പത്താം സർഗ്ഗം

കേരളാംബ പണം കെട്ടി-
ത്തോളിലേക്കിട്ട സഞ്ചിപോൽ
നീണ്ടു തൂങ്ങീട്ടു ചിത്രത്തിൽ-
ക്കണ്ടിടാം വെമ്പനാടനെ.
1
വെമ്പനാടൻ മഹാകേമൻ
വെമ്പലില്ലാത്തവമ്പനും
നമ്പിനില്ക്കുന്നവർക്കെല്ലാ-
മിമ്പമേകും ധനാഢ്യനും.
2
ഉന്നതാശകൾ ചൂഴുന്നൂ
ധന്യനേയേതു നേരവും
വന്നിടുന്നതിനാൽത്തന്നേ-
പിന്നെയും ഭൂരിഭാവുകം.
3
അലംഭാവത്തിലെന്നാലു-
മലച്ചിൽ തന്നെയെപ്പൊഴും
അതിനെപ്പറ്റിയോർക്കുമ്പോൾ
മതിമാനും കുഴങ്ങിടും.
4
കേരളം വഞ്ചിയായപ്പോൾ
വഞ്ചിയിൽ വെമ്പനാടനായ്
വെമ്പനാടനിലന്നാളും
വഞ്ചിയോടി നിരന്തരം.
5
അമ്മഹാശയനെച്ചുറ്റീ-
ട്ടുമ്മറപുഷ്പവാടിപോൽ
തീരദേശങ്ങളിൽക്കാണാം
കേരഭൂരുഹസംഹതി.
6
അവയെല്ലാം സുധാകുംഭ-
മവലോകമനോഹരം
വഹിക്കുന്നുച്ചിയിൽത്തന്നേ-
സഹസ്രാധികസംഖ്യയിൽ.
7
വ്യജനംപോലെ പത്രങ്ങൾ
ചലിക്കുന്നതിചന്തമായ്
എത്രയാകർഷകം കാവ്യ-
കൃത്തുകൾക്കീ മഹീരുഹം!
8
എങ്കിലും തെല്ലഹങ്കാര-
മങ്കുരിക്കാത്ത മസ്തകം
നമിക്കുന്നെപ്പൊഴും തന്റെ-
രക്ഷകൻ വെമ്പനാടനേ.
9
ജലത്തിൽ പ്രതിബിംബിക്കും
ച്ഛായ കണ്ടാസ്വദിക്കുവാൻ
ഹൃദയം തേ തരുശ്രേഷ്ഠ,
തന്നിരുന്നെങ്കിലീശ്വരൻ!
10
കരിക്കിൻ കുല വെള്ളത്തിൽ-
ക്കണ്ടു കൈവശമാക്കുവാൻ
വികൃതിക്കുട്ടികൾ പക്ഷേ,
ചാടുമോ? സംശയിക്കണം.
11
വേലവിട്ടു കളിക്കുന്ന
മർത്ത്യനാദർശമെന്നപോൽ
വേലയിൽത്തന്നെ നില്ക്കുന്നു
വെമ്പനാടൻ ദിവാനിശം.
12
ജീവജാലങ്ങളെക്കൊന്നി-
ട്ടാഹരിക്കുന്ന മാനുഷാ,
നോക്കണം, ജീവകാരുണ്യ-
മൂർത്തിയീ വിസ്തൃതാശയൻ.
13
അകമേ വച്ചു പോറ്റീടു-
ന്നെത്രജീവികളെസ്സദാ
അതുകണ്ടാലാരുതന്നേ
നമിക്കില്ലീയുദാരനേ?
14
ബാഹ്യദൃശ്യം നിരപ്പെന്നാ-
ലാഴമാണന്തരാ പരം
അടിചേർന്നു നമിച്ചാലോ
വിടുകില്ലിവനാരെയും.
15
സ്നാനപാനാദിയും നല്കും
മാനമായ് സല്കരിച്ചിടും.
