പതിനെട്ടാം സർഗ്ഗം

രണ്ടുനാലുദിനങ്ങൾ തള്ളിയകറ്റിയാ-
വിരഹാതുരൻ
കണ്ടുകാര്യനല്‌പഗൗരവമുള്ളതെ-
ന്നവിശങ്കമായ്
കണ്ടിവാർകുഴലാളെ വിട്ടമനോഹരം
മണിമന്ദിരം
കണ്ടിരിപ്പതവന്നു ദുസ്സഹ,മാകവേ
യിരുളാണതിൽ.
1
അമ്പിളിമറഞ്ഞ ഗഗനത്തിനുസമാനം
തന്ത്രികൾ തകർന്ന മണിവീണയൊടു തുല്യം
കണ്ടു നിജ ഗേഹ,മവനെന്തു പറയേണ്ടൂ?
വിണ്ടലസുഖത്തിനുറവാർന്ന മണിസൗധം.
2
വിസ്തൃതികലർന്നതികലാസുഭഗമായി-
പ്പത്തുകുളിരുന്ന കുളിർകല്ലു തറ പാകി
ഒത്ത ശയനീയമുറിയൊന്നുമവനേതും
സ്വസ്ഥത മനസ്സിനരുളാത്തനിലയായി.
3
കായിതമതിന്നിടയിലൊന്നവനു കിട്ടി
പാദുകയിലങ്ങനെയിരുന്നതു സുഭദ്രം.
മായമതിലില്ല, പരമാർത്ഥമെഴുതുന്നാ
പ്രേയസിയവന്റെ നയനങ്ങൾ നിറയുന്നു.
4
വേപഥുവൊടേയതു കരത്തിലവനേന്തി
യാ വിരാഹിയ മണി ജാലമതിൽ വീഴ്ത്തി
ഓലയുടെ വാറിനു മനോഹരത ചേർത്തോ-
രാ ലിപികളുള്ളിലവനുഗരമായി.
5
കണ്ണുകൾ തുടച്ചൊരുവിധത്തിലതു നോക്കി,
വിണ്ണവരെയോർത്തു ഹൃദി വായന തുടങ്ങി,
“തന്നിടുക മാപ്പു ഭവദീയഭവനത്തിൽ
നിന്നിവളിറങ്ങിയൊരു തെറ്റിനു; നമസ്തേ!
6
സത്യവചനത്തിനൊരു ഭേദഗതിയോർത്താ-
ലുത്തമപുമാനുചിതമല്ല ഹൃദയേശാ
അത്തലതുമൂലമളവറ്റിവളിലുണ്ടായ്
ഹൃത്തി,ലതുചിത്പുരുഷനേകനറിയുന്നു.
7
മസ്കരി മഹാസുകൃതി യേശുപദദാസൻ
നിഷ്കപടമാനസനെനിക്കു ഗുരുഭൂതൻ.
ഭോഷ്കു വരികില്ല തിരുവായ്മലരുതിർക്കും
വാക്കുകളിലെന്നതു ഭവാനറികവേണം.
8
മുക്തിദവചസ്സുകൾ മദീനിയഹൃദയത്തിൽ
വ്യക്തമൊരിളക്കമുളവാക്കിയതുമൂലം
ധിക്കൃതിയിലല്ല-വിനയത്തോടറിയിച്ചു
തൃക്കഴൽ നമിച്ചതു തിരസ്കൃതവുമായി.
9
ഈശ്വരനെനിക്കു തുണ, ലോകസുഖമെല്ലാം
നശ്വരമതെന്തിനു മനുഷ്യർ തിരയുന്നു?
ശാശ്വതസുഖത്തിനുഴലും ശമികളേപ്പോൽ
വിശ്വവിജയത്തിനു തുനിഞ്ഞിവളിറങ്ങി.
10
സിദ്ധനെയെതിർപ്പതുവിനാശകരമാണെ
ന്നോർത്തിടുക;നന്മയവിടേയ്ക്കു വരുവാനായ്
പ്രാർത്ഥനയിലാണിവൾ കഴിപ്പതു ദിനങ്ങൾ
സ്വസ്തി പറയുന്നു, തിരയേണ്ടിവളെയെങ്ങും”.
11
ലിഖിതവായനയൊൻപതുവട്ടമായ്,
നഖശിഖാന്തമവന്നു തളർച്ചയായ്,
അകലെയിട്ടതു, വീണ്ടുമെടുത്തവൻ
സകരുണസ്വര”മെന്റെ സുമംഗളേ.”
