Marthoma Vijayam 013

പതിമ്മൂന്നാം സർഗ്ഗം


മൈലാപ്പൂർ മണിനഗരം വിശുദ്ധീകേന്ദ്രം 

മാലോകരക്കൊളിവിതറുന്ന തീർത്ഥകേന്ദ്രം 

ആലോചിച്ചിടുകിലതാർഷഭാരതത്തിൻ- 

ചേലേറും തിലക,മതാണു പുണ്യഭൂമി.

മാർത്തോമ്മാനിലയ,മതിൻ പ്രശസ്തിയോർത്താ- 

ലെത്താനില്ലിനിയൊരിടം ധരാതലത്തിൽ 

“മുത്തപ്പൻ തിരുവടി തൻ സുദീർഘനിദ്ര- 

യ്ക്കെത്തിച്ചേർന്നൊരു മഹനീയ ശാന്തിഗേഹം.

മദ്രാസിന്നൊരു സഖി സൽപ്രതാപവായ്പാൽ 

മൈലാപ്പൂർപുരി,യതുകാൺകതന്നെവേണം. 

കൈകോർത്താണവരുടെ നില്പനല്മാകും 

സൗഹാർദ്ദത്തികവിനു ഭംഗമേശിടാതെ,

പുണ്യത്തിൻ പരിമളമാസ്വദിപ്പതിന്നായ് 

വിണ്ണോരും ധരയിലിറങ്ങീടുന്ന രംഗം! 

കണ്ണാലാ സ്ഥലമൊരുനോക്കു കാണുമെങ്കിൽ 

മണ്ണാശയ്ക്കടിപ്പെടുകില്ല പിന്നെയാരും.

4

‘ചിന്ന’പ്പൊൻ ‘മല’യിലുലാവിടും മരുത്തും 

പൊന്നോമൽത്തരിമണലും പവിത്രമെന്നും 

ധന്യന്മാർക്കണിമണിതൻ തപസ്ത്രത്താൽ; 

മുന്നേ സജ്ജനമതു സമ്മതിച്ചിരിപ്പൂ.

5

ആ ധന്യന്നരിയ തപസ്സഭംഗമായ് ചെ- 

യ്തീടാനന്നുതകിയിരുന്നോരാ ബിലത്തെ 

തേടിച്ചെന്നവിടെയനേക തീർത്ഥകന്മാർ 

കൗടില്യ പ്രകടനമെന്നിയേ ഭജിപ്പൂ.

6

ചാരത്തുണ്ടൊരു ഝരി-യത്ഭുതപ്രവാഹം; 

പാനം ചെയ്തീടുകിലുദന്യുവിന്നു നീരം, 

രോഗിക്കൗഷധമതു, പാപികൾക്കു പശ്ചാ- 

ത്താപത്തിന്നുറവിടമായ പുണ്യതീർത്ഥം.

7

നാട്ടാർ വന്നവിടെ മഹർഷിതൻ പ്രസംഗം 

കേട്ടീടുന്നതു പതിവായിരു,ന്നൊരിക്കൽ 

ശിഷ്ടൻ തൻ ചെറുവടിയാലടിച്ചു പാറ 

ക്കെട്ടിന്മേ,ലരുവിയൊഴുക്കി ദാഹിതർക്കായ്.

8

വറ്റീട്ടില്ലിതുവരെയാ ജലം; സമീപ- 

ത്തൂറ്റം ചേർന്നുയരമെഴും പ്രസംഗവേദി 

നില്ക്കുന്നുണ്ടൊരുശില,പൂർവ്വവൃത്തമെല്ലാം 

കേൾക്കാനുള്ളവരോടുനോക്കി നാലുരയ്ക്കാൻ.

9

കാടാണന്നവിടെ മൃഗാധിവാസകേന്ദ്രം 

പാടും പക്ഷികളുടെ നല്ല കേളീരംഗം; 

ആടീടും മയിലുകൾ വന്ദ്യനെസ്സമീപി 

ച്ചോടാറില്ലൊരു ചെറുജീവിയും ഭയത്താൽ.

10

ശാർദ്ദൂലം കരടികൾ കുഞ്ജരങ്ങളെല്ലാം 

സിദ്ധന്നത്ഭുതകരമായ് വിധേയരായി. 