ജീവനം തേടി മറ്റെങ്ങും
പോവതും വേണ്ടിവന്നിടാ.
16
നീരസത്വം കുറേയെല്ലാം
വരുത്തിപ്പണി ചെയ്യുകിൽ
വല്ലതും തരുമെന്നല്ല
നെല്ലുവേണ്ടതു നൽകിടും.
17
സരസം വന്നഹോ നാട്ടാർ
കരമേകുന്ന ഹേതുവാൽ
ഒരു സമാട്ടിനോടൊക്കും
നിലയാണിവനെപ്പൊഴും.
18
മുടിചൂടാത്ത പോരായ്ക
മാത്രമുണ്ടതു തീർക്കുവാൻ
കരുതിക്കൂട്ടിയെന്നോണം
വരുന്നുണ്ടൊരു മസ്കരി.
19
കൊടുങ്ങല്ലൂരു, കൊല്ലത്തും
നിരണത്തും, നിലയ്ക്കലും
പാദതാരുകളർപ്പിച്ചു
പൂതമാക്കിയ പുണ്യവാൻ.
20
ക്രിസ്തുവിന്റെ ശിഷ്യനാം തോമ്മാ
വെമ്പനാടന്റെ വേലയിൽ
കോക്കമംഗലമാം ദേശ-
ത്തെത്തിയുന്നതഭാഗ്യമേ! (യുഗ്മകം)
21
മറ്റിടങ്ങളിലെന്നോണ-
മാസ്ഥലത്തും സുദൃശ്യമായ്
ഭൂസുരേന്ദ്ര നികേതങ്ങൾ
ഭാസുരായതനാദിയും
22
അപ്പുരാതനമാം ക്ഷേത്ര-
മവശിഷ്ടങ്ങൾ മൂലമായ്.
ഇപ്പൊഴും തൻ ചരിത്രത്തെ-
ക്കീർത്തിക്കുന്നുണ്ടു വേണ്ടപോൽ.
23
അന്നതിന്റെ സമീപത്താ
വന്ദ്യനാം മുനിപുംഗവൻ
വന്നുചേർന്നിതു ദൈവത്താ-
ലയയ്ക്കപ്പെട്ട പുരുഷൻ.
24
ക്രിസ്തുവിന്റെ മതം നവ്യം
പ്രസംഗിച്ചു തുടങ്ങവേ
ആഢ്യഭൂസുരവമ്പന്മാ-
രദ്ധ്യാഹാരപ്രസക്തരായ്.
25
‘നാലുവേദങ്ങൾ ശാസ്ത്രങ്ങ-
ളാറിനേയും യഥാവിധി
മഥനംചെയ്ത വിജ്ഞന്മാർ
ഭൂമിദേവർ ധരിക്ക നീ.
26
എന്തറിഞ്ഞിട്ടു നീ വന്നീ-
യന്തണന്മാരെയീവിധം
പഠിപ്പിക്കാൻ തുനിഞ്ഞെന്നു
പറയൂ തൽക്ഷണം ശഠാ.
27
ഋക്കിലെച്ചില സൂക്തങ്ങ-
ളുദ്ധരിച്ചിഹ വേണ്ടപോൽ
അർത്ഥമോതുക, വിജ്ഞൻ നീ-
യെന്നു സമ്മതി നല്കിടാം.
28
അഥവാ സാമവേദത്തി-
ന്നാദ്യസൂക്തമതേപടി
ഉരുവിട്ടീടുകിൽപ്പോരു-
മതും നാവിലുദിക്കുമോ?
29
പിന്നെയെന്തോന്നെടോ വേദ-
പ്രസംഗം? നിന്റെ നാട്ടിലേ
അർത്ഥമില്ലാത്ത സംസാര-
മതശോഭിതമായിടാ
30
തൃക്കപാലേശ്വരത്തെന്തോ
ജാലവിദ്യകൾ കാട്ടി നീ
ഒക്കുകില്ലിഹ മായങ്ങൾ
കോക്കമംഗലമാണിത്.
