Marthoma Vijayam 014

പതിന്നാലാം സർഗ്ഗം


ടന്നു കാടു മേടുകൾ മഹാവനങ്ങൾ പിന്നെയും 

മടുത്തതില്ല. വിശ്രമിച്ചതില്ല പുണ്യപുരുഷൻ 

തിടുക്കമാണു രക്ഷകന്റെ സത്യവേദകല്പകം 

പടർന്നു പന്തലിച്ചു കാണ്മതിനു ലോകമെങ്ങുമേ.

1

തുടർന്നു യാന,മുള്ളിലുള്ള ലക്ഷ്യമുന്നതം പരം 

തടസ്സമായതിന്റെ മുമ്പിൽ നിഷ്ഫലം നിരർത്ഥകം.

തടഞ്ഞിടാതെയാദരിച്ചതാതിടങ്ങൾ ധന്യനെ-

ക്കടത്തിവിട്ടിരുന്നു; തോമ്മയേശുദാസനല്ലയോ?

2

“മലയ്ക്കടുത്തൊ’രാറു’ ചേർന്നൊരൂരി’ ലെത്തിയെത്രയും 

നലംതികഞ്ഞ കാഴ്ചകണ്ടതിൽ ലയിച്ചു മാനസം. 

ഫലം സമൃദ്ധമായ്ത്തരും പരപ്പുഭൂമിയും മുദാ 

മലയ്ക്കു പാദസേവചെയ്തു നിന്നിരുന്നു ചന്തമായ്.                               

3

തപസ്വികൾക്കു മാമലപ്രദേശമുൾപ്രിയംകരം 

ജപം തപം സമാധിയോടുമീശനേ ഭജിക്കുവാൻ. 

പ്രപഞ്ചനാടകത്തിൽ നിന്നകന്നതീവ ശാന്തിയോ- 

ടപങ്കമായ ജീവിതം നയിച്ചു മുക്തി നേടുവാൻ.                                           

4

ജനാധിവാസമുള്ളടത്തു സഞ്ചരിക്കവേ മഹാ- 

മുനീന്ദ്രനെത്തുറിച്ചുനോക്കിയാഢ്യരാം സ്വദേശികൾ.

അടുത്തുകൂടിയൊട്ടുപേർ നയത്തി,ലാ വിദേശിയെ- 

ക്കുറിച്ചു വല്ലതും ഗ്രഹിപ്പതിന്നു വാഞ്ഛയാർന്നപോൽ.                            

5

മുനിപ്രവീരനൊട്ടു പുഞ്ചിരിച്ചു തൻചരിത്രമാ- 

ജനങ്ങളോടു സംഗ്രഹിച്ചുരച്ചു നാട്ടുഭാഷയിൽ 

തുടർന്നു സത്യവേദകാര്യമോതി, യത്രഗണ്യമാ- 

ക്കിടാത്തിട്ടു കാൺകിലും വിടാതെ നിന്നിരുന്നവൻ.                                  

6

കുലീന വിപ്രജാതിതന്നെയാണു മിക്കവാറുമാ- 

സ്ഥലത്തു വാണിരുന്നതന്നു നാട്ടിലെങ്ങുമെന്നപോൽ 

ചലിച്ചിടാത്ത നിഷ്ഠയും മതത്തിലുണ്ടു; മാനസേ 

നലം തികഞ്ഞ ഭൂമിദേവർ തങ്ങളെന്ന ഭാവവും.                                         

7

തുടങ്ങി വിശ്രമം വിനാ പരിശ്രമം വിശുദ്ധനാ- 

പ്പടുക്കളെ പ്രബോധനങ്ങളാൽ പ്രബുദ്ധരാക്കുവാൻ 

അടുത്തു നാലുപേരു ചേർന്നിരുന്ന ദിക്കിലൊക്കെയും 

നടത്തി സൽപ്രഭാഷണങ്ങൾ വാഗ്മിയായ് വിനീതനായ്.                            

