പതിനേഴാം സർഗ്ഗം

സർവ്വംസഹാഭത്തിനൊരുറ്റമിത്രമായ്
സർവ്വാധിയായ് നല്ല യുവപ്രഗത്ഭനായ്
“കൂറേശുവാണു പരമപ്രതാപവാൻ
കൂറേറിടും പത്നിയുമൊത്തു ഭാഗ്യവാൻ.
1
ആ “മംഗളാദേവി’യവന്റെ കണ്ണുകൾ-
കാമോദമേകും ശശിലേഖതന്നെയാം.
പ്രേമം വസന്തർത്തുവിലാണു നിതാ
ക്ഷേമത്തിലാറാടിന ഗേഹസീമനി.
2
സൗന്ദര്യവായ്പാ പരമാഭിജാത്യമോ
മന്ദാകിനീതുല്യ പവിത്രശീലമോ
ഒന്നും ക്ഷമിച്ചൊന്നിനുകീഴിൽനില്ക്കുകി-
ല്ലെന്നുള്ള ശാഠ്യം വലുതാണു സാധ്വിയിൽ.
3
“ആണായ്പ്പിറന്നാൽ ഫലമെന്തു? ഭാഗ്യവാ
നാണെന്നുചിന്തിച്ചഭിമാനിയാകുവാൻ
ഏണാക്ഷിയാളീദൃശതന്നെ ഭാര്യയാ-
കേണം വിചാരിച്ചവനേതുനേരവും.
4
കുറേശിനാമംഗളയപ്സരസ്സുതാൻ,
നൂറായിരം മേന്മകളുണ്ടു പാടുവാൻ
വാർകൂന്തൽ തൊട്ടാപദപങ്കജംവരേ
വായിക്കുവാൻ സുന്ദര കാവ്യമാണവൾ.
5
തിങ്കൾക്കലയ്ക്കൊത്ത ലലാട,മായതിൽ
തത്തിക്കളിക്കുന്നൊരു ചൂർണ്ണകൂന്തളം,
മങ്കയ്ക്കലങ്കാര വിശേഷമായൊരാ
ചെങ്കുങ്കുമപ്പൊട്ടു വളഞ്ഞ ചില്ലികൾ,
6
മീൻകണ്ണിനാലുള്ള കടാക്ഷവീക്ഷണം,
തേൻ ചുണ്ടുതിർക്കുന്നൊരു മഞ്ജുഭാഷണം,
വെണ്മത്തുതോല്ക്കും രദനങ്ങൾ, ചന്ദ്രനെ-
ത്താപ്പെടുത്തും മുഖമാ മൃദുസ്മിതം.
7
കാർമേഘസംസേവിതപാർവ്വണേന്ദുവി
ന്നാമോദമല്പം കുറയുന്ന ദൃശ്യമായ്
ശ്യാമാഭയോടാ മുഖചന്ദ്രനെച്ചുഴ-
നാമഞ്ജുവായ് വീണിളകുന്ന വാർകുഴൽ,
8
ദന്തം കടഞ്ഞമിനുക്കുവേലയാൽ
കാന്തിപ്പെടുത്തിക്കുതീർത്തു വച്ചപോൽ.
പന്തിപ്പെടും കണ്ഠവു,മാകെ നോക്കിയാൽ
കാന്തന്റെ കണ്ണന്നവൾ കല്പപാദപം. (കലാപകം)
9
പൊന്നാശരീരത്തിനു കാന്തികൂട്ടുകി-
ല്ലെന്നോർക്കയാലോ പലപടമൊന്നുമേ
കനൽക്കരിങ്കണ്ണിയണിഞ്ഞു കാണ്മതി-
ല്ലെന്നാലതും ഹൃദ്യമവന്റെ ദൃഷ്ടിയിൽ
10
അന്നപ്പിടയ്ക്കൊത്തടിവച്ചുകൊണ്ടവൾ
മുന്നോട്ടു നീങ്ങുന്നതു കാൺക കൗതുകം.
ചിന്നിക്കിടക്കും ചികുരം കരങ്ങളാൽ
പിന്നോട്ടു മാറ്റുന്നതു കണ്ണിനുത്സവം.
11
കോപം നടിക്കും ചിലനേരമറ്റുമാൻ
വേപിക്കുമച്ചെഞ്ചൊടിയൊന്നു കാണുവാൻ
കാപട്യമില്ലാത്ത കറുത്ത കണ്ണിലേ
യാ ബാഷ്പമുക്താവലി കൈയിലാക്കുവാൻ.