31
കൈയിലെ ഗ്രന്ഥമെന്തോന്നാ
കാണുവാൻ സമ്മതിക്കുമോ?
മേച്ഛഭാഷയിലാണെങ്കിൽ
വേണ്ട ഭ്രഷ്ടുണ്ടു നോക്കിയാൽ.”
32
അപഹാസങ്ങളീമട്ടിൽ-
ത്തുടരെക്കേട്ടിടുമ്പോഴും
അമർഷം ഹൃത്തിലേശാതെ-
യവനോതി വിനീതനായ്
33
“നാലുവേദങ്ങളുണ്ടെന്റെ
നാവിലെന്നതു സത്യമാം.
അതിലൊന്നീ മഹൽ ഗ്രന്ഥം
സാദരം നോക്കുകിൽത്തരാം.
34
ലിപി വൈദേശികം, നോക്കൂ
ദേവനാഗരിയല്ലിത്.
ബുധരാകിലുമജ്ഞാത-
മിതു നിങ്ങൾക്കു കേവലം.
35
എന്റെ വായനയാൽ നിങ്ങൾ
തൃപ്തരായിടുമെങ്കിലോ
കേൾക്കണം, ഞാൻ തുടങ്ങുന്നീ-
നാട്ടിലേ നല്ല ഭാഷയിൽ.”
36
കാര്യമിത്രയുമോതീട്ടു
വിരമിച്ചൂർദ്ധ്വനേത്രനായ്
നിന്നു നിശ്ചലനായേക-
നിമിഷം മുനിപുംഗവൻ.
37
അഥ പാവനമാം ഗ്രന്ഥം
ലക്ഷ്യമെന്യേ തുറക്കവേ
ആദ്യമായ് ദൃഷ്ടിയിൽപ്പെട്ടു
വാക്യതല്ലജമൊന്നിദം.
38
“കന്യകാമണിയാൾ ഗർഭം-
ധരിക്കും പ്രസവിച്ചിടും
ഉണ്ണി “യെമ്മാനുവേലെന്ന
പേരിനാലറിയപ്പെടും.”
39
“ഇപ്രവാചനവാക്യത്തി-
ന്നൊരു മാറ്റവുമെന്നിയേ
അക്ഷരംപ്രതി കാര്യങ്ങൾ
സംഭവിച്ചുകഴിഞ്ഞിതാ.”
40
“കഷ്ടമേ!” മറുവാക്കാതി
വിഷ്ണുനമ്പൂരിയക്ഷമൻ
“വ്യഭിചാരം മഹാപാപം!
കന്യ ഗർഭിണിയാകയോ?
41
അവൾ ദുർഭഗ കൈകൊട്ടി-
പ്പുറത്താക്കണമക്ഷണം.
കുടുംബത്തിൽ ശുദ്ധികർമ്മ-
മപ്പൊഴേതന്നെ ചെയ്യണം.”
42
ശ്രീധരൻ, വാമനൻ, ജാത-
വേദനും പുരുഹൂതനും
പലരും തുടരെച്ചോദ്യ-
ശരങ്ങൾ വരിഷിക്കയായ്.
43
“നാലുവേദങ്ങളിൽപ്പെട്ട-
പാവനഗ്രന്ഥമെങ്കിലോ
അതിലീവകയാഖ്യാനം
ചേർച്ചയാകുവതെങ്ങനെ?”
44
“അവളാരെന്നു കേൾക്കട്ടെ-
കുന്തി കർണ്ണനെയെന്നപോൽ
പ്രസവിച്ചോ മന്ത്രശക്തി-
മൂലമങ്ങനെ വന്നിടാം.”
45
“കുഞ്ഞിനെത്തള്ളിയപ്പോഴേ-
കാട്ടിലെങ്ങാനെറിഞ്ഞുവോ?
രാത്രിയിൽപ്പുഴവക്കത്തു-
വച്ചുപേക്ഷിച്ചിരിക്കുമോ?”
