Marthoma Vijayam 012

പന്ത്രണ്ടാം സർഗ്ഗം


ഹോ! പാലയൂരിന്റെ ഭാഗ്യാതിരേകം! 

മഹാനായ മുത്തപ്പനങ്ങെത്തിയല്ലോ.

മഹീദേവരാമാഢ്യരെക്കൊണ്ടു പണ്ടേ-

യഹംഭാവമേറുന്ന വിഖ്യാതദേശം.

സമൃദ്ധിക്കു മുന്നിട്ടു നില്ക്കുന്ന ദേശം 

സമത്വം വിനാ വിശ്രുതിപ്പെട്ട ദേശം. 

പ്രശസ്തം ശിവക്ഷേത്രഭൂഷാവിശേഷം 

വശത്താക്കി മാറിൽദ്ധരിക്കുന്ന ദേശം.

2

സദാ ക്ഷീരമോലുന്നൊരൂരാകയാലോ 

മുദാ നല്കി മാലോകർ “പാലൂരു നാമം. 

നിലംതന്നെ പാൽവർണ്ണമല്ലോ; മനീഷി- 

പ്രവീണർക്കിതന്യത ചർച്ചയ്ക്കുകൊള്ളാം.

3

വരുന്നേരമാ ദിവ്യനെ സ്വീകരിപ്പാൻ 

വിരിച്ചിട്ടതോ വെണ്മണൽക്കംബളങ്ങൾ? 

തരംപോൽ മഹാത്മാക്കളേയാദരിച്ചാൽ 

വരും ഭൂതിയെന്നാരുമോർക്കേണ്ടതത്രെ.

4

നടപ്പാത കാണുന്നിടത്തൂടെ ധന്യൻ 

നടക്കുന്നു മുമ്പോട്ടു സന്ദേഹമെന്യേ. 

ഇടയ്ക്കുള്ള ദൃശ്യങ്ങൾ ചേതോഹരങ്ങൾ 

കടക്കുന്നു സശ്രദ്ധമോരോന്നു നോക്കി.

5

മതിൽക്കെട്ടു ചൂഴുന്ന ഗംഭീരസൗധ- 

പ്രകാണ്ഡങ്ങളിൽക്കൂടി നിശ്ചിന്തരായി 

അരയ്ക്കർദ്ധവസ്ത്രം ധരിച്ചിട്ടു മെയ്യിൽ 

കുറിക്കൂട്ടു ചാർത്തിച്ചരിക്കുന്നു വിപ്രർ.

6

ഇടയ്ക്കൊക്കെയമ്പാടി ബാലന്റെ മട്ടിൽ 

ചൊടിപ്പുള്ള കൊച്ചുണ്ണിനമ്പൂരിമാരും 

നടക്കുന്നു കൗപീനവും ചാർത്തി, മുണ്ടാ- 

ന്നുടുക്കാതെ, ദേഹം മറയ്ക്കാതെതന്നെ.

അവർക്കോരത്തു പാഠത്തിനായുള്ള ശാലാ- 

വിശേഷം വിശാലം, തനിക്കാണു നാട്ടിൽ

തലപ്പൊക്കമെന്നുള്ള നാട്യത്തിൽ നില്ക്കു- 

ന്നതും കണ്ടു മുമ്പോട്ടു പോയ് പ്രേഷിതാഢ്യൻ.

8

കുളക്കെട്ടു കണ്ടൂ, നടക്കാവു കണ്ടു, 

തിളങ്ങുന്നൊരാ സ്തൂപികാഗ്രം വിയത്തിൽ 

കിളർത്തിപ്പരം പ്രൗഢിഭാവിച്ചു നില്ക്കും 

വിളിപ്പെട്ടൊരാ ക്ഷേത്രമേകത്ര കണ്ടു.

പടുത്തുള്ള സോപാനഘട്ടങ്ങളോടും 

തുടർന്നുച്ചലിക്കും തരംഗങ്ങളോടും 

ജലം സ്ഫാടികാഭം സദാമെത്തിനില്ക്കും 

കുളം നാലുഭാഗത്തുമോരോന്നു കണ്ടു.

10 

മുഴുത്തിങ്കളാണെന്നു, നേരം പ്രഭാതം, 

‘തളി’പ്പേരു ചേരും ‘കുള’ത്തോടടുത്തു 

കുളിച്ചും ജപിച്ചും മഹീദേവർ നില്ക്കു- 

ന്നതിൽത്തെല്ലു സശ്രദ്ധനായ് നിന്നു സിദ്ധൻ.