12
നല്ലോരു പാലും മധുവും കലർന്നപോൽ
കല്യാണിയും കാന്തനുമൊത്ത ജീവിതം
സോല്ലോസമായ്ത്തന്നെ പുരോഗമിച്ചതായ്
ചൊല്ലീടിലതക്തിയശേഷമില്ലതിൽ.
13
ഊണില്ല ദാരങ്ങളെ വിട്ടകന്നുകൊ-
ണ്ടേണാക്ഷിയാളെന്നിയെയില്ലൊരുത്സവം
കാണാതെ നാളൊന്നു കഴിഞ്ഞു കൂടുകിൽ
പ്രാണന്റെയർദ്ധം പിരിയും പ്രതീതിയാം.
14
കൃത്യങ്ങളദ്യോഗികമുള്ള നേരമ-
ക്കൊട്ടാരസീമയ്ക്കകമായിരിക്കിലും
മട്ടോൽമൊഴിക്കന്തികമാണു ചിന്തകൾ
വീട്ടിൽക്കടന്നാൽ വിളിയായി “മംഗളേ”
15
ആണ്ടൊൻപതീമട്ടു കഴിഞ്ഞുവെങ്കിലും
കണ്ടൊന്നു കൊണ്ടാടി മനം കുളിർക്കുവാൻ
ഉണ്ടായതി”ല്ലോമന”യൊന്നു, ദൈവവും
കണ്ടാണു ചെയ്യുന്നതു കാര്യമൊക്കെയും
16
കുറേശൊരിക്കൽ പറയുന്നു പത്നിയോ-
“ടേറെക്കുറെ വാസ്തവമാണു മംഗളേ,
നൂറായിരത്തിൽപ്പരമാണു കാവ്യമെൻ
കൂറേറിടും ഹൃത്തിലുദിപ്പതോമലേ,
17
എല്ലാറ്റിനും നീ വിഷയം; രചിക്കുവാ-
നില്ലേതുമേ പാടവമെന്തു ചെയ്തിടാം?
നല്ലാർമണേ, ദേവി സരസ്വതിക്കു ഞാൻ
കില്ലെന്നിയേ പൂജ തുടങ്ങിടട്ടെയോ?
18
എന്തേ ചിരിക്കുന്നതു? പുഞ്ചിരിക്കുമീ-
ചന്തം തുളുമ്പും മുഖപത്മമീവിധം
പിന്താരമാക്കാനൊരു ചിത്രകൃത്തിനേ-
യെന്താകിലും കൊണ്ടുവരുന്നതുണ്ടു ഞാൻ.
19
അല്ലെങ്കിലാ സാഹസമെന്തി,നെപ്പൊഴും
കല്യാണി, നീയെൻ കരളിന്നു ചിത്രമാം.
വല്ലോരുവൻ തൂലികയേന്തിയീ മുഖം
വല്ലാതെയാക്കിക്കളയുന്നുവെങ്കിലോ?”
20
പ്രേമം തുളുമ്പും ഹൃദയത്തിൽനിന്നുയർ-
ന്നീമട്ടു നീളുന്നൊരു നർമ്മഭാഷണം
വാമാക്ഷിയാമേക സമാഗമിക്കവേ
സാമോദമല്ലാതെ സമാപനത്തിലായ്.
21
“ചിന്നാച്ചി “ഹാ! വത്സലയായ മംഗളേ-
യെന്നുള്ള സംബോധനയാൽ പരസ്പരം
ഉന്നിദ്രമാം സ്നേഹമുണർന്നു, രണ്ടുപേ-
രൊന്നായ്ക്കഴിഞ്ഞു പരിരംഭണങ്ങളാൽ.
22
“അത്യത്ഭുതം! കണ്ണിനു കാഴ്ച കിട്ടിയോ?
വൈദ്യപ്രവീണൻ ബഹുമാന്യനാണവൻ.
എട്ടായ് കൊല്ലം ചെറിയമ്മയീവിധം
കഷ്ടപ്പെടുന്നതിപ്പൊഴിതെന്തു സംഭവം?
23
ചെയ്യാത്ത വൈദ്യങ്ങളുമില്ല നേർച്ചയും
പോകാത്ത പുണ്യസ്ഥലമില്ല ഭൂമിയിൽ.
നൈരാശ്യവും ദുഃഖവുമൊക്കെ നീക്കിയിട
ന്നാരാണു ചക്ഷുസ്സു തെളിച്ചുതന്നവൻ?”
