മിശിഹായുടെ മണവാട്ടി

എന്തിതു കിനാവു ഞാൻ കാൺകയോ? നേത്രങ്ങളെ-
ന്നന്തരംഗത്തിൻനേരേ വഞ്ചന ചെയ്യുന്നുവോ?
ഉന്നതങ്ങളിലൊട്ടുദൂരെ ദൂരെയായിതാ
ചിന്തിടും ദീപ്തിയൊന്നു തെളിഞ്ഞുകാണുന്നു ഞാൻ.
ചണ്ഡരശ്മികൾ കൊണ്ടു ഭൂമിയേതപിപ്പിക്കും
ചണ്ഡഭാനുവല്ലതു ചന്ദ്രനുമല്ല നൂനം.
താരകാഗണമെല്ലാ മേകമൂർത്തിയായ്ത്തീർന്നു
സൂര്യനേ തോല്പിക്കാനായ് വന്നുദിച്ചതുമല്ല.
പാർത്തലം മുന്നേതിലും ദീപ്തിമത്താക്കാൻ ദൈവം
പുത്തനായ് കൊളുത്തിയ വൈദ്യുതദീപമല്ല. 10
വിണ്ടലത്തിൽ നിന്നൊരു നൂതനസന്ദേശത്തേ
കൊണ്ടുവന്നീടുന്നൊരു ദൈവദൂതനുമല്ല.
മറുരൂപമായ് പണ്ടു മലയിൽ കാണപ്പെട്ട
മരിയാസുതനെന്റെ മണവാളനാമീശോ
ശരത്കാലമേഘത്താൽ ചമച്ചതേരിനുള്ളി-
ലിരിക്കും കാഴ്ചയല്ലോ കാണ്മതെൻ നയനങ്ങൾ.
എവിടെപ്പോകുന്നുതാ നെന്റെയീ ചെറ്റക്കുടി-
ലെവിടേയ്ക്കധിവാസ യോഗ്യമായ് വന്നീടുമോ?
ശങ്കയെന്തിന്? രഥ മടുത്തുവരുന്നിതാ
വൻകുതൂഹലം കൊണ്ടു നിറയുന്നെന്റെ ചിത്തം. 20
എന്തു ഞാൻ ചെയ്യേണ്ടതെൻ നാഥനേയേതുമട്ടിൽ
ചന്തമായെതിരേറ്റു സത്കരിച്ചീടേണ്ടു ഞാൻ?
പരമണ്ഡലങ്ങളും പദതാർനമിക്കുന്ന
പരമപിതാവിന്റെ യരുമക്കുമാരനേ
അഖിലാണ്ഡവും ചമച്ചടക്കി ഭരിക്കുന്നോ-
രഖിലേശൻ തന്റെ സുതനാം മിശിഹായേ
എതിരേറ്റെന്റെ ചെറുകുടിലിൽ സ്വീകരിപ്പോട-
നത്രമോഹത്താലിതാ വഴി ഞാൻ തെളിക്കുന്നു.
ദിവ്യമാം തേജസ്സോടേ രഥമിങ്ങടുക്കുന്നു
നവ്യമാം ഗാനങ്ങളുമംബരേമുഴങ്ങുന്നു. 30
പരമാനന്ദാബ്ധിതൻ പെരിയകല്ലോലങ്ങൾ
കരളിലൊതുങ്ങാതെ കുതിച്ചുകവിഞ്ഞിതാ
പുറമേരോമാഞ്ചമായൊഴുകീടുന്നു, ഞാനും
ചെറുതും കൃത്യബോധമറ്റി ഹനിന്നീടുന്നു.
പെരിയസന്തോഷമേ! പരിവാരങ്ങളോടേ.
മിന്നിടും ചന്ദ്രക്കലപമാനമേകുന്നു
കന്യകാഗണമിതാ രഥത്തിൻ ചുഴലവും
വെള്ളവസ്ത്രവും ധരിച്ചണിചേർന്നാടിപ്പാടി-
ക്കള്ളമല്ലന്തരീക്ഷം ദീപ്തിമത്താക്കീടുന്നു. 40
ആനന്ദാതിരേകത്താലീവിധം സ്തബ്ധയായി
ഞാനിഹനിന്നാൽ കാര്യം പന്തിയാകയില്ലേതും.
