Marthoma Vijayam 020

സഹനശയ്യ


തിനാറാം നൂറ്റാണ്ടു വിടവാങ്ങിപ്പോകുവാൻ 

പടിവാതിലിൽ നോക്കീട്ടു നീങ്ങുംകാലം. 

പുതുമകൾ പുഷ്പിച്ചു കർമ്മലാരാമത്തിൽ 

പുതുമോടി ചേർക്കും വസന്തകാലം. 

പലരേയും സഹനത്തിന്നംഗാരശകടിയിൽ 

പരിശോധിച്ചങ്ങനെ നില്ക്കുംകാലം. 

സുകൃതിനിമാർമണി വേദപാരംഗത

സഭയിലെ സമ്പൂജ്യദീപ്തതാരം 

സഭയാകെസ്സംസ്കാരപരിധിയിലാക്കീട്ടു 

ചരിതാർത്ഥയായ്ത്തീർന്നോരമ്മ ത്രേസ്യാ, 

പരലോകപ്രാപ്തയായ പരമമണാളന്റെ- 

യരികത്തു മുടിചൂടി വാഴുംകാലം!

 

കുരിശിന്റെ യോഹന്നാൻ, പരിശുദ്ധയ്ക്കെന്നാളും 

വലതുകൈയായ് നിന്നോരമ്മഹാത്മാ

കുരിശേന്തിപ്പദയാത്രാനിരതനായ്ക്കാൽവെരി

ഗിരികുടപ്രാപ്തനായ് മിക്കവാറും.

ഒരു നാലഞ്ചടികൂടി…യതു തീർന്നാൽ പിന്നീടു 

വിരമിക്കാം ലക്ഷ്യത്തിലെത്തിച്ചേരാം. 

 

അധരങ്ങൾക്കെന്നാളും സഹനത്തിൽ കാസായോ-

ടതിയായ സമ്പർക്കം സ്നേഹദാഹം 

ഒരുനാളും തീരാത്തോരാ ദാഹം ധന്യനെ- 

പരിചോ’ടുബേദാ’യിൽ കൊണ്ടുപോയി. 

കവിളൊട്ടിച്ചുളിവീണ മുഖപത്മം, സ്വർല്ലോക- 

പ്രഭയാർന്നു വിലസുന്ന നേത്രയുഗ്മം, 

തപമേറെച്ചെയ്കയാൽ തൊലിമാത്രമസ്ഥിമേ- 

ലവശേഷിച്ചുള്ളൊരു മർത്യരൂപം.

തനി രോമക്കുപ്പായം ചാർത്തിയോരഭിവന്ദ്യ- 

മുനിവീരനവിടെച്ചെന്നാശ്രമത്തിൽ.

അറിയുന്നു പരിശുദ്ധനവിടുത്തെ വാസത്തിൽ 

നിറയുന്നോരക്കാസാ കവിയുമെന്നായ്.

നിറയട്ടെ, കവിയട്ടെ,യവിടുത്തെ ഹൃദയത്തിൽ 

നിറയുന്നോരഭിവാഞ്ഛയതുതാനല്ലോ.

സകലർക്കും സന്തോഷം സഹനത്തിന്റെ മൂർത്തിയാ- 

മവിടുത്തെസ്സാന്നിദ്ധ്യം ഹേതുവായി;

ഒരു പുണ്യശ്ലോകന്റെ പരിചര്യാഭാഗ്യം കൈ-

വരുമല്ലോ തങ്ങൾക്കെന്നുള്ളിലോർത്തു.

കറയെന്യേ കാച്ചീട്ടാ കനകത്തിൻ പ്രഭ കൂട്ടാ-

നെരിയുന്ന തീച്ചട്ടിയാരു കണ്ടു?

അവിടത്തേയാശ്രമശ്രേഷ്ഠന്റെയകതാരി- 

ലളവറ്റ നീരസമലതല്ലുന്നു.

