Marthoma Vijayam 009

ഒമ്പതാം സർഗ്ഗം


നിരണം പ്രകൃതി പ്രസാദവായ്പാർ-

ന്നൊരു ദേശം, ധരണീ സവിത്രിതന്റെ 

അരുമസ്സുകുമാരി കേരളത്തി-

ന്നരുമപ്പെട്ടൊരു മാറണിപ്പതക്കം.

1

കൃഷികൊണ്ടു സമൃദ്ധി, വാണിഭത്തി-

ന്നൊരു തെല്ലും കുറവാരുമോതുകില്ല. 

നിറയുജ്ജലമുള്ള പമ്പയാറ്റി- 

ന്നരികത്തോ ജനതയ്ക്കഭൂതിലേശം?

അധിവാസികൾ വിപ്രർ, തൃക്കപാലോ-

ശ്വരമാം ക്ഷേത്രവുമുണ്ടു സുപ്രസിദ്ധം 

അവനീസുരമുഖരായ ‘പത്തി- 

ല്ലവു’മാനാടു കിരീടമെന്നി വാണു.

3

ഒരു പട്ടണമെന്നു ചൊന്നിടാനും 

മതിയാകുന്നവിധം ജനപ്പെരുപ്പം 

അതുമല്ല, പുരോഗമിച്ചു നില്ക്കു-

ന്നൊരു സംസ്കാരവുമങ്ങു കണ്ടിരുന്നു.

4

അവിടങ്ങളിലാ മുമുക്ഷുവിന്റെ കാ- 

ലടി ചേർന്നു; കുറവറ്റ ഭാഗധേയം. 

പരിപൂതധരാവിഭാഗമന്നാ- 

ളുരുഭൂതിത്തികവാർന്നു ലാലസിച്ചു.

5

ഭുവി കോവിദരേയവിജ്ഞരാക്കും 

സുവിശേഷം സവിശേഷമായ പാഠം 

അവധൂതഗുരുത്തമൻ പ്രസംഗി- 

ച്ചവിശങ്കം ജനതയ്ക്കുവേണ്ടി നന്നായ്.

6

പലരും പഠനത്തെയാദരിച്ചാ- 

ഗലിലേയൻ ഗുരുവിന്നു ശിഷ്യരായി. 

പരിശുദ്ധ മതം മുദാ വരിച്ചു

കുരിശിൻ പൂജയിലാത്മശാന്തിയാർന്നു

7

അവരാഢ്യർ* മടത്തി, മാങ്കി, തൈ, മ- 

റ്റൊരു മുഖ്യൻ പുകളാർന്ന ഭട്ടമുഖ്യൻ 

അവിടങ്ങളിലൊക്കെയിന്നുമോരോ 

ഗൃഹമുണ്ടീയഭിധാനമുള്ളതായി.

8

നവക്രൈസ്തവർ ഭക്തരൊത്തുചേർന്നി- 

ട്ടവിടെ ക്ഷേത്രവളപ്പിനൊട്ടടുത്തായ് 

പണിതീർത്തൊരു പ്രാർത്ഥനാലയത്തിൽ 

ഗുരുദേവൻ കുരിശിൻ പ്രതിഷ്ഠചെയ്തു.

9

ചില മൂപ്പരെയേർപ്പെടുത്തിയെല്ലാം 

കുറവില്ലാതെ നടത്തിടേണ്ടതിന്നായ് 

“പലെടത്തുമെനിക്കു പോയിടാനു-

ണ്ടിനിയും ഞാൻ വരു” മെന്നു യാത്ര ചൊല്ലി.

10

അവിടന്നു തിരിച്ചു ചായലിൽപ്പോ- 

യവിടം പാണ്ടിയൊടൊട്ടടുത്തദേശം. 

നിരണം തടവുന്ന പമ്പ, ചായൽ- 

പ്പരിരംഭം പ്രഥമം നടത്തിടുന്നു.

11

തരുവീരരെ ഗാഢമായി പുണർന്നും, 

പരിചിൽപച്ച ചുവപ്പു രത്നജാലം 

തിരിയാക്കി നിരത്തി മാലയിട്ടും 

മരിചപ്പെൺകൊടിമാർ നിരന്നുനില്പൂ.

12

വിനയത്തോടു നേട്ടമുള്ളതെല്ലാ- 

മുടമയ്ക്കായടിമണ്ണിലാക്കി മൂടി 

ഇലയും തലയും വെളിക്കു കാട്ടും 

നിലയാർന്നിഞ്ചിയുമുണ്ടു ലോപമെന്യെ.