24
“പൊന്നോമനേ, യെന്റെ സുമംഗളേ’യിദം
ചിന്നാച്ചിയാൾ തന്റെ വളർത്തുപുത്രിയെ
പുന്നാരസംബോധനചെയ്തു കൈകളാൽ
നന്നായ് തുടച്ചു പ്രമദാരധാരയെ.
25
“കേട്ടില്ലയോ നീ മകളേ?” തുടർന്നവൾ
“നാട്ടിൽപ്പരം കീർത്തിതനായ വൈദ്യനെ?
ശിഷ്ടൻ മഹാസിദ്ധനവന്റെ കൈവിരൽ
തൊട്ടപ്പൊഴേതന്നെ തെളിഞ്ഞു കണ്ണുകൾ.
26
“മുത്തപ്പ’നെന്നാണു വിളിപ്പതാളുകൾ
സിദ്ധന്റെ പേർ തോമ്മ, വിദേശിയാണവൻ.
അർത്ഥാശയില്ലേറ്റമുദാരശീലനാ-
യർത്ഥിക്കു ചെയ്യും വലുതായ നന്മകൾ.
27
കേട്ടീടുവാനാശയനമെങ്കിലും
കൊട്ടാരസിൽബന്തികൾ വന്നുനിൽക്കയാൽ
പെട്ടെന്നു സർവ്വാധിയെണീറ്റു; ജോലിയിൽ
നിഷ്ഠയ്ക്കു നിൽക്കേണ്ടതു ധർമ്മമല്ലോ?
28
എന്നാലുമത്തന്വികളാ പ്രഭാഷണം
മുന്നേതുപോലത്തന്നെ തുടർന്ന നർഗ്ഗളം
ചിന്നാച്ചി സീപ്പോർഗൃഹസംഭവങ്ങളും
നന്നായി വർണ്ണിച്ചധികം കൃതാർത്ഥയായ്.
29
“എന്നാൽ നമുക്കിക്ഷണമാ ഗൃഹത്തിലേ-
യ്ക്കൊന്നിച്ചു പോകാ”മിതി ചൊന്നു മംഗള.
സന്ദേഹമില്ലാതെ നടന്നുതന്നെ പോയ് വന്ദ്യന്റെ
വാസസ്ഥലമെത്തിതാന്തരായ്.
30
ആ വന്ദ്യനെക്കാണ്മതുപോലുമോർക്കുകിൽ
ഭൂവിങ്കലാത്യന്തികഭാഗധേയമായ്
ആ വന്ന ലോലാക്ഷികളോർത്തിരിക്കണം
ദിവ്യത്വമാകർഷകമാണഭിജ്ഞരിൽ.
31
ആൾക്കൂട്ടമൊട്ടല്ലധരങ്ങൾ ചഞ്ചലി-
ച്ചുൽക്കൃഷ്ടതത്ത്വങ്ങളുതിർത്തു ശാന്തനായ്.
നില്ക്കുന്ന യോഗീശനെ നിർന്നിമേഷയായ്
മൈക്കണ്ണിയാൾ മംഗള നോക്കിനിന്നുപോയ്.
32
സിദ്ധന്റെ പാദാന്തികമാർന്നിരിക്കിലും
ശ്രദ്ധാലുവായ് വാക്കുകൾ കേട്ടിരിക്കിലും
എത്തിക്കഴിഞ്ഞപ്പൊഴേ മന്ദിരാധിപൻ
പ്രത്യേകമായ്ക്കണ്ടവർ രണ്ടുപേരെയും.
33
മാനിക്കണം മാന്യരെയേതിടത്തിലും
മാനിക്കു മര്യാദയവശ്യമെപ്പൊഴും.
താനേ ജനത്തിക്കലൊഴിച്ചിരിപ്പിടം
സേനാധിപൻ തന്നെ കൊടുത്തവർക്കുടൻ.
34
ആക്ഷേപമെന്യേ ജനമാനസങ്ങളിൽ
പ്രക്ഷേപണം ചെയ്ത വിശുദ്ധ വാണികൾ
നിക്ഷിപ്തമായ് മംഗള തന്റെ ഹൃത്തിലും
വീക്ഷിച്ചു തോമ്മായതു ദിവ്യദൃഷ്ടിയിൽ.
35
ആൾക്കൂട്ടമന്നേയ്ക്കു പിരിഞ്ഞു, സാത്വികൻ
തൽക്കാലവിശ്രാന്തിയിൽവിട്ടയയ്ക്കയാൽ.