8

ഫലിച്ചതില്ല, നാളുകൾ കടന്നുപോയി, ധന്യനെ- 

ശ്രവിച്ചതില്ലനേകരും, ഹസിച്ചു പിന്നെയൊട്ടുപേർ 

അതീവഖിന്നനായ് സ്വയം പറഞ്ഞു തോമ്മാ “സത്യമേ, 

ജയം നിനക്കെളുപ്പമല്ല, നിന്റെ പാത ദുർഘടം.                                             

9

മനുഷ്യനായിഹത്തിൽ വന്ന നിത്യസത്യരൂപനെ- 

ക്കൊലദ്രുമത്തിലേറ്റി ലോക,മെന്തതിൽക്കവിഞ്ഞതായ്? 

ഉയിർത്തെണീറ്റ സത്യമേ,യനുഗ്രഹിക്കയെന്നെ നിഷ്-

പ്രയാസമിക്കൃഷിക്കു നൂറുമേനിതന്നെ കൊയ്യുവാൻ.”                               

 

10

മനംതപിച്ചപോൽ മുമുക്ഷു തെല്ലു നിന്നു, കണ്ണുകൾ

ദിനാന്തസൂര്യരശ്മിയാൽ പ്രകാശിതങ്ങളായ് പരം 

തിരിഞ്ഞുനോക്കി മാമലയ്ക്കുനേർക്കു നിർന്നിമേഷനായ് 

ഗിരിപ്രവീരനും ചലിച്ചിടാതെ നോക്കി ധന്യനെ.                                               

11

പരസ്പരം മനസ്സിലാക്കി,യുന്നതാശയർക്കതി-

ന്നൊരിക്കലും പ്രയാസമില്ല തമ്മിലൊന്നു കാണുകിൽ 

മരങ്ങളപ്പൊഴേ ക്ഷണിച്ചു ശാഖയാം കരങ്ങളാൽ 

പരാപരന്റെയുറ്റശിഷ്യനാം വിരുന്നുകാരനെ.                                                   

12

വനപ്രദേശമാണുയർന്ന ശൈലമാണതെങ്കിലും

തുനിഞ്ഞു സിദ്ധനുള്ളിലേക്കു ധീരനായ് കടക്കുവാൻ 

ഇടയ്ക്ക് കാലുവയ്ക്കുവാനിടം തരാത്ത കാനനം 

കടത്തിവിട്ടു സിദ്ധനേ നമിച്ചുനിന്നു സാദരം.                                                   

13

വരുന്നു ദിവ്യയോഗിയെന്നു കണ്ടുടൻ ലതാകുലം

ചൊരിഞ്ഞു പൂക്കളെങ്ങുമേ, തുടങ്ങി നല്ല നൃത്തവും 

നിരന്നുയർന്ന ശാഖയാം കരങ്ങളെപ്പരസ്പരം

മരങ്ങൾ ചേർത്തുകോർത്തു തൽക്ഷണം ചമച്ചു പന്തലും.                        

14

അതിനുതോരണങ്ങൾ ചാർത്തി മോടികൂട്ടുവാനതാ 

കുതിച്ചുചാടി മത്സരിച്ചു വാനരപ്രമാണികൾ 

ഇടയ്ക്കു പല്ലിളിച്ചുകാട്ടിടുന്നു; ജന്മവാസനാ- 

വിശേഷമേതിടത്തിലും വെളിക്കു വന്നിടും ദൃഢം                                           

15

വിരിഞ്ഞു തിങ്ങി നിന്നിടുന്ന വല്ലരീകുലങ്ങളെ-

ത്തരത്തിനൊത്തു സംവഹിച്ചുകൊണ്ടനേകശാഖികൾ 

നിരന്നു ‘താല’പൂർവ്വമാം ‘പൊലി’ പ്രതീതിയാരിലും 

വരുത്തുമാറു; സൽഗുണാഢ്യനാതൻ വനത്തിലും.                               

16 

“വരാം വരാം മഹാനുഭാവ, ശങ്കവേണ്ട തെല്ലുമേ 

വരാം” കളാരവം മുഴക്കിയോതിയാപ്പതത്രികൾ 

വിരിച്ചു പീലി കേകിജാലമാടി നിന്നു മേന്മയിൽ 

സ്വരംതെളിച്ചു രാഗമാലപിച്ചു കോകിലങ്ങളും.                                      

  17

വനപ്രിയന്റെ പാട്ടിനൊത്തടിച്ചിരുന്നു താളവും 

മനോജ്ഞമായ പല്ലവങ്ങൾകൊണ്ടു മന്ദമാരുതൻ 

ഇണക്കമാർന്ന വീണമീട്ടി ചഞ്ചരീകസംഘമാ- 

തൃണാഞ്ചലങ്ങൾ നെയ്തു നവ്യകംബളം തറയ്ക്കുമേൽ.               

