത്തുടർന്നു ജീവിതം നയിക്കുവാൻ; 

ക്ഷമിച്ചിടട്ടെ ലോകമെന്റെ സാഹസപ്രവൃത്തിയെ

ശ്രമിച്ചിടട്ടെ ഞാനിതിൽ പ്രശസ്തമാം ജയത്തിനായ്. 

 

വിളക്കു ഞാൻ തെളിച്ചുകൊണ്ടിറങ്ങിടുന്നിതാ, വൃഥാ

വിളിച്ചിടേണ്ടൊരുത്തരും, തിരിഞ്ഞുനോക്കുകില്ല ഞാൻ.

തെളിഞ്ഞ രംഗമൊക്കെ വിട്ടകന്നു ദൂരെയെത്തി ഞാ-

നൊളിച്ചിടും, സമാധിയിൽ കഴിക്കുമെന്റെ ജീവിതം. 

 

തിരഞ്ഞുഴന്നിടും ജനങ്ങൾ കണ്ടുമുട്ടുകില്ല മാം,

വിരഞ്ഞു കത്തയപ്പവർക്കുമുത്തരം ലഭിച്ചിടാ. 

വരും നിരാശ ഭാവിയിൽ പലർക്കുമീവിധത്തിലെ-

ന്നിരിക്കിലും കൃതഘ്നയെന്നു സംശയിച്ചിടൊല്ല മാം. 

 

കളങ്കമറ്റുമുള്ളഴിഞ്ഞുമെന്നിലേറ്റവും പ്രിയം

വളർത്തിടും ജനങ്ങളെപ്പിരിഞ്ഞകന്നുകൊള്ളുവാൻ,

എളുപ്പ,മല്ലെനിക്കുമില്ല മാനുഷത്വ,മെന്നെ ഞാ-

നളന്നറിഞ്ഞിടുന്ന മാത്രതന്നെയാണിതോർക്കുകിൽ. 

 

പ്രപഞ്ചമെന്ന മാന്ത്രികന്റെ രാഗമാം വടത്തെയീ- 

യപക്വബുദ്ധിയായ ഞാനറുത്തിടുന്നതെങ്ങനെ?

തപസ്സികൾക്കുമീയവസ്ഥ ദുസ്സഹം, നിനയ്ക്കുകിൽ 

തപിക്കയല്ല മാനസം ദഹിക്കയാണു സത്യമായ്. 

 

പറഞ്ഞിടുന്നു യാത്ര ഞാൻ, ശ്രവിക്ക മിത്രലോകമേ, –

യിറങ്ങിടുന്നു നിങ്ങളെപ്പിരിഞ്ഞുപോയിടുന്നിതാ. 

കുറച്ചുകാലമീവിധം കഴിഞ്ഞിടട്ടെ; മേലിലേ-

യ്ക്കുറപ്പു ഞാൻ തരുന്നു; ചേർന്നിടാം നമുക്കു നിത്യമായ്

 

അരിക്കകത്തു കൈവിരൽ പിടിച്ചുവച്ചൊരക്ഷരം

വരച്ചനാൾ തുടങ്ങിയെന്റെ മേൽഗതിക്കു വാഞ്ഛയാ, 

പരിശ്രമിച്ച പൂജ്യപാദയായൊരെൻ ഗുരുക്കളെ –

പ്പരം വിനീതയായി ഞാൻ നമസ്കരിച്ചിടുന്നിതാ. 

 

പഠിപ്പിലൊട്ടു മത്സരിച്ചു,മൊത്തുചേർന്നു കേളികൾ 

നടത്തിയും, ഗുരുക്കളെപ്പരം കൃതാർത്ഥരാക്കിയും, 

ഉടപ്പിറന്നവർക്കു തുല്യമെത്രയും പ്രിയത്തിലും 

നടന്നൊരെൻ സതീർത്ഥ്യരേ, പിരിഞ്ഞിടുന്നു ഞാനിതാ. 

 

അമന്ദമായ വത്സലത്വമോടുമെന്റെ പേനയെ-

സ്സമാഹരിച്ചനുഗ്രഹിച്ച സൽക്കവീന്ദ്രസംഘമേ, 

നമിച്ചിടുന്നു നിങ്ങളേയു,മെന്റെ കൊച്ചു തൂലിക-

യ്ക്കമംഗളം ഭവിച്ചിടാത്ത ഭാവിയെ നിനച്ചു ഞാൻ. 

 

മനസ്സിലീർഷ്യയെന്നിയേ സഹോദരത്വമോടുമാ 

ജനിത്രിയായ കൈരളീവധൂടിതൻ പദങ്ങളിൽ,

കളിച്ചുവാണിരുന്നൊരെന്റെ കൂട്ടരേയുമാകവേ 

വിളിച്ചു കൈപിടിച്ചു യാത്ര ചൊല്ലിടുന്നു ഞാനിതാ. 