11

ജലം കൈത്തലത്തിൽ നിറച്ചിട്ടു മേലോ- 

ട്ടെറിഞ്ഞൊട്ടുപേർ ഗൗരവത്തോടു നില്പൂ. 

ഇതെന്തെന്ന ഭാവത്തോടേ നിന്നു നോക്കും 

വിദേശിയനാം യോഗിയേ വിപ്രർ കണ്ടു.

12

“മുനിശ്രേഷ്ഠ, നോക്കുന്നതെന്താണു? കാര്യം 

പറഞ്ഞാലു” മെന്നോതി ഭൂദേവമുഖ്യൻ. 

“എനിക്കത്ര കാണുന്ന കാര്യങ്ങളെന്തെ 

ന്നറിഞ്ഞീടുവാനാശ” തോമ്മായുരച്ചു.

13

തുടർന്നു “ജലം ദാഹശാന്തിക്കുവേണ്ടി- 

ക്കുടിക്കും, ജലത്തിൽ കുളിക്കും ജനങ്ങൾ 

എടുത്തിട്ടു വാനിൽത്തളിച്ചുള്ള കർമ്മം 

നടപ്പില്ല നിശ്ശേഷമെൻ നാട്ടിലെങ്ങും.

14

പറഞ്ഞാലുമെന്താണിതിന്നർത്ഥമെന്നൊ-

ന്നറിഞ്ഞാൽ കൃതാർത്ഥൻ;വൃഥാ കേളിയാണോ?”

“വൃഥാ കേളിയോ? തർപ്പണംചെയ്കയത്രേ 

പിതൃക്കൾക്കു വേണ്ടീട്ടു ചൊന്നാനൊരാഢ്യൻ.

15

“എറിഞ്ഞങ്ങു തർപ്പിക്കുമാ ബിന്ദുവെല്ലാം 

തിരിച്ചിങ്ങു താഴോട്ടു പോരുന്നതെന്തേ? 

അവർക്കിഷ്ടമായ് സ്വീകരിച്ചെങ്കിലേവം 

ഭവിക്കില്ല” നിസ്സംശയം ദിവ്യനോതി.

16

“പയസ്സെപ്പോഴും താണു താഴോട്ടു പോരും 

പതിക്കുന്നതില്ലേ മഴത്തുള്ളി ഭൂവിൽ 

പകിട്ടൊന്നുമോതേണ്ട, വസ്തുസ്വഭാവം 

പരിച്ഛേദമേതൊന്നിലും കാണുമേവം.”

17

“വൃഥാഭാഷണം വേണ്ട, ഞാൻ തർപ്പണംചെ- 

യ്തിതേമട്ടിലംഭസ്സു മേലോട്ടെറിഞ്ഞാൽ 

പതിക്കില്ല താഴത്തു, താരാപഥത്തിൽ 

പ്രകാശിച്ചുനില്ക്കും നറുംമുത്തുപോലെ.”

18

“ഹതുവ്വോഢ? കാണട്ടെയിപ്പാലയൂരേ 

മഹീദേവരെപ്പറ്റി നീയെന്തറിഞ്ഞു? 

നടത്തുന്നു ഞങ്ങൾ മഹാപഞ്ചയജ്ഞം 

മുടങ്ങാതെ നിത്യം വൃഥാവേഷമല്ല,

19

ധരിക്കേണമഷ്ഠഗ്ഗൃഹാഢ്യർ തുടങ്ങി- 

കുലീനത്വപാണ്ഡിത്യസമ്പന്നരായി 

ഇരിക്കുന്നു ഞങ്ങൾക്കു മദ്ധ്യേയനേകർ 

മഹൽ ഗ്രന്ഥകർത്താക്കളും ജ്യോത്സ്യരെല്ലാം

20

“സദാ ബ്രഹ്മസൂത്രം ധരിക്കും ജനത്തെ- 

പ്പലേടത്തു കാണാമതിൽക്കാര്യമില്ല. 

“മഹീദേവ’നാമത്തെയന്വർത്ഥമായി-

ദ്ധരിക്കുന്നതിപാലയൂർവിപ്രരത്രേ

21 

അമർഷത്തൊടക്കൂട്ടരീമട്ടിലെല്ലാം 

കുറച്ചൊന്നു ഗർജ്ജിച്ചു; പ്രത്യുക്തിയായി 

പതുക്കെപ്പറഞ്ഞു ദിദീമൂസു “തമ്മിൽ 

മതംമാറ്റമെന്നുള്ള വാതൊന്നു വയ്ക്കാം.”