    18

പരസ്പരം കടിച്ചുകീറിടും മൃഗങ്ങൾപോലുമൊ- 

ട്ടകന്നു ശാന്തരായ് ഗുഹയ്ക്കകത്തൊതുങ്ങി വാസമായ് 

കറുത്തുയർന്നു കോട്ടപോലെ നിന്നിരുന്നപാറകൾ 

പറ”ഞ്ഞിതാ നിനക്കു നല്ല പത്തനം സുരക്ഷിതം.”                                

  19

സ്ഥലത്തഹോ ശിലാചലങ്ങൾ പെറ്റ മക്കൾ തന്നെയോ 

വലംതിരഞ്ഞിടം തിരഞ്ഞു കേളിയാടുമാനകൾ? 

നിലത്തു താണു കാൽമടക്കി യോഗിയേ നമിച്ചവർ 

സലജ്ജരാക്കുമാറു ബുദ്ധിയുള്ള മർതൃരാശിയെ.                                  

20

വിശപ്പുതീർന്നു മറ്റു ചിന്തയേതുമില്ല, പറ്റമായ്

പ്രശാന്തരായ്ക്കിടന്നയർത്തിരുന്നു പുള്ളിമാൻകുലം 

കുതിച്ചുപാടിയും കളിച്ചുമുല്ലസിച്ചു, കണ്ണുകൾ

കവർന്നുകൊണ്ടിടയ്ക്കിടയ്ക്കു പോതകങ്ങൾ ചുറ്റിലും.                     

21

ഇരുട്ടുവന്നു കണ്ണുപൊത്തിടാൻ ശ്രമിക്കവേയതാ 

വരുന്നു യാമിനിക്കധീശനുന്നതൻ കലാധിപൻ 

തുരത്തിടും തമസ്സിനെക്കലാധിപന്റെ ദീപ്തിമൽ-

ക്കരങ്ങളെന്നറിഞ്ഞിടാത്ത സൂരിയാരു ഭൂമിയിൽ?                                  

22

തടസ്സമെന്നി പുണ്യപുരുഷൻ നടന്നു, കാലുകൾ 

മടക്കിയൊന്നിരുന്നതില്ല താന്തനായ താപസൻ-

വനത്തിലെപ്പഴങ്ങൾപോലുമല്പഭക്ഷണത്തിനായ് 

ക്കഴിച്ചുമില്ല, മാർഗ്ഗമോ കയറ്റമാണു ദുസ്തരം.                                       

  23

കടന്നതെത്ര യാമമോ? നടന്നതെതദൂരമോ? 

തുടർന്നു യാത്ര പീഠഭൂമിയൊന്നിലെത്തിയാ മഹാൻ

നടുതിയാമനേരമായിരിക്കണം, പ്രപഞ്ചമൊ-

ട്ടടങ്ങി നിന്നു വെണ്ണിലാവിൽ വെള്ളി പൂശിവെച്ചപോൽ.                    

      24

അകത്തു സാത്ത്വികത്വവും പുറത്തു പൂനിലാവുമായ് 

തമസ്സകന്ന സിദ്ധനേ വഹിച്ച ഭൂവിഭാഗമേ

പവിത്രമായി നിന്നിലെ തൃണാഞ്ചലങ്ങൾ ധൂളിയും

ഭവിച്ചിടട്ടെ മംഗളങ്ങൾ; നിന്റെ ഭാവി ഭാസുരം.                                           

  25

സുധാകരൻ തെളിഞ്ഞു തൻ കരങ്ങളാലെ ധന്യനെ-

ത്തലോടിടുന്നു സാന്ത്വനങ്ങൾ നല്കിടുന്നു വേണ്ടപോൽ.