നിറയുന്ന ക്ഷോഭത്താലാരോടെന്നില്ലാതെ

പറയുന്നു നിലവിട്ടമട്ടിലേവം:

“കുരിശിന്റെ യോഹന്നാനിവിടേക്കു വന്നെന്റെ 

കുരിശായിത്തീർന്നല്ലോ തമ്പിരാനെ,

അധികാരസ്ഥാനത്തെപ്പൊടിപൂരം കണ്ടൊട്ടു 

മതിയാക്കിത്താഴേക്കു തള്ളിവിട്ടു;

സഭയിൽനിന്നപ്പുറം തള്ളിയെങ്കിൽ സഭ-

യ്ക്കഭിമാനഹേതുകമായിരുന്നു.

ഇതരന്റെ തോളത്തു കുരിശാകാൻ മാത്രമാ- 

ണിതുമട്ടിലുള്ളവർ ജീവിക്കുന്നു”

ചിലരെല്ലാമിതുകേട്ടു ചെവിപൊത്തീട്ടകലെപ്പോയ് 

ക്കരയുന്നു, മറ്റെന്തു ചെയ്‌വതോർത്താൽ?

 

ഒരു നാളിലധികാരസ്ഥാനത്തിൻ കർത്തവ്യം

നിറവേറ്റാൻ നിർബ്ബദ്ധനാകയാലേ 

ഒരു സന്യാസിക്കവനർഹിക്കും ശിക്ഷയേ

മുഖദാക്ഷിണ്യം വിട്ടു നല്കി ദിവ്യൻ.

അതുനാൾ തൊട്ടകതാരിലതിയായ വൈരാഗ്യം 

പ്രതികാരസന്ദർഭം നോക്കിനോക്കി.

പുകയുന്ന തീപോലെ കരളിൽ സൂക്ഷിക്കുന്ന 

വികടിതമാനസനാണീ ശ്രേഷ്ഠൻ.

 

പതിനൊന്നു ശിഷ്യന്മാർ പരിശുദ്ധരാകിലു- 

മൊരു ശിഷ്യൻ ഗുരുവിനെയൊറ്റിയില്ലേ? 

ഒരുവൃന്ദം പരലോകദൂതന്മാർ നിത്യമാം 

നരകത്തിൽ വീണില്ലേ പാപംമൂലം? 

ശതമാനക്കുറവെന്യേ വിളയുന്ന കതിരിന്മേൽ 

പതിരില്ലേ നോക്കുമ്പോൾ ചിലതെന്നാലും? 

പരിശുദ്ധ സന്യാസഗേഹത്തിലും ചിലർ 

കുറവുള്ളോരുണ്ടാകും, മർത്യരല്ലേ? 

പരിപൂർണ്ണസംയമം പണിപ്പെട്ടേ സാധിക്കൂ 

മരണത്തോളം നീളും സമരത്താലേ. 

ക്ഷമയോടെ പടിവാതിൽ കാക്കുന്ന രോഗിയി= 

ലനുകമ്പാലുക്കളായ് മാലാഖമാർ

ഒരു പക്ഷേ, ചിറകാലേ വീശിടുന്നുണ്ടാകാം 

ധരണിയിലാരതു കണ്ടിടുന്നു?

തളരുന്ന ദേഹത്തിൽ പനിയുണ്ടു ശക്തിയായ് 

വളരുന്നു നീർക്കെട്ടു കാലുരണ്ടിൽ.

വലുതായ വേദന ദേഹത്തിലാകെയു-

ണ്ടൊരുമട്ടു യാത്രചെയ്തവിടെയെത്തി. 

പെനുവേലാ ഗ്രാമത്തിൽ വൈദ്യസഹായത്തി-

ന്നനുകൂലസ്ഥിതികളില്ലായ്കയാലേ

അധികാരി കല്പിച്ചിട്ടവിടേക്കു ചെന്നതാ-

ണതിരറ്റ സുഖവാഞ്ഛ മൂലമല്ല.

