Marthoma Vijayam 022

സുഹൃത്തുക്കൾ


നല്ലോരുഷസ്സിന്റെ യാഗമം; കൂരിരു- 

ട്ടെല്ലാമകന്നകന്നെങ്ങോ മറഞ്ഞുപോയ്, 

ഉല്ലാസമേകും വസന്തമെത്തീടവേ

മെല്ലെ സ്ഥലംവിടും ശീതർത്തുവെന്നപോൽ. 

‘കൊക്കരക്കോ’യെന്നഹംഭാവകൂജനം 

കുക്കുടക്കൂട്ടം തുടർന്നതില്ലെങ്ങുമേ

ദിക്കെട്ടുമാകമ്രകാന്തിപ്രവാഹത്തിൽ 

മുക്കുന്നു ബാലാർക്കനെന്തിനോ ചന്തമായ്. 

“കാലവർഷത്തിന്റെ ധിക്കാരനർത്തനം 

മൂലം വിനാശങ്ങൾ സംഭവിച്ചെങ്കിലും 

വേണ്ടാ നിരാശ നാം വേലചെയ്തീടുകിൽ 

വീണ്ടും വരും ഭാവി ശോഭായമാനമായ്. 

എന്നോതി മർത്യരേയാശ്വസിപ്പിക്കുവാൻ 

വന്നതാവാം പ്രഭാതം സമാകർഷകം. 

പട്ടിണിപ്പാവങ്ങളാലംബഹീനരാ-

യൊട്ടല്ല നാട്ടിലെന്നേവം ധനാഢ്യരെ- 

ക്കാട്ടിക്കൊടുക്കേണ്ടതിന്നായ് ദയാലുവാം 

കുട്ടിമാർത്താണ്ഡൻ ശ്രമിപ്പതായും വരാം. 

 

ഗംഭീരവൃഷ്ടിയും പർവ്വതംപൊട്ടലും 

സംഭൂതമായിട്ടുമെത്തുന്ന വാരിയിൽ 

മുങ്ങിത്തടാകങ്ങളായി കേദാരങ്ങ- 

ളെങ്ങും; കൃഷീവലന്മാരെന്തുചെയ്തിടും?

ചെറ്റയെല്ലാമൊഴുക്കിൽപ്പെട്ടു,തന്നെയ- 

ല്ലുറ്റ മിത്രങ്ങളും പോയ സാധുക്കളെ 

കേറ്റിക്കിടത്തുവാനാരുണ്ടു ഭക്ഷണം 

ചെറ്റു നല്കാനും മനുഷ്യത്വമുള്ളവർ? 

എല്ലാം നശിച്ചിട്ടു ജീവിക്കുവാനാശ- 

യില്ലാതെയായ്ത്തീർന്ന ലക്ഷപ്രഭുക്കളും 

കോടീശ്വരന്മാരുമുള്ളിലെത്തീ കെടു- 

ത്തീടുവാനാകാതെ മാറത്തു കൈവച്ചു

കേഴുന്നു, ദൈവം കൃപാമൂർത്തിയല്ലയോ? 

താഴുന്നു സാവധാനത്തിലാ വെള്ളവും

ചാകാതെ ചാകുന്ന സോദരന്മാർക്കെന്തു-

മേകാൻ സഹായിച്ചു സാന്ത്വനം നല്കുവാൻ

സന്നദ്ധരായ് പരം ധർമ്മിഷ്ഠരായ് ചിലർ 

ചെന്നെത്തിടുന്നുണ്ടനേകം സ്ഥലങ്ങളിൽ. 

ഭക്ഷണം, വസ്ത്രം, കിടപ്പിടം തീർക്കുവാൻ 

പക്ഷേ, കുറച്ചൊക്കെ നാണയംകൂടിയും 

രാവിന്റെ മൂടാടയാകും തമസ്സുകൊ- 

ണ്ടാവുംവിധം മറച്ചുദ്ദിഷ്ട ലക്ഷ്യത്തി- 

ലെത്തിച്ചു ശീഘം മടങ്ങും കൃതാർത്ഥരായ് 

പ്രത്യുഷദീപ്തിയെക്കണ്ടുമുട്ടാതെയും. 

ചെയ്യുന്ന സൽകൃത്യമെന്തെന്നുമാരെന്നു- 

മാ യാമിനീദേവി കാണുന്നു കേവലം. 

“അർത്ഥിക്കു ദാനം വലത്തുകൈ നല്കുന്ന- 

തജ്ഞാതമാകണം വാമഹസ്തത്തിനും” 

എന്നുള്ള സൂക്തം പവിത്രം പഠിച്ചുള്ള 

ധന്യരത്രേ വിശാലാശയന്മാരവർ. 

ഏറ്റം നിഗൂഢമായ് ചെയ്യുന്നതൊക്കെയും 

തെറ്റാതിരുട്ടിലും കണ്ടിരിക്കുന്നവൻ 

സ്വർഗ്ഗസ്ഥനാം പിതാവെത്രയോ നല്ലവൻ! 

തക്ക സമ്മാനങ്ങൾ നല്കിടും ശാശ്വതം. 

 

എന്നാലതിന്നിടയ്ക്കക്രമം കൊള്ളയും 

മുന്നേറിടുന്നുണ്ടനേകം സ്ഥലങ്ങളിൽ. 

വാഹനം തല്ലിത്തകർത്തും കഠോരമായ് 

വാഹകന്മാരെ മർദ്ദിച്ചും പലപ്പൊഴും 

കൊണ്ടുപോകുന്ന സാമാനങ്ങളാക്രമി- 

ച്ചുണ്ടാക്കിടും ധനംകൊണ്ടു വിത്തേശരായ് 

സമ്പൂർണ്ണ സൗഭഗം സ്വാധീനമാക്കുവാൻ 

വെമ്പുന്ന വർഗ്ഗങ്ങൾ വല്ലാതെ വർദ്ധിച്ചു 

നാട്ടിൽ നടക്കുവാനാവതില്ലാതെയായ് 

പട്ടാപ്പകൽപോലുമെന്തുചെയ്യും ജനം?

 

II

“വീണിതല്ലോ കിടക്കുന്നു ധരണിയിൽ 

ശോണിതവുമണിഞ്ഞയ്യോ ശിവശിവ! 

നല്ല മരതകക്കല്ലിനോടൊത്തൊരു 

കല്യാണരൂപൻ കുമാരൻ മനോഹരൻ”.

 

ആരിവൻ പ്രാഗല്ഭ്യമേറുന്ന കോമളൻ 

താരുണ്യപൂർണ്ണൻ കുലീനതേജസ്വിയും!

നിർദ്ദയം നിഷ്ഠൂരന്മാരെന്തിനോ ചേർന്നു 

മർദ്ദിച്ച ലക്ഷ്യങ്ങളാപാദചൂഡമു- 

ണ്ടുത്തമാംഗത്തിലും വക്ഷസ്സിലും പരം 

രക്തം സ്രവിക്കും ക്ഷതങ്ങൾ ഭയങ്കരം! 

കാരുണ്യപൂർവ്വമായ് സേവനം നൽകുവാ- 

നാരുമില്ലന്തികേ, നിസ്സഹായൻ പുമാൻ. 

ആ ദീനരോദനം മന്ദിച്ചടങ്ങുന്നു

സാദമോ? മൂർച്ഛയോ? നിശ്ചേഷ്ടനാണവൻ. 

ചാരത്തതാ ഛിന്നഭിന്നമായ്ക്കാണുന്നു 

പാരം വിലപ്പെട്ട നല്ലോരു വാഹനം. 

ഉണ്ടായതെന്തെന്നു സത്യം ഗ്രഹിക്കുവാൻ 

കണ്ടില്ല ദൃക്സാക്ഷിയായിട്ടൊരുത്തനെ. 

കാഞ്ചനംമൂലമോ കാമിനിമൂലമോ

വൻ ചതിക്കേവം വിധേയനായ്ത്തീർന്നിവൻ 

പച്ചവെള്ളം ചുണ്ടിലെത്തിച്ചുകിട്ടുവാൻ 

സച്ചിന്മയൻ തന്നെയത്ഭുതം ചെയ്യണം. 

കാരുണ്യമൂർത്തിയാക്കാരണൻ കാണ്മതി- 

ല്ലീരംഗമെന്നോ? വരാവതല്ലങ്ങനെ. 

ആതുരൻ നീതിമാനെങ്കിലോ നിശ്ചയം 

നീതിസ്വരൂപൻ കൃപാഹസ്തമേകിടും. 

 

ദേവനാമം ജപിച്ചൊട്ടുദൂരത്തു നി- 

ന്നാവഴിക്കാരോ വരുന്നുണ്ടൊരധ്വഗൻ 

നീണ്ടുള്ള മീശയും കേശവും കാലുകൾ 

രണ്ടിലും തട്ടുന്ന കാഷായവസ്ത്രവും 

മേലോട്ടു മെല്ലെത്തുറക്കുന്ന ദൃഷ്ടിയും

ഭൂലോകമേതെന്നു കാണാത്ത ഭാവവും 

ആലോചനയ്ക്കേറെയാവശ്യമില്ലവൻ

ജാലവിദ്യക്കാരനല്ല യോഗീശ്വരൻ. 

ആലംബമെന്യേ കിടക്കും യുവാവിനെ- 

പ്പാലിക്കുവാനീശ്വരൻ വിട്ടയച്ചിതോ? 

മന്ദമന്ദം നടന്നെത്തിയാ രംഗത്തു

ചെന്നു, പെട്ടെന്നവൻ ഞെട്ടി സംഭ്രാന്തനായ്. 

പിന്നോക്കമല്പം കുതിച്ചൊന്നു മാറീട്ടു

പിന്നെയും സൂക്ഷിച്ചുനോക്കി ജിജ്ഞാസയാൽ. 

ജീവനും മൃത്യുവും തമ്മിൽ സമാഘാത- 

മാവുന്ന വീറോടു മുന്നേറിടുന്നതായ് 

കണ്ടുനന്നായ് ഗ്രഹിച്ചെങ്കിലും ചെയ്തില്ല 

വേണ്ടും സഹായങ്ങളൊന്നുമാ മസ്കരി. 

പെട്ടെന്നുതന്നെ കടന്നങ്ങു പോയവൻ 

കഷ്ടം! മനുഷ്യത്വമേതുമില്ലാത്തപോൽ. 

ബോധമില്ലാതുള്ള മട്ടിൽക്കിടക്കുന്ന 

സാധുവിക്കാര്യം ഗ്രഹിക്കയോ വല്ലതും? 