തിരിഞ്ഞുനോക്കി ചുറ്റിലും, വനപ്രദേശമെങ്കിലും

നിരപ്പുകേടകന്നൊരാസ്ഥലം വിശാലമോഹനം.                                         

  26

അടുത്തുകണ്ട ചെങ്ങണതൃണങ്ങളാൽ വിഭൂഷിതം 

കടുത്ത പാറയൊന്നതിൽ സ്ഥലം പിടിച്ചു പുണ്യവാൻ 

കിടന്നു വിശ്രമിച്ചു നിദ്രചെയ്‌വതിന്നുവേണ്ടിയ- 

ല്ലടങ്ങിയേകതാനനായ്  ജപാദിയിൽക്കഴിക്കുവാൻ.                                 

  27

അസംശയം ശിലാതലത്തിലൂന്നി ജാനുയുഗ്മമാ 

പ്രസന്നനാം ഹിമാംശു വിസ്മയിച്ചു നോക്കിനിൽക്കവേ 

കുനിഞ്ഞു കൈ ചലിച്ചു പാറമേലതാ യതീശ്വരൻ 

വരച്ചിടുന്നു ക്രൂശതീവ ശോണിതാഭമത്ഭുതം!                                           

    28

പരാപരന്റെ മാറിലെ ക്ഷതത്തിനുള്ളു കാണുവാൻ 

വരം പരം ലഭിച്ച തൃക്കരം തൊടും സ്ഥലങ്ങളിൽ

ഇതിൽക്കവിഞ്ഞുമത്ഭുതങ്ങൾ സംഭവിച്ചിടാവതാ-

ണതീന്ദ്രിയപ്രഭവമാണതെന്നു നാം ധരിക്കണം.                                   

    29

അടഞ്ഞു ലോചനങ്ങളാപ്പിടഞ്ഞിടുന്ന ചുണ്ടുതിർ- 

ത്തിടും പദങ്ങൾ തീപ്പൊരിക്കു തുല്യമെന്നു ചൊല്ലിടാം 

പറന്നുയർന്നു വിണ്ണിലേക്കു പോകയാണതൊക്കെയും

പുറപ്പെടുത്തിടേണ്ടതിന്നു സൽഫലം സമൃദ്ധിയായ്.                           

    30

“പിതാസുതാത്മരേകനാമനാദ്യനന്ത ദൈവമേ,

നിതാന്തനിത്യഭാഗധേയമൂർത്തി സച്ചിദാത്മനേ,

മനുഷ്യമാനസങ്ങളേയനുഗ്രഹിക്ക,മർത്യനായ്

ജനിച്ചു ബേത്ലഹേംഗുഹയ്ക്കു ദീപ്തിചേർത്ത പൈതലേ!            

    31

ഫരീസ്യരെപ്പരാജയപ്പെടുത്തുമാറു ചർച്ചകൾ 

ജരൂശലേത്തുപള്ളിയിൽ പ്രസംഗകന്റെ വേദിയിൽ 

നടത്തിയോരു പന്തിരണ്ടുകാരനുണ്ണി, ഹൃത്തിലെ- 

ക്കടുപ്പമത മാനുഷർക്കു തീർത്തനുഗ്രഹിക്കണേ.                                

  32

ഇതഃപരം മനുഷ്യരെപ്പിടിപ്പതിന്നു നിങ്ങളേ 

വിദഗ്ദ്ധരാക്കുമെന്നു വായ്മലർ പൊഴിഞ്ഞ സദ്ഗുരോ, 

കണക്കിലേറെ മത്സ്യമാ വലയ്ക്കകത്തു കിട്ടുവാ-

നനുഗ്രഹിച്ചൊരേശുനാഥ, ദേവദേവ പാഹി മാം.                                     

    33

വിരുന്നിനുള്ള വീഞ്ഞു തീർന്നൊരാ വിവാഹവീട്ടിലെ- 

പരിഭ്രമം മനസ്സിലാക്കിയാത്മജന്റെയന്തികേ-

സ്വയം നിവേദനം നടത്തിയത്ഭുതപ്രവൃത്തിയാ- 

ലവർക്കു സാഹ്യമന്നു ചെയ്തൊരമ്മയെന്റെയാശ്രയം. “                     

    34

സ്വരം ക്രമേണതാണു ശാന്തമായ്, പദങ്ങൾ വേണ്ടപോൽ 

തിരിഞ്ഞിടാത്ത മട്ടിലായ് തുറന്നടഞ്ഞു കണ്ണുകൾ 

കരങ്ങൾ മെല്ലെ നെഞ്ചിനോടടുത്തു കൂപ്പുകൈകളായ്, 

പരന്നു ചൂഴ്ന്നിടും മഹസ്സിലാണ്ടു പുണ്യപുരുഷൻ.                                 