46
“ഹരേ! ദേവ!! മഹാശംഭോ!
ദിവ്യനാ ശിശുവെങ്കിലോ
ഒഴുക്കിക്കൊണ്ടെയിട്ടാലും
മരിക്കില്ലതു നിശ്ചയം.
47
“മാമുനേ, പറയൂ കന്യാ-
നന്ദനൻ ക്ഷേമപൂർണ്ണനായ്
പുരുഷായുസ്സു പിന്നിട്ടോ?
ദിവ്യശക്തികൾ കാട്ടിയോ?”
48
“പറയാം കേട്ടുകൊണ്ടാലും
മറുവാക്കോതി ദേശികൻ.
ചാസനമുറപ്പിച്ചു-
തറയിൽ ഭൂസുരാഢ്യരും.
49
“മറിയം രാജഗോത്രത്തിൽ
പിറന്നോരു കുമാരിയാൾ;
അവിവാഹിതയായ് ജീവി-
പതിനാശിച്ച സുന്ദരി.
50
സമുദായസദാചാര-
വിധിയോടെതിർനില്ക്കുവാൻ
കഴിയാതെ വിവാഹത്തി-
ന്നവളന്നു വിധേയയായ്.
51
ധവനും ബ്രഹ്മചര്യത്തേ
വ്രതമാക്കിയ പൂരുഷൻ
ജലവും പത്മവുംപോലെ-
ചേർന്നു ദമ്പതിമാരവർ.
52
പുറമേ കാഴ്ചയിൽ ഭാര്യാ-
ഭർതൃബന്ധമിരിക്കിലും
കേവലം സഹജസ്നേഹ-
മവരെച്ചേർത്തു വേണ്ടപോൽ.
53
തക്ഷകുത്തൊഴിലാൽ യൗസേ-
പ്പവളെപ്പോറ്റി നീതിമാൻ.
അവനീശ്വരഭക്തന്മാർ-
ക്കവതംസവിശേഷവും.
54
അപ്സരസ്സുകളെക്കാളും
മറിയം മോഹനാംഗിയാൾ.
വാനിലേ ദൂതരേ വെല്ലു-
മന്തരംഗവിശുദ്ധിയും.
55
വിലയം മൂർത്തിമത്തായോ-
രനഘാ മഹിളാമണി
പ്രാർത്ഥനാജീവിതം സൂചി-
ത്തൊഴിലൊത്തു നയിച്ചവൾ.
56
ഒരു യാമിനി മദ്ധ്യത്തിൽ
തരുണീമണിയേകയായ്
ധ്യാനിർല്ലീനയായ് സ്വന്തം
മുറിയിൽ കഴിയുംവിധൗ
57
അരികത്തൊരു രോചിസ്സു
കണ്ടു വിദ്യുല്ലതോപമം
ഒരു സന്ദേശവും കേട്ടു-
ചെവിയിൽ സുധ വാർന്നപോൽ (യുഗ്മകം)
58
‘അയി,ദൈവപ്രസാദത്താൽ
പൂരിതേ സ്വസ്തി’യെന്നിദം
അഭിവന്ദനവാക്യം കേ-
ട്ടമ്പരന്നവൾ നിന്നുപോയ്.
59
അശരീരി തുടർന്നോതി
“സ്ത്രീകളിൽ ധന്യയാണു നീ
നിന്റെ കൂട്ടത്തിലുണ്ടാദി-
കാരണൻ ജഗദീശ്വരൻ.
60
അങ്ങുഗർഭിണിയായ്ത്തീരും
പുത്രന്റെപ്രസവിച്ചിടും
അക്കുമാരൻ മഹാന്മാരി-
ലേറ്റമുന്നതനായിടും’
61
‘ഇതു സംഭവ്യമോ?’ ചോദി-
ച്ചതിസംഭീതയായവൾ
‘പുരുഷന്മാരെയെന്നാളു-
മറിയാത്തവളാണു ഞാൻ.’
