Sayanathile Ekanthayathra

സായാഹ്നത്തിലെ ഏകാന്തയാത്ര


പാരം വിസ്തൃതമായ നല്ലൊരുമഹാ-

മൈതാനമദ്ധ്യത്തിലീ

നേരത്തേവമിരുന്നു നല്ല കുളിർകാ- 

റ്റേൽക്കുന്നതേറ്റം സുഖം.

ചേരും നർമ്മവചസ്സുരച്ചു സമയം

പോക്കാൻ സഖീവൃന്ദവും 

ചേരുന്നെങ്കിലുരച്ചീടേണ്ട പരമാ-

നന്ദം സ്വയം ചിന്ത്യമാം.                                                1

എന്നാലീ വിജനസ്ഥലത്തു സഖിമാ 

രില്ലിങ്ങു ഞാനേകയാ-

ണെന്നല്ല സുഖം തരുന്ന മൃദുവാം

കാറ്റല്ല വീശുന്നതും.

നന്നായ് നീണ്ടുനിവർന്നു നാലു വശവും 

കാണുന്ന മൈതാനമി-

ങ്ങൊന്നാകെ ഫലശൂന്യമായ് വിജനമാ-

യല്ലോ കിടക്കുന്നതും.                                                       2 

അന്തർമോദമൊടങ്ങുമിങ്ങുമൊരുപോൽ

മേയുന്ന ഗോവൃന്ദവും

ചിന്തും കൗതുകമോടവയ്ക്കു നടുവിൽ

കൂത്താടിടും മക്കളും

പന്താടി ഫലിതം പറഞ്ഞുവിഹരി-

ച്ചീടുന്ന ഗോപാലരും

ചന്തം ചേർപ്പോരു കാഴ്ചയേവമിവിടെ-

ക്കാണുന്നതില്ലൊന്നുമേ.                                                 3

പച്ചപ്പുല്ലു മുളച്ചിടാത്ത തറയും 

പത്രങ്ങളില്ലായ്കയാൽ

മെച്ചം കണ്ണിനു ചേർത്തിടാതെ നിലകൊ-

 ണ്ടീടുന്ന വൃക്ഷങ്ങളും

ഉച്ചത്തിൽ കഴുകൻ കരഞ്ഞു ബഹളം

കൂട്ടുന്നൊരാകാശവും

കാഴ്ചയ്ക്കേറിയ ഭീകരത്വമുളവാ –

ക്കീടുന്നു നിസ്സംശയം.                                                  4

അല്ലാ വിസ്മയം! അത്രയല്ല പലതും 

കാണുന്നതുണ്ടിസ്ഥല-

ത്തുല്ലാസപ്രദമല്ല കാഴ്ചയളവേ

ഞെട്ടുന്നു ഞാൻ ഭീതിയാൽ. 

വല്ലാതുള്ളൊരിടത്തിലേതുമറിയാ-

തേവം കടന്നെത്തി ഞാൻ

ചൊല്ലാമി സ്ഥലമാം “ശ്മശാന”മിതുതാൻ

കാണേണ്ട ദിവ്യസ്ഥലം.                                                 5

തങ്കപ്പൂച്ചിനകത്തു ചേർത്തുമിനുസ-

പ്പെട്ടുള്ള പട്ടിൽപരം

പങ്കസ്പർശമെഴാതെ പോറ്റുമഴകേ-

റീടുന്ന ഗാത്രങ്ങളും,

തങ്കും വെണ്മകളൊക്കെയങ്ങു വെടിയും 

മണ്ണിന്നടിക്കീ വിധം

 ശങ്കിക്കേണ്ടൊരുനാൾ ശയിക്കു, മഖിലം

 “മണ്ണോടു മണ്ണാ”യിടും.                                                 6

ദൂരെച്ചെറ്റു വെളുത്തുരുണ്ടു വിതറി 

ക്കാണുന്നതെന്തെന്നതിൻ

ചാരെച്ചെന്നറിയാൻ ശ്രമിക്ക; തലയോ-

 ടാകാമിതാഹാ! ഭയം!