എതിരേല്ക്കണമെന്റെ മണവാളനേനന്നാ-
യതിനുതിടുക്കത്തിലൊരുക്കം ചെയ്തീടണം.
സമയം പോരെങ്കിലും പടിക്കൽ പൂപ്പന്തലു
കമനീയമായൊന്നു ചമച്ചേ മതിയാവൂ.
സ്വർഗ്ഗലോകത്തിൽനിന്നും വിശുദ്ധ ജോസേഫിനേ
ശീഘ്രമിക്കാര്യത്തിനായ് ക്ഷണിച്ചുവരുത്തിടാം.
ശില്പവേലയിലിത് പടുത്വം തികഞ്ഞൊരു
ശില്പിയേ കണ്ടുകിട്ടാനെളുപ്പമല്ലെങ്ങുമേ. 50
അത്രയല്ലെന്റെ ദിവ്യമണവാളന്റെ രക്ഷാ-
കർതൃസ്ഥാനവുമങ്ങേയ്ക്കുണ്ടതും മറക്കാമോ?
ഞാനൊന്നും തല കാഞ്ഞു ചിന്തിക്കേണ്ടതേപ്പറ്റി
മാനമായ പന്തലങ്ങു തീർത്തിടും സ്വർഗ്ഗതുല്യം
പന്തലിൽ നിന്നുമെന്റെ വീട്ടിലേക്കൊരുവഴി
ചന്തമായ് തീർത്തിടേണമെന്റെ ജോലിയാണത്.
തറയിൽ കല്ലും മുള്ളുമുള്ളവയെല്ലാം നന്നായ് –
പെറുക്കിക്കളഞ്ഞേറ്റം വൃത്തിയാക്കിയശേഷം
വിലയേറിയ രത്നക്കമ്പളം വിരിച്ചിടും
തലമോടതിൻ മീതേ വിതറും പുഷ്പജാലം. 60
സുവർണ്ണസ്തംഭങ്ങളിരുഭാഗത്തും നാട്ടീ-
ട്ടവയ്ക്കുമീതേ മേല്ക്കട്ടി ചമച്ചിടും.
മേൽത്തരം ചീനപ്പട്ടു കൊണ്ടതുവിതാനിച്ചു
മുത്തുകൾ നിരത്തി ഞാൻ പതിക്കുമതിലെല്ലാം
സൂര്യനേ പിടിച്ചുഞാൻ റാന്തലായ് കൊളുത്തിടും
താരകാഗണങ്ങളേ മാലയായ് തൂക്കിടും ഞാൻ.
അമ്പിളിയമ്മാവന്റെ കലയിങ്ങെടുത്തവ-
ച്ചിമ്പമോടൊരു നല്ല വളഞ്ഞവാതിലാക്കും.
ശങ്കയേതുമെന്നിയേ പന്തലിൻ വശങ്ങളിൽ
തങ്കനിർമ്മിതമായ കിന്നരിയതും തൂക്കും. 70
കനകപ്പൊടി വാരി വിതയ്ക്കുമെല്ലാടത്തും
പനിനീരുമത്തറും തളിക്കുമതിനുമീതേ.
ഗാനഘോഷത്തോടെന്റെ നാഥനേയെതിരേല്പാൻ
വാനുലകത്തിൽ നിന്നും ക്ഷണിക്കും ക്രോബന്മാരേ.
വിണ്ണവർ നാഥൻ തന്റെ യെഴുന്നള്ളത്തു കാണ്മാൻ
വിണ്ണവരെല്ലാംതന്നേ വന്നിടും മടിക്കാതെ.
ബന്ധുരമായ മണിപീഠങ്ങളവർക്കെല്ലാം
പന്തലിന്നകത്തു ഞാൻ നിരത്തും കാലേകൂട്ടി.
അവരേയഥോചിതം സ്വീകരിച്ചിരുത്തുവാ-
നവിടെത്തന്നെയെന്റെ കാവൽ ദൂതനേയാക്കും. 80
“ഈ വിധമൊരുങ്ങി ഞാനിരിക്കും സമയത്തു
സാവധാനത്തിലെന്റെ നാഥനിയെങ്ങെഴുന്നള്ളും.