13

ഫലപുഷ്ടിയിലന്യദേശമൊന്നും

തുലനത്തിന്നിതിനോടടുക്കുകില്ല. 

വണിഗീശർ മഹീസുരാഢ്യരെല്ലാം 

മണിമേടയ്ക്കകമേ വസിച്ചിരുന്നു.

14

സുരസുന്ദരിമാരണിഞ്ഞു പൊട്ടി-

ച്ചിതറും മാല്യമുതിർത്ത മൗക്തികങ്ങൾ

ഒരു ലോഭവുമെന്നിയേ വിരിച്ചി-

ട്ടതുപോൽ വെണ്മണൽ ചാർത്തുമങ്കണങ്ങൾ.

15

ജലമുള്ള കിണറ്റിനൊക്കെ വെള്ളി-

ത്തുടലും കപ്പിയുമിട്ടവയ്ക്കു നേരേ

കിടമത്സരമാണു കങ്കണം ചാർ-

ത്തിടുമക്കോമളബാഹുയുഗ്മമെങ്ങും.

16

കനകപ്പണിചെയ്ത ചെല്ലമത്രേ

യഭിമാനത്തികവോടുവച്ചിരിപ്പൂ 

തളിർവെറ്റില പാക്കുമായ് സമീപ- 

ത്തനിശം വേശ്മനിയഗ്ഗൃഹാധിപന്മാർ.

17

അധികം പറയേണ്ടതില്ല, ചായൽ 

ധനികബാഹ്മണകേന്ദ്രമായിരുന്നു. 

അവിടെ കൃഷിചെയ്ത കർഷകാഢ്യൻ 

നലമേറും സുവിശേഷവിത്തു മേന്മേൽ.

18

മരിയാസുതനേശുവിന്റെ ജന്മം. 

കുരിശിന്മേൽ ദയനീയമായ മൃത്യു 

അഥ വീണ്ടുമുയിർത്ത കാര്യമെല്ലാം 

കരളിൽത്തട്ടിയവർക്കു ശക്തിയായി.

19

പലർ ക്രൈസ്തവരായി, പള്ളിയുണ്ടായ്, 

പുലരിസ്സൂര്യനുയർന്നിടും വിധത്തിൽ 

മതമങ്ങഭിവൃദ്ധിയാർന്നു, മറ്റാ-

രെതിരിട്ടില്ലതുമത്ഭുതം നിനച്ചാൽ.

20

അതിനാലധികം കൃതജ്ഞനായി-

ദ്ദിദിമൂസുന്നതനെ സ്തുതിച്ചു മേന്മേൽ.

അഭിഷേകവുമാചരിച്ചു നല്കി

ഗുണവാനേകനു വൈദികാധിപത്യം.

21

“വിളഭൂമിയിതിന്റെ മണ്ണനല്പം

വളമുള്ളോന്നതിനാൽ മടിച്ചിടാതെ

കൃഷിചെയ്യുകിൽ നൂറുമേനി കൊയ്യാ”-

മിതി ചിന്തിച്ചു കൃതാർത്ഥനായി തോമ്മാ.

22

(തുടരാനരുതിങ്ങു; തൂലികേ,യെ- 

ന്നിടനെഞ്ചത്ര തുടിച്ചിടുന്നുവല്ലോ

ഹതഭാഗ്യയതേ സ്ഥലം കിടക്കും

സ്ഥിതിയിന്നോർക്കിലേവനും സഹിക്കാ.

23

പല പള്ളികൾ ‘ചായലി’ന്റെ ശാഖാ- 

നിലയിൽതന്നെ ‘നിലയ്ക്കൽ’ തൊട്ടുയർന്നു 

പല വർഷശതങ്ങൾകൊണ്ടസൂയാ- 

വഹമാം സുസ്ഥിതിയും ലഭിച്ചിരുന്നു.

24

വിവരങ്ങൾ ശരിക്കു നല്കിടുന്നി-

ല്ലെഴുതപ്പെട്ട ചരിത്രരേഖയൊന്നും 

കുടിപാർത്ത ജനങ്ങളാസ്ഥലം വി- 

ട്ടൊടുവിൽക്കാടു വളർന്നു; കാര്യമെന്തോ?