22 

“മതംമാറ്റമോ പന്തയത്തിന്നു? കൊള്ളാം! 

ചതിക്കാൻ ശ്രമിക്കാതെ മറ്റൊന്നു ചൊല്ലൂ. 

ഹിതംപോലെ കാര്യം നടക്കാ”കുറേപ്പേ- 

രതിൽത്തന്നെ ശാഠ്യംപിടിക്കുന്ന മട്ടായ്

23

“ദ്വിജന്മാർ മഹാകോവിദന്മാർ, പറഞ്ഞാൽ 

ധരിച്ചീടുമല്ലോ ശരിക്കാശയങ്ങൾ. 

പരാഭൂതി വന്നെങ്കിലോ നിർവ്വിശങ്കം

വരാമമ്പലത്തിൽ, തൊഴാം ദേവനേ ഞാൻ.’

24

“വരൂ സമ്മതം തന്നെ, കുപ്പായമൂരി- 

ട്ടിറങ്ങു കുളത്തിൽ, തുടങ്ങൂ യഥോക്തം. 

ഫലിച്ചാലുടൻ ഞങ്ങൾ പൂണൂലു മാറ്റാം 

മതം മാറിടാം” ഭൂരിപക്ഷം വദിച്ചു.

25

മടിക്കാതെയപ്പോസ്തലൻ മുട്ടുകുത്തീ, 

പിടിച്ചു കരങ്ങൾ നഭസ്സിന്നുനേരെ, 

അടഞ്ഞു തിളങ്ങുന്ന നേത്രങ്ങൾ മന്ദം, 

തുടങ്ങീ ജപങ്ങൾ വെളിക്കില്ല കേൾപ്പാൻ.

26

തിടുക്കെന്നെഴുന്നേറ്റു വാപിക്കു നേരേ- 

യടുക്കുന്നു, സംഭ്രാന്തരാകുന്നു വിപർ. 

കിടക്കുന്നു കുപ്പായമപ്പാടുതന്നേ  

നടക്കുന്നു പാദങ്ങളെത്തൊട്ടുരുമ്മി.

27

ഇറങ്ങുന്നു സോപാനമാർഗ്ഗേണ സിദ്ധൻ 

മറയ്ക്കുന്നു പാഥസ്സു പാദദ്വയത്തെ. 

കണങ്കാലു ജാനുക്കളും മുങ്ങി, വീണ്ടും 

വിളിക്കുന്നു മുമ്പോട്ടു മാലാതരംഗം.

28

ഉറച്ചങ്ങു നിന്നു, ജലം കൈത്തലത്തിൽ

നിറച്ചൊന്നു കോരിപ്പിടിച്ചിട്ടു നോക്കി 

വിരിച്ചിട്ട വാസസ്സുപോലച്ചടങ്ങി-

ക്കിടക്കുന്നു വെള്ളം കുളത്തിൽത്തിളങ്ങി.

29

എടുത്തോരിടത്തേ നിരപ്പാക്കുവാനും

മടിച്ചാദരത്താൽ ചലിച്ചില്ല നീരം.

കളിക്കുന്ന മുറ്റത്തു ചെല്ലക്കിടാങ്ങൾ 

കുഴിക്കും കുളംപോലെയത്താഴ്ച കാണായ്.

30

കിടുങ്ങിത്തുടങ്ങി ദ്വിജാഢ്യർക്കു ചിത്തം 

തുടർന്നില്ല സാധുക്കൾ സ്നാനാദി പോലും 

പിടിച്ചാലടങ്ങാത്ത നിശ്വാസമാത്രം

വിടുന്നങ്ങു നില്ക്കുന്ന തോമ്മായെ നോക്കി.

31

വിശുദ്ധൻ ജപിക്കുന്നു “നാകസ്ഥനാകും 

പിതാവേ, സമാരാദ്ധ്യമായ് വന്നിടട്ടെ 

അനാദ്യന്തനങ്ങേ മഹാനാമധേയം; 

പരക്കട്ടെ ഭാവൽസാമ്രാജ്യമെങ്ങും.

32

ഭവിച്ചീടണം വിണ്ണിലെപ്പോലെയങ്ങേ- 

ത്തിരുച്ചിത്തവും ഭൂതലത്തിൽ പരക്കെ.” 