പരിവാരങ്ങളോടെ വന്നുതാൻ പൂപ്പന്തലി-
ലിരിക്കും സമയത്തെൻ ഹൃദയം തുടിച്ചിടും.
ഓർത്തിടും നേരത്തിതാ കോൾമയിർക്കൊള്ളുന്നെന്റെ
ഗാത്രമൊക്കെയുമപ്പോൾ കഥയെന്താനേരത്ത്
വളർന്ന മോദത്താലെന്നംഗമൊക്കെയുമപ്പോൾ
തളർന്നുപോയേക്കുമെന്നെനിക്കുതോന്നിടുന്നു.
എന്തിനുപരിഭ്രമമെന്തു സംഭവിച്ചാലും
പിൻതുണയെനിക്കുണ്ടായ് വന്നിടുമാനേരത്ത്. 90
സുരലോകത്തിന്റെ രാജ്ഞി കന്യകാമറിയമെ-
ന്നരികത്തെത്തും തന്റെ തോഴിമാരോടും കൂടി
കല്യാണവസ്ത്രമെന്നെ ധരിപ്പിച്ചതിന്മീതേ
നല്ലഭൂഷണങ്ങളുമണിയിച്ചാശ്ലേഷിച്ച്
വാടാത്തലില്ലിപ്പൂക്കൾ കൊണ്ടുതീർത്തൊരുമുടി
മോടിയോടെടുത്തെന്റെ ശിരസ്സിലണിയിച്ച്
ദിവ്യസൗരഭ്യംകൊണ്ടീ ലോകത്തേമയക്കുന്ന
നവ്യമാം തൈലമെന്റെ മെയ്യിലാകവേ പൂശി
തന്നോമൽ കുമാരനു വധുവായ് തീർന്നിടുവാ-
നെന്നെയാനയിച്ചിടും പന്തലിന്നകത്തേക്ക്. 100
ആനന്ദപുളകിത ഗാത്രയായ് മന്ദം മന്ദം
ഞാനെന്റെ പദങ്ങളെയൊന്നൊന്നായ് നീക്കിവച്ച്
നടക്കും, ജീവേശ്വരൻ വസിക്കും പൂപ്പന്തലി-
ന്നടുക്കും, പിന്നീടുള്ള കഥയെന്തോതീടേണ്ടൂ?
പൂർണ്ണമാം നിശ്ശബ്ദത തെല്ലുമേ ഭജിക്കാതെ
കണ്ണുകളിമയ്ക്കാതെയലിഭേദിക്കാതെ
ശ്വാസവും നിശ്വാസവുമൊന്നുമേ കഴിക്കാതെ –
യാസനസ്ഥരായുള്ള വിണ്ണവർക്കെല്ലാം മധ്യേ
ഉന്നതമായുള്ളൊരു മണിപീഠത്തിനുമീതേ
ധന്യരിൽ ധന്യനീശോ താനെഴുന്നരുളുന്ന 110
ആ വിശാലമായുള്ള പന്തലിനകത്തു ഞാൻ
സാവധാനത്തിലങ്ങു കടന്നുചെല്ലുന്നേരം
തൂമധുതുളുമ്പുന്ന വാത്സല്യകടാക്ഷങ്ങ-
ളാമഹാസദസ്സിന്റ നാലുഭാഗത്തുനിന്നും
ശാന്തമായ് പുറപ്പെട്ടു മന്ദമായൊഴുകിയെ-
ന്നന്തികേയണഞ്ഞെന്നെയഭിഷിക്തയാക്കീടും.
സ്വാഗതസംഗീതങ്ങൾ ഭംഗമേതുമെന്നിയേ
രാഗവിസ്താരത്തോടെ സദസ്സിൽ മുഴങ്ങിടും.
നാഥനേയകമ്പടി സേവിച്ച് വിശുദ്ധക-
ളാദരവോടേയെന്റെയിടത്തും വലത്തുമായ് 120
നിരന്നു പഞ്ചവാദ്യം മുഴക്കും; മണവാള –
നിരിക്കുമിടത്തിലേക്കെതിരേറ്റീടുമെന്നെ.
പറുദീസായിൽ നിന്നും പറിച്ച പൂക്കൾ വാരി
ത്തറയിൽ വിരിച്ചെന്നെയതിന്മേൽ നടത്തിടും.