25

ഒരു ദുർജ്ജനസംഘമെങ്ങുനിന്നോ

തുടരെക്കൊള്ളകൾ ചെയ്കമൂലമായി

സഹികെട്ടു ജനം സ്ഥലംവെടിഞ്ഞ- 

ന്നിതി കേൾക്കുന്നതു സത്യമായിരിക്കാം

26

കഥയെങ്ങനെയാകിലെന്തു? ദേശ-

സ്ഥിതിയിന്നലണയ്ക്കുമാർക്കുമുള്ളിൽ. 

കടുവാ, പുലി, സർപ്പജാതിയെല്ലാം 

കുടിപാർപ്പാണതിലേ വനാന്തരത്തിൽ.

27

വലുതായ പുരാതനപ്രതാപം 

തെളിയിക്കും പല നഷ്ടശിഷ്ടമിന്നും 

അവിടങ്ങളിലുള്ളതായുറപ്പി- 

ച്ചുരചെയ്യുന്നു പലേ ഗവേഷകന്മാർ.

28

ഉരുഭാസുരഭാവിയാ സ്ഥലത്തി- 

ന്നൊരുകാലത്തിനിയും വരേണ്ടതിന്നായ് 

നരനായൊരു ദൈവമേ, തൊഴുന്നേൻ 

പ്രകൃതം ഞാൻ പരിചിൽതുടർന്നിടട്ടെ.)

29

ശരിയായിവിടം പുരോഗമിക്കും 

വിരവിൽപ്പോകണമന്യദിക്കിനെന്നായ് 

കരുതുന്നിതു തോമ്മാ; തൃക്കപാലേ- 

ശ്വരനാട്ടാർ ചിലരപ്പൊഴങ്ങണഞ്ഞൂ.

30

ഗുരുദേവനെയാദരിച്ചു കൂപ്പി-

തൊഴുകൈയോടവർ നിന്നു ഭക്തിപൂർവ്വം

മുഖമത്ര പ്രസന്നമല്ല, കാണാ- 

മൊരു ദുഃഖം നിഴലിച്ചിടുന്ന ഭാവം.

31

ഒരു മൂപ്പനുടൻ വിനീതനായി- 

പ്പറയുന്നീ വചനങ്ങൾ സാവധാനം: 

“ഗുരുപാദരേ, ഞങ്ങളോടുമൊന്നി- 

ച്ചവിടുന്നങ്ങു വരേണമെന്നപേക്ഷ.“

32

“വരുവാൻ മടിയില്ലെനിക്കു; കാര്യം 

പറയൂ തൽക്ഷണ,മെന്തു സംഭവിച്ചു? 

മതകാര്യമഭംഗമായ് നടക്കാൻ 

വിഷമം വല്ലവരും വരുത്തിവച്ചോ?”

33

“വിഷമസ്ഥിതിയല്പമൊന്നുമല്ലെ-” 

ന്നുടനേ മറ്റൊരുവൻ തുടർന്നുരച്ചു.

“പരിപന്ഥികൾ നഷ്ടമാക്കി കഷ്ടം! 

കുരിശെന്നുള്ളതിലേറെയെന്തു നാശം?”

34

“പിഴുതിട്ടെവിടെക്കളഞ്ഞുവെന്നാ- 

യറിവില്ലെന്തിനി ഞങ്ങൾ ചെയ്തിടേണ്ടു? 

പുരുധിക്കൃതി! ഓർക്കവയ്യ; പാപ- 

പരിഹാരം വഴി പോലെയാരു ചെയ്യും?”

35

ഇതു കേട്ടു വിശുദ്ധനൊട്ടു ചിന്താ- 

കുലനായ് നിശ്ചലനായിരുന്നുപോയി. 

പല മാത്രകൾ പോയതില്ല “ദൈവം 

തുണ” യെന്നോതിയെണീറ്റു ധൈര്യപൂർവ്വം.

36

അവിടങ്ങളിലുള്ള മുഖ്യരാകും

മതവിശ്വാസികളേ വിളിച്ചുകൂട്ടി

പരിതസ്ഥിതിയോതി,യുജ്ജ്വലത്താ- 

മുപദേശങ്ങളവർക്കു നല്കി ദിവ്യൻ.

37

വിടവാങ്ങി നടന്നു വന്ന ശിഷ്യ- 

പ്രമുഖന്മാരോടുകൂടി യേശുദാസൻ. 

അവരൊട്ടു സമാശ്വസിച്ച മട്ടായ് 

വഴിമദ്ധ്യേ വിഷയം തുടർന്നു വീണ്ടും.

