ഒരു ശിശുവിന്റെ പ്രാർത്ഥന

ഒരുനാളൊരു കൊച്ചുകുട്ടിതൻ
പ്രിയമാതാവിനു ദീനമാകയാൽ,
നിതരാം വ്യസനത്തിലാണ്ടിരു-
ന്നിതരാലംബനമാരുമെന്നിയേ.
ചെറുപൈതലവന്നഹോ വയ-
സ്സൊരു മൂന്നിൽ പരമില്ല, നിശ്ചയം,
പിതൃലാളനയാസ്വദിക്കതും
വിധിതൻ ദുഷ്ടതയാലസാദ്ധ്യമായ്
സഹജാതരുമാരുമില്ല; തൻ
ഭവനം നിർധനമത്രമാത്രമോ!
അയൽവാസികൾ ദുഷ്ടർ, പിന്നെയ-
ച്ചെറുതാം ബാലകനെന്തുചെയ്തിടും!
വളരുന്ന വിശപ്പുകൊണ്ടവൻ
തളരും കാഴ്ചയിലാർദ്രചിത്തനായ്,
അരികത്തു വിളിച്ചു പുത്രനെ-
ത്തരുണീമാർമണിയമ്മ, രോഗിണി.
തനിയേ നിജശത്രുവിട്ടവൾ-
ക്കെഴുന്നേല്ക്കാൻ കഴിയാമൂലമായ്,
ഒഴുകുന്നൊരു കണ്ണുനീരോടേ
തഴുകിപ്പായിലിരുത്തി പുത്രനെ.
ഒരു ചുംബനമമ്മതൻ മുഖ-
ത്തരുളീട്ടേറ്റ മടുത്തിരുന്നവൻ,
തലചാച്ചു ശയിച്ചു മാറില-
സ്സതിതൻ ഹൃത്തു കുളുർത്തിടുംവിധം.
ഇടതിങ്ങിയ ചിന്തയാലുമ
ക്കൊടുതാകും രുജയാലുമാർത്തയായ്,
മകനേ മുറുകെപ്പുണർന്നുകൊ-
ണ്ടലസാപാംഗി കിടന്നരക്ഷണം.
“അഖിലേശ്വര, പാഹി, പാഹി,”യെ-
ന്നറിയാതർത്ഥനചെയ്തുപോയവൾ.
ചെറുപൈതലിനാ സ്വരം ശ്രവി-
ച്ചൊരു പൂർവ്വതി വന്നുദിച്ചുടൻ.
“ഒരു സംഗതിയോർത്തിടുന്നു ഞാ-
നിനിയമ്മച്ചി കരഞ്ഞിടേണ്ടിദം;
വരുവേനുട,” നെന്നുരച്ചവൻ
പുരുമോദത്തോടു ചാടിയോടിനാൻ.
“എവിടേക്കു ഗമിച്ചിടുന്നു”വെ-
ന്നവൾ ചോദിച്ചതു കേട്ടിടാതവൻ
ചൊടിയോടു തകർത്തു പാഞ്ഞുപോയ്,
മടവാർമൗലിയതീവഭീതയായ്.
“ദിനനായകനസ്തമിച്ചിതാ,
തനിയേയോമനയെങ്ങു പോയിതോ?
ഉയരുന്നതുമില്ല ശബ്ദമെ-
ന്നരുമക്കണ്മണിയേ വിളിക്കുവാൻ.
വഴിയിൽബ്ബത വല്ല പട്ടിയോ
പശുവോ വന്നെതിരിട്ടുകൊൾകയോ,
ചെറുകാലുകൾ കല്ലിൽ മുട്ടിയ-
റയിൽത്തന്നെ മറിഞ്ഞുവീഴ്ചയോ!
പിണയാൻ പലതുണ്ടബദ്ധമെ-
ന്നരുമക്കുഞ്ഞിനു, ദീനരക്ഷകാ!
തുണയറ്റവരെത്തുണയ്ക്കുമ-
ക്കരുണക്കണ്ണുകൾ മാത്രമാശ്രയം.”