  35

അവർണ്യമാം പ്രഭാപ്രവാഹമൊന്നു വാനിൽനിന്നതാ 

ഗവേഷണാതിഗം വരുന്നു ഭൂവിലേക്കമന്ദമായ്-

അടർന്നുവീണ തിങ്കളോ? പൊഴിഞ്ഞുപോന്ന താരമോ? 

പൊടുന്നനേ നഭസ്സുവിട്ടധഃപതിച്ച സൂര്യനോ?                                            

  36 

അടുത്തു ഭൂമിയെത്തൊടാതെ നിന്നു;നാരിരൂപമാ- 

ണടിക്കു പീഠമാണു ചന്ദ്ര,നാടയായ് ദിനേശനും.

ഉഡുക്കളാൽക്കിരീടമുണ്ടു, നാകലോകറാണിയാ-

ണുടൻ നമിച്ചു വീണു തോമ്മ ഭക്തലോകസത്തമൻ;                           

    37

“നമോസ്തുതേ! നമോസ്തുതേ!…” വികാരജ്യംഭണത്തിലാ 

പുമാനു വാക്കു വേറെയില്ല വീണ്ടുമുച്ചരിക്കുവാൻ. 

വിളിച്ചു റാണി ഭക്തനേ, യതെന്തു ശബ്ദമോ! കവി- 

ക്കെളുപ്പമല്ല സാമ്യമേതുമാ സ്വരത്തിനോതുവാൻ.                                   

38

‘എണീല്ക്ക പുത്ര, ദീദിമൂസ്, കഥിക്ക ദുഃഖകാരണം 

നിനക്കു ജന്മമേകിടാത്തൊരമ്മതന്നെയാണു ഞാൻ. 

വിളിച്ച ശബ്ദമപ്പൊഴേ ശ്രവിച്ചു വിണ്ടലം വെടി-

ഞ്ഞിറങ്ങി വന്നതാണു വേണ്ട സാന്ത്വനങ്ങൾ നല്കുവാൻ.”                     

39

“പരാപരൻ പിതാവിനങ്ങു പുത്രി,യംബികേ നമോ! 

സുതന്റെ ജന്മപാപലേശമറ്റൊരമ്മയും, നമോ!

പവിത്രനായൊരാത്മരൂപനങ്ങു പത്നിയും, നമോ! 

പദങ്ങൾ കൂപ്പിടുന്ന ഭക്തനെത്തുണയ്ക്കണേ നമോ!                               

40

മനുഷ്യരക്ഷണാർത്ഥമായ് മനുഷ്യനായ് ജനിച്ച നിൻ

തിരുക്കുമാരനെക്കുറിച്ചു ചക്രവാളസീമകൾ 

അറിഞ്ഞു വിശ്വസിച്ചിടേണമായതിന്നു വേണ്ടിയാ- 

ണിറങ്ങി വേലചെയ്തിടുന്നു ശിഷ്യർ ഞങ്ങളംബികേ!                               

41

മനുഷ്യരാവസിച്ചിടും സ്ഥലങ്ങളേതിലും പരം 

മനക്കരുത്തോടെ നിതാന്തനിത്യസത്യമോതുവാൻ

വിനീതദാസർ ഞങ്ങൾ സഞ്ചരിച്ചിടുന്ന കാര്യമ-

ങ്ങറിഞ്ഞിടാത്തതല്ല, ദുഃഖഹേതുവോതിടുന്നു ഞാൻ.                         

42

ജനങ്ങളിങ്ങു ഭൂസുരപ്രമാണികൾ, കരൾക്കരു- 

ത്തനമാണവർക്കു പാറ തോറ്റുമാറിടും വിധം.

സ്പുലിംഗതുല്യവാഗ്വിലാസമാ ജനാവലിക്കു നിഷ്- 

ഫലം, ദിനങ്ങളെത്ര ഞാൻ കഴിച്ചിടുന്നിതേവിധം. “                                 

43

“സമാശ്വസിക്ക തോമ്മ നീ, നിരാശവേണ്ട തെല്ലുമേ 

ക്ഷമിച്ചു ജോലിചെയ്യണം ഫലം സമൃദ്ധമായവരും

മനശ്ശരീരപാരവശ്യമൊക്കെ നീങ്ങി നാളെയും 

തുടർന്നു ചെയ്യണം പ്രസംഗമെന്തിനിത്ര സങ്കടം?                                    