ചുരുക്കിസ്സമാപിച്ചു, ഭൂദേവരേതും 

ഗ്രഹിച്ചില്ല കൽദായഭാഷാപദങ്ങൾ.

33

ജപിക്കും പദങ്ങൾക്കിടയ്ക്കാണു വെള്ളം 

തളിക്കുന്നതല്പാല്പമായംബരത്തിൽ 

പതിച്ചില്ല താഴോട്ടു ബിന്ദുക്കളൊന്നും 

ചുളിക്കുന്നു നെറ്റിത്തടം വിപരെല്ലാം.

34

ജലത്തുള്ളിയോരോന്നതാ സപ്തവർണ്ണോ 

ജ്ജ്വലത്തായ താരങ്ങൾപോൽ ദീപ്തി ചിന്നി 

ലസിക്കുന്നു താരാപഥത്തിന്റെയേ- 

താണ്ടടിത്തട്ടിലായ്, കാഴ്ച നേത്രാഭിരാമം.

35 

ഇദാനീന്തനന്മാർക്കു ഭൂലോകനാകം 

മുദാ തീർത്തു നേത്രങ്ങളഞ്ചിച്ചുപോരും 

വിദഗ്ദ്ധം മഹാവൈദ്യുതീഗോളജാലം 

പദം കൂപ്പുമീയത്ഭുതത്തിന്നു മുമ്പിൽ.

36 

സമാകർഷകം നൃത്തമാടീട്ടതെല്ലാം 

സമാരാദ്ധ്യമാം ക്രൂശുപോൽ ചേർന്നുനിന്നു 

തിരോഭൂതമായിന്ദ്രചാപംകണക്കേ,

മഹീദേവർ ബിംബങ്ങൾപോൽ നിന്നുപോയി.

37

മടിക്കാതെ പെട്ടെന്നു പൂണൂലു പൊട്ടി- 

ച്ചെറിഞ്ഞാട്ടുപേർ ക്രിസ്തുനാമം ജപിച്ചു.

“ജയിക്കട്ടെ സത്യം, ജയിക്കട്ടെ ധർമ്മം, 

ജയിക്കട്ടെ മേരിസുതൻ ക്രിസ്തുദേവൻ

38

ജയിക്കട്ടെ ശ്രീയേശുദേവന്റെ ശിഷ്യൻ 

ജയിക്കട്ടെ ക്രിസ്തീയവേദം മനോജ്ഞം. 

തുടർന്നിത്ഥമാശംസ, കാര്യങ്ങളൊന്നും 

പഠിക്കായ്കയാൽ വന്നു താനേ വിരാമം.

39

ഉടൻ തർപ്പണം തീർന്നു വെള്ളത്തിൽനിന്നും 

കരയ്ക്കെത്തവേയേവനും വിസ്മയിച്ചു. 

വിശുദ്ധന്റെ കുപ്പായമെന്നല്ല, തെല്ലും 

നനഞ്ഞില്ല കാല്പാദപത്മങ്ങൾപോലും.

40

“നമസ്തേ മുനേ, മാമുനേ വന്നതെല്ലാം 

ക്ഷമിച്ചാലുമങ്ങേയ്ക്കിതാ ഞങ്ങളെല്ലാം 

ഗുരോ ശിഷ്യരത്രേ, പഠിപ്പിച്ചിടേണം 

പഠിക്കേണ്ട സത്യങ്ങ”ളെന്നോതി വിപ്രർ.

41

സഹിച്ചില്ലതൊന്നും ചിലർക്കഷണത്തിൽ 

*ശപിച്ചാസ്ഥലത്തെ ത്യജിച്ചുള്ള പോക്കിൽ 

ഉറപ്പിച്ച വാക്കാണിദം “വെമ്മേനാട്ടാ- 

ണിതി സ്നാനമാ ശൈലിയിന്നും പ്രസിദ്ധം.

42

അവർക്കില്ലനാമങ്ങളോതുന്നു ‘കാളം’ 

പരക്കെസ്സു വിഖ്യാതമാം കണ്ടിമുണ്ടം’ 

അതേമട്ടു ‘ചെങ്ങല്ല’മിത്യാദിയെല്ലാം 

നശിച്ചും നശിക്കാതെയും കാണുമിപ്പോൾ.