ജനയിത്രി പരിഭ്രമിച്ചിദം
വലയും വേളയിലക്കിശോരകൻ,
എവിടേക്കു ഗമിച്ചതായ് വരാ-
മവനെത്തന്നെ തുടർന്നു പോക നാം.
അരികത്തൊരു കൊച്ചുപള്ളിയു-
ണ്ടവിടേക്കായവനോടിടുന്നിതാ,
വികൃതിക്കു തിരിച്ചതല്ലവൻ,
കലുഷസ്പർശമെഴാത്ത ബാലകൻ.
ഇരുകൈകളുമൂന്നിയും, പരം
വിഷമിച്ചും, വലുതായ കല്പടി
പലതും കയറീട്ടു പള്ളിത-
ന്നരികേ ശീഘ്രമണഞ്ഞു ബാലകൻ.
ഒരു വാതിൽ തുറന്നു കണ്ടുടൻ
മടിയെന്യേയകമേ കടന്നവൻ;
ചെറുമുട്ടുകളൂന്നിയാനില-
ത്തരുമക്കൈകളണച്ചു നെഞ്ചിലും.
പരമാർത്ഥതയാൽ വിളങ്ങുമാ
നയനങ്ങൾ ദൃഢമായ് പതിച്ചവൻ
ബലിപീഠമതിന്നുമേലിരി-
പ്പൊരു ‘സക്രാരി’യതിന്റെ വാതിലിൽ.
മനുജാകൃതി പൂണ്ടിറങ്ങിവ-
ന്നൊരു “മാലാഖ’കണക്കിതേവിധം,
ഒരു പത്തു മിനിട്ടു നേരമാ-
നിലയിൽത്തന്നെ കഴിച്ചു ബാലകൻ.
“ചെറുകുട്ടികളെ പ്രിയപ്പെടു-
ന്നൊരു കുഞ്ഞുണ്ണിയെയൊന്നു കാണണം
മമ സങ്കടമാകെയോതണം,
മടിവേണ്ടങ്ങു ദയാലുവല്ലയോ?
പരമാർത്ഥതയോടിരക്കുവോർ-
ക്കരുളും വേണ്ടതു സർവ്വമെന്നിദം,
പിറവിത്തിരുനാളിനമ്മ ചൊ-
ന്നൊരുവാക്യത്തെ മറന്നതില്ല ഞാൻ.
അവിടുന്നു വസിച്ചിടുന്നൊരാ
മുറിയോ തെല്ലുയരത്തിലാകയാൽ,
അതിലെൻ ചെറുകൈകളെത്തുകി-
ല്ലതിനെന്തോന്നിഹ ചെയ്തിടേണ്ടു ഞാൻ?
ഇതുമട്ടു നിനച്ചു മന്ദമ-
ങ്ങെഴുന്നേറ്റപ്പരമാർത്ഥി ബാലകൻ,
ബലിപീഠമതിന്നടുത്തു ചെ-
ന്നകമേ നിസ്തുലഭക്തിയുക്തനായ്.
ഒരു നല്ല കസേരനീക്കിയി-
ട്ടതിലേറീട്ടൊരു ശങ്കയെന്നിയേ,
പരിപാവനവേദികയ്ക്കുമേൽ
കയറിച്ചേലൊടിരുന്നു ബാലകൻ.
ചെറുകൈകളിലൊന്നുയർത്തിയാ
ചെറുസാരിയതിന്റെ വാതിലിൽ,
മൃദുവായൊരു മുട്ടുമുട്ടിയി-
ട്ടവിടെത്തനചെവിവച്ചു പാർത്തവൻ.
ഒരു ശബ്ദവുമില്ല, പൈതലാ
ക്രിയയെത്തന്നെ തുടർന്നു പിന്നെയും;
ഫലമില്ലതിലെന്നു കണ്ടവൻ
വിനയത്തോടു പറഞ്ഞിതേവിധം:
“ചെറുകുട്ടികളെ പ്രിയപ്പെടു-
ന്നൊരു കുഞ്ഞുണ്ണിയുറങ്ങിടുന്നുവോ?
