Padikkenda Padam

പഠിക്കേണ്ട പാഠം


പെരിയ കീർത്തിയീ ധരണിയിലെങ്ങും 

പരത്തിവാഴുന്ന വരനദിഗംഗ- 

യ്‌ക്കരികത്തു ബഹുപുരാതനമായി 

പെരിയൊരു മരം പുരാ വിളങ്ങിപോൽ. 

അടിമുതലൊട്ടു മുടിവരെ തായി- 

ത്തടിമുഴുവനും വടിവിൽ പൊള്ളയായ്, 

തടവറ്റു പല പറവകളതിൽ

കുടിവച്ചു വാസം തുടങ്ങി ഭംഗിയിൽ. 

അതിലൊരു പോട്ടിലതിവയസ്സനായ് 

സ്ഥിതിചെയ്താനൊരു ഭയങ്കരൻ മൂങ്ങാ. 

ജരാനരകളാൽ പരവശമായ

ശരീരത്തെ വഹിച്ചുയർന്നുകൊള്ളുവാൻ 

ചിറകുകൾക്കേതും കരുത്തുപോരാഞ്ഞു 

കുറഞ്ഞൊരുനാളായ് പുറത്തിറങ്ങാതെ, 

ഉടജത്തിൽ പാർക്കും മുനിവരനെപ്പോൽ 

വിടപിതൻപോട്ടിൽ വസിച്ചിരുന്നവൻ. 

 

ദിനകരരശ്മി മനോജ്ഞതയാല- 

ക്കനകത്തെവെല്ലും പ്രഭാതവേളയിൽ, 

കളകളശബ്ദം പുറപ്പെടുവിച്ചു 

വെളിയിൽ പോയിടുമിതരപക്ഷികൾ. 

 

തൊഴിലെന്യേ ദിനം കഴിക്കുന്ന “വൃദ്ധൻ’

പിഴയെന്യേ പകൽ കഴിവതുവരെ, 

അവയുടെ കൂടുമപത്യജാലവു- 

മപകടമെന്യേ പതിവായിക്കാത്തു. 

കൃതജ്ഞതയോടെ പറവകളെല്ലാ- 

മതിവിശിഷ്ടമായ്‌ പലതരഭോജ്യം 

പ്രതിദിനമവ മടങ്ങിയെത്തുമ്പോൾ 

പതിവായിക്കാഴ്ച കൊടുത്തു ‘വൃദ്ധനും’ 

 

ഇതുവിധമവരിരുകൂട്ടക്കാരു

മതിസുഖത്തൊടെ വസിക്കുന്ന കാലം, 

പതിവില്ലാതൊരു പകൽസമയത്തി- 

ലതിഭയംപൂണ്ടു ചെറുപറവകൾ, 

നിലവിളിക്കുന്ന സ്വരം കേട്ടു മൂങ്ങാ 

തലപൊക്കിക്കണ്ണുതുറിച്ചുനോക്കീട്ടും

ഫലമില്ലാഞ്ഞേറ്റം കുപിതചിത്തനാ- 

യലറിക്കൊണ്ടിദം വിളിച്ചുചോദിച്ചാൻ: 

 

“അധികധികൃതിക്കൊരുമ്പെട്ടുകൊണ്ട-

ന്നധിവാസസ്ഥലത്തണഞ്ഞതാരെടോ?

ചെറുപക്ഷികളെയുപദ്രവിച്ചാൽ ഞാ- 

നറിയിച്ചുവിടുമതിൻഫലം നിന്നെ. 

മരണത്തിൽ ഭയം വെടിഞ്ഞു നീയിന്നെ- 

ന്നരികത്തു വരാൻ തുനിഞ്ഞതു കഷ്ടം! 

ബലത്തു കൂർത്തൊരീ നഖങ്ങളാൽ നിന്നെ 

വലിച്ചുകീറി ഞാനശനമാക്കിടും.

 

ഭയങ്കരൻ മൂങ്ങായിതുവിധമെല്ലാം

ഭയപ്പെടുത്തിക്കൊണ്ടുരചെയ്തനേരം, 

പലവിധജാലം പഠിച്ച മാർജ്ജാര- 

ത്തലവനാക്കള്ളൻ മറുപടി ചൊന്നാൻ: 

“മഹാമുനീശ്വരാ, മഹേശ്വരഭക്താ, 

മഹാമതേ, എന്നിൽ കനിവു തോന്നണം. 