43

പുകൾപ്പെട്ട ‘ശങ്കൂരി’യും ‘കാളികാവും’ 

തഥാ ‘കള്ളി’ ‘യാദിത്യമറ്റം’ തുടങ്ങി 

പരിസാതരായാഭിജാത്യം തികഞ്ഞോർ 

പവിത്രാലയത്തിന്നു തൂണിട്ട മട്ടിൽ.

44

ശിവക്ഷേത്രമൊന്നാംതരം പള്ളിയായി, 

തടസ്സങ്ങളുണ്ടാക്കിയില്ലൊന്നുമാരും.

കരുത്തിൽ ചതുഷ്കോണസംരംഭമെങ്കിൽ 

വരുത്താ പ്രകമ്പം മരുത്തിൻപ്രവാഹം.

45

‘വിളഞ്ഞീടുമീ ബീജമിപ്പാലയൂരിൽ 

വളക്കൂറു ചേർന്നുള്ള മണ്ണത്ര കാണ്മു’ 

നിനച്ചീവിധം “തോമ്മ മുത്തപ്പ’നുള്ളിൽ 

കവിഞ്ഞൂ കണക്കെന്നിയേ ചാരിതാർത്ഥ്യം.

46 

അഹോരാത്രമദ്ധ്വാനമായ്പ്പാലയൂരിൽ 

മഹാതാപസൻ പാർത്തിരുന്നോരുകാലം 

പരിക്ഷീണിതൻ പള്ളിയിൽത്തന്നെ പ്രാർത്ഥി- 

ച്ചിരുന്നു നിശാന്തംവരെ മിക്കവാറും.

47

ക്ഷപാമദ്ധ്യനേരത്തൊരിക്കൽത്തനിച്ചാ-

ത്തപോമൂർത്തി നില്ക്കുന്നു ദേവാലയത്തിൽ. 

പരുക്കൻനിലത്തൂന്നി ജാനുക്കളെച്ചേർ- 

ത്തിരിക്കുന്നു; ധന്യൻ സമാധിസ്ഥനത്രേ.

48 

ലയിക്കുന്നു പാരത്രികാനന്ദവായ്പിൽ 

ശ്രവിക്കുന്നു സന്ദേശമാകാശവാണി: 

“ഇതാ ദൈവമാതാവിനെ സ്വർഗ്ഗഭാഗ്യം 

മുദാ സ്വാഗതം ചെയ്‌വു നീ കേൾപ്പതില്ലേ?”

49 

അവൻ കേട്ടുടൻ ദ്യോവിലേ ഗാനമേളം; 

വിയത്തിൽപ്പറക്കും സെറാഫീൻസമൂഹം.

ഇളക്കുന്ന പക്ഷങ്ങൾ വീഴ്ത്തുന്നു താഴോ 

ട്ടിളങ്കാ,റ്റതും വന്നു മെയ്യിൽത്തലോടി.

50

ഇഹത്തിൽ ശ്രവിക്കാത്ത വാദ്യങ്ങളെല്ലാം 

സഹസ്രക്കണക്കിൽത്തകർക്കുന്നു വാനിൽ. 

തുറക്കാത്ത കണ്ണാലെ കണ്ടു നഭസ്സിൽ 

നിരന്നുള്ള വാനോരെയെല്ലാം വിശുദ്ധൻ.

51

പെറുക്കിത്തിരഞ്ഞുള്ള താരാകുലത്താ- 

ലലുക്കിട്ടതായ്‌ മാരിവില്ലൊട്ടേനേകം 

നിരക്കുന്നു വിണ്ണിൽ നടപ്പന്തലായി- 

ട്ടിടയ്ക്കെങ്ങുമുണ്ടിന്ദുലേഖാ വിശേഷം.

52

ചലിക്കുന്ന തൂവെള്ളമേഘങ്ങൾപോലും 

നിലയ്ക്കൊത്ത നൃത്തം നടത്തുന്നു വാനിൽ 

തപിപ്പിച്ചിയങ്ങുന്ന ദീപ്തിപ്രവാഹം 

രവിക്കില്ലവൻ കേവലം ശാന്തനിപ്പോൾ.

53

“വിഹായസ്സിലിന്നുത്സവംതന്നെയോർത്താ- 

ലഹോ മുമ്പു കാണാത്തൊരാഘോഷമല്ലൊ. 

മഹാറാണി ദിവ്യാംബ നാകം ഗമിച്ചോ? 

സഹിക്കില്ല ഞാൻ ദുർഭഗൻ” കേണു തോമ്മാ.