അഥവാ മുറിപൂട്ടിയേകനായ്
വെളിയിൽ പോയ വിഹരിച്ചിടുന്നുവോ?
ചെറുപൈതലിവൻ വിളിക്കുമീ
വിളികേൾക്കായതിനെന്തു കാരണം?
മുറിയൊന്നു തുറക്കണേ കനി-
ഞ്ഞൊരു സന്താപമുണർത്തിടട്ടെ ഞാൻ.”
ഉടനത്ഭുതമുള്ളിൽനിന്നു കേ-
ട്ടൊരു ശബ്ദം സുരലോകമോഹനം!
സരളം, മൃദുലം, സുധാരസം
കരളിൽ ചേർത്തിതു പൈതലിന്നഹോ!
“മമ കുഞ്ഞുസഹോദരാ സദാ
നിവസിക്കുന്നിഹ ദിവ്യപൈതൽ ഞാൻ:
കളിയും കുളിയുണുറക്കമെ-
ന്നവയിപ്പൈതലിനില്ലൊരിക്കലും.
പരമാർത്ഥത, ജീവനുള്ളതാ-
മൊരു വിശ്വാസവുമുള്ളവർക്കുടൻ,
കുറവെന്നിയെ വേണ്ടതൊക്കെയ-
ങ്ങരുളും സ്നേഹിതനേകനാണു ഞാൻ.
പറയാം തവ വാഞ്ഛിതങ്ങളെൻ
പ്രിയകുഞ്ഞേ, മടിവേണ്ട തെല്ലുമേ.
ചെറുകുട്ടികളെന്റെയിഷ്ടരാ-
ണതു മുമ്പേയറിയാത്തതല്ല നീ. “
കരളിൽ കലരുന്ന ഭക്തിയോ
ടുടനേ ബാലകനോതിയീവിധം:
“പനികൊണ്ടു വലഞ്ഞിടുന്നൊരെൻ
ജനയിത്രിക്കു സുഖം ലഭിക്കണം.
അതുമല്ല വിശപ്പിനപ്പവും
തരണേ ഞങ്ങൾ ദരിദ്രരാകയാൽ.
അതു രണ്ടുമെനിക്കു പോരുമെൻ
പ്രിയകുഞ്ഞുണ്ണി കനിഞ്ഞിടേണമേ!
“തരുവേനിതു രണ്ടുമാശ്വസി-
ച്ചുടനേ പോകുക വീട്ടിലേക്കു നീ.”
അവനീ മറുവാക്കു കേട്ടലം
കുതുകത്തോടു മടങ്ങിയപ്പൊഴേ.
ഇരുളുന്നതിനൊട്ടു മുന്നമേ
നിജഗേഹത്തിലണഞ്ഞു ബാലകൻ,
വിവരങ്ങളശേഷമമ്മയോ-
ടുരചെയ്താനൊരു ഭേദമെന്നിയേ.
“ഇവനെന്തു കിനാവു കണ്ടുവോ!
വെറുതേ വല്ലതുമോതിടുന്നുവോ?!
അഥവാ പരമാർത്ഥമോയിതെ”-
ന്നവൾ ശങ്കിച്ചു പലതരത്തിലും.
നിമിഷങ്ങളൊരഞ്ചുപത്തു ചെ-
ന്നവിടേക്കാഗതരായി രണ്ടുപേർ:
ഒരു മദ്ധ്യവയസ്കനാരി, മ-
റ്റൊരു മാന്യൻ യുവകോമളൻ പുമാൻ.
പരിചാരകരുണ്ടു രണ്ടുപേർ,
ചുമടും രണ്ടവർ കൊണ്ടുവന്നുടൻ
വിനയത്തൊടിറക്കി തിണ്ണമേൽ,
പലഹാരം പഴമാദിയായവ.
ജഗദീശ്വരസൽകൃപാമൃത-
പ്പുഴയിൽ താനൊരു സാധു രോഗിണി,
കവിയും പ്രതിനന്ദി കണ്ണുനീർ-
വഴിയായ് പാരമൊഴുക്കി മെത്തയിൽ.