സഭയുടെ സ്ഥാപകൻ കുരിശിന്റെ യോഹന്നാ- 

നഭയാർത്ഥിയായൊട്ടു നിന്നശേഷം

ചെറുതൊന്നു ധ്യാനിക്കാം… ആ വാതിലെത്രയോ

കിറുകിറുപ്പോടെ തുറക്കപ്പെട്ടു.

ശരിയായ വായുവും സൂര്യപ്രകാശവും

പെരുമാറ്റ സൗകര്യമൊന്നുമെന്യേ 

വളരെക്കുടുസ്സായിശ്ശീതളമായുള്ള

മുറിയൊന്നിൽ തയ്യാറായ് ‘സഹനശയ്യ’

ഒരു നോക്കു കാണുവാൻ പ്രിയനാം പിതാവിനെ-

സഹനത്തിന്നാദർശപൂരുഷനെ,

വിടുകില്ല സന്യാസവൃന്ദത്തിലാരെയും

പിടിവാദമാശ്രമശ്രേഷ്ഠനേറും. 

പിടയുന്ന രോഗി നിശ്ശബ്ദനായ്, വേദന 

വളരുന്നു, കാലാകെ വ്രണമായ്തീർന്നു. 

ഒരു വാക്കു കരുണയോടൊരുവ്യക്തിയോതുന്ന 

സ്വരമില്ല കേൾക്കുവാനെങ്ങുനിന്നും.

ദിവസങ്ങൾ പോകുന്നു, നിറയുന്നു വല്ലാതെ 

കവിയുന്നു കൈപ്പേറും പാനപാത്രം. 

അവസാനത്തുള്ളിയുമാസ്വദിക്കാതെയാ

സവിശേഷതൃഷ്ണാലു തൃപ്തനാകാ. 

അധികാരപ്രാഭവം ജംഭിക്കും ശ്രേഷ്ഠന്റെ-

യധികശകാരങ്ങളൊരുഭാഗത്തും 

വ്രണമെല്ലാം കീറിമുറിക്കും ഭിഷക്കിന്റെ 

കഠിനശസ്ത്രക്രിയ മറുഭാഗത്തും! 

ഇരുപാടും നോക്കീട്ടു പുഞ്ചിരിതൂകുമാ 

പരിശുദ്ധാത്മാവിനെക്കൈതൊഴേണം.

 

പരിചര്യവേണ്ടപോൽക്കിട്ടാതെയാതുരൻ

പരവശനായ്ത്തീർന്നു മിക്കവാറും 

വിവരങ്ങൾ കേട്ടിട്ടു രോഗിയെക്കാണ്മാനായ് 

ഭവനത്തിൽ ‘പ്രാവിൻഷ്യൽ’ വന്നുചേർന്നു. 

ഹൃദയത്തെക്കിടിലംകൊള്ളിക്കുന്ന രംഗമാ- 

ണവിടെക്കാണുന്നതാ വന്ദ്യദേഹം.

ഒരു പുണ്യശ്ലോകന്റെ സഹനത്തിന്മാതൃക 

പരകോടിയെത്തുന്ന ദിവ്യരംഗം!

ഒരു വാക്കു ശബ്ദിക്കാൻ സാദ്ധ്യമല്ലാത്തപോൽ 

കരളലിഞ്ഞദ്ദേഹം നിന്നുപോയി.

നിറയുന്നു കണ്ണുകൾ പരമസുഹൃത്തിന്റെ 

കവിയുന്ന കാസായേ നോക്കിനോക്കി 

പരമ പ്രശാന്തനായ് സന്ത്വനവാക്കുകൾ 

പരിചൊടേ രോഗിക്കു നല്കി വന്ദ്യൻ. 