54 

“പ്രിയപ്പെട്ട നാഥേ, മരിക്കുന്നതിൻ മു- 

മ്പെനിക്കൊന്നു കാണ്മാൻ ലഭിച്ചില്ല ഭാഗ്യം 

അറിഞ്ഞാലുമമ്മേ,യടങ്ങാത്ത ഖേദം 

ജ്വലിച്ചെന്റെ ചിത്തം ദഹിപ്പിച്ചിടുന്നു.

55

പവിത്രം വപുസ്സെങ്കിലും സംസ്കരിക്കു- 

ന്നതിൻ മുമ്പു കണ്ടൊന്നു വന്ദിപ്പതിന്നായ് 

ത്വരിക്കുന്നൊരാശയ്ക്കു ഞാനെന്തു ചെയ്‌വു? 

പറക്കാനെനിക്കില്ല പക്ഷങ്ങളമ്മേ.

56

പറഞ്ഞിത്രയും തോമ്മ മൂർച്ഛിച്ചു വീണു 

പറന്നെത്തി മാലാഖ താങ്ങിപ്പിടിച്ചു. 

മഹാവിസ്മയം! ദൂതനാ ദിവ്യനേ സം- 

വഹിച്ചിട്ടു പൊങ്ങിപ്പറന്നംബരത്തിൽ.

57

ജരുശ്ലേംപുരത്തോടടുത്തുള്ള സാനു-

പ്രദേശം ജൊസേഫാത്ത’തിൽ തോമ്മയെത്തി,

തിരോഭൂതനായ് ദൂത;നാ ശാന്തിഗേഹം

സമീപസ്ഥമാണെന്നു ഭക്തൻ ഗ്രഹിച്ചു.

58

സ്ഥലത്തുണ്ടു പത്രോസു യാക്കോബു ജോണും

സ്വമിത്രങ്ങളെല്ലാവരും തന്നെയപ്പോൾ

അവൻ തെല്ലും സന്ദേഹമെന്യേ ധരിച്ചു

ശവം സംസ്കരിച്ചിട്ടു നില്ക്കുന്നുവെന്നായ്.

59

ഇളങ്കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു 

വിളിച്ചമ്മയെത്തന്നെയാ ഭക്തരത്‌നം 

ചലിച്ചില്ല ചുണ്ടൊറ്റ വാക്കുച്ചരിക്കാ- 

നൊരാൾക്കെങ്കിലും, മൂകരായ്കട്ടരെല്ലാം.

60

“എനിക്കെന്റെ മാതാവിനെക്കാണണം, ഞാ- 

നിരിക്കില്ല കാണാതെ” യെന്നായി തോമ്മാ,

“മരിച്ചെങ്കിലാ ദിവ്യസംപൂജ്യദേഹം 

ശരിക്കൊറ്റ നോക്കൊന്നു കണ്ടാലടങ്ങാം.

61 

തുറന്നാലുമക്കന്യകാറാണി മാതാ- 

വുറങ്ങിക്കിടക്കുന്നൊരാനന്ദവേശ്മം” 

സഭാനാഥനാം കേപ്പയെത്തന്നെ നോക്കി- 

പറഞ്ഞു ദിദീമൂസ ദുഃഖാബ്ധിമഗ്നൻ.

62 

സമാശ്വാസകം വാക്കുകൊണ്ടൊന്നുമേതും 

ഫലിച്ചില്ല, തോമ്മാ വിടുന്നില്ല ശാഠ്യം 

സ്മരിക്കാം നമുക്കേശുനാഥന്റെ മാറിൽ 

ക്ഷതത്തിൽക്കരം തൊട്ടൊരാ ശാഠ്യമിന്നും.

63

“അടക്കിക്കഴിഞ്ഞിട്ടു മൂന്നായ് ദിനങ്ങൾ 

തുറക്കാനൊരാശങ്ക” പത്രോസുരച്ചു. 

“അനാചാരമായെങ്കിലോ സോദരാ, നാം

മനുഷ്യാവതാരത്തെയോർക്കണ്ടേതല്ലേ?”

64

അടങ്ങാതെ സത്യാഗ്രഹംതന്നെ തോമ്മാ

തുടങ്ങീ ശവക്കല്ലറയ്ക്കാന്തികത്തിൽ 

തടസ്സങ്ങളിപ്പോൾ വൃഥാഭാഷണങ്ങൾ 

നടപ്പാകയില്ലെന്നു കേപ്പയ്ക്കു തോന്നി.

