Marthoma Vijayam 016

പതിനാറാം സർഗ്ഗം


ഗുരുവരേണ്യനുമൊട്ടകലംവരെ

പ്രമുഖശിഷ്യരുമൊത്തു നടന്നുപോയ്

സരണി പൂർവ്വദിശയ്ക്കു നയിക്കയാ-

ണവരെ നാൽവരെ നാടിതിനപ്പുറം.

1

ജനമനസ്സുകളാ ഗുരുഭൂതനോ-

യനുഗമിച്ചതിലില്ലൊരു വിസ്മയം

അവരെ നേർവഴി കാട്ടിയതാ മഹാ-

ഭുവനസേവനകോവിദനല്ലയോ?

2

തരുലതാദികൾ ദുഷ്ടമൃഗങ്ങളും 

പെരുകിടുന്ന ഭയങ്കര കാനനം 

ഇരുവശങ്ങളിൽനിന്നെതിരേറ്റിടും

സരണിയൊന്നിൽ നടന്നവർ ധീരരായ്.

3

ഒരുവശത്തു മൃഗാധിപഗർജ്ജനം

മറുവശത്തലറുന്ന മതംഗജം

ഉരഗവീരരിച്ച പടങ്ങളും

പരിസരങ്ങളിലുണ്ടതിഭീകരം.

4

ഒരു മൃഗത്തെ വധിച്ച കിരാതനി

ദ്ധരയെ വെന്നതുപോലെ കൃതാർത്ഥനായ്

മനവിയോടൊരുമിച്ചപദാന കീർ-

ത്തനവിഘോഷണമാണൊരു ചെറ്റയിൽ.

5

കരമകത്തു കടത്തിടുവാൻ ദിവാ-

കരനുമങ്ങു പരാജയമാണഹോ!

ഒരുമയോടിടതൂർന്ന മരങ്ങളാ-

പരമവമ്പനെ വെല്ലുവിളിക്കയോ?

6

അരികിലെത്തി ഗിരീശനെയേകനെ-

പരിചരിക്കുകയാണു വനസ്ഥലി-

മലയജം വിലയേറുമുപായനം 

കരതലങ്ങളിലുണ്ടു മനോഹരം.

7

മലയമാരുതനിൽക്കവികുഞ്ജരർ 

കലിത കൗതുകപൂരിതരെപ്പോഴും 

സുലഭമല്ലതു നമ്മുടെ നാടൊഴി-

ച്ചലകടൽക്കരെയേതൊരിടത്തിലും

8

അറിയണം, ഗിരി സഹ്യ,നവൻ നമു-

ക്കൊരു മഹാമതിലാണതനുഗ്രഹം.

മറികടക്കുവതാരിഹ വമ്പനേ

യജിത,നാജിതനാശകുലാഗ്രണി.

9

അതിനുമപ്പുറമുണ്ടൊരു മണ്ഡലം 

വിതതമാണതു പാണ്ഡ്യ മഹീതലം. 

ഗുരുവരന്റെ ഹൃദിസ്ഥിതിലക്ഷ്യമായ്-

ക്കരുതി നാടതിനെസ്സഹയാത്രികർ.

10

പദികനാവഴി ദുർഗ്ഗമെങ്കിലും

ഗമനമാവഴിയാണു വണിക്കുകൾ 

വിഭവസുന്ദരമായിഹ ‘ചേര’മെ-

ന്നഭിധയുള്ളൊരു നാടറിവാകയാൽ.

11

ഗുരുവരൻ പദചാരി കടക്കുമോ 

ഗിരിയെയെന്നനുഗർക്കൊരു സംശയം. 

അരിയ സിദ്ധികളാലതിലപ്പുറം

കഴിയു,മാഴിയുമാ മുനി താണ്ടിടും.

12

അരുണനുച്ചയിലായ്, വഴിയാത്രയാ-

ലവശരായവർ നാലവരുമാകയാൽ

സുഖദശഷ്പമനോഹരശയ്യയിൽ

തണലിളച്ചു തളർച്ച കുറയ്ക്കുവാൻ.