തൃക്കാൽ വണങ്ങിത്താഴുകൈകളോടു നി-
ന്നാക്കാമിനീമൗലിയവന്റെയന്തികേ.
36
“നീ യേശുവിന്നുള്ളവളാണു മംഗളേ,
പോയാലുമിപ്പോളിനി നാളെയും വരൂ.
ദായാദികൾക്കു പ്രിയമെന്നുകാൺകിലും
ഭീയാലിളക്കം ഹൃദി വന്നുപോകൊലാ”.
37
സിദ്ധന്റെ വാക്കിൽ സതിയമ്പരന്നുപോ-
“യിദ്ദേഹമെൻ നാമമറിഞ്ഞതെങ്ങനെ?
ആദ്യം വരുന്നന്തി കസീനിയിന്നു ഞാൻ
ചോദ്യം വിനാ പേരുവിളിച്ചതത്ഭുതം.”
38
“ആവാമിതെല്ലാമൊരു സിദ്ധനാകി”ലെ
ന്നേവം നിനച്ചെങ്കിലുമോർത്തു പിന്നെയും
“ദേവേന്ദ്രനാണോ ഇവ, നെങ്കിലെന്തിനീ-
ഭൂവിലത്തപം ചെയ്തുഴലുന്നതീവിധം?
39
ഏതാകിലും പുരുഷനല്പനല്ലിവൻ;
തേജസ്സു ദിവ്യത്വവുമാർന്നൊരാനനം
സാധാരണക്കാരിലിതേവിധത്തിലി-
ല്ലേതോ മഹാസിദ്ധികളുള്ള സാത്ത്വികൻ.
40
കാണുന്നതെന്തെന്നുരചെയ്തുകൊള്ളുവാ-
നേണാക്ഷിയാൾക്കില്ലതിനൊത്ത വാക്കുകൾ
താണുള്ളശീർഷത്തോടുതന്നെ മാനിനീ
മാണിക്യമൊട്ടങ്ങനെ നിന്നു പിന്നെയും.
41
“എന്നാലിനിപ്പോവുക’’യെന്നു ശാന്തനായ്
ചൊന്നിട്ടു മുത്തപ്പനനുഗ്രഹിക്കവേ
കന്നൽക്കരിങ്കണ്ണി പദങ്ങൾ തൊട്ടു കൈ-
തൻ നെറ്റിയിൽച്ചേർത്തു നമിച്ചു യാത്രയായ്.
42
“വന്നീടണം നാളെയുമെന്നടുത്തുനീ-
നന്നായ് പഠിക്കാൻ പരിശുദ്ധ സൂക്തികൾ.”
എന്നേവമാചാര്യനുരച്ചു സാദരം
പിന്നോക്കമായ് നിന്നവൾ നല്കി സമ്മതം.
43
ചിന്നാച്ചിയോടുള്ള കൃതജ്ഞതാഭരം
ചൊന്നാലൊടുങ്ങാത്തതുമൂലമായ് വരാം
നന്നായൊരാലിംഗനമശ്രുമാല്യവും
തന്നേ സമർപ്പിച്ചിതു ധാത്രിയാൾക്കവൾ.
44
ആദിത്യനസ്താചലമെത്തി, ധന്യയാ-
മാദേവിയാൾ മംഗള തൻ ഗൃഹത്തിലും
വാതില്ക്കലെത്തി ക്ഷമയറ്റുനിന്ന തൻ
പ്രാണേശനെക്കണ്ടവൾ താഴ്ത്തി കണ്ണുകൾ.
45
വണ്ടാറണിപ്പൂങ്കുഴലാളകത്തുപോയ്,
രണ്ടായ് പിളർന്നാ കണവന്റെ ഹൃത്തടം.
കണ്ടാലിതേമട്ടവർ തമ്മിലക്ഷരം
മിണ്ടാത്തൊരീ രംഗമിതാദ്യസംഭവം.
46
പാരിച്ച് താപം വലുതായ കോപവും
നാരീശിരോമാലയിലുള്ള രാഗവും
വൈരാഗിതോമ്മായുടെ നേർക്കുയർന്നിടും
വൈരാഗ്യവും ഹൃത്തിലിടഞ്ഞു ശക്തിയായ്.
47
സ്തംഭിച്ചുനിന്നങ്ങനെയൊട്ടുനേരമാ-
ഗംഭീരനാം പൂരുഷനെന്തുചെയ്തിടാം!