44

ഇതാ നിനക്കു ഭക്ഷണം, വിശപ്പു ദാഹവും ശമി- 

ച്ചതിന്റെ ശേഷമാണു ജോലിചെയ്തിടേണ്ടതേവനും.”

വിശിഷ്ടവസ്തുവൊന്നുകൈത്തലത്തിൽ വച്ചു തോമ്മയേ- 

യനുഗ്രഹിച്ചു നാകറാണി വിണ്ണിലേക്കുയർന്നുപോയ്.                            

45

കരസ്ഥമായ വസ്തുവെന്തു തേൻനിറഞ്ഞറാകലോ? 

പരത്തിൽനിന്നു കൊണ്ടുവന്ന ദിവ്യസൽഫലങ്ങളോ? 

അറിഞ്ഞതില്ല ഭക്തസത്തമൻ ഭുജിച്ചു ഹൃദ്യമായ് 

ശമിച്ചുടൻ ബുഭുക്ഷയും പിപാസയും തളർച്ചയും.                                 

46

നമിച്ചെണീപ്പതിന്നു താണു താൻ വരച്ച ക്രൂശിലേ- 

യ്ക്കമായമങ്ങു ദൃശ്യമായി രംഗമൊന്നു നൂതനം.

സുവർണ്ണകാന്തിയോടതുജ്ജ്വലിച്ചിടുന്നു വിസ്മയം 

പ്രഭാതസൂര്യരശ്മിയും പരാജയപ്പെടും വിധം.                                           

47

സമാധിയിൽ ലയിച്ചുതന്നെ നിന്നുപോയി സാത്ത്വികൻ 

സമാപ്തിരംഗവും കഴിഞ്ഞകന്നുപോയി യാമിനി

കിഴക്കുവെള്ളകീറിടുന്നു, പാടിടുന്നു പക്ഷികൾ, 

ചരിച്ചിടുന്നു വേടജാതി കൈയിൽ വില്ലുമമ്പുമായ്.                                  

48

കടുത്ത കാട്ടുജാതി കണ്ടു ദിവ്യനാം മനുഷ്യനേ,- 

യടുത്തുതന്നെ പാറമേൽത്തിളങ്ങിടുന്ന ക്രൂശുമായ്

അടുത്തിടാതെയൊട്ടുനേരമമ്പരന്നു നിന്നതി-

ന്നിടയ്ക്കു കാറ്റുപോലെ വാർത്തയെത്തി നാട്ടിലെങ്ങുമേ                     

49

വനങ്ങളെത്തകർത്തനേകരെത്തിയാ ഗിരിക്കുമേൽ

വിനാവിളംബ,മത്ഭുതങ്ങൾ കണ്ടതെന്തു ചൊല്ലിടാം!

ഗുരുപ്രവീരനെച്ചുഴന്നു ക്രൂശിനേ ഭജിച്ചു നി-

ന്നിരുന്നതീവശാന്തരായ് വകാദി വന്യജീവികൾ.                                          

50

ജനാവലിക്കുമുമ്പിലായെണീറ്റ യോഗിയേയൊരാ- 

ളനാദരിക്കുവാൻ തുനിഞ്ഞതില്ല മുൻകഴിഞ്ഞപോൽ

അനിഷ്ടഭാവലേശമാമുഖത്തു കാണുവാനുമി- 

ല്ലനർഘദീപ്തി ചിന്നിടു,ന്നപാരമായ ശാന്തിയും.                                         

51

മുഖത്തുനിന്നു കണ്ണുതെറ്റിടാതെ നിർന്നിമേഷരായ് 

ജനങ്ങളച്ചടക്കമായി നോക്കിനിന്ന വേളയിൽ

മനുഷ്യരക്ഷകന്റെയന്ത്യശയ്യയായ ക്രൂശിനെ- 

ക്കുറിച്ചു സുപ്രഭാഷണം നടത്തി ഭക്തസത്തമൻ.                                      

52

അഗണ്യമാക്കിയില്ലൊരൊറ്റവാക്കുപോലു,മത്രയ- 

ല്ലകം കുളിർത്തു സജ്ജനം ശ്രവിച്ചു സൂക്തിധോരണി 

അശിക്കുവാനുമാശയില്ല, സിദ്ധനെപ്പിരിഞ്ഞിടാ-

നശക്യമെന്നവർക്കുതോന്നി ദീർഘനേരമാകിലും.                                    