പാരിൽ ശ്രേഷ്ഠത മർത്യനേകിയവനെ

പ്പോറ്റും തലച്ചോറിനെ 

സ്വൈരംതന്നിലണച്ചിരുന്ന തലയീ 

മട്ടിൽ കലാശിക്കയോ?                                          7

ചൊല്ലേറുന്ന സുഗന്ധതൈലതതിയാൽ

 പൂജിച്ച വാർകൂന്തലും

ഫുല്ലാബ്‌ജത്തിനു തുല്യമായ മുഖവും

 നൽപുഞ്ചിരിക്കൊഞ്ചലും

എല്ലാം ചേർന്നൊരു പല്ലവാംഗി മണിത-

 ന്നോമൽ കഴുത്തിന്നുമേ-

ലുല്ലാസത്തോടു വാണിരുന്ന തലയും

പക്ഷേയിതിൽ കണ്ടിടാം.                                8

സാരം ചേർന്നൊരു പദ്യജാലമെഴുതി 

പ്പാരിച്ചൊരാനന്ദമാം 

പാരാവാരമതിന്നകത്തു പലരെ –

ത്തള്ളീട്ടു സന്തുഷ്ടനായ് 

പാരിന്നുത്തമഭൂഷണത്തിനുതകും

 മട്ടിങ്ങു വാണുള്ളൊരാ-

പ്പേരാളും കവികുഞ്ജരന്റെ തലയും

കൂട്ടത്തിലുണ്ടായ് വരാം.                                   9

ഔന്നത്യം പരമേറിടുന്നൊരു മഹാ

സിംഹാസനത്തിന്നു മേൽ

പൊന്നും കൈതൊഴുമാഭയാർന്ന തിരുമെയ് 

തൻകീഴിലാക്കിച്ചിരം

മിന്നും മുത്തണി മൗലി തന്റെ തണലേ-

റ്റാനന്ദമാണ്ടുള്ളൊരാ

മന്നന്മാരുടെ ശീർഷവും സുദൃഢമി

സ്ഥാനത്തിലെത്തുന്നുതേ.                              10

മട്ടോലും മിഴിമാർക്കു കണ്ണിനമൃതായ് 

തേജോവിലാസങ്ങളാ-

ലൊട്ടല്ലാതെയഹങ്കരിച്ചു “രസിക-

 പ്പട്ടം” ധരിച്ചൊത്തപോൽ

ശ്രേഷ്ഠത്വം കലരുന്ന സുന്ദരികളെ-

 പ്പന്താടി മേളിച്ചൊരാ

പുഷ്ടശ്രീ കലരും വിടന്റെ തലയും

കാണാമിതേ മട്ടുതാൻ.                                          11

ഏറ്റം തീവ്രതയാർന്നിടുന്ന വെയിലും 

പേമാരിയും കാറ്റുമ- 

ങ്ങേറ്റിട്ടെന്നുമുഷസ്സുതൊട്ടു വയലിൽ

സായാഹ്നകാലം വരെ

അഷ്ടിക്കുള്ള വകയ്ക്കു മറ്റു വഴിയി-

ല്ലാഞ്ഞിട്ടു നിസ്സീമമായ്

കഷ്ടപ്പെട്ടൊരു സാധുവിന്റെ തലയും

ഭേദംവിനാ കണ്ടിടാം.                                               12

സ്ഥാനം, മാന, മതുല്യകീർത്തി, യധികാ-

 രത്തിന്റെ പ്രഭാവം, ധനം,

മേനിപ്പെട്ടൊരു പാർപ്പിടം സുമുഖിയാം 

ദാരങ്ങളിത്യാദിയേ

താനേ ദൂരെ വെടിഞ്ഞു ഹർഷയുതനായ്

സ്വർഗ്ഗീയകൃത്യങ്ങള-

ന്യൂനം ചെയ്തൊരു യോഗിതൻ തലയുമി-

സ്ഥാനത്തിലെത്തീടണം.                                           13

എല്ലാമിതൊരുപോൽ വിരൂപതരമായ്

മണ്ണിൽക്കിടക്കുന്നിതാ

പുല്ലോളം ബഹുമാനമാരുമിവിടെ-

ക്കാണിപ്പതില്ലൊന്നിനും

ചൊല്ലേറുന്ന വിചിന്തനങ്ങളുളവാ-

ക്കീടും തലച്ചോറു താൻ 

സോല്ലാസം സ്ഥിതി ചെയ്തിരുന്നതിവയിൽ 

കാണുന്നതില്ലായതും.                                                 13

 ലോകത്തിന്നുപകാരമേറ്റമരുളും

 ശാസ്ത്രീയ തത്വങ്ങളോ 

ശോകത്തിന്നുപശാന്തി യാർക്കുമരുളും

സാരോപദേശങ്ങളോ

ഏകീടാൻ മതിയാകയില്ല പുനരി-

 ക്കാണും കപാലങ്ങളാൽ

ഹാ! കഷ്ടം!! സ്ഥിതിഭേദമെന്തു വലുതെ-

ന്നോർത്തീടുവിൻ മർത്യരേ.                                      14 

ചെന്തൊണ്ടിക്കെതിരായ ചുണ്ടുമതിലെ

പ്പാൽ പുഞ്ചിരിക്കൊഞ്ചലും

പൂന്തേനിന്നഴലേകുമാറു മധുരം