അധികാരപൂർവ്വമായാശ്രമവാസിക- 

ളഖിലരേയും വിളി,ച്ചാ മഹാത്മാ 

പരിശുദ്ധൻ ജോബിനെയതിശയിപ്പിക്കുന്ന 

സഹനത്തിൻ മാതൃക കണ്ടുകൊൾവാൻ. 

അവരെല്ലാമനുകമ്പാപൂർണ്ണരായ്ക്കണ്ണീരും

നെടുവീർപ്പുമായൊട്ടു നോക്കിനിന്നു 

അനുമതിയേവർക്കും രോഗിയെക്കാൺമാനും 

പരിചര്യ ചെയ്യാനും ലബ്ധമായി.

 

പ്രതികാരബുദ്ധിയായ് സന്യാസ ചൈതന്യ- 

രഹിതനായി വർത്തിച്ച ശ്രേഷ്ഠനേയും 

വെറുതേ വിട്ടിടുവാൻ കരുതിയെന്നോർക്കേണ്ട 

കുറയാത്ത താക്കീതുതന്നെ നല്കി 

സഹനത്തിൻ കാസയെക്കരതാരിലേന്തിക്കൊ- 

ണ്ടവസാനത്തുള്ളിയും ചുണ്ടിൽ വീഴ്ത്തി 

മരണത്തെ സ്വാഗതം ചെയ്യുന്ന രോഗിത- 

ന്നരികത്തു മുട്ടിന്മേൽ നിന്നു ശ്രേഷ്ഠൻ 

ഇരുകൈകൾ കൂപ്പിക്കൊണ്ടനുതാപക്കണ്ണുനീർ 

ചൊരിയുന്നോരക്കാഴ്ച ഹൃദ്യമല്ലോ. 

പരലോകവാസികളതുകണ്ടു നിസ്തുല-

പരമാനന്ദാബ്ധിയിലാണ്ടിരിക്കാം.

അഭിനവചൈതന്യപ്രേരിതനായ ശ്രേഷ്ഠ- 

നഭിവന്ദ്യൻ രോഗിയെപ്പരിചരിച്ചു.

സമയം കഴിഞ്ഞുപോയ്, നാടകം തീരാറായ്,

യവനിക താഴാനൊരുങ്ങിനില്പൂ

എരിയുന്ന മൂശയിൽ കനകത്തെെ വച്ചിട്ടു

വിരുതൻ കളാദനൊട്ടൂതിയൂതി

അരികത്തുതന്നെയിരിക്കുന്നു കൈനീട്ടി-

ത്തിരികെയെടുക്കുവാൻ നേരമായി.

 

അവിശങ്കമോതി ഭിഷഗ്വരൻ രോഗിയോ-

ടവസാനയാത്രയ്ക്കൊരുങ്ങിക്കൊൾവാൻ.

“അവരോതിയെന്നോടു പോകുന്നു കർത്താവിൻ

ഭവനത്തിലേക്കു നാ”മെന്ന വാക്യം

ഉരുവിട്ടു പുഞ്ചിരിതൂകി വിശുദ്ധനാ-

പ്പരമസങ്കീർത്തകനോടുകൂടി.

മരണത്തിന്റെ നാളും മണിക്കൂറും നേരത്തേ- 

യറിയുന്നു പുണ്യവാൻ നിസ്സന്ദേഹം.

അമലോത്ഭവത്തിരുനാളിനെപ്പിന്നിട്ടു

ദിവസങ്ങൾ രണ്ടുനാലായിരിക്കാം

ഒരു വെള്ളിയാഴ്ച നാൾ, ധ്യാനത്തിൽ ലീനനാം 

പരിശുദ്ധൻ കണ്ണുതുറന്നു മന്ദം

അരികത്തു ഫാദർ സെബാസ്റ്റ്യനെക്കണ്ടിട്ടാ

പരമസുഹൃത്തിനോടേവമോതി:

“പരമാനന്ദത്തിൽ ഞാനീ ലോകത്തേ വിട്ടു

പിരിയുന്നു; കാരണം ചൊന്നിടട്ടെ,

അധികാരസ്ഥാനങ്ങളൊന്നുമില്ലാതെയു- 

മറിയാത്ത ദേശത്തും, മാത്രമല്ല

എരിയുന്ന സഹനത്തിന്റെ ജ്വാലകൾക്കിടയിലും 

പരലോകയാത്ര സുസാദ്ധ്യമാവാൻ 

അവസരം ദൈവത്തോടർത്ഥിച്ചിരുന്നു ഞാ- 

നവയെല്ലാം സാധിതപ്രായമായി. 