12
“വരികയില്ല വിളിച്ചതുകൊണ്ടവൾ
വിരഹവേദനയെന്നെ വിഴുങ്ങിടും
തരുണിമാർ മണിയോടു പുലമ്പി ഞാൻ
കരുണയ,റ്റതു തെല്ലവിവേകമായ്.
13
കെണികളൊക്കെയുമാ യതിവേഷമാർ-
ന്നവനൊരുക്കിയതാണു മഹാജളൻ.
ഇവരെയിങ്ങനെയിട്ടു കലക്കുവാ
നനെ ഞാ-നവനെ…” വിരമിച്ചുടൻ.
14
നവരസങ്ങളിൽ നാലുണർന്നഹോ
വദനമുഗ്രതയാർന്നതു കാണുവാൻ
സവിധമില്ലൊരുവൻ; തനിയേ പറ-
ഞ്ഞതുമിതും ഫലമറ്റഥ പിന്നെയും.
15
അലയടിച്ചുയരുന്നൊരമർഷമാം
വലിയ കാറ്റടിയാൽ നിലവിട്ടവർ
സവിധമെത്തി മഹീപതിയോടുണർ
ത്തിടുകയായ് പലതും കലുഷാശയൻ.
16
തുറമുഖത്തു തടഞ്ഞുകിടന്നൊരാ-
വലിയ ദാരു കരയ്ക്കു കയറ്റവേ
നൃപനറിഞ്ഞു കഴിഞ്ഞവയാണു മാ-
മുനിവരന്റെയമാനുഷശക്തികൾ.
17
നരവരനുടെ ഹൃത്തിൽ തിങ്ങിനില്ക്കുന്നു ഭക്തി-
പ്രചുരിമയൊരിടത്താത്താപസേന്ദ്രന്റെ നേരെ
അതിനെതിരപരാധാരോപണം ദിവ്യനിൽച്ചെ-
യ്തിടുമരിയസുഹൃത്തിൻ നേർക്കു വിശ്വാസമേറ്റം.
18
വലിയൊരു സമരത്തിന്നന്തരംഗത്തിലപ്പോൾ
ക്കളമുടനെയൊരുങ്ങിത്തീർന്നു, യുദ്ധം തുടങ്ങി.തിരുവടിയുടെ
ഭാവം മാറിയില്ലൊന്നുകൊണ്ടും
പുരുഷനുചിതധൈര്യം പൂണ്ടു കല്പിച്ചുരച്ചു.
19
“അദ്ദേഹമെൻ മുമ്പിലണഞ്ഞിടട്ടെ
വിസ്താരമപ്പോൾ ശരിയായ് നടത്താം.
സത്യസ്വരൂപൻ ജഗദീശനെങ്കിൽ
സത്യം ജയിക്കുന്നതു കണ്ടിടും നാം.”
20
കൂററ്റവാക്കാണിവയെന്നു തോന്നീ
കുറേശിനസ്വസ്ഥതയുള്ളിലുണ്ടായ്
സർവ്വാധിയും ബന്ധുവുമെന്നതോർത്ത-
ല്ലുർവ്വിധവൻ ചൊന്നതും, കാര്യമാത്രം.
21
“പിടിച്ചു കെട്ടി വലിച്ചവനേ നൃപ
ന്നടുക്കലാക്കുകയെന്നതസാദ്ധ്യമോ?
കടുത്ത മാന്ത്രികനാണവനെങ്കിലും
പടുത്വമത കുറഞ്ഞവനല്ല ഞാൻ.
22
നല്ലൊരു സാധ്വീമണിയേ മഹാജളൻ
വല്ലാതെ വഞ്ചിച്ചതു ഞാൻ സഹിക്കുമോ?
പൊല്ലാപ്പുതന്നേ; പരദേശിതൻ മതം
തല്ലിത്തുലയ്ക്കാതെയടങ്ങുകില്ല ഞാൻ.
23
സന്യാസി തോമ്മാ നിവസിപ്പതീയിടെ
സൈന്യാധിനാഥന്റെ ഗൃഹത്തിലല്ലയോ?
ചെന്നാൽ പ്രയാസം പിടികിട്ടുവാൻ; ഗൃഹം
സൈന്യങ്ങളാൽ സേവിതമായിരിക്കണം”
24
അവനിതുവിധമെല്ലാം കാര്യമായിപ്പുലമ്പി-
ട്ടൊരുനിഗമനമുള്ളിൽച്ചേർന്നുറപ്പായ മട്ടിൽ
തല ചെറുതു കുലുക്കിക്കൊണ്ടു വീട്ടിൽക്കടന്നു;
നിശയിലൊരു നവീനം, നാടകം രംഗമേറും.