തൻപ്രേമസർവ്വസ്വമനിഷ്ടമീവിധം
തന്നോടുകാണിപ്പതവന്നു സഹ്യമോ?
48
നിശ്ശബ്ദനായ് ശയ്യയിൽ വീണു ദീർഘമാം
നിശ്വാസസംഘട്ടനമായി മേൽക്കുമേൽ.
ആശ്വാസമില്ലാതെയുഴന്നു, തന്നിലും
വിശ്വാസമില്ലാത്തവിധത്തിലപ്പുമാൻ.
49
“എൻമംഗളേ, യെന്റെ സുമംഗളേ, ശുഭ,
യെൻ മാനസക്ഷേത്രമതിൽ പ്രതിഷ്ഠിതേ,
വിണ്മങ്കമാരെക്കവിയുന്ന ദേവി,നീ
യിമ്മട്ടു വർത്തിപ്പതിനെന്തു കാരണം?
50
നീയെന്റെ ജീവൻ കരളിന്റെ കാതലും
സായുജ്യസോപാനവുമാത്മശക്തിയും
നീയെന്നെ നോക്കാതെ കടന്നുപോയിതോ?
ജായാകുലത്തിനു മണിക്കിരീടമേ…
51
ഇന്നേവരെയ്ക്കല്പമനിഷ്ടകാരിയായ്
നിന്നോടു വർത്തിച്ചതൊരോർമ്മയില്ല മേ
എന്നിട്ടുമെന്തിങ്ങനെ ചെയ്തോമനേ?
എന്നാലിതാവില്ല സഹിച്ചുകൊള്ളുവാൻ.
52
നീയീവിധം നിർദ്ദയയല്ല, പിന്നെയാ
മായാവി തോമ്മായുടെയാഭിചാരമോ?
ആയാളെയിപ്പോളുടനേ പിടിച്ചു ഞാൻ
ന്യായാസനത്തിങ്കൽ നിറുത്തിടട്ടെയോ?
53
പക്ഷേ,സ്വയം കണ്ടുപിടിച്ച നാട്യമെ-
ന്നാക്ഷേപമെന്യേ പറയാമിതോർക്കുകിൽ
വീക്ഷിക്കുവാനെൻ ചപലത്തരങ്ങളേ
കാംക്ഷിച്ചു നീയിങ്ങനെ ചെയ്തതായ്വരാം.
54
എന്നാലുമിന്നെന്തിനു വീടുവിട്ടു നീ
തന്നേ പുറപ്പെട്ടതു പദയാത്രയായ്
ഇന്നോളുമിച്ചേവടി മണ്ണിലെങ്ങുമേ-
യൂന്നാത്തതല്ലേ? വ്യഥയെന്തിനീവിധം?
55
ഉച്ചയ്ക്ക് നിന്നോടൊരുമിച്ചിരിക്കുവാ-
നൊക്കായ്കയാലൂണുകഴിച്ചതില്ല ഞാൻ
അത്താഴഭോജ്യത്തിലുമാശയില്ലെനി
ക്കുളത്താപമൊട്ടല്ലതിനെന്തൊരഷധം?
56
ഓരോന്നു ചിന്തിച്ചു സുബോധമറ്റുമ-
ട്ടോരോന്നുരച്ചും മൃദുസൂനമെത്തയിൽ
നേരം കുറച്ചല്ല കഴിച്ചതപ്പുമാ
നാ രോദനം കേട്ടതുമില്ലൊരുത്തനും.
57
അന്തർഗ്ഗതം വാക്കിലമർന്നിടായ്കയാൽ
പൊന്തുന്നു നിശ്വാസമതീവശക്തിയായ്
സ്വാന്തം ദഹിച്ചിട്ടുഴലുന്ന മർത്ത്യനും
വെന്താളിടും കാനനവും സമാനമാം.
58
അത്തൽക്കൊടുങ്കാറ്റിനധീനനാ നരൻ
മെത്തപ്പുറം കണ്ടകകീർണ്ണമെന്നപോൽ
സ്വാസ്ഥ്യം ലഭിക്കാതെ പിടഞ്ഞുരുണ്ടതിൽ;
ഗത്യന്തരം കണ്ടതുമില്ലെണീറ്റവൻ.
59
മുന്നോട്ടു നാലഞ്ചടി നീങ്ങി,യത്രയും
പിന്നോട്ടുനീങ്ങിടുകയാണതേവിധം
അന്യന്റെ ദൃഷ്ടിക്കൊരു ചിത്തവിഭ്രമം
തന്നേയിതെങ്കിൽ ചെറുതില്ലൊരത്ഭുതം.