 

വീണ്ടും വരുന്നൊരാളങ്ങേവശത്തു നി- 

ന്നുണ്ടായകാര്യം ഗ്രഹിച്ചിട്ടുതന്നെയോ? 

നാട്ടിൽ പ്രമാണിയായ് നാലുപേരുള്ളട-

ത്തൊട്ടുക്കു കാണപ്പെടാറുള്ള ‘സമ്മേതൻ’, 

‘ശിഷ്ടനമ്മാവ’നെന്നെല്ലാവരും വിളി- 

ച്ചിട്ടും വിനീതഭാവം വിടാതുള്ളവൻ, 

ദുർഘടപ്രശ്നങ്ങളേതും സമാധാന- 

മാർഗ്ഗത്തിലാക്കി പ്രശസ്തിയാർജ്ജിച്ചവൻ, 

ആ ദേഹവും സംഭവസ്ഥലത്തെത്തിനി 

ന്നാ ദീനനേയുറ്റുനോക്കി നിചേഷ്ടനായ്. 

ആസന്നമൃത്യുവെന്നോർത്തിരിക്കാമവൻ 

ശ്വാസവും പാരം കുറുകുറെക്കേൾക്കയാൽ. 

“യൗവനപ്രായം, സ്വയംകൃതാനർത്ഥങ്ങ-

ളാവാമിതൊക്കെ”യെന്നിത്രയും വാക്കുകൾ

താനേ പറഞ്ഞർത്ഥഗർഭസ്വരത്തിലാ

മാനുഷൻ മാന്യൻ സ്ഥലം വിട്ടു സത്വരം. 

 

കഷ്ടമേ! ചിന്തിക്കിലീലോകനാടക- 

ത്തട്ടിലിക്കൂററ്റ രംഗങ്ങൾതന്നെയോ 

സംവിധാനം ചെയ്തിരിക്കുന്നതീശ്വരൻ? 

സംവേശമോ സത്യമോ കാണ്മതൊക്കെയും? 

സ്നേഹസ്വരൂപൻ മഹാകലാകാരനാ- 

ണാഹാര്യകാന്തിയേശാത്ത തേജോമയൻ. 

കാടുകാട്ടും നടന്മാരെയാ വിശ്വൈക- 

നാടകക്കാരൻ പടച്ചിറക്കീടുമോ? 

അല്ലെങ്കിലേറെ നാം ചിന്തിപ്പതെന്തിനാ- 

ണെല്ലാം വിപര്യയംകൊണ്ടു ശോഭിക്കണം. 

സപ്തവർണ്ണങ്ങളാൽ ശുക്രചാപം പരം 

ദീപ്തിമത്താകു,ന്നൊരേ വർണ്ണമാകിലോ? 

പഞ്ചവർണ്ണംകൊണ്ടു പഞ്ചവർണ്ണക്കിളി- 

ഞ്ചിതാകർഷകം രൂപം ലഭിക്കുന്നു. 

മർത്യവർഗ്ഗത്തിലും വ്യത്യസ്തരെത്തമ്മി- 

ലൊന്നിണക്കിച്ചേർത്തു ലോകപ്പെരുന്തച്ച- 

നെല്ലാം വിശേഷമാക്കീടുന്നതായ് വരാ- 

മെല്ലാവരും ദുഷ്ടരാകില്ല നിശ്ചയം. 

സജ്ജനം ലോകത്തിലെണ്ണമില്ലാതെയു- 

ണ്ടജ്ഞാതരാകാമനേകരെന്നേ വരൂ.

 

എത്തുന്നു പിന്നെയും സൂക്ഷിച്ചുനോക്കിയാൽ 

മർത്യകോലം മാത്രമുള്ള രണ്ടാളുകൾ. 

കണ്ണുകൾ താണും കപോലങ്ങളൊട്ടിയും 

ജീർണ്ണവസ്ത്രം പാതി ദേഹത്തു ചുറ്റിയും 

എണ്ണയും ചീപ്പുമായ് സമ്പർക്കമില്ലെന്നു 

നിർണ്ണയിക്കാവുന്ന കേശംപറത്തിയും 

ഒട്ടിക്കിടക്കുന്ന കുക്ഷിയിൽ കൈകൊണ്ടു

തട്ടിയും തപ്പിയും വേച്ചു വേച്ചങ്ങനെ 

കാട്ടുകമ്പൂന്നുകോലാക്കിയും ചില്ലറ- 

ക്കെട്ടുകൾ തോളിലും കൈയിലും തിങ്ങിയും

അർദ്ധജീവൻപോലുമില്ലാതെ നീങ്ങുന്ന 

നിർദ്ധനന്മാർ- വെറും യാചകന്മാരവർ. 

പൂഴിയാം ശയ്യമേലാസന്നമൃത്യുവായ്- 

കേഴും യുവാവിനെക്കണ്ടവർ ഭീതരായ്. 

സംസ്കാരമില്ലാത്ത സാധുക്കളെങ്കിലും 

നോക്കിനിന്നന്തികേ കൃത്യബോധംവിനാ. 

പൊട്ടിക്കരഞ്ഞുപോയേകൻ യുവാവിന്റെ 

മട്ടൊക്കെയും കണ്ടു ദീനാനുകമ്പയാൽ. 

മറ്റവൻ മന്ദം തലോടിയാ പൂമെയ്യി- 

ലിറ്റിറ്റു വീഴവേ കണ്ണുനീർത്തുള്ളികൾ. 

ചുണ്ടുകൾ മെല്ലെച്ചലിക്കുന്നു, ദേഹത്തി- 

നുണ്ടു ചൂടല്പം; സജീവനാണപ്പുമാ- 

നെന്നു സന്ദേഹംവിനാ ധരിച്ചക്ഷണം 

ചെന്നൊരാളംഭസ്സിലക്കുമ്പിളിൽകൊണ്ടു- 

വന്നു ചുണ്ടിൽത്തൊട്ടൊഴിക്കവേയന്യനും 

മന്ദമന്ദം തന്റെ ജീർണ്ണ വസ്ത്രംകൊണ്ടു 

വീശിത്തുടങ്ങി സസ്നേഹം നിനയ്ക്ക നാം 

കാശുകാരന്റെമേൽ സങ്കടാവസ്ഥയിൽ 

താലവൃന്തംപോലെ പാറിക്കളിക്കുന്ന- 

താലംബഹീനനാം ഭിക്ഷുവിന്നംശുകം. 

അപ്പൊഴും രക്തം സ്രവിക്കും ക്ഷതങ്ങൾക്കൊ- 

രല്പശുശ്രൂഷയായ് വേദനിപ്പിക്കാതെ

യൊപ്പിപ്പഴന്തുണിക്കീറ്റുകൊണ്ടാകിലും 

നിഷ്പ്രയാസം കെട്ടിയാ ദീനവത്സലർ. 

ദൂരെത്തകർന്നു കിടക്കുന്നു വാഹനം,

പാരം വിലപ്പെട്ട വസ്ത്രങ്ങൾകൂടെയും 

കീറിപ്പറിച്ചെറിഞ്ഞിട്ടിരിക്കുംവിധം 

മാറിക്കിടക്കുന്നതിന്റെയങ്ങേപ്പുറം.

കാണുന്ന സാഹചര്യംകൊണ്ടു കൈയേറ്റ- 

മാണെന്നു തീരുമാനിക്കാമസ്സംശയം.

“നമ്മളീമട്ടിലീക്കുഞ്ഞിനെക്കണ്ടിട്ടു 

ചുമ്മാതെപോകയോ?” തമ്മിൽപ്പറഞ്ഞവർ.

“ജീവനേ രക്ഷിച്ചെടുക്കുവാൻ നമ്മളാ 

ലാവതില്ലെങ്കിലും ദൈവമുണ്ടാശയം 

നീയിങ്ങിരിക്കണം, നാലുപൈസായെന്റെ 

കൈയിലുണ്ടിത്തിരിച്ചായ വാങ്ങിച്ചു ഞാൻ 

തൽക്ഷണം തന്നേ വരാം; കൊടുത്താൽക്കണ്ണു 

പക്ഷേ, തുറന്നേക്കുമെന്നു ചിന്തിപ്പൂ ഞാൻ”. 

“നാലുപൈസാകൊണ്ടു നാലുതുള്ളിച്ചായ 

പോലും ലഭിക്കാത്ത കാലമല്ലോ സഖേ, 

നാലുകൂടിത്തരാം ഞാ,നരയ്ക്കാൽത്തുടം 

പാലുകൂടിച്ചേർത്തു കൊണ്ടുപോന്നേക്കണേ”. 

 

ഈവിധം രണ്ടുപേരും ചേർന്നു ഹൃദ്യമാം 

സേവനം ചെയ്കയാലാശ്വസ്തനായവൻ

നേത്രങ്ങളുന്മീലിതങ്ങളായ്; നോക്കിയാ

മർത്യരെ പ്രജ്ഞയോടേതന്നെയാതുരൻ. 

അസ്പഷ്ടമായ് വചസ്സെന്തൊക്കെയോ പറ- 

ഞ്ഞാതിയെന്നുമാത്രം സ്രവിച്ചായവർ 

കൊണ്ടുപോവാനാശ പാരമുണ്ടെങ്കിലും 

കണ്ടില്ലതിനുള്ള മാർഗ്ഗങ്ങളൊന്നുമേ. 

താനേയെണീറ്റൊന്നിരിക്കാനുമാവാത്ത 

ദീനൻ യുവാവിനെത്തോളിലച്ചുമക്കുവാൻ

താനേനടക്കാനുമാരോഗ്യമില്ലാത്ത

മാനവന്മാർക്കു സാധിക്കുന്നതെങ്ങനെ? 

വാഹനത്തിൽകൊണ്ടുപോകുവാനേറെയു- 

ത്സാഹമുണ്ടെങ്കിലും കാശില്ല, സങ്കടം! 

നാലുപാടും നോക്കി നില്ക്കവേ പാടത്തു 

ജോലിക്കുപോകും മനുഷ്യരെക്കണ്ടവർ 

“ഓടിവായോ ജോലി പിന്നീടു ചെയ്തിടാ- 

മോടിവായോ സഹായിക്കുവാൻ ഞങ്ങളെ”

എന്നുരണ്ടാളും വിളിച്ച ശബ്ദം കേട്ടു

വന്നെത്തി തത്ര നാലഞ്ചുപേർ തൽക്ഷണം. 

കാര്യമെല്ലാം കേട്ടനങ്ങാതെ പോയി “തൻ 

കാര്യമേ കാര്യ”മെന്നോർത്തൊന്നു രണ്ടുപേർ. 