25
ഇരവിലൊരു സമൂഹം, പ്രേഷിതൻ തോമ്മയാകും
ഗുരുവരനുടെ കീഴിൽ സൈനികേശന്റെ വീട്ടിൽ
പഠനമതിനിഗൂഢം ഭംഗമെന്യേ നടത്തും
വിവരമഹിതർക്കജ്ഞാതമെന്നോർത്തിരുന്നു.
26
സുപ്രതീക്ഷയകമേയിരിക്കിലെ-
ന്തപ്രതീക്ഷിതമമംഗളം വരാം
അർദ്ധരാത്രിസമയത്തു വന്നുചേർ-
ന്നുദ്ധതം ചെറിയ സംഘമൊന്നതാ.
27
മംഗളാരമണനാണു നായകൻ,
വന്നു തോമ്മയെ വളഞ്ഞു വൈരികൾ
സൈന്യനായകനുമെന്തു ചെയ്തിടും?
നിന്നനിൽപ്പിൽ മരവിച്ചു നിന്നുപോയ്.
28
ഓടി മാറി ചിലർ നാരിവൃന്ദമോ
പേടിയാലറകളിൽക്കടന്നുപോയ്
വീടുതന്നെ വിറപൂണ്ട മട്ടിലാ-
യാടലെന്നി നിലകൊണ്ടു ദേശികൻ.
29
“തൊട്ടുപോകരുതു മാമുനീന്ദ്രനേ,
വീട്ടിൽ ഞാനധിപനാണതോർക്കണം
ദുഷ്ടജാതി വെളിയിൽക്കടക്കേണം”
ശിഷ്ടനോതി ഗൃഹനാഥനീവിധം
30
“അവിടെ നില്ക്കുക നിന്റെ പരാക്രമം
സഫലമില്ലിവനോടോ ധരിക്ക നീ,
ധരണിപാലകകല്പനയുണ്ടെനി-
ക്കറിയണം” പ്രതിപക്ഷിയുരച്ചുടൻ.
31
കലഹമൊന്നു നടന്നിടുമെന്നു ക-
ണ്ടതു വരായ്‌വതിനോതി മുനീന്ദ്രനും:
“അരുതു ശണ്ഠ; വരാം മടിവിട്ടു ഞാ-
നെവിടെയും ക്ഷണമങ്ങു പുറപ്പെടാം”.
32
ഇവർ മഹാമായികനാണു പക്ഷേ,
മറഞ്ഞുപോയെങ്കിലബദ്ധനാകും.
പിടിച്ചു ബന്ധിപ്പതവശ്യമെന്നായ്
പരസ്പരം വൈരികൾ നോക്കി തമ്മിൽ.
33
അതൊക്കെയാ ദിവ്യനറിഞ്ഞു തന്നേ
രിപുക്കളോടൊത്തു നടന്നു മന്ദം
പടിപ്പുരയ്ക്കപ്പുറമെത്തിയപ്പോൾ
പൊടുന്നനേ ബന്ധിതമായി കൈകൾ.
34
അഴിച്ചൊരുത്തന്റെ ശിരസ്ത്രമങ്ങേ-
ക്കഴുത്തിലും പാപികളിട്ടു കെട്ടി
നടത്തി മുമ്പോട്ടു വിശുദ്ധനർത്ഥി-
ച്ചവർക്കുമാപ്പിന്നഖിലേശനോടായ്
35
ആരാവിലേറുമിരുളിൽ കൃതകൃത്യനായി-
ട്ടാരാഞ്ഞു കിട്ടിയതപോധനേയമിത്രം
പാരാതിഴച്ചു നിജ മേടയിലാക്കി ബന്ധി-
ച്ചാരാൽക്കിടന്നു ചിലർ വാതിലു കാത്തിരുന്നു.
36
ആരാണുറങ്ങിയതു രാത്രിയിലാഗൃഹത്തിൽ?
സൂര്യോദയത്തിനൊരു നാഴിക മുമ്പുതന്നേ
കോയിക്കലെത്തിയപരാധിയെ വിസ്തരിപ്പാ-
നായിട്ടുനോക്കി,യ നിർജ്ജനമെന്തു മായം!