13

ഗുരുവിനുണ്ടനുകമ്പ, നിവൃത്തിയി-

ല്ലവിടെ വല്ലൊരു ഭക്ഷണമേകുവാൻ

സുഖികളായി വളർന്നു പൊടുന്നനേ

സഹനവേദിയിലേറുകയാണവർ.

14

മധുരവാക്കുകൾ കാട്ടുപഴങ്ങളും

സുധകണക്കു വിളമ്പൽ തുടങ്ങവേ

അകലെയായ് വനദേവതയെന്നപോ-

ലൊരു കിരാതിയൊളിച്ചുകളിക്കയായ്.

15

സുകൃതി മാടിവിളിച്ചവളേയുടൻ

വികൃതവേഷമണിഞ്ഞവളെങ്കിലും

ഹൃദയനന്മയൊടൊട്ടു പഴങ്ങളേ-

യരികിൽ വച്ചകലത്തു മറഞ്ഞവൾ.

16 

ക്ഷിതിപവംശജരാണവർ രണ്ടുപേ-

രപരനോ ധരണീ സുരപുത്രനും

ഒരു കിരാതി “കുറുമ്പകൊടുത്ത ഭ- 

ക്ഷണമൊരോണ,മൊരോദനമോർത്തവർ.

17

അവസരോചിതമായധരം വിടുർ-

ത്തുടനെ ദേശികനോതിയ സംഭവം 

ഹരിജതുല്യയിൽനിന്നു ജലം ഗുരു-

പ്രവരനേശു കുടിച്ചതുതന്നെയാം.

18

അഹിതമെന്നി പഴങ്ങൾ ഭുജിച്ചു നിർ-

ഝരിയിൽനിന്നു കുടിച്ചവർ വെള്ളവും.

ഇവിടെവച്ചു മടങ്ങുക നിങ്ങളെ-

ന്നവരൊടോതി പ്രിയംകരനാ ഗുരു.

19

“അടവി ഭീകരമാണിതിലങ്ങയെ

ത്തനിയെ വിട്ടിവർ പോകണമെന്നതോ 

അരുളിടുന്നു ഗുരോ? ഹൃദി ധൈര്യമി-

ല്ലതിനിവർക്ക് ”വരോതി വിനീതരായ്.

20

“എവിടെയും മിശിഹാ തുണയുണ്ടെനി-

ക്കതു നിനച്ചൊരു ശങ്ക നിരർത്ഥകം. 

വനമിതേവിധമെത്ര കടന്നു ഞാ-

നിനിയുമെത്ര കടക്കണമേകനായ്?”

21

ഇതുവിധം ഗുരുശിഷ്യ വിവാദമാർ-

ന്നതിനിടയ്ക്കൊരു ശബ്ദവിഘോഷണം;

ഒരു വിനീതകമെത്തി,യതിന്നക

ത്തൊരുവനാരു വനാന്തര സീമയിൽ?

22

വഴിയിലധ്വഗർ നില്പതു കാൺകയാ-

ലവിടെ നിന്നു സമാഗതവാഹനം 

അവരെ നോക്കിയിറങ്ങിയകത്തുനി-

ന്നധിരഥൻ, ബഹുമാന്യതയുള്ളവൻ.

23

യതിവരന്റെ പദാംബുജധൂളിയിൽ

വിരലുതൊട്ടധികാദരവോടവൻ. 

ശിരസി വച്ചതു വാഹനവാഹകർ-

ക്കതിരകന്നൊരു വിസ്മയഹേതുവായ്.

24

ഒരു കടാക്ഷവുമാംഗ്യവുമെത്തവേ-

യവരുമങ്ങനെ ചെയ്തുപചാരമായ് 

കഥയറിഞ്ഞവരല്ല, കുറച്ചക-

ന്നവിടെ നിന്നവർ നോക്കി പരസ്പരം.

25

തൊഴുത് കൈകളൊടോതി സമാഗതൻ:

“കരുണചെയ്യണമേ ഗുരുപാദരേ, 

അറിയുമങ്ങയെ ഞാൻ, ചിലനാൾ മയിൽ-

പ്പുരിയിലങ്ങു വസിച്ചതുമൂലമായ്.