53

ഗ്രഹിച്ചുതോമ്മ കാര്യമൊക്കെ,യോർത്തുപൂർവ്വസംഭവം 

സഹസ്രപഞ്ചകം സമൃദ്ധിയായ് ഭുജിച്ചൊരത്ഭുതം 

“ശ്രവിക്ക സോദരങ്ങളേ!” പറഞ്ഞു പുണ്യപുരുഷൻ: 

“നടന്നൊരത്ഭുതം കഥിച്ചു ഞാൻ വിരാമമിട്ടിടാം.”                                    

  54

“ഒരിക്കലേശുനാഥനെച്ചുഴന്നസംഖ്യമാളുകൾ 

ചരിച്ചിരുന്നു വീട്ടുകാര്യചിന്തയേതുമെന്നിയേ 

തിബേരിയാസ് കടൽക്കരയ്ക്കൊരദ്രിമേൽസ്ഥലംപിടി- 

ച്ചിരുന്നു ഭാഷണം തുടർന്നു വിശ്വവേദപാരഗൻ.                                       

55

മനുഷ്യദേവനെ ശ്രവിച്ചഹോ സ്വയംമറന്നുപോയ് 

ജനവ്രജം,നിനച്ചതില്ല ഭക്ഷണാദികാര്യവും 

മനസ്സലിഞ്ഞു ദേവനോതി ശിഷ്യരായ ഞങ്ങളോ-

ടനാസ്ഥയെന്നി ഭക്ഷ്യമാ ജനത്തിനാകെ നല്കുവാൻ.                            

56

ജനങ്ങളായിരങ്ങളഞ്ചിലേറെയുണ്ടു,വാങ്ങുവാൻ 

‘ദനാറ’യില്ല കൈവശം, സുലഭ്യമല്ല ഭോജ്യവും 

കറങ്ങി ഞങ്ങൾ നില്ക്കവേ കരത്തിലഞ്ചരൂപവും

വറുത്തരണ്ടുമീനുമായടുത്തണഞ്ഞൊരർഭകൻ.                                  

57

ഉണർത്തി ഞങ്ങൾ നാഥനോടിതാ ഗുരോ, ലഭിക്കുവാ- 

നിതിൽക്കവിഞ്ഞു സാധനങ്ങളത് സാദ്ധ്യമല്ലിനി

മഹാജനപ്പരപ്പിലേക്കിതെന്തു പറ്റുമാഴിയിൽ

ത്തെറിച്ചുവീണതേൻ ജലത്തിനെന്തിനിപ്പുചേർത്തിടും?                       

58

‘ഇരുത്തുവിൻ ജനങ്ങളേ’യതായിരുന്നു തൽക്ഷണം

ലഭിച്ചൊരാജ്ഞ,സംശയംവിനാ നിരന്നു പന്തികൾ

എടുത്തു തൃക്കരങ്ങളാൽ വിളമ്പിനാഥ,നങ്ങയോ 

ടടുത്തുങ്ങളും സഹായമേകിനിന്നു വേണ്ടപോൽ.                                   

59

സമൃദ്ധിയായ് ഭുജിച്ചു പന്തിരണ്ടുകൊട്ട് ബാക്കിയായ്

സമൂഹമത്ഭുതത്തിലാണ്ടതേതുവാക്കിലോതിടും? 

“അസംശയം മനുഷ്യനായ് ജനിച്ച ദൈവമാണിവൻ’, 

പറഞ്ഞനേകരും “വരാനിരിപ്പതാരിവന്നുമേൽ?’                                        

60

‘കിരീടമീ ശിരസ്സിലാണു ചൂടിടേണ്ടതെന്നു നാം 

ധരിക്കണം പാസനത്തിനർഹനിപ്രവാചകൻ 

ഭരിച്ചിടട്ടെ നമ്മെയീ മഹാനുഭവ’നെന്നു ചൊ-

ന്നിരിക്കവേയമർത്ത്യനങ്ങദൃശ്യനായി മായപോൽ.                                   