60
കൊട്ടാരകാര്യസ്ഥനഹോ മഹാപുമാൻ
കുട്ടിക്കു തുല്യം കളിയാട്ടമായിതോ?
ഒട്ടൊക്കെ ധൈര്യം ഹൃദി സംഭരിച്ചവൻ
കുട്ടിക്കുരംഗാക്ഷിയോടൊന്നടുക്കുവാൻ.
61
ദൂരത്തുനിന്നൊന്നു വിളിച്ചു “മംഗളേ”
ചാരത്തു നിന്നിട്ടഥ മുട്ടി വാതിലിൽ.
പൂരിച്ച നിശ്ശബ്ദത വീണ്ടുമപ്പുമാ-
“നാരോമലേ” യെന്നു വിളിച്ചു ശാന്തനായ്.
62
മെല്ലെത്തുറന്നക്കതകിന്റെ പിന്നിലായ്
മല്ലാക്ഷിയായ് മംഗള നമ്രശീർഷയായ്
തെല്ലൊന്നു നിന്നിട്ടഥ കൂപ്പുകൈയൊടേ
കല്യാണി തൻ കാന്തനോടോതിയീവിധം:
63
“തെറ്റിദ്ധരിച്ചീടരുതെന്നെ,യിന്നു ഞാ-
നേറ്റം പവിത്രം വ്രതമൊന്നിലാസ്ഥയാ-
ഒറ്റയ്ക്കിരുന്നീടുകയാണു, കാരണം
മറ്റൊന്നുമില്ലങ്ങതു സമ്മതിക്കണം.
64
പ്രത്യുക്തിയോതാൻ വിഷമിച്ചുനില്ക്കുമാ-
ഭർത്താവിനേ നോക്കിയതില്ല കാമിനി
ചേർത്തക്കവാടം തഴുതിട്ടു വീണ്ടു,മൊ-
ന്നോർത്തീടണം നാം പതിതൻ മനസ്ഥിതി.
65
എന്താകിലും മംഗളതന്റെ മുമ്പില-
ക്കാന്തന്റെ നില്പാദരവോടുതന്നെയാം
ബന്ധിച്ചു വാതായനമെന്നു കാണവേ-
യന്തംമറന്നങ്ങനെ നിന്നുപോയവൻ.
66
മാറ്റം വിനാ സംഭവമൊക്കെയീവിധം
പിറ്റേന്നുമുണ്ടായതു കണ്ടാരപ്പുമാൻ
ഒട്ടും ക്ഷമിച്ചില്ല വിളിച്ചു ഭാര്യയെ-
ക്കൂട്ടത്തിലുണ്ണാൻ പതിവുള്ളരീതിയിൽ.
67
വന്നില്ല, തേങ്ങിക്കരയുന്ന ശബ്ദമാ-
ണന്നേദിനം കേട്ടതകത്തുനിന്നവൻ
എന്നാലുമാഹ്വാനമവൻ സഗൗരവം
തന്നേതുടർന്നങ്ങനെ നിന്നു ധീരനായ്.
68
“നന്നല്ല ദുശ്ശാഠ്യമിതോർക്ക ,യിക്ഷണം
വന്നീടണം വാതിൽ തുറന്നിറങ്ങി നീ”
എന്നോതി ഭർത്താവതുപോൽത്തുറന്നുടൻ
ധന്യാംഗനാമൗലി നമിച്ചു കാന്തനേ.
69
“ഒന്നുണ്ടെനിക്കാഗ്രഹമങ്ങു സമ്മതം
തന്നീടുമോ ഞാനതു ചൊന്നിടട്ടെയോ?”
തൻ നാഥനോടിത്രയുമോതി പിന്നെയും
നിന്നീടിനാൾ നാരി നനഞ്ഞ കണ്ണുമായ്.
70
കുറേശിനക്കണ്ണുകൾ കാൺക ദുസ്സഹം
മാറോടുചേർത്തൊന്നവളെപ്പുണർന്നിടാൻ
ഏറിടുമാവേശമൊടാഞ്ഞടുക്കിലും
മാറിപ്പിടഞ്ഞേറെയകന്നുനിന്നവൾ.
71
“പ്രാണപ്രിയേ,നിന്നഭിലാഷമെന്തു? ഞാ-
നാണാകിലാ സംഗതി സാദ്ധ്യമാക്കിടാം
ഏണാങ്കബിംബാനനമെന്തിനീവിധം
ശോണാഭമാക്കുന്നതു പുഞ്ചിരി നീ.