26

അവിടെനിന്നു വരുന്നവനാണു ഞാ-

നഖിലസൈന്യകുലാധിപനാണു ഞാൻ. 

അരിയ സിദ്ധികളുള്ളവനങ്ങു വ-

ന്നരുളണേ മമ വേശ്മനി സത്വരം.

27

പണവുമുണ്ടു നൃപന്റെ പ്രസാദവും

പലതുണ്ടിവനെങ്കിലുമൊന്നിലും 

ഒരു സുഖം ഹൃദിയി,ല്ലവിടുന്നു താ-

നതിനുമേതിനുമേകഭിഷഗ്വരൻ.

28

കദനകാരണമങ്ങയോടൊതിടാ-

മൊരു വിനാഴിക പോവതു സങ്കടം.

സുഖദ വാഹനമാണിതിലേക്കുടൻ 

കയറിയാലുമുദാരഗുണാന്വിത!

29

അതിലിരുന്നു വിശേഷമശേഷവും 

പറകയാണുചിതം ഗുരുഭൂതരേ, 

ഇഹ പദങ്ങളുറയ്ക്കുവതില്ലെനി-

ക്കപകടസ്ഥിതി വേശ്മനിയോർക്കവേ.

30

ഉടനെയർത്ഥിയുമൊത്തു കടന്നിരു-

നധികപാവനമാക്കി വിനീതകം.

അനുഗരാം നിജ ശിഷ്യരൊടോതിയാ

വിനയശാലി പരേങ്ഗിതകോവിദൻ:

31

“അവരവർക്കു വിധിച്ചൊരിടങ്ങളിൽ

ത്വരിതമെത്തുക, ദൈവികജോലികൾ

കുറവകന്നു നടത്തുക, രക്ഷകൻ 

തരുമനുഗ്രഹമില്ലൊരു കില്ലതിൽ.

32

മറുവചസ്സഥ ഗാസറുരച്ചുടൻ

“പരമപുരുഷനെന്നെ നയിക്കുകിൽ 

പുരിയെനിക്കറിയാമവിടേക്കുടൻ

വരുമതാണഭിവാഞ്ഛ; നമിച്ചു ഞാൻ”

33

അരികിലെത്തിയ ചേടകർ തൽക്ഷണം

ചുമലിലേന്തിയ വാഹനതല്ലജം

അധികവേഗതയോടു വനങ്ങളേ 

യധിഗമിച്ചുതുടങ്ങി യഥാസുഖം.

34

അഭിഗമിച്ചവനായ മഹാരഥൻ

ഗുരുവിനെത്തൊഴുതേവമുരയ്ക്കയായ്

“നരകതുല്യമെനിക്കു കുടുംബ,മെൻ

ചരിതമോതുക ദുഃഖകരം വിഭോ!

35

സതികുലാംഗനയെൻ പ്രിയപത്നിയാൾ

വിധിഹിതാനുസൃതം പരിണീതയും

സതതമെന്റെ ഹിതത്തെ മതിപ്പവൾ,

ഭവനപാവനപാർഷതിതന്നെയാം.

36

അവളിലുണ്ടൊരു പുത്രിയെനിക്കവൾ

നിജ ജനിത്രിയെ വെന്ന മനസ്വിനി

പ്രിയകുമാരിയെ വിട്ടു മനസ്സുഖം

വരുവതില്ലിവനേതൊരിടത്തിലും.

37

സ്ഥിതികളീവിധമൊക്കെയിരിക്കവേ

യഹിതമൊന്നു ഭവിച്ചതു ദുസ്സഹം. 

പറവതെന്തു ഗുരോ? തളരുന്നു ഞാൻ

ഹൃദയവേദനയാൽ; ജഗദീശ്വരാ! 

38   

ഒരു വിവാഹവിരുന്നിനു വിട്ടു ഞാ-

വനരെ,യില്ലൊരു തെറ്റതിലെങ്കിലും

ഇരുവരും നിപതിച്ചു വിപത്തിലെ

ന്തൊരു ശിരോലിഖിതം! ഹതഭാഗ്യമേ!