62
‘പവിത്രാത്മാവെഴുന്നള്ളും
നിന്റെമേൽ ശക്തി വീശിടും
അതിനാൽ തനയൻ ദൈവ-
പുത്രനെന്നറിയപ്പെടും.’
63
‘എങ്കിലോ ഞാനിതാ ദൈവ-
ദാസി,യങ്ങേ ഹിതം സദാ
നിറവേറട്ടെയെന്നിൽ’ വീ-
ണ്ടുരിയാടിയതില്ലവൾ.
64
അവളിൽ പുത്രനാം ദൈവ-
മവതാരവിധേയനായ്
ആരറിഞ്ഞീരഹസ്യങ്ങൾ?
ഗബ്രിയേൽ ദൂതനെന്നിയേ.
65
ബാഹ്യദൃഷ്ടിയിലല്‌പാല്‌പ
സംശയങ്ങൾ ജനിക്കയാൽ
ബ്രഹ്മചാരികളിൽ മുമ്പൻ
കാന്തനസ്വാസ്ഥ്യമേറെയായ്
66
അറിയുന്നുണ്ടു കാര്യങ്ങൾ
മരിയാംബികയെങ്കിലും
നിറയും വിനയംമൂലം
പറഞ്ഞില്ലൊരു വാക്കവൾ.
67
നീറിനീറിദ്ദഹിക്കുന്ന
കാന്തഹത്തിനു വേണ്ടപോൽ
ശാന്തി നല്കീടുവാൻ പ്രാർത്ഥി-
ച്ചവൾ ദൈവത്തോടെപ്പൊഴും.
68
ഒരുനാൾ ഹൃദയം തിങ്ങും
കദനം സഹിയായ്കയാൽ
നിശയിൽക്കണ്ണടയ്ക്കാതെ
കിടന്നാപ്പുണ്ണ്യപൂരുഷൻ.
69
ഇടനെഞ്ചു പിളർക്കുന്ന-
നെടുവീർപ്പുകളെത്രയോ
വെളിയിൽത്തള്ളിവിട്ടിടും
ഫലമില്ലാതുഴന്നവൻ.
70
ദൈവഭക്തരിലൊന്നാമൻ
പരിപാവനമാനസൻ
ഇതികർത്തവ്യതാമൂഢൻ
ശയ്യവിട്ടെഴുനേറ്റുടൻ.
71
ചെറുതാം മുറിയിൽത്തന്നേ-
നടന്നു ലക്ഷ്യമെന്നിയേ
ഇരുളിൽ ചിന്ത വർദ്ധിച്ചു
നിമിഷംപ്രതി മേല്ക്കുമേൽ
72
‘കന്യകാമറിയം സാക്ഷാൽ
പുണ്യപൂരിതയാണവൾ.
അവളെസ്സംശയിക്കാമോ?
പാപമാണതു നിശ്ചയം.
73
അവൾ ഗർഭിണിയാണെന്നു-
കാഴ്ചയിൽത്തോന്നിടുന്നതോ?
അതിലെന്തു രഹസ്യം? ഞാ-
നെന്തുചെയ്യേണ്ടതീശ്വരാ!
74
ബ്രഹ്മചര്യവ്രതത്തോടേ
ദാമ്പത്യം ഭദ്രമാക്കുവാൻ
സമ്മതിച്ചവരാണല്ലോ
ഞങ്ങളന്നു പരസ്പരം.
75
പിന്നെയെന്തിതു? ചിന്തിക്കാ-
നെനിക്കാവില്ല തെല്ലുമേ
പിശാചൻ വല്ല മായങ്ങൾ
കാട്ടിയെന്നെച്ചതിക്കയോ?
76
അഥവാ ദൈവികം വല്ല-
രഹസ്യങ്ങളുമീവിധം
അവളിൽ സംഭവിക്കുന്നോ-
ദീർഘദർശികൾ ചൊന്നപോൽ?