ഒരു വിധത്തിലുമുപദ്രവം ചെയ്യാൻ 

കരുതിയല്ല ഞാനണഞ്ഞതു വിഭോ! 

ഫലമൂലങ്ങളെയശിച്ചിടുന്ന ഞാൻ

കൊലചെയ്തീടുമോ ചെറുപക്ഷികളെ? 

ഇരുപതുകൊല്ലം കഴിഞ്ഞു ഞാനിപ്പോ- 

ളിറച്ചിതിന്നാതെ വ്രതം തുടങ്ങീട്ട്. 

ഇവിടെ ഞാനിപ്പോളണഞ്ഞതെൻ ഗുരോ! 

തവ പാദസേവ കൊതിച്ചുതന്നെയാം 

ധരിത്രിയിലെങ്ങും പെരിയൊരു പുകൾ 

പരത്തുന്ന നിന്നെ സ്തുതിക്കുന്നു ലോകം. 

പഴയകാലത്തെ മഹാമുനിമാരിൽ 

പിഴയകന്നവർ ചുരുക്കമാണത്രെ. 

ഒരുവൻ ദുർവാസാ, വധികകോപിഷ്ഠ- 

നൊരുവൻ നാരദൻ, കലഹകാരണൻ. 

മനോഹരാംഗിയാം ശകുന്തളതന്റെ 

ജനകന്റെ കഥ പറഞ്ഞിടേണമോ? 

ഒരുവൻ മുക്കുവവനിതയെക്കാമി- 

ച്ചൊരു മകനുണ്ടായവനല്ലേ വ്യാസൻ? 

കളങ്കമീവകയണുവുമേശാതെ, 

വിളങ്ങിടുന്നൊരു മുനേ, നമോസ്തു തേ! 

മഹാപുരാണങ്ങൾ, ചതുർവേദങ്ങളും 

രഹസ്യമായങ്ങേ സ്തുതിക്കുന്നുണ്ടിപ്പോൾ. 

വിശുദ്ധനാമങ്ങച്ചരണം സേവിച്ചെ-

ന്നശുദ്ധി നീക്കുവാൻ തരണം മേ വരം. 

ഉപദ്രവമൊന്നും വരുത്തിടാതെ നി- 

ന്നപാംഗവീക്ഷണക്കൃപാസമുദ്രത്തി- 

ലപാരസംതൃപ്തിയടഞ്ഞിഹ വാഴാൻ, 

കൃപാലവമെന്നിൽ ചൊരിയണം വിഭോ! 

വിവിധ ജ്ഞാനങ്ങൾ വിളങ്ങും നിന്മുഖം 

സവിനയം നിത്യം സമീക്ഷണംചെയ്തും, 

ദിനവും ഗംഗയിൽ കുളിച്ചുമിസ്ഥല-

ത്തനഘജീവിതം നയിച്ചുകൊള്ളുവാൻ, 

ഗുരുവരാ, കനിഞ്ഞനുമതിനല്കാൻ 

തിരുവടികൂട്പ്പിയിരന്നിടുന്നു ഞാൻ.” 

 

സ്തുതിവചനങ്ങളിതുവിധം കേട്ടു 

മതികുളുർത്തൊന്നു തെളിഞ്ഞു മൂങ്ങയും; 

തടസ്സമറ്റങ്ങു വസിച്ചുകൊള്ളുവാൻ 

കൊടുത്തു മാർജ്ജാരനനുമതി വേഗം. 

മുതുമുനിക്കതിമിടുക്കനായൊരു 

പുതിയ ശിഷ്യനെക്കിടച്ച സംഗതി 

അറിഞ്ഞില്ല. മറ്റു പറവകളൊന്നു- 

മറിയിച്ചീടായ്‌വാൻ കരുതി ശിഷ്യനും.

 

സ്ഥിതികളീവിധമിരിക്കവേതന്നെ 

ചതികളോരോന്നായ് വെളിപ്പെട്ടു മെല്ലെ. 

ചെറുപറവകൾ, ചെറുമുട്ടകളും,

കുറഞ്ഞും കൂടുകളൊഴിഞ്ഞും കണ്ടവർ 

പലദിനത്തിലുമിതുവിധം കണ്ടു 

വലിയ സങ്കടം പലർക്കുമുണ്ടായി. 

അടക്കുവാൻ വയ്യാതതിദുഃഖത്തൊടേ 

പിടപ്പറവകൾ തുടങ്ങി രോദനം.