39

പരിജനങ്ങളുമൊത്തു മടങ്ങവേ 

ദിവസമസ്തമയത്തിനടുക്കലായ്

കൊടിയ ബാധകളെത്തിയതാരറി-

ഞ്ഞിടയിലാ നടുവീഥിയിൽ വീണവർ.

40

ചലനമറ്റു മരിച്ചവിധത്തിലായ്,

പലരുമാവഴി വന്നവർ നിന്നുപോയ്. 

സഹതപിച്ചതു കണ്ടവരൊക്കെയും

വിവരമിങ്ങനെ കേട്ടു നടുങ്ങി ഞാൻ.

41

ഹതകനായ് ഹതചിത്തനുമായി ഞാ-

നവിടെയെത്തി,യുടൻ ജനസഞ്ചയം 

ഹൃദയശാന്തിയെനിക്കു പകർന്നുകൊ-

ണ്ടവരെയാക്കി മദീയ ഗൃഹത്തിലും.

42

പല ഭിഷഗ്വരർ മാന്ത്രികരൊക്കെയും

പലതു ചെയ്തു ഫലം ചെറുതെന്നിയേ 

സമകളിങ്ങനെ മൂന്നു കടന്നുപോയ്

സഹനസീമ കടന്നിവനും ഗുരോ;

43

തടിക്കണക്കു കിടക്കുകയാണതി-

ന്നിടയിലുള്ളൊരലർച്ച ഭയങ്കരം 

ബഹളമങ്ങകലത്തിലുമെത്തിടും;

ഗൃഹമെനിക്കൊരു വിഹ്വലഗഹ്വരം.

44

സുരവരാംഗികളോടു സമാനരാം

സുദതിമാരവരോടൊരുമിച്ചു ഞാൻ 

സുഖദജീവിതമങ്ങു നയിക്കവേ

സുരപുരിക്കുമഹന്ത കുറഞ്ഞുപോയ്.

45

അതിശയോക്തി വെടിഞ്ഞുരചെയ്തിടാ-

മിതിനിടയ്ക്കൊരു പുഞ്ചിരിതൂകുവാൻ

ഹൃദി സുഖത്തോടൊരൂണുകഴിക്കുവാ-

നിതുവരെക്കഴിയുന്നതുമില്ല മേ.

46

ശരിവരെയ്ക്കറിയുന്നിതുമാനവും

ധനവുമല്ല നരന്നു സുഖപ്രദം.

അവയിലേറെ മഹത്തരനേട്ടമൊ-  

ന്നെവിടെയുണ്ടതുതേടുകയാണു ഞാൻ.                                                  

47

അതിനു ഞാൻ ഗുരുദക്ഷിണ വച്ചിടാം

യതിവരന്റെ പദാംബുരുഹങ്ങളിൽ 

അതിലെനിക്കവിടുന്നു തരുന്ന വി-

ജ്ഞത മനസ്സുഖദായകമായ് വരും.

48

” കരളലിഞ്ഞിവ കേട്ടൊരുമാത്രയിൽ 

ഗുരുവിനാതപമേറ്റൊരു വെണ്ണപോൽ 

അരുവിപോലതു വാക്കുകളായ് വാർ-

ന്നരുളി സാന്ത്വനമീദൃശമാ മഹാൻ:

49

“ഹൃദയതാപമടക്കുക, വിശ്വസി-

ച്ചിടുക രക്ഷകനേശുവി,ലെങ്കിലോ

സകലതും ശുഭമായ് വരുമെന്നു ഞാൻ

സുദൃഢമായ് പറയുന്നു ചമൂപതേ!”

50

ഉടനെ ‘സീപ്പ’റതിന്നു വിധേയനായ്

പഠനശാലയുമായി വിനീതകം 

ഹൃദയവേദിക കേവലമേശുവി-

ന്നവനുഴിഞ്ഞുകൊടുത്തവിശങ്കമായ്.

51

ഇളകിടും നവമാം മതബോധന-

കളരിപോലെ ഗമിച്ചൊരു വാഹനം 

അധികവേഗതയോടു മയിൽപ്പുരി-

ക്കകമണഞ്ഞു നിശീഥിനിവേളയിൽ.