65

തപിക്കുന്ന ഹൃത്തിന്നു തത്വങ്ങളൊന്നും 

ദഹിക്കില്ലനിഷ്ടം വരുത്തുന്നതെന്യേ. 

അതോർത്തിട്ടു പത്രോസഭിപ്രായമാരാ- 

ഞ്ഞടുത്തുള്ള തൻ സോദരന്മാരൊടെല്ലാം.

66

“സമൂഹത്തിലേകൻ മനഃക്ലേശമേവം 

സഹിക്കുന്നതോർത്താൽ പരീഹാരമാർഗ്ഗം 

ഉടൻ തേടുവാനന്യർ ബാധ്യസ്ഥരാണെ”

ന്നൊരാൾ ചൊന്നതെല്ലാവരും സമ്മതിച്ചു.

67

തുറക്കാം നമുക്കെന്നു പത്രോസുരച്ചു 

വിധേയത്വമോടന്യർ പ്രാർത്ഥിച്ചുനിന്നു 

കപോതങ്ങൾ ചുറ്റിപ്പറന്നംബരത്തിൽ 

പ്രകീർത്തിച്ചു ഗീതങ്ങൾ മേരീസ്തവങ്ങൾ.

68

ഭയം ഭക്തിയാശങ്കയും ചേർന്നു ഹൃത്തിൽ 

കലാശം ചവിട്ടും പ്രതീതിക്കു മദ്ധ്യേ 

പതുക്കെപ്പിടിച്ചപ്പോളാ മൂടികക്ക-

ല്ലുയർന്നു, നിലത്തുന്നെടുക്കും സുമംപോൽ

69

തുറക്കപ്പെടും കല്ലറയ്ക്കുള്ളിലെത്താൻ 

ത്വരിക്കുന്ന നേത്രങ്ങളിൽപ്പെട്ട രംഗം

വിചിത്രം! കുടീരത്തിനുള്ളിൽക്കിടപ്പു

വപുസ്സെന്നിയേ പാവനാച്ഛാദനങ്ങൾ.

70

“അടക്കിക്കഴിഞ്ഞിട്ടു വാനത്തുനിന്നും

തുടർന്നിങ്ങു നാം കേട്ട ഗാനാദിമേളം 

നമുക്കിന്നു കേൾക്കാൻ കഴിഞ്ഞില്ല; കാര്യം 

വെളിപ്പെട്ടിരിക്കുന്നിതാ നിഷ്പ്രയാസം.”

71

പറഞ്ഞെങ്കിലും സോദരന്മാരിതെല്ലാം 

കരഞ്ഞും കരംകൊണ്ടു നേത്രം തുടച്ചും 

പരം തപ്തനായ് മാതൃനാമം ജപിച്ചും 

തിരുക്കല്ലറയ്ക്കൽ ദിദീമൂസിരുന്നു.

72

ഉടൻ നല്ല വെന്മേഘമൊന്നംബരത്തിൽ 

ക്കറങ്ങുന്നു വായൂ ചലിക്കാതെതന്നേ 

അതിൽക്കണ്ണുറപ്പിച്ചു തത്രസ്ഥരെല്ലാ- 

മതീവാത്ഭുതസ്തബ്ധരായ് നിന്നുപോയി.

73

പതിക്കുന്നു താഴോട്ടു കൈവിട്ട പോതം- 

കണക്കേയൊരാനന്ദദം ദീപ്തിപുഞ്ജം 

സിതാഭ്രത്തിൽനി,ന്നായതെന്തായിരിക്കാ-

മവർക്കുള്ള ജിജ്ഞാസ വാക്കിന്നതീതം.

74 

പിഴച്ചില്ല ലക്ഷ്യം, പതുക്കെപ്പതുക്കെ- 

പ്പറന്നിട്ടു താഴോട്ടു വീഴുന്ന വസ്തു 

ദിദീമൂസിനെത്തന്നെ കണ്ടെത്തി, ദുഃഖി- 

ച്ചിരിക്കുന്ന ദിവ്യന്റെയങ്കത്തിൽ വീണു.

75 

തിടുക്കെന്നൊരല്പം പരിഭ്രാന്തനായി- 

ട്ടെടുത്തിട്ടതിൽക്കണ്ണിമയ്ക്കാതെ നോക്കി 

പിടിക്കുന്ന കൈകൾ വിറയ്ക്കുന്നു, തോമ്മാ 

യുടൻതന്നെയാ വസ്തു മാറോടണച്ചു.