37
പൂട്ടൊക്കെ ഭദ്രം, കരമൊന്നതിന്മേൽ
തൊട്ടെന്നു തോന്നാനൊരു ലക്ഷ്യമില്ല
കേട്ടിട്ടുമില്ലിങ്ങനെ; കൂട്ടരെല്ലാം
പിട്ടല്ലഹോ കണ്ണുമിഴിച്ചു നിന്നു.
38
കുറേശു വല്ലാതെ വിഷണ്ണനായി
പോരായ്മ തീർക്കാനൊരു മാർഗ്ഗമുണ്ടോ?
ചേരുന്നമട്ടൊന്നു പറഞ്ഞുനില്ക്കാൻ
പാരിച്ച വാചാലത വേണ്ടിവന്നു.
39
“എനിക്കു ജാതകം പിഴച്ച
രാത്രിയിക്കഴിഞ്ഞതെ-
ന്നനുസ്മരിച്ചിടായ്ക്കയാൽ
ഭവിച്ചതിപ്പരാജയം
ഇനിക്കുഴപ്പമീവിധം
വരാ നമുക്കു കൂട്ടരെ,
മനസ്സുറപ്പോടൊന്നുകൂടി
വേലചെയ്തു നോക്കിടാം.
40
കഴിഞ്ഞതൊക്കെയും രഹസ്യ
മായിരിക്കണം, വൃഥാ
കളങ്കമൊന്നുമെന്റെ പേരി-
നാരുമേറ്റിവയ്ക്കൊലാ.
അടുത്തു വന്നിടുന്ന രാവി-
ലേതു പോർക്കളത്തെയും
പൊടിച്ചു ഞാൻ ജയിക്കുമെന്നു
ചൊന്നിടുന്നു ജാതകം”
41
ഈവിധം വളരെ വമ്പുപറഞ്ഞും
കാശു കൈകളിൽ നിറച്ചു കൊടുത്തും.
നീതിയറ്റ നിലയിൽപ്പെരുമാറി-
പ്രീതരാക്കിയവരേയവനേറ്റം.
42
ചാരരായ്പ്പകൽ നടന്നവർ സേനാ-
നായകന്റെ സദനേ നിശി ചെന്നു.
അന്നുമുണ്ടു പഠനം, ജനസംഘം
വന്നിരുന്നവിടെയുണ്ടു മുനീന്ദ്രൻ.
43
പഠനങ്ങൾ കേട്ടഥ കുറച്ചു നിന്നുപോയ്
മുനി ദിവ്യനെന്നുമൊരു ചിന്ത വന്നുപോയ്
ഭയമുണ്ടെതിർത്തു ബലമായ്പ്പിടിക്കുവാ-
നൊളിവായ് സ്ഥലം വിടുവതിന്നുമോർത്തവർ.
44
ജ്ഞാനസ്നാനം കൊടുക്കുന്നതുമതിനിടയിൽ
കണ്ടനേകർക്കു ദിവ്യൻ,
താനേതന്നേ മറന്നോ? നിലയവിടെയുറ-
പ്പിച്ചമട്ടായ് രിപുക്കൾ.
പൂങ്കോഴിക്കൂജനത്താലൊടുവിലവിവരുണർ-
ന്നന്ത്യയാമത്തിലെത്തി
ശ്ശങ്കാഹീനം ത്രിയാമാമഹതി ഝടിതി പോ-
കുന്ന കാര്യം ഗ്രഹിച്ചു.
45
എന്താണു വേണ്ടതിനിയെന്ന ചിന്തയും
പൊന്തുന്ന ഭീതിയുമിടഞ്ഞ വേളയിൽ
വന്നെത്തി തത്ര മുതലാളി വമ്പനും
സന്ദേഹമെന്നിപിടികൂടി ദിവ്യനേ.
46
ഗർജ്ജിച്ചു താക്കീതുകൊടുത്തുഭൃത്യ-
വർഗ്ഗത്തിനെല്ലാമവർ മൂകരായി.
“നിർദ്ദിഷ്ട നേരത്തു പിടിച്ചുകെട്ടാ-
നൊത്തില്ല മാപ്പെ”ന്നവർ താണിരുന്നു.
47
അകളങ്കനെ യാ വിശുദ്ധനേ
യകതാരിൽ കൃപ ലേശമെന്നിയേ
വഴിനീളെ വലിച്ചിഴച്ചുകൊ-
ണ്ടവർ കോയിക്കലണഞ്ഞു രാവിലേ.