“താമസിച്ചെത്തിയാലേമാൻ പിണങ്ങു “മെ- 

ന്നാമന്ത്രണംചെയ്തിറങ്ങി വേറെ ചിലർ. 

ശേഷിച്ചവൻ തെല്ലു മുമ്പോട്ടു നീങ്ങിയാ- 

ശോഷിച്ചതോളിലെത്തൂമ്പാ കലപ്പയും 

താഴത്തിറക്കിവച്ചേറ്റം വിനീതനായ് 

പുഴിയിൽതന്നേ കിടക്കും യുവാവിന്റെ- 

യന്തികേയെത്തിക്കുനിഞ്ഞു ചോദിച്ചു ത-

ന്നന്തരംഗത്തിൽ കളങ്കമില്ലാത്തവൻ. 

“താങ്ങട്ടെയോയിത്തഴമ്പിച്ച കൈകളാ-

ലങ്ങയെ,ത്തോളിലേക്കൊന്നെടുക്കട്ടെയോ? 

എന്തുചെയ്യാമെൻ കറുത്ത ദേഹത്തിലി- 

ച്ചെന്താർതൊഴും മേനിയിപ്പോളുരുമ്മണം,” 

പ്രത്യുക്തി കിട്ടുവാൻ താമസിച്ചില്ലവൻ, 

സത്വരം കൈക്കുഞ്ഞിനെപ്പോലെതന്നെയാ 

മാണിക്യതുല്യനാം യൗവനക്കാരനെ-

പാണിയിൽത്താങ്ങിത്തിടുക്കനേയാ നരൻ 

തോളിൽക്കിടത്തിഗ്ഗമിക്കയായ്; ശക്തി നാ- 

ലാളിനെക്കാൾ പരസ്നേഹത്തിനുണ്ടെന്നു

കാണുവാൻപോലുമാ ഭിക്ഷുക്കളേയുള്ളു 

നാണിക്ക് വമ്പരേ, കേൾക്കും ധനാഢ്യരേ. 

 

സോദരാ, പോകുന്നതേതിടത്തേക്കെന്നു 

സാദരം ചോദിച്ച സാധുമർത്യന്മാർക്കൊ- 

രുത്തരംപോലും കൊടുക്കാതെ മുമ്പോട്ടു 

സത്വരം പോകയാണാ മർത്യവാഹകൻ

എന്നാലുമക്ഷീണരായ്ത്തന്നെയേതിനും 

സന്നദ്ധരായിട്ടു പിമ്പേ ഗമിച്ചവർ. 

പാരം കിതച്ചും വിയർത്തും കുറച്ചേറെ 

ദൂരം നടന്നവൻ മാടും കടമ്പയും 

വേലിയും പിന്നിട്ടു ലക്ഷ്യത്തിലെത്തി വൈ- 

ദ്യാലയത്തിൽ, പരം ചാരിതാർഥ്യത്തോടെ. 

“വൈദ്യരേ, രക്ഷിക്കണേ”യെന്നവൻ വിളി- 

ച്ചാദ്യമേതന്നെയനന്തരം ജീർണ്ണിച്ച 

മുണ്ടൊന്നൊരുത്തൻ വിരിച്ചിട്ടു തിണ്ണയിൽ 

രണ്ടുപേരും സഹായിച്ചിട്ടു രോഗിയേ 

താങ്ങിപ്പതുക്കെക്കിടത്തി മുമ്പോട്ടൊന്നു 

നീങ്ങാനുമാവാതിരുന്നുപോയ് വാഹകൻ. 

“വന്നൊന്നു നോക്കണേ രക്ഷിക്കണേ”യെന്നു 

പിന്നീടുമാർത്തസ്വരം മുഴങ്ങീടവേ 

“ആരെടാ ഭിക്ഷുക്കളോ വിളിക്കുന്നിത്ര 

നേരം വെളുക്കുന്നതിൻ മുമ്പുപ്രദവം! 

ദൂരത്തു നില്ക്കടാ കോലായിലേക്കിത്ര 

കേറിവന്നാണോ വിളിക്കുന്ന”തിങ്ങനെ 

ആരോ മുറിക്കുള്ളിൽ നിന്നു ചോദിച്ചേറെ

ഗൗരവത്തോടെയനിഷ്ടസ്വരത്തോടേ.

“രോഗിയെക്കൊണ്ടിങ്ങുവന്നതാണേ,യങ്ങു

വേഗം കവാടം തുറക്കണേ,യല്ലെങ്കി- 

ലാപത്തനല്പമായുണ്ടാകു”മെന്നല്‌പ 

കാപട്യമില്ലാതെ ചൊന്നവർ താഴ്മയായ്. 

മെല്ലെത്തുറക്കപ്പെടുന്നു വാതായനം

ഫുല്ലമാം പങ്കേരുഹംപോലൊരാനനം 

കാണുമാറായ് തത്ര, വീട്ടിന്നലങ്കാര- 

മാണെന്ന സംശയം ചൊല്ലേണ്ടൊരോമന. 

താർമങ്കതന്നേ ചെറുപ്പമായ് വന്നതെ-

ന്നോർമ്മിക്കുമാരുമക്കുഞ്ഞിനെക്കാണുകിൽ 

നാലാണിനെപ്പെറ്റ തള്ള പെൺകുഞ്ഞിനെ- 

പ്പാലൂട്ടിയോമനിക്കാൻ കൊതിച്ചീടവേ 

അമ്പിളിത്തെല്ലുപോലേവനും കണ്ണുകൾ- 

ക്കിമ്പം വളർത്തുമിക്കുഞ്ഞു ഭൂജാതയായ്. 

നാലേ വയസ്സുള്ള തങ്കക്കുമാരിക്കു 

‘സാലി’യെന്നാണു പേരെങ്കിലും വാത്സല്യ-

സാകല്യമാകയാലോമനപ്പേരുകൾ-

ക്കാകെപ്പറഞ്ഞാൽക്കണക്കില്ലനേകമാം 

ശീലമോ പാരം വിശേഷമല്ലോ നറും 

പാലിൽക്കലർന്നു തേനൊന്നായ മാധുരി 

കാണാമതിൽ, പിന്നെയെന്തു വർണ്ണിക്കണം? 

വേണോ വിളക്കൊന്നു സൂര്യനെക്കാണുവാൻ? 

നീളം കുറഞ്ഞും ചുരുണ്ടും മുഖത്തിന്റെ 

കാളുന്ന കാന്തിക്കു മാറ്റുകൂട്ടീടുവാൻ 

എത്തിച്ചലിക്കും ശിരോരുഹം കണ്ണുകൾ 

പൊത്തിയും കേളിയാടീടുന്നനേകധാ. 

ചേരുന്നു കൊച്ചുടുപ്പൊന്നു പൂമേനിയിൽ. 

ചേരേണ്ടമട്ടിലേറ്റം മനോഹാരിയായ്. 

കോലായിലേക്കൊന്നിറങ്ങിനിന്നിട്ടവൾ 

നാലാളെയും നോക്കി, വല്ലാതെയായ് മുഖം.

“പൊന്നുമോളേ,യെങ്ങുപോയി നീ?”യച്‌ഛനാ

പുന്നാരമോളേ വിളിച്ചു ചോദിച്ചുടൻ. 

“അമ്മയെക്കൂടാതിറങ്ങിയോ മുറ്റത്ത്? 

കണ്മണീ വീഴുമേ”യെന്നോതി പിന്നെയും. 

 

“നല്ല കുഞ്ഞല്ലേ,യകത്തുചെന്നച്ഛനെ- 

ശല്യപ്പെടുത്താതെ വേഗം വിളിച്ചിങ്ങു

കൊണ്ടുവന്നാലു”മെന്നാഗതന്മാരോതി,

മണ്ടിക്കഴിഞ്ഞകത്തേക്കു പൊന്നോമന. 

അപ്പൊഴും നിദ്രയെപ്പേർത്തുമാശ്ലേഷിച്ചു

തല്പത്തിലാണാപ്പിതാവെന്നു കാൺകയാൽ 

എത്തിപ്പിടിച്ചവൾ മഞ്ചത്തിലേറുവാൻ

ബദ്ധപ്പെടുന്നേരമുൽഫുല്ലനേത്രനായ് 

പുത്രിയേ നോക്കിപ്പിടഞ്ഞെണീറ്റാപ്പിതാ-

വുത്തുംഗവാത്സല്യപൂർവ്വം പുണർന്നുടൻ 

“എന്തുവേണം നിനക്കോമനേ?” വാത്സല്യ- 

മന്തരംഗത്തിൽക്കവിഞ്ഞു ചോദിച്ചവൻ. 

കുഞ്ഞിക്കരങ്ങളാൽ താതന്റെ കൈ പിടി-

ച്ചാഞ്ഞു നന്നായ് വലിച്ചിട്ടു ചൊന്നാളവൾ: 

“അച്ഛനിങ്ങോട്ടൊന്നു വന്നേ, കുറച്ചുപേ- 

രച്ഛനെക്കാണാൻ വിളിക്കുന്നു രോഗികൾ.

ചത്തുപോകാറായൊരാൾ, വേഗമങ്ങു ചെ- 

ന്നെത്തിച്ചികിത്സകൾ ചെയ്താൽ സുഖപ്പെടും.” 

മഞ്ചംവെടിഞ്ഞ ഭിഷഗ്വരൻ പെട്ടെന്നു 

പിഞ്ചുകുഞ്ഞിന്റെ പിന്നാലെ നടന്നുപോയ്. 

കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടു രോഗിയെ- 

ക്കാര്യമായ് സ്വീകരിച്ചേറ്റം ദയാലുവായ്.

 

മർമ്മാണി പാരംഗതൻ ഭിഷക്കെന്നല്ല 

ധാർമ്മികൻ, തെല്ലു മുൻകോപിയാണെങ്കിലും 

ദീനാനുകമ്പയിൽ ‘പാവുണ്ണി’വൈദ്യരേ 

നൂനം ജയിക്കില്ല മറ്റേതു വൈദ്യനും.

ഓരോന്നു ശാന്തനായ് ചോദിച്ചു രോഗിയോ- 

ടാരാഞ്ഞു സംഭവം പാരം ചുരുക്കമായ്. 

വൈദ്യന്റെയാനനം മ്ലാനമായ രോഗിക്കു

മർദ്ദനം വല്ലാതെയേറ്റതായ് കാൺകയാൽ 

വൈദ്യശാലയ്ക്കകത്തെത്തിച്ചു നല്ലോരു 

മെത്തയിൽത്തന്നേ കിടത്തിയാ രോഗിയെ.