 

പിഴച്ചിടാത്ത ഭക്തിയെന്നിലുള്ള ശിഷ്യലോകമേ 

പൊഴിച്ചിടായ്ക കണ്ണുനീർക്കണങ്ങൾ നിങ്ങളീ വിധം,

ഒഴിച്ചുവയ്ക്കുവാൻ നിവൃത്തിയുള്ള കാര്യമല്ലിതിൽ

കുഴപ്പമൊക്കെ നിഷ്ഫലം; പറഞ്ഞിടുന്നു യാത്ര ഞാൻ. 

 

തിരിച്ചിടട്ടെ ദൃഷ്ടിയെന്റെ വീട്ടിലേക്കു ഞാനിനി, 

കരൾക്കരുത്തു നഷ്ടമാക്കിടുന്ന രംഗമാണത്. 

പിരിക്കിലും പിരിഞ്ഞിടാത്ത ബന്ധമൊക്കെയങ്ങുതാ-

നിരിപ്പതെന്നറിഞ്ഞിടാത്ത മർത്ത്യനാരു ഭൂമിയിൽ ?

 

അഹോ! മനം തകർന്നു നിശ്വസിച്ചു മെയ് തളർന്നതാ

മഹീതലത്തിൽ വീണു കേണിടുന്നു മജ്‌ജനിത്രിയാൾ, 

സഹോദരങ്ങൾ കണ്ണുനീർ പൊഴിച്ചിടുന്നു ഭൂമിയിൽ, 

മഹാശയൻ പിതാവു കൈ പതിച്ചിടുന്നു മാറിലും.

 

പറഞ്ഞിടേണ്ടതെന്തിതിങ്ക,ലെന്തു ചെയ്തിടേണ്ടുവെ-

ന്നറിഞ്ഞിടാതെ ഞാൻ പരം കുഴങ്ങിടുന്നു സത്യമായ്. 

ഇറങ്ങി ഞാൻ തിരിക്കയോ വിവേകമല്ലതേതുമേ, 

പറഞ്ഞുനോക്കിടട്ടെ തെല്ലു സാന്ത്വനങ്ങളാദരാൽ. 

 

വിയോഗദുഃഖമാർക്കുമേയസഹ്യമെന്നിരിക്കവേ, 

പ്രിയം നിറഞ്ഞ മക്കളും പിതാക്കളും പരസ്പരം 

പിരിഞ്ഞിടുന്ന ഘട്ടമെത്ര ദുസ്സഹം മൃഗങ്ങളും

കരഞ്ഞിടും കിടാക്കളേയടുത്തു കണ്ടിടായ്കിലോ. 

 

സമാശ്വസിക്കണേ, വിഷാദമറ്റു മൽപിതാക്കളെ, 

അമേയമാം ഭവാബ്ധിയെപ്പദങ്ങളാൽ മെതിക്കുവാൻ

തുനിഞ്ഞിറങ്ങിടുന്നു ഞാനതോർത്തു നിങ്ങളാകെയൊ-

ട്ടനല്‌പമായ ചാരിതാർത്ഥ്യമാർന്നിടേണ്ടതല്ലയോ?

 

പിരിഞ്ഞുപോയിടുന്നതോർത്തു കുണ്ഠിതപ്പെടേണ്ടതി-

ല്ലൊരിക്കലും പിരിഞ്ഞിടാത്ത ബന്ധമെന്തു ഭൂമിയിൽ? 

മരിച്ചുപോയ മക്കളെക്കുറിച്ചു ഖേദമില്ലയോ?

തിരിച്ചുകൊണ്ടുവന്നടുത്തിരുത്തിയാശ്വസിക്കുമോ? 

 

നിരർത്ഥകം വിഷാദമാണിതൊക്കെയും; പ്രപഞ്ചമി-

ത്തരത്തിലാണു മർത്ത്യരേ മയക്കിടുന്നതോർക്കുകിൽ. 

കരഞ്ഞിടായ്ക വന്ദ്യരാം പിതാക്കളേ, സമാശ്വസി –

ച്ചിരിക്ക, പാദപങ്കജങ്ങൾ കൂപ്പിടുന്നു പുത്രി ഞാൻ. 

 

അനുഗ്രഹിക്ക നിങ്ങളെൻ തലയ്ക്കുമേൽ കരങ്ങൾ വ-

ച്ചെനിക്കതൊന്നു മാത്രമാണപേക്ഷ, പോയിടട്ടെ ഞാൻ. ദിനാന്തസൂര്യരശ്മി

തട്ടിടാത്ത നാട്ടിലൊന്നിൽ നാ-

മനാകുലം സുഖിക്കുമന്നു കണ്ടിടാം പരസ്പരം. 