77
കാര്യമങ്ങനെയാണെങ്കി-
ലവളോടൊത്ത ജീവിതം
ഏതുമർഹതയില്ലാത്ത-
താണെനിക്കെന്നു നിശ്ചയം.
78
വിട്ടകന്നങ്ങു പോയേക്കാ-
മതുതാനേറ്റമുത്തമം
ഒരുപക്ഷേയതും ദൈവ-
ഹിതത്തിന്നതിരാകിലോ?
79
വിവാഹം ജീവപര്യന്ത-
ബന്ധമാണതിപാവനം.
അതിനെത്തകരാറാക്കു-
ന്നതു നീതിവിരുദ്ധവും.’
80
ഒന്നിനൊന്നെതിരായുള്ള
ചിന്തകൾക്കു വിധേയനായ്
പരിക്ഷീണിതനാം യൗസേ-
പ്പിരുന്നൂ തന്റെ ശയ്യയിൽ.
81
ഉറച്ചില്ലുടനേ വീണ്ടു-
മെഴുനേറ്റു നടക്കയായ്
പണിക്കോപ്പുകൾ നിശ്ശേഷം-
സംഭരിച്ചൊരു പെട്ടിയിൽ.
82
പെട്ടി കൈയിലെടുത്തിട്ടു
പിന്നെയും താഴെ വച്ചവൻ
അതിന്മേൽത്തന്നെ ശീർഷം ചാ-
യ്ച്ചിരുന്നാ സാധുമാനുഷൻ.
83
ആയിരുപ്പിലുറങ്ങിപ്പോ-
യനുകമ്പാർഹമാം വിധം.
അപ്പോഴുണ്ടായ് സമാശ്വാസ-
മേകിടുന്നൊരു ദർശനം.
84
ഭൂതലസ്പർശമില്ലാതെ
വെണ്മയാൽ വാർത്തെടുത്തപോൽ
അരികത്തൊരു മാലാഖാ-
നില്പതായ്ക്കണ്ടു ദുഃഖിതൻ.
85
പേരുചൊല്ലി വിളിച്ചിട്ടീ
സത്യസന്ദേശമോതിനാൻ
ആഗതൻ വാനിലേദൂതൻ
ഗബ്രിയേൽ നാമമാർന്നവൻ.
86
‘ഭാര്യയാം മറിയത്തെ നീ
വിട്ടുപേക്ഷിച്ചു പോകൊലാ
പവിത്രാത്മാവിനാൽ ഗർഭം
ധരിക്കുന്നവളാണവൾ.
87
അവളിൽ നിന്നു ഭൂജാത-
നാകുമുണ്ണിയമാനുഷൻ
അവനേ നീ വിളിക്കേണ-
‘മേശു’വെന്നുള്ള പേരിനാൽ.
88
സ്വജനങ്ങളെ രക്ഷിക്കും
ദുഷ്കൃതങ്ങളിൽ നിന്നവൻ.
ഈവിധം നിറവേറുന്നു
ദീർഘദർശനമൊക്കെയും.’
89
ശാന്തി കൈവന്നു യൗസേപ്പി-
ന്നാഗ്രഹിച്ചതിലേറെയായ്
മറിയം ദൈവമാതാവെ-
ന്നറിഞ്ഞെന്തതിലപ്പുറം?
90
അവളെപ്പോറ്റിടാൻ വേണ്ടും
ഭാഗധേയം ലഭിച്ചതിൽ
ഹൃദയത്തിലൊതുങ്ങാത്ത
വിധമായ് ചാരിതാർത്ഥ്യവും.
91
അവളോടന്നുതൊട്ടുള്ള
ഭക്തിയും ബഹുമാനവും
വർണ്ണനാതിഗമെന്നല്ലാ-
തേറെ ഞാനെന്തു ചൊല്ലണം?
92
ആ മഹാദേവിയിൽ നിന്നും
ജാതനായ കുമാരകൻ
ലോകരക്ഷകനാമേശു
ക്രിസ്തുദേവൻ മഹോന്നതൻ.