 

“ഈശ്വരാനുഗ്രഹം!” വൈദ്യനാർ ദീർഘമായ്

നിശ്വസിച്ചോതി, വീണ്ടും തുടർന്നീവിധം:

നല്ലോരു കൊച്ചനേയീവിധം മർദ്ദിച്ചു 

കൊല്ലാതെയെങ്കിലും വിട്ടുപോയീടുവാൻ 

തോന്നിയോ കശ്മലന്മാർക്കു? ദൈവം തുണ- 

ച്ചെന്നതല്ലാതെ മറ്റൊന്നുമില്ലാതുവാൻ.”

 

III

നീണ്ടമാസമൊന്നു കഴിഞ്ഞൊരു സുപ്രഭാതം വന്നു 

പണ്ടില്ലാത്ത കതിരൊളി പ്രഭാവത്തോടേ 

തങ്കംപൂശിച്ചന്തംചേർത്തു പാർത്തലത്തേയാകമാനം

മങ്കയാളേ വിവാഹത്തിന്നൊരുക്കുംപോലെ. 

ഭൂമങ്കതൻ മാറിലിട്ട മംഗല്യസൂത്രമെന്നപോൽ 

ക്ഷേമസാകല്യമായ് ഹർമ്മ്യമൊന്നു ശോഭിച്ചു. 

കോടീശ്വരൻ ‘പ്രസാദി’ന്റെ മണിമേടയതാണെന്നു

നാടുകണ്ടിട്ടുള്ളാരെല്ലാമറിഞ്ഞിരിപ്പൂ.

ഇന്ദ്രപസ്ഥം ചെറുതായി വന്നിരിക്കുംപോലെ തോന്നു- 

മെന്നു ചൊന്നാലതിനൊത്ത വർണ്ണനയായി 

പലനില പ്രാസാദമുണ്ടെടുപ്പുകളനേകമു- 

ണ്ടലംകൃതമാണിന്നതു പതിവിലേറെ

ഒരു മഹാമേളമിന്നു നടക്കുന്നാ സദനത്തിൽ

നിരന്തരം സദിരുകളകലെക്കേൾക്കാം.

പടുക്കളാം പാചകന്മാരൊരുക്കുന്നു വിഭവങ്ങൾ 

തിടുക്കത്തിൽ; സദ്യയുണ്ടെന്നനുമാനിക്കാം. 

തുടരെവന്നെത്തിടുന്ന യാചകന്മാരുന്തിത്തള്ളി- 

പടിപ്പുരയ്ക്കകത്തെത്തി, നിറഞ്ഞു മുറ്റം. 

വിതതമാനസനായ മുതലാളി പ്രസാദപ്പോൾ

പുതുമന്ദസ്മിതത്തോടേയവിടെയെത്തി 

അനവധി മുതലിന്റെയവകാശിയേകപുത്രൻ 

കനകവിഗ്രഹതുല്യൻ സവിധേ നിന്നു. 

പൊന്മകനേ മാറോടണച്ചാശ്ലേഷിച്ച പിതാവിന്റെ 

കണ്മണികളാറുപോലെയൊഴുകി ബാഷ്പം. 

വെള്ളമണൽ വിരിച്ചിട്ട വിശാലമാമങ്കണത്തി- 

ലുള്ള പന്തൽ നിറയുന്ന യാചകന്മാരെ 

‘സഹോദരന്മാരേ’യെന്നു സംബോധനചെയ്തുകൊണ്ടു 

മഹാശയൻ മുതലാളി ഗദ്ഗദത്തോടേ

ഉരചെയ്ത സന്ദേശങ്ങളറിയേണ്ടതാണു ലോകം 

ദരിദ്രരുമതേവിധം സമ്പന്നന്മാരും.

“നിർദ്ധനരാം സോദരരേ, നിങ്ങളല്ലോ ഭാഗ്യവാന്മാ- 

രിദ്ധരയിൽ മുതൽക്കൂട്ടു ശാശ്വതമല്ല.

ഭവിതവ്യഭവികങ്ങൾ-പരലോകസമ്പാദ്യങ്ങ- 

ളവസാനിക്കില്ലെന്നറിഞ്ഞതു നേടേണം 

കടന്നുപോകുന്ന രംഗമിതു വെറും ചലച്ചിത്രം 

പിടിച്ചാലും നില്ക്കാതുള്ള ക്ഷണികദൃശ്യം 

ധനികന്റെ സമ്പാദ്യങ്ങൾ ദരിദ്രനും ന്യായമായി- 

ട്ടനുഭവിക്കണം ദൈവഹിതാനുസാരം.

മനശ്ശുദ്ധിയുള്ളവരായ് മനുഷ്യരെല്ലാരുമെന്നും 

മനുഷ്യസ്നേഹികളായാൽ ഭുവനം സ്വർഗ്ഗം.” 

നിരത്തിയാപ്പന്തിലിൻകീഴിരുത്തിക്കൊണ്ടവർക്കായി

വരുത്തിസൂക്ഷിച്ചിരുന്ന വസനമെല്ലാം

എടുത്തെടുത്തോരോ വ്യക്തിക്കുചിതംപോൽ പ്രഭുതന്നെ 

കൊടുത്തു തൻ കരങ്ങളാലുദാരശീലൻ.

അതിനൊത്തു പിതാവിന്റെനിഴൽപോലെ നീങ്ങിക്കൊണ്ടു 

സുതൻ നിറകൈയായ് നാണ്യം കൊടുത്തിരുന്നു. 

മുതലാളിയാജ്ഞാപിച്ചു: “നിങ്ങളെന്റെയതിഥികൾ 

പുതുവസ്ത്രം മോടിയായി ധരിക്ക വേഗം.” 

അനല്പവിസ്മയമുണ്ടായ് യാചകർക്കിന്നോളമൊരു 

ധനികനുമിതേവിധം കൊടുത്തിട്ടില്ല.

വഴിനീളെയാളുവിട്ടു വിളിപ്പിച്ചു ഭിക്ഷുക്കളേ 

മുഴുവനും മുതലാളി കൊടുക്കുന്നല്ലോ.

തെരിക്കനേയെല്ലാവരും കല്പനപോൽ കോടി ചാർത്തി

ഇരിക്കവേയോരോ തൂശൻ നിരന്നുമുമ്പിൽ

വിളമ്പുന്നു ഭൃത്യവർഗ്ഗം വിശിഷ്ടഭോജ്യങ്ങളെല്ലാം 

കളങ്കലേശമില്ലാത്ത സൽക്കാരം കേമം!

അതുമല്ല യാചകരോടൊത്തിരുന്നു കഴിക്കുന്നു, 

മുതലാളി, നന്ദനനും പന്തിഭോജനം.

മതിവരെക്കഴിച്ചിട്ടു കുറച്ചിലെന്നോർത്തിടാതെ

പൊതികെട്ടുന്നൊട്ടേറെപ്പേർ; യാചകരല്ലേ?

 

“കൊച്ചുമുതലാളി’പ്രഭുപ്രസാദിന്റെയോമസുതൻ 

പിച്ചക്കാരാം സദസ്യരേ സാദരം നോക്കി

ഉരചെയ്തു “നിങ്ങൾക്കു ഞാൻ കൃതജ്ഞതാസന്ദേശങ്ങ-

ഉരുളുന്നു നല്ലവരാം സഹോദരരേ,

അതിവൃഷ്ടിനിമിത്തമായ് നാടുനീളെ ക്ഷാമംബാധി-

ച്ചതു കണ്ടു ജനതയ്ക്കു സഹായം നല്കാൻ

നല്ലവനാം പിതാവിന്റെയുദാരസമ്മതത്തോടേ- 

യല്ലിലിറങ്ങിത്തിരിച്ചു വാഹനത്തിൽ ഞാൻ.

കൊള്ളക്കാരാൽ മർദ്ദിതനായവശനായ് കൈവശത്തി-

ലുള്ളതെല്ലാം നഷ്ടപ്പെട്ടു നിരത്തിൽ വീണു.

വരളുന്ന ചുണ്ടിലെനിക്കൊരുതുള്ളി വെള്ളം വീഴ്ത്തി-

ത്തരുവാനന്നുണ്ടായത് യാചകരത്രേ

‘നിങ്ങളെന്റെ സഹോദരർ’ എന്നല്ലാതെയതിലേറെ 

ഭംഗിവാക്കു പറവാൻ ഞാൻ കരുതുന്നില്ല. 

നിർദ്ധനരായിരുന്നാലും ഹൃദയത്തിൽ പരസ്നേഹം 

വർദ്ധമാനസമ്പത്തായിസ്സൂക്ഷിക്ക നിങ്ങൾ. “

ആയുരാരോഗ്യാദിയെല്ലാം നല്ല മുതലാളിക്കവ- 

രാശംസിച്ചു സംതൃപ്തരായ് പിരിഞ്ഞുപോയി. 

രണ്ടുപേരെ വിശേഷമായ് ഹാരമണിയിച്ചു വീട്ടിൽ 

കൊണ്ടുപോയിസ്സപ്രമഞ്ചത്തിന്മേലിരുത്തി. 

അതിരില്ലാതുള്ള ധനം മണിമേടകളുംനല്കി 

മുതലാളിയവരെത്തൻ സഖാക്കളാക്കി.

 

പാവുണ്ണിവൈദ്യരുമൊരു ബഹുമാന്യാതിഥിയായി-

ട്ടാ വീട്ടിലുണ്ടെന്നത്തേയാത്തൊഴിലാളിയും.

പ്രഭുപ്രസാദവർക്കെല്ലാം സമീചീനസൽക്കാരങ്ങ- 

ളഭിമാനപൂർവ്വം നല്കി സമ്മാനങ്ങളും.

കൃതജ്ഞതാപ്രകാശനമാവർത്തിച്ചു തെല്ലുമൊരു 

മതിവരാതുള്ള മട്ടിൽ പിതാസുതന്മാർ.

ഏഴുനിലപ്രാസാദത്തിന്റെ മുകളിൽ നിന്നപ്പോൾ താഴേ-

യ്ക്കൊഴുകിവന്നെത്തുന്നൊരു സമൂഹഗാനം.

“പരിശുദ്ധ പരസ്നേഹം വിജയിക്ക വിജയിക്ക 

ധരണിയെ സ്വർഗ്ഗമാക്കിയിക്ക മേന്മേൽ! ” 

ഇടതടവില്ലാതൊരു കനകവീണയിൽക്കൂടി- 

ത്തുടരുകയാണാ നല്ലമധുരഗാനം.

അദൃശ്യരാം ഗായകന്മാരക്ഷീണരായ്പ്പാട്ടുന്നതിൻ 

പ്രതിദ്ധ്വനി നീണ്ടുനില്പൂ ജഗത്തിലെന്നും.