38

പദചാരികൾ വിശ്രമം വെടിഞ്ഞും 

ശയനം ഭക്ഷണമൊക്കെ വിസ്മരിച്ചും 

വിരവോടു വിദൂരയാത്രചെയ്തി- 

ട്ടവർ ലക്ഷ്യസ്ഥലമെത്തി ധന്യരായി.

39

വിവരങ്ങളറിഞ്ഞു സത്വരം വ- 

ന്നവിടെസ്സജ്ജനദുർജ്ജനങ്ങളേറെ 

ഒരു കൂട്ടരകം കുളിർത്തുകൊണ്ടും 

പ്രതിപക്ഷം ഹൃദി വക്രചിന്തയോടും.

40

പരിപന്ഥികളോർത്തിരുന്നു സിദ്ധൻ 

വരുമെങ്കിൽക്കെണിയിൽക്കുടുക്കി വീഴ്ത്താൻ

അപരാധഭരം ചുമത്തി,യെന്ന- 

ല്ലവമാനിച്ചു തുറുങ്കിനുള്ളിലാക്കാൻ.

41

അതിനുള്ള കുരുക്കു പാടവത്തോ- 

ടവരൊപ്പിച്ചു പരം കൃതാർത്ഥരായി 

അവയൊന്നുമറിഞ്ഞിടാത്തമട്ടിൽ-

ജ്ജനസംഘത്തോടു ചേർന്നു നിന്നിരുന്നു.

42

കുരിശന്നതിപൂജ്യമായ പ്രതിഷ്ഠി- 

ച്ചൊരിടത്താണവരാകെ നില്പതിപ്പോൾ. 

അവിടെക്കുരിശില്ല, പ്രാർത്ഥനയ്ക്കായ 

പണിതോരാലയവും നശിച്ചുകാണ്മൂ.

43

യതി മുട്ടുകളൂന്നി ഭക്തരോടൊ- 

ത്തവരൊന്നിച്ചവിടെപ്പൊഴിച്ചു ബാഷ്പം 

അപരാധികളേ നിനച്ചു മാപ്പി-

ന്നവർ യാചിക്കുകയാണു നാഥനോടായ്.

44

“കുരിശേ, കുരിശേ, മനുഷ്യരക്ഷാ- 

കരകല്പദ്രുമമേ, ദിവാനിശം തേ

പരമോന്നതപൂജയിങ്ങു ചെയ്‌വാ-

നിവരാശിച്ചു മറിച്ചു സംഭവിച്ചു.

45

അറിയാതവർ തെറ്റു ചെയ്തു; പാപ- 

പരിഹാരത്തിനു ഞങ്ങൾ വന്നു നില്പൂ 

കുരിശേതൊരിടത്തെറിഞ്ഞിരിക്കു-

ന്നതു കാണ്മാൻ വഴിയെന്തു ദിവ്യനാഥാ?

46

കുഴികുത്തിയൊളിച്ചു മൂടിയിട്ടോ

പഴുതിക്കാട്ടിനകത്തെറിഞ്ഞതാണോ 

പുഴയിൽസ്സലിലത്തിലാഴ്ത്തിടാനും 

വഴിയുണ്ടേതൊരിടത്തു തേടിടേണ്ടു?”

47

അനുതാപവിലാപമീവിധത്തിൽ 

ത്തുടരുമ്പോളൊരു ഗർദ്ദഭപ്രവീരൻ 

അവിടെജ്ജനസംഹതിക്കു മദ്ധ്യേ

നിലകൊള്ളുന്നൊരു കാഴ്ച കാണുമാറായ്.

48

നയനങ്ങൾ തിരിച്ചു നാലുപാടും, 

മുനിയെക്കണ്ടുപകണ്ഠമെത്തിനിന്നു. 

വിനയത്തോടുതാണുകൂപ്പി പാദം, 

ജനമെല്ലാമൊരുപോലെ വിസ്മയിച്ചു.

49

“പ്രിയ സോദര, ചൊന്നിടുന്നിതാ ഞാ- 

നതിയായ് സ്വാഗതമംഗളങ്ങളെല്ലാം.

അവിചാരിതമായി വന്നതെന്താ- 

ണിവിടേയ്ക്കിങ്ങനെ യാരയച്ചു നിന്നെ?”