93
കല്പവൃക്ഷത്തണലപാടിൽ
ശഷ്പമെന്നതുപോലെ ഞാൻ
ഗുരുദേവനു ശിഷ്യപ്പെട
ട്ടിരുന്നു മൂന്നുവത്സരം.
94
‘മുല്ലതൻ പൊടിയേല്ക്കുന്ന
കല്ലും സുരഭി’യെന്നപോൽ
ഗുരുപാദരജസ്സാലേ-
യഭിമാനാർഹനാണു ഞാൻ.
95
ഇന്നു ഞാൻ വിരമിക്കുന്നു
നേരമൊട്ടേറെയാകയാൽ
നാളെയും വരണം, മറ്റ-
ന്നാളുമപ്പോൾ തുടർന്നിടാം.
96
തെല്ലുമക്ഷമരാകാതെ
കേട്ടിരുന്ന മഹീസുരർ
സാവധാനമെഴുന്നേറ്റു
മൂരിവിട്ടഥ നില്ക്കയായ്.
97
ഉടുമുണ്ടുദരത്തിന്മേൽ
കേറ്റിവച്ചുമുറുക്കിയും
മടക്കീട്ടുത്തരീയത്തെ-
ക്കെകളിൽച്ചേർത്തു വീശിയും.
98
‘നാരായണ, ഹരേ, ത്യാദി
ജപിച്ചും തമ്മിൽ നോക്കിയും
ഗുരുവിൻ പാദതാർ കൂപ്പി-
പിരിഞ്ഞു വിപരൊക്കെയും. (യുഗ്മകം)
99
തുടർന്നൂ പഠനം പാരം
വിജയപ്രദമാംവിധം.
പലരും വിധിപോൽ ജ്ഞാന-
സ്നാനമേറ്റു കൃതാർത്ഥരായ്.
100
തൃക്കപാലേശ്വരത്തെപ്പോൽ
കുരിശിന്റെ പ്രതിഷ്ഠയും
നടത്തി പ്രാർത്ഥനയ്ക്കായി-
ത്തീർത്തു താൽക്കാലികാലയം.
101
ക്രിസ്തുവിശ്വാസിസംഘത്തെ
വേണ്ടമട്ടു നയിക്കുവാൻ
ശെമയോനെന്ന റമ്പാനേ
ഭരമേല്പിച്ചു യാത്രയായ്.
102
ഏകത്ര പാകി സുവിശേഷവിശിഷ്ടബീജ-
മന്യത ചെന്നതു മുളച്ചു വിളഞ്ഞു ചിത്രം!
ലോകേ വിതച്ച സുകൃതങ്ങൾ വിളഞ്ഞു കൊയ്യാം,
നാകത്തിലെന്നതു മനുഷ്യനു കാട്ടുവാനോ?
103
ആരോ ദുഷ്ടപ്പരിഷ് പിഴുതാക്കായലിൽ ക്രൂശിനേയി-
ട്ടോരോ വീചിക്കുപരിയതിനെത്താങ്ങിയാവെമ്പനാടൻ
പാരം ഭക്ത്യാദരവോടെഴുനള്ളിച്ചു മുമ്പോട്ടു നീക്കി-
സ്വരം പള്ളിപ്പുറമണയുവാൻ വേണ്ട സാഹ്യങ്ങൾ നൽകി.
104
ചില ക്രൈസ്തവർ കണ്ടു ദൈവദത്തം
നിധിയാണിക്കുരിശെന്ന ചിന്തയോടേ
അധികാദരവാർന്നെടുത്തൊരേട-
അവിടെത്തന്നെ പ്രതിഷ്ഠയും നടത്തി.
105
പള്ളിപ്പുറം പള്ളിയിലെ വിശുദ്ധ-
പീഠത്തെയും ക്രൂശതു കീഴിലാക്കി
ഉയർന്നു ശോഭിപ്പതു തത്ര കാണാ-
മിന്നും; വൃഥാകല്പിതമല്ലിതൊന്നും.
106