48
വൈതാളികന്റെ പള്ളിയുണർത്തുപാട്ടി-
ന്നാരംഭമായ് വീണയെടുത്തനേരം
ആരാകിലും വാതിൽ തുറന്നുകിട്ടാ-
നാനേരമൊക്കില്ല; കുഴഞ്ഞു കാര്യം.
49
വെളിയിൽ വളരെനേരം നിന്നു നിശ്ശബ്ദരായി-
ട്ടൊടുവിലവരെ വാതില്ക്കകാരനൊന്നെത്തിനോക്കി.
ചെറിയൊരു ജനസംഘം, രാജകൊട്ടാരകാര്യ-
സ്ഥനുമവരുടെ നേതൃസ്ഥാനിയായ് നിന്നിടുന്നു.
50
അവനത്ഭുതപ്പെട്ടു; സർവ്വാധി മുമ്പോ-
ട്ടവനെസ്സമീപിച്ചു,തെല്ലൊന്നു നിന്നു;
ഉടനങ്കണത്തിനകത്തായി, ശീഘ്രം
നൃപസന്നിധാനത്തിലെത്തിച്ചുദന്തം.
51
ഒരു കഞ്ചുകിക്കാജ്ഞ തോമ്മായകത്തേ
യ്‌ക്കവിളംബിതം വന്നു നില്ക്കട്ടെയെന്നായ്
നിമിഷം കഴിഞ്ഞില്ല, വാക്കിന്നുമുമ്പേ
ക്രിയ തീർത്തവൻ സ്വാമിഭക്തൻ സമർത്ഥൻ.
52
ആസ്ഥാനമണ്ഡപമനല്പതരം വിശാലം
പ്രത്യേകശില്പകലയാലധികം വിശേഷം
നേത്രം കുളിർക്കുമതു കാണുകിലേതൊരാൾക്കും
പത്തുക്കളത്തറയിലേശുക ഭാഗ്യപൂരം.
53
പലരും സചിവന്റെയാജ്ഞയാലേ
പ്രമുഖന്മാരവിടെസ്സമാഗമിച്ചു.
സഭ വേണ്ടതുപോലെ കണ്ടു കൂറേ-
ശകമേയുന്നതചാരിതാർത്ഥ്യമാർന്നു.
54
കരയുഗമൊരുമിച്ചു പിന്നിൽ ബന്ധി-
ച്ചൊരു ഖലകേസരിയെന്നമട്ടുതന്നെ
സുകൃതമുടലെടുത്ത ദിവ്യനേയാ
സഭനടുവിൽബ്ബത ദുർജ്ജനം നിറുത്തി.
55
സിംഹാസനത്തിലെഴുന്നള്ളിയിരുന്നു ഭൂപൻ
ബാഹ്യപ്രതാപദുരഹങ്കൃതിയേതുമെന്യേ.
മെയ്കാവൽസേനയതിജാഗ്രതയോടു നിന്നു
വൈകാതെയസ്സചിവനും സവിധേയണഞ്ഞു.
56
നൃപാലൻ മഹാദേവനുള്ളാകെ നീറി-
പാപൂർണ്ണനായ് ദിവ്യനേയൊന്നു നോക്കി
അഹോ കഷ്ടമീ മാമുനീന്ദ്രന്റെ ശാപം
വഹിക്കാൻ കരുത്തില്ലെനിക്കെന്നമട്ടിൽ.
57
ജനഹിതമറിയേണം കാര്യമെന്നാകിലും ഭൂ-
ധവനതു മികവേറും ധർമ്മമെന്നോർക്കയാലേ
ചെറുതുമൊരു വികാരത്തള്ളലില്ലാതെ പാരം
ചലനരഹിതനായി പ്രാഭവത്തോടിരുന്നു.
58
വൈവർണ്ണ്യമുണ്ടായ് വദനത്തിൽ നല്ലവർ-
ക്കേവം ഖലന്മാരധികം പ്രസന്നരായ്
നീതിക്കു ദൈവം തുണയെന്നുറച്ചുകൊ-
ണ്ടേതാകിലും ചർച്ചതുടങ്ങി ഭൂപതി.
59
“പ്രതിയിൽ കുറ്റമെന്തെല്ലാം
കണ്ടു നിങ്ങളുരയ്ക്കണം
തെളിയിക്കണ’’ മെന്നോതി-
യധിരാട്ടു സഗൗരവം.
60
പലരും പലതും വാചാ-
ലതയോടു തുടർച്ചയായ്
തിരുമുമ്പിലുണർത്തിച്ചു
മൗനമായ്‌ക്കേട്ടു ഭൂധവൻ.