അത്യന്തം സുഖകരശാന്തിയാവനത്തി 

ന്നെത്തിച്ചേർന്നിതു മുനിതൻ തപോബലത്താൽ.

11

മൈലാപ്പൂർ ജനപദമത്രദൂരെയല്ല 

ചാലേയാനഗരിയിലോളമൊന്നു പോകാൻ 

ആലോചിച്ചൊരു ചെറുതാം വിനോദയാത്ര; 

ലീലാതല്‌പരത മഹാശയർക്കുമുണ്ടാം.

12

പാലഞ്ചും ധവളമനോഹരാംബരത്തിൽ 

പീലിക്കണ്ണിടെയിടെ വച്ചലങ്കരിച്ചു

മേലങ്കിക്കതു ബഹു ചന്തമെന്നു തോന്നി

ബാലിശം ബത മുനിദേവനെപ്പുണർന്നൊ?

13

പെട്ടെന്നസ്സുകൃതിവരന്റെ കാല്ക്കലെത്തി- 

ക്കാട്ടിൽപ്പാർത്തിരുന്നൊരു ഗർദ്ദഭം നമിച്ചു. 

ഇഷ്ടം സദ്ഗുരുവിനു ഹൃത്തിലുള്ളതേതോ- 

മട്ടിൽക്കണ്ടവനതിനായി വന്നതാവാം.

14 

പാട്ടിൽച്ചേർത്തവനെയുമോമനിച്ചു, വാലൊ- 

ന്നാട്ടിക്കൊണ്ടവനരികത്തു നിന്നനേരം 

ശിഷ്ടൻ മെയ് തടവിയവന്റെമേൽ വിശേഷ- 

പ്പെട്ടുള്ളോരണികനകാംബരം വിരിച്ചു.

15

നൂലിൽ കോർത്തൊരു ചെറുവെണ്ടയും കഴുത്തിൽ 

ചേലോടിട്ടവനു വിഭൂഷയെന്നവണ്ണം

പോകാം സ്നേഹിത, സസുഖം മയിൽപ്പുരിക്കെ- 

ന്നാകുമ്പോൽ പ്രിയതരവാക്കിലോതി ധന്യൻ.

16

ആവാമെന്നരുളുവതിൻ പ്രതീതിയായി- 

ട്ടാ വാലൊന്നുടനെ കരപ്രവീരനാട്ടി. 

തോമ്മാ മാമുനി കഴുതപ്പുറത്തുകേറി,

കണ്മാനാരടവിയിലീ വിനോദരംഗം?

17

അമ്പാരിക്കകമൊരു ദേവനേ വഹിക്കും 

ഡംഭേറും ഗജവരനോടു തുല്യനായി 

മുമ്പോട്ടാ മൃഗമടിവച്ചു വെണ്ടയപ്പോ[- 

ളിമ്പത്തിൽ ‘ഘണഘണ’നാദവും മുഴക്കി.

18

എത്തിച്ചേർന്നനവധി വന്യജീവിജാലം 

മുത്തപ്പൻ മുനിയൊരുമിച്ചു യാത്രചെയ്‌വാൻ 

അത്യന്തം രസകരമായ കാഴ്ചയിപ്പോൾ 

മത്തേഭം ഗജരിപുവും സഖാക്കളത്രേ.

19

പട്ടാളപ്പടുതിയിൽ ഭംഗിയായി നിരന്നു; 

രാട്ടിന്നുണ്ടെവിടെയുമംഗരക്ഷകന്മാർ 

ശിഷ്ടന്മാരതിലുമകമ്പടിക്കുയോഗ്യർ,

കാട്ടിടുന്നിവിടെയതീ മൃഗങ്ങളിപ്പോൾ.

20

എന്നാലാ വിപിനതലം കഴിഞ്ഞിറങ്ങേ-

ണ്ടെന്നോതീട്ടവയെ വിടാനുറച്ചു ദിവ്യൻ 

ഒന്നൊന്നായവയുടനേ പിരിഞ്ഞുപോയി; 

വന്ദ്യന്മാരുടെ നിനവും വചസ്സിനൊക്കും.

21

ചക്രീവാൻ മുനിയെ വഹിച്ചു പിന്നെയും പോയ് 

മുക്കാലും ജനപദസീമയിൽക്കടന്നു 

ശക്തന്മാരിരുവശമുണ്ടു പുണ്ഡരീക 

ശ്രേഷ്ഠന്മാരിരുവരകമ്പടിക്കുതന്നെ.