50

ഇനി യോഗിവരന്റെ പൃച്ഛ കേട്ടി- 

ട്ടുടനേയാ മൃഗമംഘ്രിയൊന്നുയർത്തി

കുരിശൊന്നു വരച്ചു പൂഴിമണ്ണിൽ, 

തലകുമ്പിട്ടു നമിച്ചു വീണതിന്മേൽ.

51

എഴുനേറ്റഥ നിന്നു; തോമ്മയോതി 

പറയൂ സോദര, കാര്യമെന്നു വീണ്ടും. 

തലപൊക്കിയവൻ തികഞ്ഞ ശബ്ദ-

തെളിവോടിങ്ങനെ ഭാഷണം തുടങ്ങി

52

“ബഹുമാന്യതയുള്ള സൂരിമാരേ, 

ബഹുമാനത്തോടു ഞാൻ നമസ്ക്കരിപ്പൂ. 

ചിലവാർത്തകളിങ്ങു ചൊന്നിടാനു- 

ണ്ടവയിപ്പോൾ ദയവായി ശ്രവിക്ക നിങ്ങൾ.”

53

പലരോതി“യിതെന്തു ഗർദ്ദഭം!” കാ- 

റ്റൊഴുകും പോലെ പരന്നു വാർത്ത നാട്ടിൽ. 

അവിടേയ്ക്ക് ജനപ്രവാഹമായി, 

സരസംഭാഷണമാ മൃഗം തുടർന്നു:

54

“ഒരു ഗർദ്ദഭമെങ്ങുമേ പ്രസംഗി- 

ച്ചറവില്ലിന്നുവരെ സത്യമത്രേ. 

ഇതുദൈവികശക്തിയെന്നുതന്നേ

മതിമാന്മാരഖിലം ധരിച്ചിടേണം.

55

അവിവേകികൾ നിങ്ങളൊട്ടുപേരി-

സ്സുകൃതീന്ദ്രന്നെതിരായി നില്പതോർത്താൽ

അഖിലേശനെ ധിക്കരിക്കത്രേ,

സ്വയമായ് ദുർഗ്ഗതിയെ ക്ഷണിക്കയത്രേ.

56

മരിയാസുതനേശുവിന്റെയപ്പോ-

സ്തലനാം ദേശികനാർഷഭാരതത്തിൽ

വരുവാനിടയായതെത്ര ഭാഗ്യ-

ത്തികവെന്നോർക്കുക നിങ്ങൾ കോവിദന്മാർ.

57

നരരക്ഷകനേശുവാജ്ഞ നല്കീ-

ട്ടിവിടേയ്ക്കാഗതനായി ഗർദ്ദഭം ഞാൻ. 

ഒരുനാൾ തിരുമേനി ഘോഷയാത്ര-

യ്ക്കൊരു ബാലേയമൃഗത്തിലേറിയില്ലേ?

58

അവിടുന്നു പറഞ്ഞയച്ചതായി-

ട്ടൊരു സന്ദേശവുമുണ്ടു, ചൊന്നിടുന്നേൻ. 

‘കുരിശിന്നു വിനാശമില്ല’, മർത്യർ- 

ക്കതു രക്ഷാകരകല്പദ്രുമംതാൻ.

59

‘മുതലപ്പുഴ’യൊന്നു തപ്പിനോക്കൂ

കുരിശുണ്ടത്തൊരിടത്തു, കണ്ടുകിട്ടും.

ഹൃദയത്തിലിരുട്ടു തിങ്ങിയേവം

നിതരാം ദുഷ്കൃതി മർത്യർ ചെയ്തിടുന്നു.”

60

ഉടനോടിയനേകരാസ്ഥലത്തേ- 

യ്ക്കതിധൈര്യത്തൊടു ചാടിയാറ്റിൽ മുങ്ങി. 

അപമൃത്യുവിനെക്കുറിച്ചുമോർത്തി- 

ല്ലവരപ്പോൾ കുരിശിന്റെ ചിന്തമൂലം.

61

ഉരുദീപ്തിയോടാഴമേറുമാറ്റി-

ന്നടിയിൽ ക്രൂശവർ കണ്ടു ഭദ്രമായി. 

ഒരു നക്രമതീവശാന്തനായി- 

ട്ടതിനെക്കാത്തരികിൽക്കിടന്നിരുന്നു.

62

നിരുപദ്രവിയായകന്നുപോയി 

ജനമെത്തുന്നതു കണ്ടു നക്രവീരൻ. 

മൃഗവും ജലജീവിയും മനുഷ്യർ-

ക്കിവിടെദ്ദേശികരായി ഭേദമെന്യേ.