61
പോരപോരെന്നകക്കാമ്പിൽ
തള്ളിവന്ന പ്രചോദനം
അമർത്താൻ സാദ്ധ്യമല്ലാതെ
യെഴുനേറ്റേകനുദ്ധതൻ.
62
പ്രതികാരവിചാരമേറി മുറ്റി
സ്ഥിതിചെയ്യും ഹൃദയത്തിനുള്ളിൽ നിന്നും
മലപൊട്ടിയ നിർഝരിക്കു തുല്യം
നിലയില്ലാത്തൊരു വാക്പ്രവാഹമായി.
63
കൊലപാതകമാഭിചാരകൃത്യം
വ്യഭിചാരാദി മഹാപരാധമെല്ലാം
വിവരിച്ചൊരു നീണ്ട കുറ്റപത്രം
ബത സർവ്വാധി സഭയ്ക്കുമുമ്പിൽ വച്ചു.
64
തിരുമേനിവിയർത്തുപോയ്,കൈയിൽ-
ത്തലതാങ്ങിക്ഷിതിഭൃത്തിരുന്നുപോയി.
നെടുവീർപ്പുകളങ്ങുമിങ്ങുമെല്ലാ-
മുയരുന്നുണ്ടവിടെസ്സഭാതലത്തിൽ.
65
“കഴുവിലേറ്റുവതയമെങ്കിൽ നാ-
മിവനെ നാടുകടത്തണമിക്ഷണം.
വിഷയസീമയിലീയഹിതന്റെ കാ-
ലടികളൂന്നുകിൽ നാടു നശിച്ചു പോം.”
66
അമർഷമാർന്നിത്രയുമോതികൂറേ
ശൊരാഢ്യനപ്പോളെഴുന്നേറ്റുരച്ചു.
“ആകാം നമുക്കഗ്നിപരീക്ഷയാദ്യം;
ഹേ, ചൊല്ലണം സമ്മതമോ വിദേശി?
67
പുണ്യശ്ലോകൻ പ്രതിവചനമായ് ചൊന്നതില്ലൊന്നുമെന്നാൽ
കണ്ണുണ്ടെങ്കിൽ ഖലനുമറിയ,മാമുഖം നിഷ്കളങ്കം
വിണ്ണിൻ നേർക്കാ വിമലഹൃദയം, ദൃഷ്ടി കീഴോട്ടു നേരെ
മണ്ണിൽച്ചേർത്തും മരിയസുതനിൽ ലീനമായ് നിന്നു തോമ്മാ.
68
അസ്വാസ്ഥ്യത്താൽ നൃപനുടനെയാ-
മണ്ഡപം വിട്ടുപോയി
നിസ്സന്ദേഹം വരുമപകടം
ദിവ്യനെന്നോർക്ക മൂലം
ഭർത്സിക്കുന്നുണ്ടരികളവനെ-
സ്സജ്ജനം സാനുകമ്പം
വീക്ഷിക്കുന്നുണ്ടവനുമധികം
ശാന്തനായ്ത്തന്നെ നിന്നു.
69
പഴുത്തു തീക്കനലിനു തുല്യവർണ്ണമായ്
മിഴിക്കു ഭീകരത വരുത്തിടുന്നതായ്
അയസ്സിനാലൊരു ഫലകം വിശാലമ-
ങ്കണത്തറയ്ക്കുപരി വരുത്തിവച്ചവർ.
70
വിളിച്ചു കല്പിച്ചതിലേറിനില്ക്കുവാൻ
വിശുദ്ധനോടാ പ്രതിയോഗി സഞ്ചയം.
അശങ്കിതം നല്‌ക്കുളിർക്കല്ലിലെന്നപോ-
ലതിൽപ്പദംചേർത്തിളകാതെ നിന്നവൻ.
71
ജനങ്ങളെല്ലാം പരമമ്പരന്നുപോയ്,
“മനുഷ്യനോ നില്പ്തൊരാദിതേയനോ?
അപ്രക്രിയയ്ക്കുത്തരമെന്തു? താപസൻ
ശപിച്ചിടും നാടിനെ”യെന്നു ഭീതരായി.
72
പലരുമധികമായ് ഭയന്നു കണ്ണീർ-
ക്കണവുമുതിർത്തു കരങ്ങൾ കൂപ്പിനിൽക്കെ
യതിവരനൊരു ഗാനമാലപിക്കു-
ന്നതിരുകവിഞ്ഞവരത്ഭുതത്തിലാണ്ടു.