72
“കൊള്ളാം ഭവൻ നല്ലവനാണു; ചൊന്ന വാ-
ക്കെല്ലാം ശരിക്കെന്നകതാരിൽ മുദ്രിതം.
തെല്ലെങ്കിലും മാറ്റമവയ്ക്കു വന്നുപോ-
കല്ലേ,യിനിക്കാര്യമുരച്ചിടട്ടെയോ?
73
കൈകേയി താൻ കാന്തനെയെന്നപോലെ ഞാ-
നാകാത്തൊരഭ്യർത്ഥനമൂലമങ്ങയേ
ശോകാനലജ്ജ്വാലയിലിട്ടെരിച്ചിടാൻ
ലോകാന്തരപ്രാപ്തിവരെയ്ക്കുമോർത്തിടാ.”
74
“പ്രാരംഭവാക്യങ്ങളനേകമെന്തിനെ-
ന്നാരോമലേ, വേഗമുരയ്ക്ക് സംഗതി
ദാരങ്ങളാശിച്ചൊരു നല്ല പൂവിനേ-
യാരാഞ്ഞൊരാ ഭീമനെനിക്കു മാതൃക.”
75
“എന്നാൽ ഭവാൻ കേൾക്കണമെന്റെ വാഞ്ഛിതം,
തന്നാലുമങ്ങുന്നൊരനുജ്ഞ കേവലം.
തന്നീടുമാശിസ്സവിടേക്കുമീശ്വരൻ
വന്നീടുമെത്താത്ത സുഖാനുഭൂതികൾ.
76
കന്യാവ്രതത്തിന്റെയതുല്യമേന്മയാ-
സന്യാസി മുത്തപ്പനിൽ നിന്നറിഞ്ഞു ഞാൻ
ഇന്നേമുതല്ക്കാതിലുറ്റ നിഷ്ഠയാ-
നിന്നീടുവാനെന്നെയനുഗ്രഹിക്കണം.
77
ക്രിസ്ത്യാനിയായ് സാത്ത്വികനായ് ഭവാനുമാ-
മുത്തപ്പനോടൊത്തൊരു നല്ല യോഗിയായ്
വർത്തിപ്പതത്യുത്തമ,മൊന്നു കേൾക്കണം
സിദ്ധന്റെ യുദ്ബോധന-മാ വചോമൃതം.”
78
“സന്യാസിയോ? മേച്ഛനവന്റെ വാക്കിനാൽ
തോന്ന്യാസിയായോ കുലജാതയായ നീ?
എന്നോടു വാക്കൊന്നുരിയാടിടാതെ നീ
നന്നല്ല പോയ്ക്കേട്ടതവന്റെ ഭാഷണം.
79
“കന്യാവ്രതം ക്രിസ്തുമതം’ തുടങ്ങി വാ-
ക്കൊന്നും പറഞ്ഞീടരുതെന്റെ സന്നിധൗ.”
“തന്നില്ലയോ വാഞ്ഛിതസിദ്ധി വാക്കിനാ”-
ലെന്നു ചോദിച്ചവളൊട്ടു ശാന്തയായ്.
80
അർദ്ധോക്തിയിൽത്തൻ പ്രിയയെത്തടഞ്ഞവൻ
കുദ്ധിച്ചു ഗർജ്ജിച്ചു നടുക്കിയാ ഗൃഹം
“സത്യത്തെ ലംഘിക്കുക ധർമ്മമല്ല’ തൻ
പ്രത്യുക്തിയാ ധീര തുടർന്നു പിന്നെയും.
81
“കാണിച്ചിടാം വേണ്ടവിധത്തിൽ നിന്നെ ഞാ-
നാണത്തമെന്തെന്നൊരു സംശയം വിനാ
പ്രാണാധികപ്രേമമതിർത്തിവിട്ടുപോയ്;
വീണാനിനാദം പിഴ, തന്ത്രി തെറ്റിയാൽ.
82
കുളിച്ചതില്ലൂണുകഴിച്ചുമില്ലവൻ
വിളിക്കയായ് സാരഥിയെസ്സഗൗരവം
ചൊടിച്ചു സാറട്ടിനകത്തു സത്വരം
കടന്നിരുന്നാജ്ഞകൊടുത്തു പോകുവാൻ.
83
“എങ്ങോട്ടു പോകാൻ? ഭഗവാനെ! ഞാൻ തിരി-
ഞ്ഞങ്ങോട്ടുചോദിക്കിലനിഷ്ടമായ് വരാം.