 

സുഹൃത്തുക്കൾ

നല്ലോരുഷസ്സിന്റെ യാഗമം; കൂരിരു- 

ട്ടെല്ലാമകന്നകന്നെങ്ങോ മറഞ്ഞുപോയ്, 

ഉല്ലാസമേകും വസന്തമെത്തീടവേ

മെല്ലെ സ്ഥലംവിടും ശീതർത്തുവെന്നപോൽ. 

‘കൊക്കരക്കോ’യെന്നഹംഭാവകൂജനം 

കുക്കുടക്കൂട്ടം തുടർന്നതില്ലെങ്ങുമേ

ദിക്കെട്ടുമാകമ്രകാന്തിപ്രവാഹത്തിൽ 

മുക്കുന്നു ബാലാർക്കനെന്തിനോ ചന്തമായ്. 

“കാലവർഷത്തിന്റെ ധിക്കാരനർത്തനം 

മൂലം വിനാശങ്ങൾ സംഭവിച്ചെങ്കിലും 

വേണ്ടാ നിരാശ നാം വേലചെയ്തീടുകിൽ 

വീണ്ടും വരും ഭാവി ശോഭായമാനമായ്. 

എന്നോതി മർത്യരേയാശ്വസിപ്പിക്കുവാൻ 

വന്നതാവാം പ്രഭാതം സമാകർഷകം. 

പട്ടിണിപ്പാവങ്ങളാലംബഹീനരാ-

യൊട്ടല്ല നാട്ടിലെന്നേവം ധനാഢ്യരെ- 

ക്കാട്ടിക്കൊടുക്കേണ്ടതിന്നായ് ദയാലുവാം 

കുട്ടിമാർത്താണ്ഡൻ ശ്രമിപ്പതായും വരാം. 

 

ഗംഭീരവൃഷ്ടിയും പർവ്വതംപൊട്ടലും 

സംഭൂതമായിട്ടുമെത്തുന്ന വാരിയിൽ 

മുങ്ങിത്തടാകങ്ങളായി കേദാരങ്ങ- 

ളെങ്ങും; കൃഷീവലന്മാരെന്തുചെയ്തിടും?

ചെറ്റയെല്ലാമൊഴുക്കിൽപ്പെട്ടു,തന്നെയ- 

ല്ലുറ്റ മിത്രങ്ങളും പോയ സാധുക്കളെ 

കേറ്റിക്കിടത്തുവാനാരുണ്ടു ഭക്ഷണം 

ചെറ്റു നല്കാനും മനുഷ്യത്വമുള്ളവർ? 

എല്ലാം നശിച്ചിട്ടു ജീവിക്കുവാനാശ- 

യില്ലാതെയായ്ത്തീർന്ന ലക്ഷപ്രഭുക്കളും 

കോടീശ്വരന്മാരുമുള്ളിലെത്തീ കെടു- 

ത്തീടുവാനാകാതെ മാറത്തു കൈവച്ചു

കേഴുന്നു, ദൈവം കൃപാമൂർത്തിയല്ലയോ? 

താഴുന്നു സാവധാനത്തിലാ വെള്ളവും

ചാകാതെ ചാകുന്ന സോദരന്മാർക്കെന്തു-

മേകാൻ സഹായിച്ചു സാന്ത്വനം നല്കുവാൻ

സന്നദ്ധരായ് പരം ധർമ്മിഷ്ഠരായ് ചിലർ 

ചെന്നെത്തിടുന്നുണ്ടനേകം സ്ഥലങ്ങളിൽ. 

ഭക്ഷണം, വസ്ത്രം, കിടപ്പിടം തീർക്കുവാൻ 

പക്ഷേ, കുറച്ചൊക്കെ നാണയംകൂടിയും 

രാവിന്റെ മൂടാടയാകും തമസ്സുകൊ- 

ണ്ടാവുംവിധം മറച്ചുദ്ദിഷ്ട ലക്ഷ്യത്തി- 

ലെത്തിച്ചു ശീഘം മടങ്ങും കൃതാർത്ഥരായ് 

പ്രത്യുഷദീപ്തിയെക്കണ്ടുമുട്ടാതെയും. 

ചെയ്യുന്ന സൽകൃത്യമെന്തെന്നുമാരെന്നു- 

മാ യാമിനീദേവി കാണുന്നു കേവലം. 

“അർത്ഥിക്കു ദാനം വലത്തുകൈ നല്കുന്ന- 

തജ്ഞാതമാകണം വാമഹസ്തത്തിനും” 

എന്നുള്ള സൂക്തം പവിത്രം പഠിച്ചുള്ള 

ധന്യരത്രേ വിശാലാശയന്മാരവർ. 

ഏറ്റം നിഗൂഢമായ് ചെയ്യുന്നതൊക്കെയും 

തെറ്റാതിരുട്ടിലും കണ്ടിരിക്കുന്നവൻ 

സ്വർഗ്ഗസ്ഥനാം പിതാവെത്രയോ നല്ലവൻ! 

തക്ക സമ്മാനങ്ങൾ നല്കിടും ശാശ്വതം. 

 

എന്നാലതിന്നിടയ്ക്കക്രമം കൊള്ളയും 

മുന്നേറിടുന്നുണ്ടനേകം സ്ഥലങ്ങളിൽ. 

വാഹനം തല്ലിത്തകർത്തും കഠോരമായ് 

വാഹകന്മാരെ മർദ്ദിച്ചും പലപ്പൊഴും 

കൊണ്ടുപോകുന്ന സാമാനങ്ങളാക്രമി- 

ച്ചുണ്ടാക്കിടും ധനംകൊണ്ടു വിത്തേശരായ് 

സമ്പൂർണ്ണ സൗഭഗം സ്വാധീനമാക്കുവാൻ 

വെമ്പുന്ന വർഗ്ഗങ്ങൾ വല്ലാതെ വർദ്ധിച്ചു 

നാട്ടിൽ നടക്കുവാനാവതില്ലാതെയായ് 

പട്ടാപ്പകൽപോലുമെന്തുചെയ്യും ജനം?

 

II

“വീണിതല്ലോ കിടക്കുന്നു ധരണിയിൽ 

ശോണിതവുമണിഞ്ഞയ്യോ ശിവശിവ! 

നല്ല മരതകക്കല്ലിനോടൊത്തൊരു 

കല്യാണരൂപൻ കുമാരൻ മനോഹരൻ”.

 

ആരിവൻ പ്രാഗല്ഭ്യമേറുന്ന കോമളൻ 

താരുണ്യപൂർണ്ണൻ കുലീനതേജസ്വിയും!

നിർദ്ദയം നിഷ്ഠൂരന്മാരെന്തിനോ ചേർന്നു 

മർദ്ദിച്ച ലക്ഷ്യങ്ങളാപാദചൂഡമു- 

ണ്ടുത്തമാംഗത്തിലും വക്ഷസ്സിലും പരം 

രക്തം സ്രവിക്കും ക്ഷതങ്ങൾ ഭയങ്കരം! 

കാരുണ്യപൂർവ്വമായ് സേവനം നൽകുവാ- 

നാരുമില്ലന്തികേ, നിസ്സഹായൻ പുമാൻ. 

ആ ദീനരോദനം മന്ദിച്ചടങ്ങുന്നു

സാദമോ? മൂർച്ഛയോ? നിശ്ചേഷ്ടനാണവൻ. 

ചാരത്തതാ ഛിന്നഭിന്നമായ്ക്കാണുന്നു 

പാരം വിലപ്പെട്ട നല്ലോരു വാഹനം. 

ഉണ്ടായതെന്തെന്നു സത്യം ഗ്രഹിക്കുവാൻ 

കണ്ടില്ല ദൃക്സാക്ഷിയായിട്ടൊരുത്തനെ. 

കാഞ്ചനംമൂലമോ കാമിനിമൂലമോ

വൻ ചതിക്കേവം വിധേയനായ്ത്തീർന്നിവൻ 

പച്ചവെള്ളം ചുണ്ടിലെത്തിച്ചുകിട്ടുവാൻ 

സച്ചിന്മയൻ തന്നെയത്ഭുതം ചെയ്യണം. 

കാരുണ്യമൂർത്തിയാക്കാരണൻ കാണ്മതി- 

ല്ലീരംഗമെന്നോ? വരാവതല്ലങ്ങനെ. 

ആതുരൻ നീതിമാനെങ്കിലോ നിശ്ചയം 

നീതിസ്വരൂപൻ കൃപാഹസ്തമേകിടും. 

 

ദേവനാമം ജപിച്ചൊട്ടുദൂരത്തു നി- 

ന്നാവഴിക്കാരോ വരുന്നുണ്ടൊരധ്വഗൻ 

നീണ്ടുള്ള മീശയും കേശവും കാലുകൾ 

രണ്ടിലും തട്ടുന്ന കാഷായവസ്ത്രവും 

മേലോട്ടു മെല്ലെത്തുറക്കുന്ന ദൃഷ്ടിയും

ഭൂലോകമേതെന്നു കാണാത്ത ഭാവവും 

ആലോചനയ്ക്കേറെയാവശ്യമില്ലവൻ

ജാലവിദ്യക്കാരനല്ല യോഗീശ്വരൻ. 

ആലംബമെന്യേ കിടക്കും യുവാവിനെ- 

പ്പാലിക്കുവാനീശ്വരൻ വിട്ടയച്ചിതോ? 

മന്ദമന്ദം നടന്നെത്തിയാ രംഗത്തു

ചെന്നു, പെട്ടെന്നവൻ ഞെട്ടി സംഭ്രാന്തനായ്. 

പിന്നോക്കമല്പം കുതിച്ചൊന്നു മാറീട്ടു

പിന്നെയും സൂക്ഷിച്ചുനോക്കി ജിജ്ഞാസയാൽ. 

ജീവനും മൃത്യുവും തമ്മിൽ സമാഘാത- 

മാവുന്ന വീറോടു മുന്നേറിടുന്നതായ് 

കണ്ടുനന്നായ് ഗ്രഹിച്ചെങ്കിലും ചെയ്തില്ല 

വേണ്ടും സഹായങ്ങളൊന്നുമാ മസ്കരി. 

പെട്ടെന്നുതന്നെ കടന്നങ്ങു പോയവൻ 

കഷ്ടം! മനുഷ്യത്വമേതുമില്ലാത്തപോൽ. 

ബോധമില്ലാതുള്ള മട്ടിൽക്കിടക്കുന്ന 

സാധുവിക്കാര്യം ഗ്രഹിക്കയോ വല്ലതും? 