ആനന്ദബഹളങ്ങളവസാനമില്ലാതെ
വാനവസദസ്സതിൽ നടക്കും സമയത്തും
ഇന്ദ്രിയപഞ്ചകങ്ങളടക്കി മനസ്സുമ-
റ്റൊന്നിലും ലയിക്കാതെ യാത്മനാഥനേത്തന്നേ
അകമേ ധ്യാനിച്ചുഞാൻ ഗമിക്കും മുമ്പോട്ടെന്റെ –
യകതാർ കുളിർപ്പിച്ചു വികസിപ്പിച്ചീടുന്ന 130
മന്ത്രപീഠത്തിന്നടുത്താദരവോടേ മന്ദ-
മണഞ്ഞു കൃതാർത്ഥത പൂണ്ടു ഞാൻ നിലകൊള്ളും.
മാമകസൗഭാഗ്യത്തിന്നക്ഷയനിക്ഷേപത്തേ,
പ്രേമസാഗരം കടഞ്ഞെടുത്ത പീയൂഷത്തേ,
കമനീയമാമെന്റെ മാറണിപ്പതക്കത്തേ,
വിമലഭചിന്നു മെന്റെയാകിരീടത്തേ,
എന്റെ ജീവനാഥനേ,യെന്റെയാത്മകാന്തനേ,
എന്റെ ജീവിതത്തിലേ സമസ്ത സമ്പാദ്യത്തേ
താങ്ങുമാ പീഠത്തിന്റെ സോപാനങ്ങളേ പോലു-
മെങ്ങനെയാദരിച്ചീടേണ്ടു ഞാനാനേരത്ത്! 140
പൂജനീയങ്ങളായ കല്പടികളിലെന്റെ
നീചമാം പാദങ്ങളെയെങ്ങനെ ചേർത്തീടും ഞാൻ.
ഇല്ല ഞാനൊരിക്കലും ചെയ്യുകില്ലതു,മമ
വല്ലഭന്നനാദരമാണതു വിചാരിച്ചാൽ.
ദിവ്യനാമദ്ദേഹത്തിൻ പാദപാംസുക്കൾ കൊണ്ടു
പാവനമായുള്ളൊരാകല്പടികളേ മുദാ
പാണികൾ രണ്ടും കൂപ്പിത്തൊഴുതുവീണ്ടും വീണ്ടും
താണു ഞാൻ നമസ്കരിച്ചാദരാൽ ചുംബിച്ചീടും.
മൂന്നുലോകവും തന്റെ മുഖത്തുനിന്നു സദാ
ചിന്തിടും മഹസ്സിനാൽ ദീപ്തിമത്താക്കീടുന്ന 150
ഉന്നതൻ മഹേശ്വരനുയർന്ന പീഠത്തിൽ നി-
ന്നെന്നെയാദരിച്ചിടാനെഴുന്നേറ്റിടും ക്ഷണം.
സ്വർഗ്ഗലോകവാസികളെപ്പോഴുമാരാധിക്കും
സദ്ഗതിക്കടിസ്ഥാനമായ തൃപ്പദങ്ങളേ
മന്ദമായ് ചലിപ്പിച്ചു സോപാനപരമ്പര-
യൊന്നൊന്നായ് പിന്നിട്ടുതാനിറങ്ങിത്തുടങ്ങുമ്പോൾ
മംഗളഗാനധ്വനി മുഴങ്ങുമെല്ലാടത്തും
മംഗളവാദ്യങ്ങളും ധ്വനിക്കുമതിന്മീതേ.
വിണ്ടലമാനന്ദിച്ചും ഭൂതലം വിസ്മയിച്ചും
കണ്ടുകൊണ്ടിരിക്കുന്ന നേരമാത്മവല്ലഭൻ 160
അഞ്ജലീബന്ധത്തോടെ നില്ക്കുമെൻ കരങ്ങളേ
മഞ്ജുളമായ തന്റെ കൈകളിൽ ഗ്രഹിച്ചീടും.
പരിപാവനസ്നേഹമുജ്വലിച്ചുയരുന്ന
തിരുമാറിലീയെന്നെ ചേർത്തണച്ചാശ്ലേഷിക്കും
ഞാനെന്റെ വല്ലഭന്റെ പാദപങ്കജങ്ങളി –
ലാനന്ദബാഷ്പധാര ചൊരിഞ്ഞു ചുംബിച്ചീടും.