52

സകലരും സുഖനിദ്ര; പുരിക്കക

ത്തൊരുവനില്ല വഴിക്കൊരിടത്തിലും

ഇരുളിനാൽ മറയിട്ടൊരു വേദിയിൽ

പലതരം നടനം പല കൂത്തുകൾ.

53

നിശിചരാദി പാശാചികൾ ചോരരും

നിശയിലാണു ചരിപ്പതു ജാരരും

അവരെയോർത്തു ജനങ്ങളൊതുങ്ങിടും 

ഭവനസീമയിൽ ഭീതി നിമിത്തമായ്.

54

മതിലുചുറ്റിയ നല്ലൊരു മാളിക

യ്ക്കരികിലെത്തിയ വാഹനവാഹകർ 

പതിവുപോലൊരു ശബ്ദമുയർത്തവേ

പടി തുറന്നെതിരേറ്റിൽ കിങ്കരർ.

55

ഒരു ഭയങ്കരശബ്ദമകത്തു നി-

ന്നുടനുയർന്നു, തുടർന്നതു പിന്നെയും

“വരുവതാരിവനാരു ഭയങ്കരൻ

നരകവാസികളോടടരാടുവാൻ?”

56

മകളുമമ്മയുമൊത്തലറുന്നതാ

ണകലെയുള്ളവർ ഞെട്ടിയുണർന്നുപോയ് 

പെരിയ ഭീതിയിതെന്തിനവർക്കുടൻ 

മരണമോ രണമോ വരുമെന്നതോ?

57

മുറികൾ ബന്ധിതമാണകമേ കിട-

ന്നധികരോഷമൊടുള്ളാരലർച്ചയും

ഇടി ചവിട്ടുകളും പരമൂക്കൊടേ 

കടിയുമായ് കതകൊന്നു പൊളിക്കുവാൻ.

58

“അരുതു നിങ്ങളടങ്ങുവിനെന്നുര-

ച്ചവിടെ മുട്ടുകളൂന്നി യതീശ്വരൻ.

തടികൾ വെട്ടിമറിച്ചതിനൊപ്പമായ്

നെടുകെ വീണു നിലത്തവരക്ഷണം.

59

ഇരുകരങ്ങൾ വിരിച്ചഥ പ്രാർത്ഥനാ-

നിരതനായി മികച്ച തപോധനൻ. 

അനുകരിച്ചവനേ ഗൃഹനാഥനും, 

വിനയ,മാനയമാടലകറ്റിടും.

60

ഉദയമെത്തിയതില്ല ഗൃഹത്തിലും

പരിസരങ്ങളിലും ജനസഞ്ചയം 

വളരെയായ്; ഗൃഹനാഥനിലാദരം

സകലരും കലരും സ്ഥലമല്ലയോ?

61

ജനതയുന്നതഭക്തിപുരസ്സരം

മുനിയെനോക്കിയടക്കമൊതുക്കമായ് 

അവിടെനിന്നൊരു ദീർഘതപസ്സിനോ

തുനിവിതെന്നു ചിലർക്കൊരു സംശയം.

62

പതിവുപോൽ ചില കുക്കുടകൂജനം

പല പതങ്ഗകളാരവമേളയും 

പകലടുത്തൊരു സംഗതി ലോകരേ

പരിചിലങ്ങു വിളിച്ചറിയിക്കയായ്.

63

പരമസിദ്ധനെണീറ്റു; തുറന്നുടൻ 

മുറികൾ കല്പനപോലെ ഗൃഹാധിപൻ 

തരുണിമാർ മൃതരെന്നു നിനയ്ക്കയാ-

ലവിടെ നിന്നവർ നെഞ്ചിലടിച്ചുപോയ്.

64

“ബഹളമെന്തിനു? നില്ക്കുക ശാന്തരായ്; 

മഹിളമാർ മൃതരല്ല ധരിക്കണം

ചൊരിയുമേശുവനന്തകൃപാവരം 

ത്വരിതമീയഹിതങ്ങളകന്നുപോം.

65

അകലെ നില്ക്കുക, രോഗികൾ വന്നിടും

വെളിയിലേക്കു വിശുദ്ധനുരച്ചിദം. 