 

കളങ്കമറ്റ മാനസങ്ങൾ ചിന്തിടുന്നു സങ്കടം 

വെളിപ്പെടുത്തിടുന്നൊരാ മുഖങ്ങളോടുമീവിധം, 

ഇളക്കമറ്റു നിന്നിടുന്ന കൊച്ചുസോദരങ്ങളേ,

തെളിഞ്ഞു നിങ്ങളാശ്വസിക്ക, പോയിടട്ടെ ഞാനിനി.

 

കരങ്ങളായ പിഞ്ചു വല്ലി രണ്ടുകൊണ്ടുമെന്റെ മെയ് 

വരിഞ്ഞുകെട്ടി നിന്നു കേണിടുന്ന കുഞ്ഞുസോദരാ, 

പിരിഞ്ഞു പോയിടേണ്ടനേരമായെനിക്കു, ഞാനിതാ 

തരുന്നു നിൻമുഖത്തൊരുമ്മ, വിട്ടയയ്ക്കുകെന്നെ നീ .

 

പിറന്നു നിൻ തറയ്ക്കുമേലകത്തെ വായുവും ശ്വസി-

ച്ചുറങ്ങി നിന്റെ തട്ടുകൾക്കു കീഴിലീദിനം വരെ, 

നിറഞ്ഞമോദമോടു വാണ ഞാൻ, മദീയഗേഹമേ,- 

യിറങ്ങിടുന്നു, നിന്നെ വിട്ടു പോയിടുന്നു നിത്യമായ്. 

 

തുറക്കുകില്ലെനിക്കുവേണ്ടി മേലിലിക്കവാട, മീ-

യറയ്ക്കകത്തു ദീപമെന്നെയോർത്തിനിത്തെളിച്ചിടാ.

വിരിക്കുകില്ലെനിക്കു മെത്ത, സോദരങ്ങളൊത്തു ഞാ-

നിരിക്കുകില്ലിതിന്നകത്തു ഭക്ഷണത്തിനായിനി. 

 

പുറപ്പെടുന്നു ഞാനിതാ, മദീയപാദമർദനം 

ചെറുപ്പകാലമേ തുടങ്ങിയാദരിച്ചിരുന്നൊരീ

തറയ്ക്കുമേൽ ചവുട്ടി ഞാൻ കടന്നിടുന്നു, കണ്ണിനി-

ത്തുറന്നു പിൻതിരിഞ്ഞു നിന്നു നോക്കുകില്ലിതൊന്നുമേ. 

 

നിരന്തരം പിരിഞ്ഞിടാതെ സഞ്ചരിച്ച പേനയേ,

വരുന്നതെന്തിനിന്നുമെന്നൊടൊത്തു നീ? മടങ്ങുക;

പരസ്യജീവിതത്തിലാശയുള്ള നീയടങ്ങിയ-

ങ്ങിരിക്കുമോ പ്രശാന്തമായൊരാശ്രമത്തിനുള്ളിലായ് ? 

 

നിനക്കതിഷ്ടമെങ്കിലോ വരാം വിരോധമില്ല, ഞാൻ 

നിനച്ചിടുന്നതില്ല നിന്നെയാട്ടി ദൂരെയാക്കുവാൻ. 

എനിക്കു നീയപ്രദ്രവം വരുത്തിടാതെ നോക്കിയാ-

ലനിഷ്ടമിങ്ങൊരിക്കലും ഭവിക്കയില്ല നിശ്ചയം. 

 

മഹത്തരം തൊഴിൽത്തരങ്ങളൊക്കെയാ സ്ഥലത്തു നിർ-

വ്വഹിച്ചിടേണ്ടതായ് വരും നിനക്കു തർക്കമെന്നിയേ. 

അഹന്തവിട്ടു കീർത്തിയിൽ ഭ്രമിച്ചിടാതെയെത്രയും

രഹസ്യമായിരുന്നുകൊണ്ടതൊക്കെ നീ നടത്തണം. 

 

നടന്നിടുന്നു ഞാനിതാ വിശാലമായ ലോകമേ, 

കടന്നുപോയിടുന്നു ഞാൻ, സ്വദേശമേ, ജനങ്ങളേ, 

മടങ്ങിവന്നിടാത്ത യാത്രയാണിതെന്നിരിക്കിലും,

തടഞ്ഞിടാതനുഗ്രഹിച്ചയയ്ക്കുവാൻ തൊഴുന്നു ഞാൻ.

 

എല്ലാം പിന്നിട്ടുകൊണ്ടൻ തരണിയിതഗമി-

 ക്കുന്നു മുന്നോട്ടു, ഞാനി-

 കല്ലോലങ്ങൾക്കുമീതേ കരളിലൊരണുവും

 കൂസലില്ലാതെ പായും;

കില്ലെന്യേ ചക്രവാളം ത്വരയൊടുമതിലം-

 ഘിച്ചു ചുറ്റിത്തിരിഞ്ഞ

കല്യാണക്കാതലാകും കതിരവനെയുമെൻ 

കൈകൾ നീട്ടിപ്പിടിക്കും.

                                                                             (ദീപിക, ജൂലായ് 16, 1928)