 

പിടിച്ചു കള്ളനെത്തടവിലാക്കുവാൻ 

മടിച്ചിടാതവർ തിരഞ്ഞിടുന്നേരം. 

‘സമാധി’യിൽ വാഴും മുതുമുനിതന്റെ 

സമീപത്തിലായിട്ടൊരു ചെറുപോട്ടിൽ, 

മനംതകർക്കുന്ന ഭയങ്കരകാഴ്ച 

നിനച്ചിടാതമട്ടവർക്കു ലക്ഷ്യമായ്. 

മനോഹരങ്ങളായ് വിളങ്ങുമോമന-

ത്തനൂരുഹങ്ങളും, ചെറുനഖങ്ങളും, 

പല തരത്തിലും, പല നിറത്തിലും, 

വിലസും മുട്ടുകളുടഞ്ഞതിൻ തൊണ്ടും,

നിരന്നലക്ഷ്യമായ് കിടന്ന കാഴ്ചയിൽ 

കരിഞ്ഞുപോയ് കരൾ കഠോരതാപത്താൽ. 

പടക്കളം തന്നിലണഞ്ഞ ഗാന്ധാരി 

പിടഞ്ഞു കേണുവീണുരുണ്ടതുപോലെ, 

പിടപ്പറവകൾ ചിറകടിച്ചങ്ങു

തുടങ്ങി രോദനം മുറവിളികളും: 

 

“അതിക്രമി, മഹാഭയങ്കരൻ, ദുഷ്ടൻ, 

ചതിയനീ വൃദ്ധനഹോ മഹാപാപി! 

കൃതജ്ഞതയറ്റ കൊടിയ നിഷ്ഠുര- 

നിതുവിധം നമ്മെച്ചതിച്ചിതോ കഷ്ടം! 

ഒരുകുറവെന്യേ വിശിഷ്ടഭോജ്യങ്ങ- 

ളൊരു ദിവസവും മുടങ്ങിടാതെ നാം 

കൊടുത്തതിൻ ഫലമിതുവിധം നമ്മെ- 

ക്കുടികെടുത്തുവാൻ തുടങ്ങിടുന്നതോ? 

അപത്യജാലത്തെയശിച്ച ദുഷ്ടനെ 

യുപദ്രവിക്കുവാൻ മടിച്ചിടേണ്ട നാം. 

ഇറക്കണം ക്ഷണമിവിടെനിന്നു ചു- 

ണ്ടറുക്കണം നാടുകടത്തണം ശീഘ്രം.” 

 

ഉറച്ചു പക്ഷികളിതുവിധം മെല്ലെ- 

ന്നിറങ്ങി കൂട്ടമായ് കുപിതരായവർ

ഒരു തടസ്സവും കരുണയുമെന്യേ

പെരുത്തരോഷത്തോടടിച്ചു മൂങ്ങയെ, 

മറിച്ചുതാഴെയിട്ടറുത്തുടൻ ചുണ്ടു, 

പറിച്ചു തൂവലും നഖങ്ങളുമെല്ലാം,

വലിച്ചുകൊണ്ടുപോയ്‌ വലിയൊരു മരു- 

സ്ഥലത്തെറിഞ്ഞിട്ടു തിരിച്ചുപോന്നവർ. 

 

അതിരുവിട്ടൊരു മുഖസ്തുതി കേട്ടു 

ചതിയറിയാതെ ഞെളിഞ്ഞതിൻ ഫലം 

അനുഭവിച്ചവൻ, പഠിച്ചൊരു പാഠം, 

മനസ്സിലായി തൻ ജളത്വമൊക്കെയും. 

നടക്കുവാൻ പോലുമസാദ്ധ്യമായ് മൂങ്ങാ 

കിടന്നൊരു ദിക്കിൽ പരവശനായി,

അശനപഠനങ്ങളനുഭവിക്കാതെ 

വിശന്നും വേദന സഹിച്ചുമങ്ങനെ 

വലിയൊരു പാഠമുലകിനു നല്കി

വലഞ്ഞു തൻ ദേഹം വെടിഞ്ഞവൻ വേഗം.

 

മുഖസ്തുതികളിൽ ഭ്രമിപ്പവരെല്ലാം 

മുഖസ്ഥമാക്കുവിൻ ചെറിയൊരിക്കഥ.

 

                                          (1928)