76

പരക്കുന്നു മന്ദസ്മിതം ചുണ്ടിലല്പം 

ധരിക്കുന്നു മെയ്യാകെ രോമാഞ്ചവസ്ത്രം 

സ്ഫുരിക്കുന്നു നേത്രങ്ങളിൽ ചാരിതാർത്ഥ്യം 

തുരത്തിക്കഴിഞ്ഞു മനഃക്ലേശമാകെ.

77

സ്വപുത്രന്റെ ശിഷ്യൻ പ്രിയപ്പെട്ട തോമ്മാ- 

യ്ക്കഹോ! സ്വന്തമേലങ്കി മാതാവു നല്കി 

അസൂയാലവം മറ്റവർക്കില്ല; ശിഷ്ടർ- 

ക്കതാണോർക്കിലൊന്നാമതായുള്ള നന്മ.

78

ശരീരത്തോടേയമ്മ വിണ്ണിൽഗ്ഗമിച്ചെ- 

ന്നറിഞ്ഞീടുവാൻ തോമ്മ സൃഷ്ടിച്ചു ഹേതു 

അതോർത്തിട്ടു സന്തോഷമാ സോദരന്റെ 

വിലപ്പെട്ട നേട്ടത്തിലേവർക്കുമുണ്ടായ്.

79

നിരന്നങ്ങുതോളോടുതോൾചേർന്നു നിന്നി- 

ട്ടൊരേ കീർത്തനം പാടിയാ ഭക്തസംഘം. 

രചിച്ചില്ല, പാടിപ്പഠിച്ചില്ല, താനേ 

വരും കീർത്തനം തന്നെ ഹൃദ്യം നിതാന്തം.

80

ഒരേവാ,ക്കൊരേ രാഗ,മേകാശയം, ന- 

ല്ലൊരാ മാതൃഗാനം മഹാഗാനമത്രേ. 

ഒരേടത്തുമാരും ശ്രവിക്കാത്ത ഗാനം 

ശ്രവിച്ചാലുമന്യൻ പഠിക്കാത്ത ഗാനം.

81

“ജയജയ! മരിയാംബേ, ദൈവപുത്രന്റെയമ്മേ, 

ജയജയ! സുരലോകേ റാണിയായ് വാഴുമമ്മേ!

ജയ! ഫണധരശീർഷം മർദ്ദനം ചെയ്തു നില്ക്കും 

ജിതമൃതി വധുമൗലേ, ധന്യയാം ധീരനാരി!

82

ഹിമകരശകലത്താൽ പാദുകം ചാർത്തുമമ്മേ, 

മിഹിരനെയണിമേനിക്കാടയായ് ചുറ്റുമമ്മേ,

ഉഡുനിരയഴകേറും മൗലിയായ് ചൂടുമമ്മേ, 

ജയജയ! പിതൃദൈവത്തിൻ സുതേ കന്നിയമ്മേ!

83

ജയജയ! പരിശുദ്ധപ്രേമരൂപന്റെ ജായാ- 

പദവിയിലഭിമാനക്കാതലായ് ലാലസിക്കും 

മഹിതവിമലജാതേ, സ്വാമിനീ, തൃക്കടാക്ഷ

ത്തുഹിനമിവരിലെന്നും വീഴ്ത്തിയാലും നമസ്തേ!”

84

കരളിലലയടിക്കും വാഞ്ഛയാലീവിധം ഞാ

നെഴുതിയതെഴുതിപ്പോയ്, സാഹസംതന്നെയോർത്താൽ! 

അവരുടെ നവഗാനാലാപമെന്തായിരുന്നോ! 

ശമികളിവർ തരട്ടേ മാപ്പെനിക്കിന്നുമെന്നും.

85 

ശ്ലീഹന്മാർ പല ശിഷ്യസത്തമരുമൊ- 

          ത്താ വന്ദ്യയാമമ്മതൻ

ശ്വാസോച്ഛ്വാസവിശുദ്ധമായ സെഹിയോൻ-

സൗധത്തിലെത്തീടിനാർ.

പോപ്പൊന്നാമനണച്ചു ദിവ്യബലിയാ,

ഗേഹേയതാണാദ്യമാം

സ്വർഗ്ഗാരോപണപാവനോത്സവമതെ-

ന്നാളും മറക്കാവതോ?

86