 

വീണ്ടും വരുന്നൊരാളങ്ങേവശത്തു നി- 

ന്നുണ്ടായകാര്യം ഗ്രഹിച്ചിട്ടുതന്നെയോ? 

നാട്ടിൽ പ്രമാണിയായ് നാലുപേരുള്ളട-

ത്തൊട്ടുക്കു കാണപ്പെടാറുള്ള ‘സമ്മേതൻ’, 

‘ശിഷ്ടനമ്മാവ’നെന്നെല്ലാവരും വിളി- 

ച്ചിട്ടും വിനീതഭാവം വിടാതുള്ളവൻ, 

ദുർഘടപ്രശ്നങ്ങളേതും സമാധാന- 

മാർഗ്ഗത്തിലാക്കി പ്രശസ്തിയാർജ്ജിച്ചവൻ, 

ആ ദേഹവും സംഭവസ്ഥലത്തെത്തിനി 

ന്നാ ദീനനേയുറ്റുനോക്കി നിചേഷ്ടനായ്. 

ആസന്നമൃത്യുവെന്നോർത്തിരിക്കാമവൻ 

ശ്വാസവും പാരം കുറുകുറെക്കേൾക്കയാൽ. 

“യൗവനപ്രായം, സ്വയംകൃതാനർത്ഥങ്ങ-

ളാവാമിതൊക്കെ”യെന്നിത്രയും വാക്കുകൾ

താനേ പറഞ്ഞർത്ഥഗർഭസ്വരത്തിലാ

മാനുഷൻ മാന്യൻ സ്ഥലം വിട്ടു സത്വരം. 

 

കഷ്ടമേ! ചിന്തിക്കിലീലോകനാടക- 

ത്തട്ടിലിക്കൂററ്റ രംഗങ്ങൾതന്നെയോ 

സംവിധാനം ചെയ്തിരിക്കുന്നതീശ്വരൻ? 

സംവേശമോ സത്യമോ കാണ്മതൊക്കെയും? 

സ്നേഹസ്വരൂപൻ മഹാകലാകാരനാ- 

ണാഹാര്യകാന്തിയേശാത്ത തേജോമയൻ. 

കാടുകാട്ടും നടന്മാരെയാ വിശ്വൈക- 

നാടകക്കാരൻ പടച്ചിറക്കീടുമോ? 

അല്ലെങ്കിലേറെ നാം ചിന്തിപ്പതെന്തിനാ- 

ണെല്ലാം വിപര്യയംകൊണ്ടു ശോഭിക്കണം. 

സപ്തവർണ്ണങ്ങളാൽ ശുക്രചാപം പരം 

ദീപ്തിമത്താകു,ന്നൊരേ വർണ്ണമാകിലോ? 

പഞ്ചവർണ്ണംകൊണ്ടു പഞ്ചവർണ്ണക്കിളി- 

ഞ്ചിതാകർഷകം രൂപം ലഭിക്കുന്നു. 

മർത്യവർഗ്ഗത്തിലും വ്യത്യസ്തരെത്തമ്മി- 

ലൊന്നിണക്കിച്ചേർത്തു ലോകപ്പെരുന്തച്ച- 

നെല്ലാം വിശേഷമാക്കീടുന്നതായ് വരാ- 

മെല്ലാവരും ദുഷ്ടരാകില്ല നിശ്ചയം. 

സജ്ജനം ലോകത്തിലെണ്ണമില്ലാതെയു- 

ണ്ടജ്ഞാതരാകാമനേകരെന്നേ വരൂ.

 

എത്തുന്നു പിന്നെയും സൂക്ഷിച്ചുനോക്കിയാൽ 

മർത്യകോലം മാത്രമുള്ള രണ്ടാളുകൾ. 

കണ്ണുകൾ താണും കപോലങ്ങളൊട്ടിയും 

ജീർണ്ണവസ്ത്രം പാതി ദേഹത്തു ചുറ്റിയും 

എണ്ണയും ചീപ്പുമായ് സമ്പർക്കമില്ലെന്നു 

നിർണ്ണയിക്കാവുന്ന കേശംപറത്തിയും 

ഒട്ടിക്കിടക്കുന്ന കുക്ഷിയിൽ കൈകൊണ്ടു

തട്ടിയും തപ്പിയും വേച്ചു വേച്ചങ്ങനെ 

കാട്ടുകമ്പൂന്നുകോലാക്കിയും ചില്ലറ- 

ക്കെട്ടുകൾ തോളിലും കൈയിലും തിങ്ങിയും

അർദ്ധജീവൻപോലുമില്ലാതെ നീങ്ങുന്ന 

നിർദ്ധനന്മാർ- വെറും യാചകന്മാരവർ. 

പൂഴിയാം ശയ്യമേലാസന്നമൃത്യുവായ്- 

കേഴും യുവാവിനെക്കണ്ടവർ ഭീതരായ്. 

സംസ്കാരമില്ലാത്ത സാധുക്കളെങ്കിലും 

നോക്കിനിന്നന്തികേ കൃത്യബോധംവിനാ. 

പൊട്ടിക്കരഞ്ഞുപോയേകൻ യുവാവിന്റെ 

മട്ടൊക്കെയും കണ്ടു ദീനാനുകമ്പയാൽ. 

മറ്റവൻ മന്ദം തലോടിയാ പൂമെയ്യി- 

ലിറ്റിറ്റു വീഴവേ കണ്ണുനീർത്തുള്ളികൾ. 

ചുണ്ടുകൾ മെല്ലെച്ചലിക്കുന്നു, ദേഹത്തി- 

നുണ്ടു ചൂടല്പം; സജീവനാണപ്പുമാ- 

നെന്നു സന്ദേഹംവിനാ ധരിച്ചക്ഷണം 

ചെന്നൊരാളംഭസ്സിലക്കുമ്പിളിൽകൊണ്ടു- 

വന്നു ചുണ്ടിൽത്തൊട്ടൊഴിക്കവേയന്യനും 

മന്ദമന്ദം തന്റെ ജീർണ്ണ വസ്ത്രംകൊണ്ടു 

വീശിത്തുടങ്ങി സസ്നേഹം നിനയ്ക്ക നാം 

കാശുകാരന്റെമേൽ സങ്കടാവസ്ഥയിൽ 

താലവൃന്തംപോലെ പാറിക്കളിക്കുന്ന- 

താലംബഹീനനാം ഭിക്ഷുവിന്നംശുകം. 

അപ്പൊഴും രക്തം സ്രവിക്കും ക്ഷതങ്ങൾക്കൊ- 

രല്പശുശ്രൂഷയായ് വേദനിപ്പിക്കാതെ

യൊപ്പിപ്പഴന്തുണിക്കീറ്റുകൊണ്ടാകിലും 

നിഷ്പ്രയാസം കെട്ടിയാ ദീനവത്സലർ. 

ദൂരെത്തകർന്നു കിടക്കുന്നു വാഹനം,

പാരം വിലപ്പെട്ട വസ്ത്രങ്ങൾകൂടെയും 

കീറിപ്പറിച്ചെറിഞ്ഞിട്ടിരിക്കുംവിധം 

മാറിക്കിടക്കുന്നതിന്റെയങ്ങേപ്പുറം.

കാണുന്ന സാഹചര്യംകൊണ്ടു കൈയേറ്റ- 

മാണെന്നു തീരുമാനിക്കാമസ്സംശയം.

“നമ്മളീമട്ടിലീക്കുഞ്ഞിനെക്കണ്ടിട്ടു 

ചുമ്മാതെപോകയോ?” തമ്മിൽപ്പറഞ്ഞവർ.

“ജീവനേ രക്ഷിച്ചെടുക്കുവാൻ നമ്മളാ 

ലാവതില്ലെങ്കിലും ദൈവമുണ്ടാശയം 

നീയിങ്ങിരിക്കണം, നാലുപൈസായെന്റെ 

കൈയിലുണ്ടിത്തിരിച്ചായ വാങ്ങിച്ചു ഞാൻ 

തൽക്ഷണം തന്നേ വരാം; കൊടുത്താൽക്കണ്ണു 

പക്ഷേ, തുറന്നേക്കുമെന്നു ചിന്തിപ്പൂ ഞാൻ”. 

“നാലുപൈസാകൊണ്ടു നാലുതുള്ളിച്ചായ 

പോലും ലഭിക്കാത്ത കാലമല്ലോ സഖേ, 

നാലുകൂടിത്തരാം ഞാ,നരയ്ക്കാൽത്തുടം 

പാലുകൂടിച്ചേർത്തു കൊണ്ടുപോന്നേക്കണേ”. 

 

ഈവിധം രണ്ടുപേരും ചേർന്നു ഹൃദ്യമാം 

സേവനം ചെയ്കയാലാശ്വസ്തനായവൻ

നേത്രങ്ങളുന്മീലിതങ്ങളായ്; നോക്കിയാ

മർത്യരെ പ്രജ്ഞയോടേതന്നെയാതുരൻ. 

അസ്പഷ്ടമായ് വചസ്സെന്തൊക്കെയോ പറ- 

ഞ്ഞാതിയെന്നുമാത്രം സ്രവിച്ചായവർ 

കൊണ്ടുപോവാനാശ പാരമുണ്ടെങ്കിലും 

കണ്ടില്ലതിനുള്ള മാർഗ്ഗങ്ങളൊന്നുമേ. 

താനേയെണീറ്റൊന്നിരിക്കാനുമാവാത്ത 

ദീനൻ യുവാവിനെത്തോളിലച്ചുമക്കുവാൻ

താനേനടക്കാനുമാരോഗ്യമില്ലാത്ത

മാനവന്മാർക്കു സാധിക്കുന്നതെങ്ങനെ? 

വാഹനത്തിൽകൊണ്ടുപോകുവാനേറെയു- 

ത്സാഹമുണ്ടെങ്കിലും കാശില്ല, സങ്കടം! 

നാലുപാടും നോക്കി നില്ക്കവേ പാടത്തു 

ജോലിക്കുപോകും മനുഷ്യരെക്കണ്ടവർ 

“ഓടിവായോ ജോലി പിന്നീടു ചെയ്തിടാ- 

മോടിവായോ സഹായിക്കുവാൻ ഞങ്ങളെ”

എന്നുരണ്ടാളും വിളിച്ച ശബ്ദം കേട്ടു

വന്നെത്തി തത്ര നാലഞ്ചുപേർ തൽക്ഷണം. 

കാര്യമെല്ലാം കേട്ടനങ്ങാതെ പോയി “തൻ 

കാര്യമേ കാര്യ”മെന്നോർത്തൊന്നു രണ്ടുപേർ. 