അവിളംബം തന്നാലുമന്ത്യകൂദാശകൾ

ദിവസങ്ങളെണ്ണിക്കഴിഞ്ഞിരിപ്പൂ”.

തിരുപാഥേയം പിന്നെയന്ത്യമാം ലേപനം 

മുറപോലെ വേണ്ടുന്നതൊക്കെ നല്കി 

പരമസമാധിയിൽ ചില മണിക്കൂറുകൾ 

പരിശുദ്ധൻ വീണ്ടും കിടന്നിരുന്നു. 

നിമിഷങ്ങൾ മുമ്പോട്ടു നീങ്ങുന്നു, യാമിനി 

പകുതിയാവാനിനിയേറെയില്ല.

ദിവസങ്ങൾ കാലത്തിന്റെ യവനികയ്ക്കപ്പുറം.

മായുന്ന നേരമാണർദ്ധരാത്രി

ദിനമൊന്നു മറയുമ്പോൾ വരണം വേറൊന്നത്ര 

ശനിയാഴ്ചയതിനായി മുട്ടിനില്പൂ. 

പരിശുദ്ധകന്യക ഭക്തരിലെത്രയോ 

വരമാരി ചിന്തിടുന്നാ ദിനത്തിൽ! 

 

അരികിൽ നില്ക്കുന്നവരമ്പരന്നീടുമാ- 

റവിടുന്നു മന്ദമെണീറ്റിരുന്നു. 

“ഒരുമിച്ചു പാടുക സങ്കീർത്തനങ്ങ”ളെ 

ന്നരുളിക്കൊണ്ടാലാപമാരംഭിച്ചു. 

പരിശുദ്ധൻ പാടി മരിക്കുന്നു വിസ്മയം! 

പരലോകനാടകം ദിവ്യരംഗം!

ഒരു ദിവ്യപരിവേഷം ചൂഴുന്നു ദിവ്യനെ- 

പ്പരിമളം വീശുന്നു മുറിയിലാകെ. 

തിരികെക്കിടന്നു പ്രശാന്തനായ് ശയ്യയിൽ 

സകലരും തൽക്ഷണം വന്നുചേർന്നു. 

 

നരലോകം വിട്ടിട്ടു പരലോകം പൂകുന്ന 

പരിശുദ്ധന്മാരുടെ ദിവ്യാനന്ദം 

തിരുമുഖദീപ്തിയിൽ തെളിവായിക്കണ്ടവ- 

രൊരുപോലെ ധ്യാനനിർല്ലീനരായി. 

നയനങ്ങൾ മെല്ലെത്തുറന്നു സമൂഹത്തെ- 

യൊരുനോക്കു നോക്കിക്കൊണ്ടേവമോതി: 

“പിരിയട്ടെ; പാതിരാപ്രാർത്ഥനയിന്നു ഞാൻ 

പറുദീസായിൽച്ചെന്നു പാടിക്കൊള്ളാം.” 

കുരിശുരൂപം ചുംബി,”ച്ചെന്റെയാത്മാവങ്ങേ- 

ക്കരതാരിൽ നാഥാ, ഞാനർപ്പിക്കുന്നു.” 

അവസാനവാക്കുകൾ; പിന്നെയെന്തോതുവാൻ? 

അവിടന്നു കണ്ടെത്തി നിത്യശാന്തി.