22

“എന്താണിക്കളിയിവനാരു നല്ല വേഷം!

ഭ്രാന്തൻ കേസരിയെ വശത്തിലാക്കുമെന്നോ?

എങ്ങോട്ടാണിതുവിധ ജൈത്രയാത്ര” യോരോ-

ന്നെങ്ങും കാണികളിതി വിസ്മയത്തൊടോതി.

23

ഹര്യക്ഷപ്രഭുയുഗപാർശ്വസേവയാലോ 

മര്യാദയ്ക്കകലെ ജനങ്ങൾ നിന്നിരുന്നു. 

നേരെയാച്ചെറിയ വിനോദയാത്രപോയി- 

ച്ചരത്തായ്ത്തുറമുഖമൊന്നു കണ്ടുമുട്ടി.

24

രാജാവുണ്ടവിടെയനേകമുണ്ടു സൈന്യം 

വ്യാജം വിട്ടിഭനിരയായിരക്കണക്കിൽ 

ഹാ ജന്യത്തിനു തുനിവോ മഹാബ്‌ധിയോടീ 

ഭൂജാനിക്കിതി ഹൃദി ശങ്ക തോന്നുമാർക്കും.

25

കേൾക്കാമിങ്ങനെയൊരു ശബ്ദഘോഷമേളം 

നില്ക്കും സൈനികനിരയാർത്തിടുന്നതത്രേ. 

പൊക്കുന്നോ വസുമതിഗോളം ‘മേലയേലോ” 

വായ്ക്കും വീറോടു തുടരുന്നി ‘തേലയേലോ.”

26

“പട്ടാളപ്പരിഷയിവർക്കു ലജ്ജയില്ലേ? 

കഷ്ടം! ഞാനപഹസിതൻ” കയർത്തു ഭൂപൻ 

“വീട്ടിൽപ്പോയ്ത്തരുണികളെപ്പറഞ്ഞയച്ചാൽ 

കാട്ടീടും പടുതയിതിൽക്കവിഞ്ഞു നൂനം.

27 

വേഗത്തിൽജ്ജളമതികൾ സ്ഥലം വിടട്ടേ 

പോകട്ടേയുടനടിയെന്റെ മുമ്പിൽനിന്നും 

പ്രാഗത്ഭ്യക്കുറവപകീർത്തിയും സഹിക്കാ- 

നാകാ മേ മൃതിയടയും വരെമാത്യാ!

28

കപ്പൽക്കാർ പലരുടെയും പരാതിയെത്തു- 

ന്നിപ്പൊണ്ണൻ തടിയിതുപോൽ തുറയ്ക്കുനേരേ 

കെപേറുന്നൊരു തടവായി നില്ക്കയാലേ,- 

യെപ്പോഴേയതു കരുതേണ്ടതായിരുന്നു.

29

വാണിജ്യം തടയുവതിന്നസൂയമൂലം 

കാണിച്ചീവിന,യപരക്ഷിതീശനെങ്കിൽ

ആണത്തത്തികവൊടു നീക്കിവിട്ടിടാതെ

നാണക്കേടിതി ശിരസാ വഹിക്കയെന്നോ?

30

മണ്ടന്മാർ പണിതുടരുന്നൊരാഴ്ചയായി- 

ക്കണ്ടില്ലേയൊരു ചലനം തടിക്കുവന്നോ? 

ഉണ്ടോ കുഞ്ജരമിനി നാട്ടി,ലുള്ളതെല്ലാ- 

മുണ്ടല്ലോ പെരിയ തടിക്കു ചുറ്റുമായി.

31

ആലാത്തുണ്ടൊരു ചെറു കപ്പലിൽക്കയറ്റാ- 

നാണായിട്ടൊരുവനുമില്ല നാട്ടിലെങ്ങും 

കാണാമപ്പൊഴുതൊരു മാന്ത്രികൻ വരുന്നു 

താണും കൂപ്പിയുമവനൊട്ടടുത്തുണർത്തി:

32

“കല്പിച്ചൊന്നരുളണമെന്റെയാഗ്രഹം പോ-

ലല്പം വല്ലതുമിഹ ചെയ്തുനോക്കുവാനായ്. 