“ബഹുമാന്യതയുള്ള നിങ്ങളെ
സ്ഥിതിപോലെങ്ങനെ സൽക്കരിച്ചു ഞാൻ?
ഇവൾ സാധുവെണീറ്റിരിപ്പിടം
തരുവാൻ പോലുമശക്ത, രോഗിണി. “
ഗൃഹനായികയീവിധം തുടർ-
ന്നൊരു നല്ലോരുപചാരവാക്കുകൾ
മധുരം കലരും വചസ്സിനാ-
ലുടനേതന്നെ തടുത്തു മറ്റവൾ.
അവരോതി, “കിടന്നുകൊള്ളണം
മകളേ, നിൻ ജനയിത്രിയെന്നു മാം
കരുതീടണ,മിന്നു നിന്നെ ഞാൻ
പരിരക്ഷിക്കുവതെന്റെ ധർമ്മമാം.
ഒരു പുത്രികണക്കുതന്നെ നീ
പുരുമോദത്തൊടെനിക്കു ചെയ്തൊരാ
പരിചര്യകളേതുനാളിലും
തരുണീരമെ, ഞാൻ മറക്കുമോ?
ഒരു ശമ്പളമന്നു ഞാൻ നിന-
ക്കരുമക്കണ്മണി, തന്നുവെങ്കിലും
ശരിയായ് പ്രതി നന്ദി കാട്ടുവാ-
നിവിടേക്കെന്നെയയച്ചിതീശ്വരൻ.
ഇവനെന്മകനാണു, ഡോക്ടരാ-
ണിവനേ നീയറിയുന്നതില്ലയോ?
മദിരാശിയിലാണു ജോലിയി-
ന്നതിനായ് പോവുകയാണു സത്വരം.
ഒരു കൊച്ചനതീവസുന്ദരൻ
വഴിമദ്ധ്യേയൊരുമിക്കമൂലമായ്
അവനോതിയറിഞ്ഞു നിന്റെ യീ-
സ്ഥിതിയെല്ലാ, മതു ദൈവകല്പിതം,
അതിനാലിഹ വന്നു കാണുവാ-
നിടയായ്, വേണ്ട സഹായമൊക്കെയും
ഒരു തള്ളയൊടൊപ്പമിന്നു ചെ-
യ്തിടുവാൻതന്നെയൊരുക്കമാണു ഞാൻ.
ചെറുപൈതലിവൻ വലഞ്ഞിടു-
ന്നതു കേട്ടെൻ ഹൃദയം തകർന്നുപോയ്.
വരികെന്നരികത്തു വത്സലാ,
തരുവേൻ വേണ്ടതു സർവ്വമിന്നു ഞാൻ.”
അനുകമ്പയൊടക്കുമാരനേ-
യരികിൽ ചേർത്തു പുണർന്നു മങ്കയാൾ;
പലഹാരമെടുത്തു കൊച്ചു കൈ-
യ്ക്കകമേ വച്ചവളോമനിച്ചു തേ!
അഥ, രോഗിണി താൻ ശയിച്ചീടു-
ന്നൊരു മെത്തയ്ക്കരികേയിരുന്നവൾ,
ഉടനെത്തി’യൊരുഷ്ണമാപിനി’-
ക്കുഴലും കൊണ്ടരികത്തു ഡോക്ടരും.
അധികം പറയുന്നതെന്തിനാ
വിധവയ്ക്കും ചെറുകുഞ്ഞിനു ശുഭം
അഖിലേശ്വരനേകി;യാശ്രയി-
പ്പവരെ താൻ കനിവോടു കാത്തിടും.
പരമാർത്ഥതയോടിരന്നൊരാ
ശിശുവിൻ പ്രാർത്ഥനയെത്ര ഭംഗിയായ്
ഉടനേ നിറവേറി,യീവിധം
പെരുമാറീടുകിലേവനും ശുഭം.
(1927)