അഥ വിളിച്ചവരേ നരരക്ഷകൻ

മിശിഹതൻ തിരുനാമജപത്തോടേ.

66

ജനനിയും മകളും വിളിയാദരി-

ച്ചനുസരിച്ചു പിടഞ്ഞെഴുനേറ്റുടൻ

തറയിലേക്കു കുനിച്ച് മുഖത്തോടും 

വിറയലോടുമിരിക്കുകയായവർ.

67

“വരണമങ്കണമദ്ധ്യതലത്തിലേ

യ്ക്കിരുവരും ചരിതങ്ങളുരയ്ക്കണം. 

അറിയണം ജനസംഹതി നിങ്ങളേ”-

 യരുളി രോഗികളോടിതി പുണ്യവാൻ.

68

“പൊറുതിയില്ലൊരിടത്തു മലർച്ചയാ-

“യിവിടെയും വലിയേ ശനി വന്നിതോ?

നരകവാസികൾ ഞങ്ങളോടെന്തിനീ-

വിരുതുപോരിതുപോലെ? വിനാശമേ!”

69

“മതി നിറുത്തുക, നിങ്ങളെ ഞാനറി-

ഞ്ഞിതിനുമുമ്പുമറിഞ്ഞവനാണു ഞാൻ.

ഇനിയുമിങ്ങനെ മർത്ത്യരിലാവസി-

ക്കരുതു, പോവുക നിർജ്ജനഭൂമിയിൽ.”

70

ഉടനെ നാരികളൊത്തലറിജ്ജനാ-

വലിയെ ഭീതിയിലാഴ്ത്തി, ഭയങ്കരം! 

വലിയ ശക്തനെടുത്തെറിയും വിധം

തറയിലേക്കാരുമിച്ചൊരു വീഴ്ചയും.

71

“ഇതാ ഞങ്ങൾ പോകുന്നു,തോമ്മായകത്തു-

ണ്ടതാണീഗൃഹം തള്ളി വീഴ്ത്താത്തതിപ്പോൾ.

ശ്രവിച്ചീസ്വരം മർത്ത്യരെല്ലാം, മതിൽക്കെ-

ട്ടുടൻ വീണൊരേടത്തു താനേ തകർന്നു.

72

മെതിച്ചിട്ടു ദുരത്തെറിഞ്ഞിട്ട് കറ്റ

യ്ക്കടുക്കും കിടപ്പായി രണ്ടാളുമൊപ്പം

വിളംബംവിനാ പേർ വിളിച്ചിട്ടു തോമ്മാ

യെണീപ്പിച്ചൊരസ്വാസ്ഥ്യമില്ലാതെതന്നെ.

73

കുളിച്ചു നല്ല വസ്ത്രവും ധരിച്ചു ഭക്ഷണം കഴി-

ച്ചടുക്കലെത്തുവാനവർക്കു നല്കിയാജ്ഞ ദേശികൻ.

നടന്ന സംഭവങ്ങളോർമ്മയില്ലതെല്ലുമെങ്കിലും

പൊടുന്നനേയവർക്കനലജ്ജ തോന്നി,യെന്തിനോ?

74

ചുറ്റും നിന്ന ജനാവലിക്കതിശയം

               മാർത്തോമ്മയാം ദിവ്യനോട-

ടേറ്റം ഭക്തി, മതം നവീനമതിലേ-

               ക്കത്യന്തമാകർഷണം

മാറ്റം മാനസികം പലേ നിലയിലും 

               സംഭൂതമായി; മംഗളം 

മുറ്റിച്ചേർന്നു; വസിച്ചിരുന്നു ചിലനാ-

               ളാ വീട്ടിലാ പ്രേഷിതൻ.     

75

പഠിപ്പിച്ചു ക്രിസ്തീയമാർഗ്ഗത്തിലേക്കാ-

യെടുത്തൊട്ടനേകം ജനത്തെ വിശുദ്ധൻ

കുടുംബത്തിലുണ്ടായി സംശുദ്ധിയെന്ന

ല്ലടുത്തെങ്ങുമാത്തെന്നൽ വീശിപ്പരന്നു.