ക്ഷുദ്രത്തിൻ പ്രതിവിധി പൊന്നുതമ്പുരാനേ, 

ക്ഷുദ്രം താ,നറിയണമങ്ങു വിജ്ഞനല്ലോ.”

33

“കൂലിക്കാർ പല ദിവസം ശ്രമിച്ചുനോക്കി, 

സാധിച്ചി,ല്ലനവധി സൈന്യവാരണങ്ങൾ 

പാടാകും പണി പലതും കഴിച്ചു; നീയോ 

നേടുന്നു വിജയമിനി?” ക്ഷിതീശനോതി.

34

കല്പിച്ചു കഴിവതു ചെയ്തുനോക്കുവാനും 

നില്ക്കും സൈനികനിര ദൂരെ മാറുവാനും. 

ശീഘ്രം തന്നുപകരണങ്ങളുള്ള ഭാണ്ഡം 

തൂക്കിക്കൊണ്ടവിടെയണഞ്ഞു മന്ത്രവാദി.

35

“ആ ദാരുപ്രവരനെ ഞാൻ വിധേയനാക്കി- 

ട്ടാരാലെൻ ചെറുകളിവഞ്ചിതന്നെയാക്കും. 

കാണട്ടെ ക്ഷിതിപതിയും ജനങ്ങളും ഞാ- 

നാണാണെന്നതു മതി” മാന്ത്രികൻ നിനച്ചു.

36

ഗംഭീരൻ തടിയിലവൻ ചവിട്ടി നിന്നു. 

ഡംഭോടേയതിനൊടു നാലുവാക്കുരച്ചു. 

“എന്താണിക്കളി? ശം, നിന്നെ ദൂരെയാക്കാൻ 

ഞാൻതന്നേ മതി, ചതുരംഗസേന വേണ്ട.

37

കെങ്കേമൻ ദ്രുതമൊരു നല്ല കൃഷ്ണവർണ്ണ- 

പൂങ്കോഴിക്കുലപതിയെക്കഴുത്തറുത്തു 

ചിന്തീടും ചൂടുനിണമത്തടിക്കു മീതേ 

മന്ത്രോച്ചാരണസഹിതം ചൊരിഞ്ഞു വിദ്വാൻ.

38

കൈയിൽ ചേർത്തൊരുതലയോടു, മന്ത്രമോതീ, 

തീയും വച്ചതിനക, മിട്ടു മർത്ത്യരോമം 

ആയില്ലാ, തുരുതുരെയിട്ടു കൈനഖങ്ങൾ, 

വായിൽ നിന്നനവധിയായുതിർന്നു മന്ത്രം.

39

“തങ്കത്തക്കഴൽ പണിയുന്നു രാമ രാമ

ലങ്കാപട്ടണമെരിയിച്ച രാമദൂതാ, 

ഊഴിപ്പെണ്മണിയവളെത്തിരഞ്ഞു വീറോ- 

ടാഴിക്കപ്പുറവുമെടുത്തു ചാടിയോനേ.”

40 

ആ വൻപൻ തടിയുടെമേലവൻ നടന്നു, 

നാമോച്ചാരണമിതി പിന്നെയും തുടർന്നു. 

ദേവന്മാരവനു തുണയ്ക്കു വന്നതില്ല

കൈവന്നില്ലൊരു വിജയം മടുത്തമട്ടായ്.

41 

ആവർത്തിച്ചവനിവയൊക്കെയൊന്നുകൂടി-

ച്ചെയ്‌വാനായുപകരണങ്ങൾകൈയിലേന്തി

വേറേയും ചിലരിതുപോലെ മാന്ത്രികന്മാർ 

ചാരത്തുണ്ടവസരലബ്‌ധിനോക്കി നില്പ്പൂ.

42

പീലിക്കൺനിരയിളകിച്ചലിച്ചു നില്ക്കും 

ചേലച്ചാർത്തടിമുടി ചേർച്ചയായി ധരിപ്പോൻ 

ബാലേയാഭിധ മൃഗവാഹനന്റെ മഹാത്മ 

ചാലേ ചെന്നവിടെ ധരാധിപന്റെ മുമ്പിൽ.