“എൻ പ്രിയനെനിക്കു ഞാൻ തതക്കു”മെന്ന ഗീത-
യിമ്പമേറിയ മൃദുസ്വരത്തിൽ പാടിക്കൊണ്ട്
വന്ദ്യനാമദ്ദേഹത്തോടൊത്തു ഞാൻ കൃതാർത്ഥയായ്
മന്ദമെൻ മണിയറയ്ക്കകത്തു കടന്നിടും. 170
അവിടേയേകാന്തത്തിൽ ഹൃദയം തുറന്നു ഞാൻ
സവിധേയണഞ്ഞന്റെ പ്രിയനേ സത്കരിക്കും.
നവരത്നങ്ങൾ ചേർന്നു നിസ്തുലപ്രഭ ചിന്നും
സുവർണ്ണപീഠങ്ങളും ഹംസതൂലമെത്തയും
മേൽത്തരം മഞ്ചങ്ങളും പരിചാരകന്മാരും
നിർദ്ധനയാമെന്നുടെ വീട്ടിലില്ലെന്നാകിലും
തഴച്ചുവളർന്നുള്ള പ്രേമകല്പവല്ലിതൻ
കൊഴുത്തലതകളേ ക്കൊണ്ടൊരു സിംഹാസനം
എത്രയും വിശേഷമായ തീർത്തു ഞാനതിന്മീതേ
ചീർത്തമോദത്തോടെന്റെ നാഥനേയിരുത്തീടും. 180
അതിന്റെ മനോജ്ഞമാം പല്ലവമിറുത്തുഞാ-
നതിനാലദ്ദേഹത്തെ വീശിയാശ്വസിപ്പിക്കും.
വിരിഞ്ഞ പൂക്കൾ കൊണ്ടും മകുടും ചമച്ചിട്ടാ-
ശിരസ്സിലണിയിച്ചു ഞാൻ കൃതാർത്ഥത നേടും.
മൊട്ടുകൾ പറിച്ചെടുത്തതുകൊണ്ടാരുമാല
കെട്ടി ഞാനദ്ദേഹത്തിന്റെ വക്ഷസ്സിലണിയിക്കും.
പണ്ടൊരു മഹാനീചൻ തുപ്പിയ മുഖത്തെന്റെ
ചുണ്ടുകളണച്ചിട്ടു ചുംബനം നല്കീടും ഞാൻ.
ആണികൾകൊണ്ടു തുളഞ്ഞുള്ളൊരു മനോഹര
പാണികൾ പാദങ്ങളുമെന്റെ കൈത്തലങ്ങളിൽ 190
ചേർത്തുഞാൻ സ്നേഹധാരയൊഴുക്കുമനർഗ്ഗളം
പേർത്തുമെൻ കരങ്ങൾ കൊണ്ടവയേ തലോടും ഞാൻ.
അക്ഷയ പ്രേമത്തിന്റെ നിധിയായ് വിളങ്ങുമാ-
വക്ഷസ്സിൽ തലചായ്ച്ചു ഞാനൊന്നു വിശ്രമിക്കും.
പ്രാണവല്ലഭൻ, തന്റെ മൃദുകോമളങ്ങളാം
പാണിയുഗ്മത്താലെന്നെ ചേർത്തുടനാശ്ലേഷിക്കും
വിലയേറിയ വസ്ത്രം ധരിപ്പിച്ചദ്ദേഹമെൻ
തലയിൽ കിരീടവും വച്ചെന്നെ രാജ്ഞിയാക്കും.
എഴുതിക്കാണിക്കുവാൻ സാധ്യമല്ലാതുള്ളൊരു
മൊഴിയാൽ സംബോധന ചെയ്തിടുമെന്നെ പ്രിയൻ. 200
അവസാനമില്ലാത്ത ഭാഗധേയത്തിനെല്ലാ-
മവകാശിനിയായി കൃതകൃത്യതയോടേ.
ഞാനെന്റെ വല്ലഭന്റെ തണലിലിരുന്നെന്നു
മാനന്ദഗാനങ്ങളേയാലപിച്ചാഹ്ളാദിക്കും.