61

ദിവാകരൻ മറഞ്ഞുടൻ തമസ്സുകൊണ്ടു തീർത്തൊരാ- 

തിരയ്ക്കകത്തു നൃത്തമായ നിശീഥിനീ മഹാനടി

ഇരുട്ടിലേശുവെത്തിരഞ്ഞു കാൺക ദുഷ്കരം, ക്ഷമി- 

ച്ചിരുന്നു വീടുതോറുമാ ജനങ്ങളന്നു രാത്രിയിൽ.                                       

62

ഉഷപ്രഭാവിലാസമായി,തൽക്ഷണം പ്രവാചക-

പ്രവീരനെത്തിരഞ്ഞിറങ്ങിയൊട്ടനേകമാളുകൾ 

വസിച്ചിരുന്നിടത്തുചെന്നു കണ്ടു സന്നമിക്കവേ 

വചിച്ചു ദൈവപുത്രനിക്കളങ്കമറ്റ വാക്കുകൾ.                                              

63

‘സഹോദരങ്ങളേ, ഗ്രഹിക്ക കുക്ഷിപൂരണാർത്ഥമായ്

ലഭിച്ചൊരപ്പമെന്നെയന്വേഷിപ്പതിന്നു ഹേതുവായ് 

മനുഷ്യപുത്രനേകിടുന്ന നിത്യജീവദായകം 

വിശിഷ്ടഭോജനം ലഭിക്കുവാൻ പരിശ്രമിക്കണം.                                        

64

നിത്യയാസ്സു തരുന്നൊരപ്പമതു ഞാൻ- 

           തന്നേ, ധരിച്ചീടണം 

സത്യം,പ്രത്യയമെന്നിലുള്ളവനതും 

           നിസ്സംശയം കൈവരും.

ഓർത്താലും മൃതരായി പൂർവ്വികർ പുരാ 

           മന്നാ ഭുജിച്ചെങ്കിലും

മർത്ത്യൻ മൃത്യുവിനെ ജയിക്കുമവനീ 

           യപ്പം ഭുജിച്ചീടുകിൽ.’                                                                              

65

പാരം ദുർഗ്രഹമന്നുമിന്നുമൊരുപോ-

           ലീയാശയം പിന്നെ ഞാൻ

സാരം സുഗ്രഹമാക്കിടാ,” മിതി സമാ- 

           പിച്ചു മഹാ ദേശികൻ.

“നേരം തെല്ലു പുലർന്നവശ്യമതിനാ- 

           ലേവർക്കുമാഹാരമ

ക്കാര്യം വിസ്മൃതമായിതോ സഹജരേ? 

           പോയാലു’മെന്നോതിനാൻ.                                                                   

66

ശിലയിലെക്കുരിശിന്നഭിവന്ദനം 

കലിതഭക്തിയോടേകി ജനാവലി

അതിനു ഭദ്രതയേകുമൊരാലയം

ഝടിതി തീർത്തതിൽ വച്ചൊരു ദീപവും.                          

67

മലയിൽ നിന്നെതിരേറ്റു വിശുദ്ധനേ

ജനപദത്തിനു നേർക്കവർ കൊണ്ടുപോയ്. 

തറയിലിട്ടുമെതിപ്പതു രത്നമെ-

ന്നറിയുമെങ്കിലണിഞ്ഞിടുമുച്ചിയിൽ.                                  

68

പത്തില്ലക്കാരശേഷം യതിവരഗുരുവിൻ 

             ശിഷ്യരായ്, ക്രിസ്തുവേദം

ശ്രദ്ധാപൂർവ്വം പഠിച്ചു ബഹുമതിയതിനോ-

             ടമല്ലാതുണർന്നു.

ഓത്തെല്ലാം വിട്ടു തോമ്മാ ഗുരുവരനെ മഹാ

              സിദ്ധനായ് സ്വീകരിച്ചു

ക്രിസ്തീയസ്നാനമേറ്റു ബഹുലജനനമി-

              ല്ലാത്ത സായൂജ്യമാർഗ്ഗം.                                           

69