43

ആ ദിവ്യൻ തൊഴുതു വിനീതനായുരച്ചു: 

“മാതേവൻതിരുവടി വാഴ്ക ദീർഘകാലം” 

ഭൂകാന്തൻ പുതുമകലർന്ന വേഷമപ്പോ- 

ളാകെക്കണ്ടിമയിളകാതെയുറ്റുനോക്കി.

44

ശ്മശ്രുക്കൾക്കിടയിലൊളിഞ്ഞു കേളിയാടും 

സുസ്‌മേരപ്രഭയതുമക്ഷിലക്ഷ്യമായി 

“എന്താ വേണ്ടതു പറയൂ, മുനീന്ദ്രനാണോ? 

സന്തോഷം പര” മരുളീധരാമണാളൻ.

45

“ഔദാര്യത്തികവിലതുല്യനായി നാട്ടിൽ 

ഭൂതിക്കും കുറവുവരാതെ മൗലിചൂടും 

രാജാവേ! കനിയണ,മീശ്വരൻ തുണയ്ക്കും, 

യാചിക്കാനരികിലണഞ്ഞ ഭിക്ഷുവീ ഞാൻ.

46

ഭണ്ഡാരക്ഷയമവിടേയ്ക്കുഞാൻ വരുത്താ-

സ്വർണ്ണം നാണയവുമെനിക്കു വേണ്ട തെല്ലും. 

തന്നാലും തടിയിതു മേ മഹീശമൗലേ, 

വന്നീടും ശുഭമവിടേയ്ക്കു നിത്യമായി.

47

പള്ളിക്കാണതിനു കുറച്ചു മണ്ണുകൂടി- 

പ്പള്ളിച്ചാർത്തൊടു തരുവാനപേക്ഷ വീണ്ടും. 

ഉള്ളത്തിൽച്ചെറുതൊരനാർജവം വിനാ ചൊ- 

ന്നുള്ളോരുക്തികളിവ,യങ്ങറിഞ്ഞിടേണം.

48

ഉണ്ടായുള്ളൊരു ചിരി ശക്തിയായമർത്തി 

ക്കൊണ്ടേവം നരപതി ശാന്തനായുരച്ചു:

“കൊള്ളാം, കല്പനയഹമിക്ഷണം തരുന്നു 

പള്ളിക്കായ് തടിയിതു കൊണ്ടുപോക വേഗം.

49

താനേയിത്തടിയവിടുന്നെടുക്കുമെങ്കിൽ 

ദാനം ഞാൻ തരുമവിടേയ്ക്കു വേണ്ട ഭൂമി.” 

ആനന്ദത്തികവൊടു ഭൂപനേ നമിച്ചു 

മേനിപ്പെട്ടൊരു നിലയങ്കിയൂരി മാറ്റി.

50

ചക്രീവാനരികിലണഞ്ഞവന്റെ മീതേ- 

യക്കൂർപ്പാസവുമുടനേ മടക്കിവച്ചു 

ശീഘ്രം തന്നരയിലെ വാറഴിച്ചെടുത്തി- 

ട്ടൊക്കുമ്പോൾത്തടിയിലുടക്കി ഭദ്രമാക്കി.

51

പ്രാർത്ഥിച്ചു കുരിശടയാളവും വരച്ചു 

മാർത്തോമ്മാ തടിയെ വലിച്ചു മന്ദമന്ദം 

എത്തിച്ചേർന്നതു കരയിൽ, കുമാരകന്മാർ 

പ്രതത്താൽ പരിചൊടു തീർത്ത നൗകപോലെ.

52

രാജാവിൻ കഴലിണയിങ്കലോളമെത്തി- 

ച്ചാ വൻപൻതടിയവിടേക്കു കാഴ്ചവെച്ചു:

“കാണുന്നതെന്തിനു ബത ഞാൻ പകൽക്കിനാവോ?” 

ക്ഷോണീന്ദ്രൻ സ്വയമറിയാതുരച്ചുപോയി.

53

“വന്ദേ മാമുനിവര, നിങ്ങളാണു സിദ്ധൻ, 

സന്ദേഹം നഹിയിതുതന്നെ ദിവ്യസിദ്ധി. 

എന്നാലിത്തടിയവിടേക്കു കൊണ്ടുപോകാം 

തന്നീടാമതിരുതിരിച്ചു വേണ്ട ഭൂമി.