“താമസിച്ചെത്തിയാലേമാൻ പിണങ്ങു “മെ- 

ന്നാമന്ത്രണംചെയ്തിറങ്ങി വേറെ ചിലർ. 

ശേഷിച്ചവൻ തെല്ലു മുമ്പോട്ടു നീങ്ങിയാ- 

ശോഷിച്ചതോളിലെത്തൂമ്പാ കലപ്പയും 

താഴത്തിറക്കിവച്ചേറ്റം വിനീതനായ് 

പുഴിയിൽതന്നേ കിടക്കും യുവാവിന്റെ- 

യന്തികേയെത്തിക്കുനിഞ്ഞു ചോദിച്ചു ത-

ന്നന്തരംഗത്തിൽ കളങ്കമില്ലാത്തവൻ. 

“താങ്ങട്ടെയോയിത്തഴമ്പിച്ച കൈകളാ-

ലങ്ങയെ,ത്തോളിലേക്കൊന്നെടുക്കട്ടെയോ? 

എന്തുചെയ്യാമെൻ കറുത്ത ദേഹത്തിലി- 

ച്ചെന്താർതൊഴും മേനിയിപ്പോളുരുമ്മണം,” 

പ്രത്യുക്തി കിട്ടുവാൻ താമസിച്ചില്ലവൻ, 

സത്വരം കൈക്കുഞ്ഞിനെപ്പോലെതന്നെയാ 

മാണിക്യതുല്യനാം യൗവനക്കാരനെ-

പാണിയിൽത്താങ്ങിത്തിടുക്കനേയാ നരൻ 

തോളിൽക്കിടത്തിഗ്ഗമിക്കയായ്; ശക്തി നാ- 

ലാളിനെക്കാൾ പരസ്നേഹത്തിനുണ്ടെന്നു

കാണുവാൻപോലുമാ ഭിക്ഷുക്കളേയുള്ളു 

നാണിക്ക് വമ്പരേ, കേൾക്കും ധനാഢ്യരേ. 

 

സോദരാ, പോകുന്നതേതിടത്തേക്കെന്നു 

സാദരം ചോദിച്ച സാധുമർത്യന്മാർക്കൊ- 

രുത്തരംപോലും കൊടുക്കാതെ മുമ്പോട്ടു 

സത്വരം പോകയാണാ മർത്യവാഹകൻ

എന്നാലുമക്ഷീണരായ്ത്തന്നെയേതിനും 

സന്നദ്ധരായിട്ടു പിമ്പേ ഗമിച്ചവർ. 

പാരം കിതച്ചും വിയർത്തും കുറച്ചേറെ 

ദൂരം നടന്നവൻ മാടും കടമ്പയും 

വേലിയും പിന്നിട്ടു ലക്ഷ്യത്തിലെത്തി വൈ- 

ദ്യാലയത്തിൽ, പരം ചാരിതാർഥ്യത്തോടെ. 

“വൈദ്യരേ, രക്ഷിക്കണേ”യെന്നവൻ വിളി- 

ച്ചാദ്യമേതന്നെയനന്തരം ജീർണ്ണിച്ച 

മുണ്ടൊന്നൊരുത്തൻ വിരിച്ചിട്ടു തിണ്ണയിൽ 

രണ്ടുപേരും സഹായിച്ചിട്ടു രോഗിയേ 

താങ്ങിപ്പതുക്കെക്കിടത്തി മുമ്പോട്ടൊന്നു 

നീങ്ങാനുമാവാതിരുന്നുപോയ് വാഹകൻ. 

“വന്നൊന്നു നോക്കണേ രക്ഷിക്കണേ”യെന്നു 

പിന്നീടുമാർത്തസ്വരം മുഴങ്ങീടവേ 

“ആരെടാ ഭിക്ഷുക്കളോ വിളിക്കുന്നിത്ര 

നേരം വെളുക്കുന്നതിൻ മുമ്പുപ്രദവം! 

ദൂരത്തു നില്ക്കടാ കോലായിലേക്കിത്ര 

കേറിവന്നാണോ വിളിക്കുന്ന”തിങ്ങനെ 

ആരോ മുറിക്കുള്ളിൽ നിന്നു ചോദിച്ചേറെ

ഗൗരവത്തോടെയനിഷ്ടസ്വരത്തോടേ.

“രോഗിയെക്കൊണ്ടിങ്ങുവന്നതാണേ,യങ്ങു

വേഗം കവാടം തുറക്കണേ,യല്ലെങ്കി- 

ലാപത്തനല്പമായുണ്ടാകു”മെന്നല്‌പ 

കാപട്യമില്ലാതെ ചൊന്നവർ താഴ്മയായ്. 

മെല്ലെത്തുറക്കപ്പെടുന്നു വാതായനം

ഫുല്ലമാം പങ്കേരുഹംപോലൊരാനനം 

കാണുമാറായ് തത്ര, വീട്ടിന്നലങ്കാര- 

മാണെന്ന സംശയം ചൊല്ലേണ്ടൊരോമന. 

താർമങ്കതന്നേ ചെറുപ്പമായ് വന്നതെ-

ന്നോർമ്മിക്കുമാരുമക്കുഞ്ഞിനെക്കാണുകിൽ 

നാലാണിനെപ്പെറ്റ തള്ള പെൺകുഞ്ഞിനെ- 

പ്പാലൂട്ടിയോമനിക്കാൻ കൊതിച്ചീടവേ 

അമ്പിളിത്തെല്ലുപോലേവനും കണ്ണുകൾ- 

ക്കിമ്പം വളർത്തുമിക്കുഞ്ഞു ഭൂജാതയായ്. 

നാലേ വയസ്സുള്ള തങ്കക്കുമാരിക്കു 

‘സാലി’യെന്നാണു പേരെങ്കിലും വാത്സല്യ-

സാകല്യമാകയാലോമനപ്പേരുകൾ-

ക്കാകെപ്പറഞ്ഞാൽക്കണക്കില്ലനേകമാം 

ശീലമോ പാരം വിശേഷമല്ലോ നറും 

പാലിൽക്കലർന്നു തേനൊന്നായ മാധുരി 

കാണാമതിൽ, പിന്നെയെന്തു വർണ്ണിക്കണം? 

വേണോ വിളക്കൊന്നു സൂര്യനെക്കാണുവാൻ? 

നീളം കുറഞ്ഞും ചുരുണ്ടും മുഖത്തിന്റെ 

കാളുന്ന കാന്തിക്കു മാറ്റുകൂട്ടീടുവാൻ 

എത്തിച്ചലിക്കും ശിരോരുഹം കണ്ണുകൾ 

പൊത്തിയും കേളിയാടീടുന്നനേകധാ. 

ചേരുന്നു കൊച്ചുടുപ്പൊന്നു പൂമേനിയിൽ. 

ചേരേണ്ടമട്ടിലേറ്റം മനോഹാരിയായ്. 

കോലായിലേക്കൊന്നിറങ്ങിനിന്നിട്ടവൾ 

നാലാളെയും നോക്കി, വല്ലാതെയായ് മുഖം.

“പൊന്നുമോളേ,യെങ്ങുപോയി നീ?”യച്‌ഛനാ

പുന്നാരമോളേ വിളിച്ചു ചോദിച്ചുടൻ. 

“അമ്മയെക്കൂടാതിറങ്ങിയോ മുറ്റത്ത്? 

കണ്മണീ വീഴുമേ”യെന്നോതി പിന്നെയും. 

 

“നല്ല കുഞ്ഞല്ലേ,യകത്തുചെന്നച്ഛനെ- 

ശല്യപ്പെടുത്താതെ വേഗം വിളിച്ചിങ്ങു

കൊണ്ടുവന്നാലു”മെന്നാഗതന്മാരോതി,

മണ്ടിക്കഴിഞ്ഞകത്തേക്കു പൊന്നോമന. 

അപ്പൊഴും നിദ്രയെപ്പേർത്തുമാശ്ലേഷിച്ചു

തല്പത്തിലാണാപ്പിതാവെന്നു കാൺകയാൽ 

എത്തിപ്പിടിച്ചവൾ മഞ്ചത്തിലേറുവാൻ

ബദ്ധപ്പെടുന്നേരമുൽഫുല്ലനേത്രനായ് 

പുത്രിയേ നോക്കിപ്പിടഞ്ഞെണീറ്റാപ്പിതാ-

വുത്തുംഗവാത്സല്യപൂർവ്വം പുണർന്നുടൻ 

“എന്തുവേണം നിനക്കോമനേ?” വാത്സല്യ- 

മന്തരംഗത്തിൽക്കവിഞ്ഞു ചോദിച്ചവൻ. 

കുഞ്ഞിക്കരങ്ങളാൽ താതന്റെ കൈ പിടി-

ച്ചാഞ്ഞു നന്നായ് വലിച്ചിട്ടു ചൊന്നാളവൾ: 

“അച്ഛനിങ്ങോട്ടൊന്നു വന്നേ, കുറച്ചുപേ- 

രച്ഛനെക്കാണാൻ വിളിക്കുന്നു രോഗികൾ.

ചത്തുപോകാറായൊരാൾ, വേഗമങ്ങു ചെ- 

ന്നെത്തിച്ചികിത്സകൾ ചെയ്താൽ സുഖപ്പെടും.” 

മഞ്ചംവെടിഞ്ഞ ഭിഷഗ്വരൻ പെട്ടെന്നു 

പിഞ്ചുകുഞ്ഞിന്റെ പിന്നാലെ നടന്നുപോയ്. 

കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടു രോഗിയെ- 

ക്കാര്യമായ് സ്വീകരിച്ചേറ്റം ദയാലുവായ്.

 

മർമ്മാണി പാരംഗതൻ ഭിഷക്കെന്നല്ല 

ധാർമ്മികൻ, തെല്ലു മുൻകോപിയാണെങ്കിലും 

ദീനാനുകമ്പയിൽ ‘പാവുണ്ണി’വൈദ്യരേ 

നൂനം ജയിക്കില്ല മറ്റേതു വൈദ്യനും.

ഓരോന്നു ശാന്തനായ് ചോദിച്ചു രോഗിയോ- 

ടാരാഞ്ഞു സംഭവം പാരം ചുരുക്കമായ്. 

വൈദ്യന്റെയാനനം മ്ലാനമായ രോഗിക്കു

മർദ്ദനം വല്ലാതെയേറ്റതായ് കാൺകയാൽ 

വൈദ്യശാലയ്ക്കകത്തെത്തിച്ചു നല്ലോരു 

മെത്തയിൽത്തന്നേ കിടത്തിയാ രോഗിയെ.