73
“കാൽവെരിയിലെക്കുരിശിലേ നിരപരാധി,
സേവകനിവന്നു തുണയായ് വരിക, പാഹി!
കാൽ വഴുതിടാതരികിലേക്കുവരുവാനായ്
താവക കരങ്ങളിഹ തന്നിടുക പാഹി!
74
ഏശുമിശിഹ, മരിയസൂനു മമ നാഥൻ
ശാശ്വതസുഖപ്രദനനന്തനഖിലേശൻ
നാശഹരനായി നരനായവതരിച്ചോൻ
പ്രീശകുലമർദ്ദിതനെനിക്കു തുണ;പാഹി!
75
ഈശഹിതമെനിയെരിതീ ചൂടുകയില്ല
നാശകരമായി ജലമനങ്ങിടുകയില്ല
വീശിടുകയില്ല പവനൻ ചുഴലിയായി
വിശ്വമറിയേണമിതു; നാഥ, പരിപാഹി!”
76
ഇടി മുഴങ്ങി, നടുങ്ങി ജനാവലി,
ഝടിതി ഭൂമി കുലുങ്ങിയനല്പമായ്
ഉടനെ മാമുനി വാനിലുയർന്നുനി-
ന്നടിയിൽ ഭൂമി പിളർന്നു ഭയങ്കരം!
77
അവിടെ ഭീകരമായ ജലനിർഗ്ഗമം,
സവിധഭൂ പ്രളയത്തിലമർന്നിടാൻ
അധികമില്ലൊരു താമസമെന്നു ക-
ണ്ടകലെയോടി ജനാവലി ഭീതരായ്.
78
കൊട്ടാരത്തിന്റെ തൂണും കിടുകിടെ വിറയായ്
ക്ഷോണിപാലന്റെ ഹൃത്തും
പൊട്ടിത്തേങ്ങിക്കരഞ്ഞു വധുകുല,മവരോ
ടൊത്തു കുഞ്ഞുങ്ങളെല്ലാം.
ഇഷ്ടൻ സർവ്വാധിയെക്കണ്ടൊരു പദമുരിയാ-
ടേണ്ടതിന്നായ് നൃപാലൻ
ശിഷ്ടൻ കാംക്ഷിച്ചു, പക്ഷേയവനെവിടെ മറ-
ഞ്ഞെന്നു കണ്ടില്ലൊരാളും.
79
മാപ്പിനായിട്ടഖിലജനവും
കേണു യാചിച്ചു, കൈകൾ
കൂപ്പിത്തന്നെയവിടവിടെ നി
ന്നാർത്തരായ് സ്തബ്ധരായി.
സ്വപ്നംപോലാ വിനകളഖിലം
തൽക്ഷണം തീർന്നു വാനോർ
പുഷ്പം വർഷിച്ചവിടെ ഗഗനേ
നിന്നു സിദ്ധന്റെ ചുറ്റും.
80
ഉടനേയധിരാട്ടുമപ്രജാ-
വലിയും താണു നമിച്ചു ദിവ്യനേ
അഭിമാനിതനാക്കിയാനയി
ച്ചവനർദ്ധാസനമേകി ഭൂധവൻ.
81
“ജയ മാമുനി തോമ്മാ”യെന്നു സ-
ജ്ജനമെല്ലാം വിളികൂട്ടി ഭക്തരായ്.
പരിപാവനമാണു ക്രൈസ്തവം
മതമെന്നേറ്റുപറഞ്ഞനേകരും.
82
രാജാവു രാജ്ഞി ഭരണീയരുമായനേകർ-
ക്കാജീവനാന്ത മരിയാസുതപാദഭക്തി
വ്യാജം പറഞ്ഞിടുകയല്ലകമേയുറച്ചു
രാജ്യത്തിലെത്തി നിലകൊണ്ട വിഭൂതി പോലെ.
83
കൊട്ടാരത്തിൽ സസുഖമവനീനാഥനാചാര്യനായി-
ശ്ശിഷ്ടൻ തോമ്മായപകടമകന്നൊട്ടുനാൾ പാർത്തിരുന്നു.
ഒട്ടേറെപ്പേർ ധരണീപതിയും സ്നാപനം സ്വീകരിച്ചു
രാട്ടിൻദാരങ്ങളുമിളയരാജാവുമൊന്നിച്ചുതന്നെ.