54

ആ വാറിൽസ്സുകൃതി പിടിച്ചു മുമ്പിലേപ്പോൽ 

സേവാതല്പരത തടിക്കുണർന്ന മട്ടിൽ 

ദിവ്യൻ പോയൊരു വഴിയേയതു ഗമിച്ചു; 

ദൈവത്തിൻ പ്രിയതയിരിക്കിലെന്തസാദ്ധ്യം?

55

ഉദ്ദിഷ്ടസ്ഥലമതിലെത്തി നിഷ്പ്രയാസം 

സിദ്ധൻ വച്ചവിടെ മുദാ ഗഭീരദാരു. 

അത്യന്തം ഹൃദി നിറയുന്ന ചാരിതാർത്ഥ്യം 

പ്രത്യേകം വിവരണമെന്നിയൂഹ്യമല്ലൊ.

56

കല്യൻ പാർത്ഥിവനകതാർ തെളിഞ്ഞുതന്നേ 

തുല്യംചാർത്തൊരു മതിയായ ഭൂമി നല്കി. 

എല്ലാമങ്ങനെയനുകൂലമായ വിളംബം

തെല്ലെന്യേ പണികൾ തുടങ്ങി ശില്പി തോമ്മാ.

57

വാൾക്കാരൊട്ടധികമടുത്തു “ചീറുചീറെ- 

ന്നൂക്കൻദാരുവിനെയറുക്കുവാൻ തുടങ്ങി. 

ശീഘ്രം തീർന്നവിടെ നിരന്നു കാണുമാറായ് 

തീർക്കേണ്ടും നിലയിലുരുപ്പടി പ്രപഞ്ചം.

58

കൂലിക്കായരികിലണഞ്ഞു കൂപ്പി നില്ക്കും 

ജോലിക്കാരൊടു പറയുന്നു മാമുനീന്ദ്രൻ: 

“പാലിക്കുന്നഖിലരെയും മനുഷ്യനായി- 

കാലിക്കൂടതിനകമേ പിറന്ന ദൈവം.

59 

അർത്ഥിച്ചാൽത്തരുമവിടുന്നു വേണ്ടതെല്ലാം

തീർത്തീടും വിനകളശേഷമാശ്രയിച്ചാൽ. 

അദ്ധ്വാനിപ്പവരരികത്തു ചെല്ലുവാനാ 

യദ്ദേഹം പ്രതിനിമിഷം ക്ഷണിച്ചിടുന്നു.

60

കല്യാണോത്സവമൊരു വീട്ടി,ലാവിരുന്നിൽ 

വല്ലായ്മയ്ക്കിടവരുമാറു വീഞ്ഞു തീർന്നു. 

വെള്ളം വീപ്പയിലവിടുന്നൊഴിച്ചു, വീര്യം 

കൊള്ളും വീഞ്ഞുടനതിൽനിന്നെടുത്തു നല്കി.

61

വിശ്വാസം ഹൃദി നിറയുന്നവർക്കിതേ മ- 

ട്ടാശ്വാസത്തിനു വക നല്കിടുന്ന ദേവൻ 

ഈശോയാണവനെയറിഞ്ഞു പിന്തുടർന്നാ- 

ലാശങ്കയ്ക്കവസരമില്ല പിന്നെയെങ്ങും.

62

“വെള്ളം മുന്തിരിരസമാക്കിയോരു ദേവാ, 

പള്ളിക്കായ്ത്തടിയിതു തന്നൊരേശുദേവാ: 

ഭള്ളെന്യേയടിപണിയുന്നു, നിത്യവൃത്തി- 

ക്കുള്ളോരാധികളവിടുന്നകറ്റിയാലും.’

63

കീർത്തിച്ചീടുവിനിതു നിങ്ങ”ളെന്നുരച്ചു 

മാർത്തോമ്മാ, യവരതുതന്നെ ചേർത്തുപാടി. 

ഭക്തന്മാർക്കണിമണി ക്രിസ്തുശിഷ്യനപ്പോ- 

ളിത്ഥം ചൊന്നൊരു മധുരപ്രശാന്തദൗത്യം.

64

“ഒട്ടെല്ലാതിവിടെയറുപ്പുധൂളി നിങ്ങൾ

കൂട്ടീട്ടുണ്ടതിലൊരിടം സുഗന്ധിയത്രെ. 