 

“ഈശ്വരാനുഗ്രഹം!” വൈദ്യനാർ ദീർഘമായ്

നിശ്വസിച്ചോതി, വീണ്ടും തുടർന്നീവിധം:

നല്ലോരു കൊച്ചനേയീവിധം മർദ്ദിച്ചു 

കൊല്ലാതെയെങ്കിലും വിട്ടുപോയീടുവാൻ 

തോന്നിയോ കശ്മലന്മാർക്കു? ദൈവം തുണ- 

ച്ചെന്നതല്ലാതെ മറ്റൊന്നുമില്ലാതുവാൻ.”

 

III

നീണ്ടമാസമൊന്നു കഴിഞ്ഞൊരു സുപ്രഭാതം വന്നു 

പണ്ടില്ലാത്ത കതിരൊളി പ്രഭാവത്തോടേ 

തങ്കംപൂശിച്ചന്തംചേർത്തു പാർത്തലത്തേയാകമാനം

മങ്കയാളേ വിവാഹത്തിന്നൊരുക്കുംപോലെ. 

ഭൂമങ്കതൻ മാറിലിട്ട മംഗല്യസൂത്രമെന്നപോൽ 

ക്ഷേമസാകല്യമായ് ഹർമ്മ്യമൊന്നു ശോഭിച്ചു. 

കോടീശ്വരൻ ‘പ്രസാദി’ന്റെ മണിമേടയതാണെന്നു

നാടുകണ്ടിട്ടുള്ളാരെല്ലാമറിഞ്ഞിരിപ്പൂ.

ഇന്ദ്രപസ്ഥം ചെറുതായി വന്നിരിക്കുംപോലെ തോന്നു- 

മെന്നു ചൊന്നാലതിനൊത്ത വർണ്ണനയായി 

പലനില പ്രാസാദമുണ്ടെടുപ്പുകളനേകമു- 

ണ്ടലംകൃതമാണിന്നതു പതിവിലേറെ

ഒരു മഹാമേളമിന്നു നടക്കുന്നാ സദനത്തിൽ

നിരന്തരം സദിരുകളകലെക്കേൾക്കാം.

പടുക്കളാം പാചകന്മാരൊരുക്കുന്നു വിഭവങ്ങൾ 

തിടുക്കത്തിൽ; സദ്യയുണ്ടെന്നനുമാനിക്കാം. 

തുടരെവന്നെത്തിടുന്ന യാചകന്മാരുന്തിത്തള്ളി- 

പടിപ്പുരയ്ക്കകത്തെത്തി, നിറഞ്ഞു മുറ്റം. 

വിതതമാനസനായ മുതലാളി പ്രസാദപ്പോൾ

പുതുമന്ദസ്മിതത്തോടേയവിടെയെത്തി 

അനവധി മുതലിന്റെയവകാശിയേകപുത്രൻ 

കനകവിഗ്രഹതുല്യൻ സവിധേ നിന്നു. 

പൊന്മകനേ മാറോടണച്ചാശ്ലേഷിച്ച പിതാവിന്റെ 

കണ്മണികളാറുപോലെയൊഴുകി ബാഷ്പം. 

വെള്ളമണൽ വിരിച്ചിട്ട വിശാലമാമങ്കണത്തി- 

ലുള്ള പന്തൽ നിറയുന്ന യാചകന്മാരെ 

‘സഹോദരന്മാരേ’യെന്നു സംബോധനചെയ്തുകൊണ്ടു 

മഹാശയൻ മുതലാളി ഗദ്ഗദത്തോടേ

ഉരചെയ്ത സന്ദേശങ്ങളറിയേണ്ടതാണു ലോകം 

ദരിദ്രരുമതേവിധം സമ്പന്നന്മാരും.

“നിർദ്ധനരാം സോദരരേ, നിങ്ങളല്ലോ ഭാഗ്യവാന്മാ- 

രിദ്ധരയിൽ മുതൽക്കൂട്ടു ശാശ്വതമല്ല.

ഭവിതവ്യഭവികങ്ങൾ-പരലോകസമ്പാദ്യങ്ങ- 

ളവസാനിക്കില്ലെന്നറിഞ്ഞതു നേടേണം 

കടന്നുപോകുന്ന രംഗമിതു വെറും ചലച്ചിത്രം 

പിടിച്ചാലും നില്ക്കാതുള്ള ക്ഷണികദൃശ്യം 

ധനികന്റെ സമ്പാദ്യങ്ങൾ ദരിദ്രനും ന്യായമായി- 

ട്ടനുഭവിക്കണം ദൈവഹിതാനുസാരം.

മനശ്ശുദ്ധിയുള്ളവരായ് മനുഷ്യരെല്ലാരുമെന്നും 

മനുഷ്യസ്നേഹികളായാൽ ഭുവനം സ്വർഗ്ഗം.” 

നിരത്തിയാപ്പന്തിലിൻകീഴിരുത്തിക്കൊണ്ടവർക്കായി

വരുത്തിസൂക്ഷിച്ചിരുന്ന വസനമെല്ലാം

എടുത്തെടുത്തോരോ വ്യക്തിക്കുചിതംപോൽ പ്രഭുതന്നെ 

കൊടുത്തു തൻ കരങ്ങളാലുദാരശീലൻ.

അതിനൊത്തു പിതാവിന്റെനിഴൽപോലെ നീങ്ങിക്കൊണ്ടു 

സുതൻ നിറകൈയായ് നാണ്യം കൊടുത്തിരുന്നു. 

മുതലാളിയാജ്ഞാപിച്ചു: “നിങ്ങളെന്റെയതിഥികൾ 

പുതുവസ്ത്രം മോടിയായി ധരിക്ക വേഗം.” 

അനല്പവിസ്മയമുണ്ടായ് യാചകർക്കിന്നോളമൊരു 

ധനികനുമിതേവിധം കൊടുത്തിട്ടില്ല.

വഴിനീളെയാളുവിട്ടു വിളിപ്പിച്ചു ഭിക്ഷുക്കളേ 

മുഴുവനും മുതലാളി കൊടുക്കുന്നല്ലോ.

തെരിക്കനേയെല്ലാവരും കല്പനപോൽ കോടി ചാർത്തി

ഇരിക്കവേയോരോ തൂശൻ നിരന്നുമുമ്പിൽ

വിളമ്പുന്നു ഭൃത്യവർഗ്ഗം വിശിഷ്ടഭോജ്യങ്ങളെല്ലാം 

കളങ്കലേശമില്ലാത്ത സൽക്കാരം കേമം!

അതുമല്ല യാചകരോടൊത്തിരുന്നു കഴിക്കുന്നു, 

മുതലാളി, നന്ദനനും പന്തിഭോജനം.

മതിവരെക്കഴിച്ചിട്ടു കുറച്ചിലെന്നോർത്തിടാതെ

പൊതികെട്ടുന്നൊട്ടേറെപ്പേർ; യാചകരല്ലേ?

 

“കൊച്ചുമുതലാളി’പ്രഭുപ്രസാദിന്റെയോമസുതൻ 

പിച്ചക്കാരാം സദസ്യരേ സാദരം നോക്കി

ഉരചെയ്തു “നിങ്ങൾക്കു ഞാൻ കൃതജ്ഞതാസന്ദേശങ്ങ-

ഉരുളുന്നു നല്ലവരാം സഹോദരരേ,

അതിവൃഷ്ടിനിമിത്തമായ് നാടുനീളെ ക്ഷാമംബാധി-

ച്ചതു കണ്ടു ജനതയ്ക്കു സഹായം നല്കാൻ

നല്ലവനാം പിതാവിന്റെയുദാരസമ്മതത്തോടേ- 

യല്ലിലിറങ്ങിത്തിരിച്ചു വാഹനത്തിൽ ഞാൻ.

കൊള്ളക്കാരാൽ മർദ്ദിതനായവശനായ് കൈവശത്തി-

ലുള്ളതെല്ലാം നഷ്ടപ്പെട്ടു നിരത്തിൽ വീണു.

വരളുന്ന ചുണ്ടിലെനിക്കൊരുതുള്ളി വെള്ളം വീഴ്ത്തി-

ത്തരുവാനന്നുണ്ടായത് യാചകരത്രേ

‘നിങ്ങളെന്റെ സഹോദരർ’ എന്നല്ലാതെയതിലേറെ 

ഭംഗിവാക്കു പറവാൻ ഞാൻ കരുതുന്നില്ല. 

നിർദ്ധനരായിരുന്നാലും ഹൃദയത്തിൽ പരസ്നേഹം 

വർദ്ധമാനസമ്പത്തായിസ്സൂക്ഷിക്ക നിങ്ങൾ. “

ആയുരാരോഗ്യാദിയെല്ലാം നല്ല മുതലാളിക്കവ- 

രാശംസിച്ചു സംതൃപ്തരായ് പിരിഞ്ഞുപോയി. 

രണ്ടുപേരെ വിശേഷമായ് ഹാരമണിയിച്ചു വീട്ടിൽ 

കൊണ്ടുപോയിസ്സപ്രമഞ്ചത്തിന്മേലിരുത്തി. 

അതിരില്ലാതുള്ള ധനം മണിമേടകളുംനല്കി 

മുതലാളിയവരെത്തൻ സഖാക്കളാക്കി.

 

പാവുണ്ണിവൈദ്യരുമൊരു ബഹുമാന്യാതിഥിയായി-

ട്ടാ വീട്ടിലുണ്ടെന്നത്തേയാത്തൊഴിലാളിയും.

പ്രഭുപ്രസാദവർക്കെല്ലാം സമീചീനസൽക്കാരങ്ങ- 

ളഭിമാനപൂർവ്വം നല്കി സമ്മാനങ്ങളും.

കൃതജ്ഞതാപ്രകാശനമാവർത്തിച്ചു തെല്ലുമൊരു 

മതിവരാതുള്ള മട്ടിൽ പിതാസുതന്മാർ.

ഏഴുനിലപ്രാസാദത്തിന്റെ മുകളിൽ നിന്നപ്പോൾ താഴേ-

യ്ക്കൊഴുകിവന്നെത്തുന്നൊരു സമൂഹഗാനം.

“പരിശുദ്ധ പരസ്നേഹം വിജയിക്ക വിജയിക്ക 

ധരണിയെ സ്വർഗ്ഗമാക്കിയിക്ക മേന്മേൽ! ” 

ഇടതടവില്ലാതൊരു കനകവീണയിൽക്കൂടി- 

ത്തുടരുകയാണാ നല്ലമധുരഗാനം.

അദൃശ്യരാം ഗായകന്മാരക്ഷീണരായ്പ്പാട്ടുന്നതിൻ 

പ്രതിദ്ധ്വനി നീണ്ടുനില്പൂ ജഗത്തിലെന്നും.