63

കൃതകൃത്യതയോടെടുത്തുയർത്തി- 

ക്കരയിൽച്ചേർത്തവരാ വിശുദ്ധവസ്തു. 

പരിപന്ഥികളോടി നാലുപാടും 

വരുമെന്നോർത്തൊരു ശിക്ഷയേ ഭയന്നോ?

64

ശുഭദൂതകനായ ഗർദ്ദഭത്തേ- 

യവരാരാഞ്ഞൊരിടത്തുമില്ല കാണ്മാൻ. 

അതു വന്നതുപോലെ പോയി, പിന്നീ- 

ടതിനെക്കണ്ടവരാരുമെങ്ങുമില്ല.

65

ഭയഭക്തിപുരസ്സരം വഹിച്ചാ- 

കുരിശുംകൊണ്ടൊരു ഘോഷയാത്രചെയ്തു

ഒരുതെല്ലകലത്തിലായ് പ്രതിഷ്ഠി-

ച്ചവിടംതാൻ ‘നിരണാ’ഖ്യമാം പ്രദേശം.

66

സുജനാവലി ദിവ്യനാം പുമാനേ- 

യതിഭക്ത്യാദരവോടു സന്നമിച്ചു. 

പഠനാദികൾ സമ്മതിച്ചു, ക്രൂശി- 

ന്നടിമേലാൽ ഭജനത്തിനെന്നുറച്ചു.

67

പരിശുദ്ധമതത്തിലംഗമായി-

പലരും ചേർന്നതിനാൽ കൃതാർത്ഥനായി

ഗുരുദേവനു മാനസം കുളിർത്തു 

പരിചിൽ ക്രിസ്തുമഹേശനെ സ്തുതിച്ചു.

68

‘തിരു’വെന്നു തുടക്കമാം ‘കപാലേ- 

ശ്വര’മുണ്ടോ കുരിശിന്റെ മേന്മ കണ്ടു?

വരപൂജകൾ നല്കി വച്ചുകൊള്ളാൻ 

നിരണത്തിന്നതുനേട്ടമായി, ഭാഗ്യം!

69

കുരിശിന്റെ സുരക്ഷിതത്വമോർത്തും 

പൊതുവിൽ പ്രാർത്ഥനകൾക്കു പള്ളിയായും 

ഒരു മന്ദിരമങ്ങു തീർത്തും, ചെറ്റ- 

പ്പുരയെക്കാളതുമെച്ചമല്ല തെല്ലും.

70

അതിനുണ്ടൊരു ഭാവി ഭാസുരം, ക- 

ണ്ടറിയുന്നാദിപുമാൻ ത്രികാലവേദി 

ഗുരുദേവനുമന്നറിഞ്ഞിരുന്നോ? 

നരനല്ലേ, യതിലുണ്ടു ശങ്കയല്‌പം.

71

അഥ പാർത്തവിടെക്കുറച്ചുകാലം 

സുവിശേഷം ദൃഢമാക്കിയാ ജനത്തിൽ 

ഒരു ‘മൂപ്പ’നു നല്കി വൈദികത്വം, 

ഗുരുവാം പുണ്യപുമാൻ സ്ഥലംവെടിഞ്ഞു.

72

ചെറുതെങ്കിലുമുന്നതിക്കു കാലം

വരുവാനായ് നിലകൊണ്ട് പള്ളിതന്നിൽ

അധിനായകനായ് വിനീതനായി

പ്രിയശിഷ്യൻ ഭരമേറ്റു കാര്യമെല്ലാം.

73

കാറ്റിനാലിളകിടും പലാശമതു ചെന്നു

മുള്ളിനെയടിക്കുകിൽ

ചെറ്റുമില്ല വിന മുള്ളി, നായതു കുലുക്ക- 

മറ്റു നിലകൊണ്ടിടും 

ഊറ്റമോടതിനെയാഞ്ഞടിച്ച് ദലമാണു 

കീറുവതു നിശ്ചയം

പറ്റുമിങ്ങനെ വിവേകമറ്റ നരനും സ്വ- 

യംകൃത വിപത്തുകൾ.

74

* ക്രിസ്തുമതം സ്വീകരിച്ച പ്രധാന ബ്രാഹ്മണകുടുംബങ്ങൾ: മടത്തിലാൻ, മാങ്കി, തൈയിലാൻ, പട്ടമുക്ക് (ഭട്ടമുഖ്യൻ).