കെട്ടിപ്പേറുവിനതു ഭാണ്ഡമാക്കി വേഗം 

വീട്ടിൽപ്പോകണമഥ കാണുമത്ഭുതങ്ങൾ.

65

ശങ്കിച്ചില്ലവരതുതന്നെചെയ്തു, സിദ്ധൻ 

വഞ്ചിക്കാത്തൊരു പരിശുദ്ധനെന്നു തോന്നി.

പന്ഥാവിൽപ്പരിമളമുദ്വമിച്ച മാറാ-

പ്പേന്തിച്ചെന്നവനവനുള്ള വീട്ടിലെത്തി.

66

ജിജ്ഞാസാഭരിതർ തുറന്നു ഭാണ്ഡമപ്പോൾ 

വിജ്ഞന്മാർക്കവിദിതമായ വസ്തുഭേദം! 

രത്നംപോലണിമണി ധാന്യസഞ്ചയംക-

ണ്ടജ്ഞന്മാരമലമനസ്കരമ്പരന്നു.

67

ഓരോ വീട്ടിലുമനുഭൂതിയൊന്നുതന്നേ 

നേരേയാ മണികൾ മുറത്തിലിട്ടനേരം 

താരങ്ങൾ തരിമണലിൽപ്പതിച്ചു മിന്നി 

ച്ചേരുമ്പോലിടെയിടെയുണ്ടു നാണയങ്ങൾ.

68

ഉറ്റോരേയുടയവരാനയിച്ചു വീട്ടിൽ 

മുറ്റും വിസ്മയമിതു കണ്ടിടേണ്ടതിന്നായ് 

പിറ്റേന്നൊട്ടനവധിയാളുകൾ- തൊഴിൽക്കാർ- 

മാറ്റം വിട്ടവിടെയണഞ്ഞു ജോലി ചെയ്‌വാൻ.

69

കൂലിക്കല്ലവരുടെ ജോലി,യത്ഭുതങ്ങൾ 

ചാലേ ചെയ്തിടുമൊരു ദിവ്യനാം പുമാനേ 

കാണാനാണതു വലുതായ ഭാഗ്യമല്ലേ? 

ക്ഷോണീഭത്തിനുമഭിവന്ദ്യനാണു സിദ്ധൻ.

70

ദീർഘിച്ചില്ലധികദിനങ്ങൾ, ഭംഗിയായി- 

ത്തീർപ്പിച്ചുചെറിയൊരു പള്ളി തത്ര ദിവ്യൻ. 

അപ്പള്ളിക്കകമഖിലേശനെസ്തുതിക്കാ- 

നപ്പോഴേ ജനത മുദാ നിറഞ്ഞിരുന്നു.

71

മാർത്തോമ്മാ, ധനികദരിദ്രഭേദമെന്യേ 

വർത്തിച്ചു; കളരിയെവർക്കുമായ് നടത്തി 

ശിഷ്യപ്പെട്ടവർ സുവിശേഷതത്വമെല്ലാം 

മോക്ഷം നേടുവതിനായ് ഹൃദിസ്ഥമാക്കി.

72

ജ്ഞാനസ്നാനവുമുടനേറ്റു വിപ്രരും വി- 

ജ്ഞാനത്തിൻ നില കുറവാർന്ന കൂട്ടരെല്ലാം. 

സാനന്ദം ബലിയുമണച്ചു പള്ളിതന്നിൽ 

വാനോരും ശ്രുതിസുഖഗീതകങ്ങൾ പാടി.

73

ക്ഷേത്രമാണു ചിലെടത്തു മാറിയതു പള്ളിയായ്; 

ചെറിയ ചെറ്റകൾ

മാത്രമാണു പല ദിക്കിലും ഗുരുവരൻ തുട-

ങ്ങിയ ജപാലയം.

അത്ര വൻ തടി,-യൊരത്ഭുതം – സുലഭമായി

ഭൂമിയുമതേവിധം

പാർത്ഥിവന്റെ കൃപയപ്രതീക്ഷിത,മിതൊക്കെ-

യൊത്ത നില ചിന്ത്യമാം.

74

വരുമുന്നതഭാവിയിന്നു കാണും

ചെറുദേവാലയമേ, നിനക്കുനൂനം.

അറിയുന്നിതു ചില്‌പുമാൻ, ജഗത്തിൽ

മറിയത്തിൻ സുതനായ് പിറന്ന ദേവൻ.

75