എങ്ങാനുമീ രാത്രിയിലെന്തിനെത്തണം?
നീങ്ങാതെനിന്നീവിധചിന്തയാലവൻ.
84
“മിഴിച്ചു നീയിങ്ങനെ നില്പതെന്തെടോ?
വഴിക്കിരുട്ടെങ്കിൽ വിളക്കെടുക്കണം.
കുഴപ്പമായ് ഭൂപതി പള്ളി നിദ്രയായ്-
ക്കഴിഞ്ഞുവെങ്കിൽ; കളിയല്ല സംഗതി”
85
ഗ്രഹിച്ചു കാര്യം ക്ഷണമശ്വവീരരെ-
പറത്തിവിട്ടപ്പടുവായ സാരഥി
ഞൊടിക്കുമുമ്പത്ഭുതവിദ്യയെന്നപോൽ
കടന്നു കൊട്ടാരമതില്ക്കകത്തവർ.
86
വേണ്ടുമ്പോലമൃതേത്തു തീർന്നു സസുഖം
ഭൂപൻ മഹാദേവനും
തണ്ടാർമാതിനെ വെന്ന റാണിയതുല
ശ്രീശാരദാദേവിയും
രണ്ടാൾക്കും കരളിൽപ്പകർന്ന സുധയായ്
സീമന്തസന്താനമാ-
യുണ്ടായുള്ളൊരു പുത്രനാം വിജയനും
ചേർന്നിട്ടൊരുല്ലാസമായ്.
87
സർവ്വാധി വന്നുടനെ കഞ്ചുകിയോടിയെത്തീ-
ട്ടുർവ്വീശനോടു വിവരങ്ങളുണർത്തിനിന്നു.
രാവിലത്തിടുക്കമുളവാക്കിയ കാര്യമെന്തെ-
ന്നാവീരരാട്ടു ചെറുതൊന്നു പരിഭ്രമിച്ചു.
88
ദായാദനാണവനതിൽ പ്പരമാപ്തമിത്രം
രാജാവിനെന്നതുനിമിത്തമഹന്തയോടേ
ഒട്ടങ്ങുകേറിയകമേയനുവാദമൊന്നും
കിട്ടാൻ ക്ഷമിച്ചു നിലകൊണ്ടു മുഷിഞ്ഞിടാതെ.
89
എത്തിക്കഴിഞ്ഞുടനെ കഞ്ചുകി, പിന്നിലായി
പ്പൃത്ഥ്വീശനും ഝടിതിയങ്ങെഴുന്നള്ളി നിന്നു
“എന്താവിശേഷമവിടുന്നവനോടുചോദി-
ച്ചെന്തൊക്കെയോ ക്ഷുഭിതനായവനും പുലമ്പി.
90
നിരപരാധിയതീശ്വരനെക്കുറി-
ച്ചവനുണർത്തിയ ഭീമപരാതികൾ
വളരെയാണതിവിസ്മിതനായ് നൃപൻ;
നിശയിലെന്തു വിചാരണചെയ്തിടും?
91
“അല്പം കൂടിക്ഷമിക്കൂ ദിവസമുദയമാ-
കട്ടെ”യെന്നൂഴിപാലൻ
കല്പിച്ചു,കാര്യമെല്ലാം കരഗതമിതി ചി-
ന്തിച്ചവൻ പിൻതിരിഞ്ഞു.
ക്ഷിപ്രം ചെന്നെത്തി വീട്ടിൽ, പ്രിയതമയുടെ സാ-
ന്നിദ്ധ്യമില്ലാ ഗൃഹത്തിൽ
തല്പത്തിന്മേലിരുന്നിട്ടവനൊരു നെടുവീർ-
പ്പിട്ടു പാരം വിഷണ്ണൻ.
92
പരിചാരകരെപ്പരം ശകാരി-
ച്ചതുകൊണ്ടങ്ങനെ നീങ്ങുമീയനിഷ്ടം?
പതിവാണഹിതങ്ങൾ നേരിടുമ്പോ-
ളധമന്മാർക്കനിമിത്തകോപശീലം.
93
പരത്തീ സഹസ്രാംശു വീണ്ടും പ്രകാശം,
ധരിത്രീതലത്തെ പ്രഭാതം പുണർന്നു
പരിവാട്ടു തോമ്മായെ നാടാകെയാരാ-
ഞ്ഞൊരേടത്തുമില്ലാതെ കൂറേശു തോറ്റു.
94