84
പള്ളിക്കെട്ടാലൊരു സുഭഗയെപ്പത്‌നിയായ് സ്വീകരിച്ചി-
ട്ടുള്ളോൻതന്നേ വിജയ,നവളോ ദീർഘരോഗത്തിലത്രേ.
ഉള്ളിൽപ്പാരം സ്ഥിരതയോടവൻ ബ്രഹ്മചര്യം പുലർത്തി-
ക്കൊള്ളുന്നിന്നേവരെ,യവളുമാ നിഷ്ഠ പാലിച്ചിടുന്നു.
85
ആ ദിവ്യൻ മാമുനി നിജകരംചേർത്തു മൂർദ്ധാവിൽ, രോഗം
ഭേദപ്പെട്ടെന്നരുളി,യതുപോൽ തൽക്ഷണം സ്വസ്ഥയായി
സാദം‘മാനേശ്വരി’യവളറിഞ്ഞില്ലെഴുന്നേറ്റു വേഗം
മോദം പാരം ധവനുമകമേ ചേർന്നു രോമാഞ്ചമുണ്ടായ്.
86
“എന്താ ദേവീ,യിനിയുമകമേയാശ”യെന്നർത്ഥവത്തായ്
കാന്തൻ ചോദിച്ചതിനു മറുവാക്കാ വധുരത്നമോതി:
“സന്തോഷത്തോടനുമതി ഭവാൻ നല്കിടുന്നെങ്കിൽ ഞാനെ-
ന്നന്ത്യത്തോളം തുടരുമരിമപ്പെട്ട കന്യാവ്രതത്തിൽ”.
87
“രോഗത്തോടേ ജഡികസുഖവും ഞാനുമായി ബന്ധമറ്റു
ത്യാഗംതന്നെ ഹൃദയസുഖദം’ വീണ്ടുമാ ധന്യ ചൊന്നാൾ.
ജ്ഞാനസ്നാനം കുലവനിതയാൾക്കപ്പോഴേ നല്കി തോമ്മാ
സാനന്ദം സദ്ഗുരുവിനവൾ തൻ കണ്ണുനീർ കാഴ്ചവെച്ചു.
88
സുചരിതരവരൊത്താ സദ്‌വ്രതം ബ്രഹ്മചര്യം
ഗുരുവരനുടെ സാന്നിദ്ധ്യത്തിലെന്നേക്കുമായി
വിധുരത ചെറുതെന്യേ ക്രിസ്തുവിന്നായി നേർന്നു
സഹജനിലയിലായിത്തീർന്നു രണ്ടാളുമപ്പോൾ.
89
രാജാവും പ്രിയപുത്രനാം വിജയനും
പത്രോസു പൗലോസുമാ-
രായിത്തീർന്നു, പുരോഹിതത്വമിരുവർ-
ക്കും നല്കി തോമ്മാ ശ്ലീഹാ.
ആ രണ്ടാളുകളിൽച്ചെറുപ്പ,മധികം
പ്രാഗല്ഭ്യവും ഭക്തിയും
പൗലോസിൽപ്പരിചൊടു കണ്ടവനുതാൻ
മേല്പ്പട്ടവും നല്കിനാൻ.
90
പള്ളിക്കൊത്തവിധം ശരിക്കു ഭരണം
സാധിച്ചു മുന്നേറുവാൻ
കൊള്ളാവുന്നവ,രാഭിജാത്യനിലയും
സൗശീല്യവും പ്രാപ്തിയും
ഉള്ളോരായ്പ്പലരെപ്പുരോഹിതപദം
റമ്പാൻപദം തൊട്ടതിൽ
കൊള്ളിച്ചിട്ടു മുതൽപ്പിടിക്കു ചില മൂ-
പ്പന്മാരെയാക്കീ മുദാ.
91
ഭരണകൂട വിധാനമിതേവിധം
കുറവുതീർത്തു കൃതാർത്ഥത പൂണ്ടവൻ
കരളിലൊന്നു നിനച്ചിതുപോലെ വേ-
റൊരിടമുണ്ടവിടേയ്ക്കു പുറപ്പെടാൻ.
92
യാനത്തിനായ് തുറമുഖത്തൊരു നല്ല കപ്പൽ
ചൈനായെനോക്കിയൊരുനാൾ നിലകൊണ്ടിരുന്നു.
പോകേണ്ടതിനു വിടവാങ്ങി യതിപ്രവീരൻ
മെയ്കാവൽസേനയോടുകൂടിയയച്ചു ഭൂപൻ.
93