തൂകുന്ന വാക്യങ്ങളും

സന്തോഷത്തോടു കുഞ്ഞുമക്കളനിശം 

മുത്തും കപോലങ്ങളും

ചന്തംചേർത്തു വിളങ്ങുകില്ല പുനരി-

 ക്കാണും കപാലങ്ങളിൽ.                                             15

കഷ്ടം! കാഴ്ചകളെത്ര കണ്ടു വളരെ

ക്കാലം പ്രതാപത്തോടേ

പുഷ്ടശ്രീ മുഖപങ്കജത്തിനരുളി-

ശോഭിച്ചൊരാക്കണ്ണുകൾ

നഷ്ടപ്പെട്ടു കരാള കാലരിപുവിൻ

 ഗ്രാസത്വമാർന്നിദ്ദിനം

വട്ടത്തിൽ കുഴിരണ്ടു മാത്രമവിടെ

ശ്ലേഷിച്ചു കാണുന്നുതേ.                                               16

കേടറ്റുള്ളൊരു ദന്തപംക്തി ചിലതിൽ

 കാണുന്നത് മായയെ-

ത്തേടിപ്പാരമുഴന്ന തന്റെ വലുതാം

മൌഢ്യം നിനച്ചിപ്പൊഴും

കൂടും ഹാസ്യമൊടേ ചിരിച്ചിടുകയോ?

 ജീവിച്ചിടും മർത്യരെ

പ്പാടേനോക്കി ഹസിക്കയോ? ചപലമാം

ലോകത്തെ നിന്ദിക്കയോ?                                         17

ഇമ്പം ചേർന്നൊരു ഗാനമോ, രസമിയ-

റ്റീടുന്ന വാദ്യങ്ങളോ

തൻ പൈതങ്ങളടുത്തു കൊഞ്ചിവിളയാ-

 ടീടുന്ന ശബ്ദങ്ങളോ 

അമ്പോടിന്നിയൊരിക്കലെങ്കിലുമഹോ!

 കേട്ടുല്ലസിച്ചീടുവാ-

നമ്പമ്പോ! വിധി ഭാഗ്യമിച്ചെവികളിൽ

 ചേർത്തീടുമോ ഭാവിയിൽ?                               18

റോസും മുല്ലയുമിമ്പമോടു വികസി-

 ച്ചീടുന്ന തോട്ടങ്ങളിൽ

ഹാ! സന്തോഷമൊടെത്തി നിത്യമതിലെ-

 സൌരഭ്യമേറ്റെപ്പൊഴും

ഭാസ്വത്തായ് മുഖപങ്കജത്തിനതുല

ശ്രീ ചേർത്തു വാണുള്ളാരാ

നാസാതല്ലജമെങ്ങു? ഹാ! വികൃതമായി

കാണുന്നൊരി ദ്വാരമോ?                                      19

വിദ്വൽ കേസരികൾക്കുമേതുമറിവാൻ

 വയ്യാത്തതാം ഭാഷയിൽ

പദ്യത്തിന്റെ വരികൾക്കു തുല്യമഴകോ –

ടിന്നിക്കപാലങ്ങളിൽ

അത്യന്തം രമണീയമാം ലിപികളി-

ക്കാണുന്നതെന്താണാഹോ!

 ചിത്രംതന്നെ, യതാണു മർത്യ വിധിയെ-

 ക്കാട്ടും ശിരോലേഖനം.                                            20

എന്തോ ദുസ്സഹമായ ഗന്ധമിവിടെ

ക്കാറ്റിൽ പരക്കുന്നതു-

ണ്ടെന്തോന്നാണതു വന്നീടുന്നതെതിൽ നി-

 ന്നാർ കണ്ടു ഹാ ദൈവമേ!

ഉന്തുന്നു നരി കല്ലിലൊന്നു കുഴിയെ-

 ക്കരണ്ടുകൊണ്ടും ബലാൽ

മാന്തീടുന്നു; തുറിച്ചുനോക്കി വിഹസി-

ച്ചീടുന്നതുണ്ടെന്നെയും                                       21

ആരോ വീണ്ടുണരാത്ത നിദ്രയവിടെ-

 ച്ചെന്നതുണ്ടാർത്തനാ-

യാരായുന്നശനത്തിനുള്ള വഴിയി

 ജ്ജംബൂകനും നിർണ്ണയം;

പാരം നീണ്ടു തടിച്ചതാമൊരു കരം 

നന്നായ് പണിപ്പെട്ടിതാ

നേരേ തൂക്കി വലിച്ചെടുത്തു തറിയിൽ

ചേർക്കുന്നവൻ ഭീകരം.                                         22

കൊണ്ടോടുന്നു വലിച്ചിഴച്ചിടയിടെ-

 ത്താഴത്തു വയ്ക്കുന്നിതാ

മണ്ടീടുന്നൊരു കാട്ടിലേയ്ക്കതിനൊടേ

 വീണ്ടും ഭയാക്രാന്തനായ്

കുണ്ടിൽ കണ്ണുമടച്ചുകൊണ്ടു വഷളാം 

ഗന്ധം വമിച്ചിപ്പൊഴും

മിണ്ടാതങ്ങു ശയിച്ചിടുന്ന ജഡമി –

ക്കാര്യം ഗ്രഹിക്കുന്നുവോ?                                    23

ഇക്കാണുന്ന ചരാചരത്തിനഖിലം

രാജാധിരാജത്വമാ-

ണ്ടൂക്കേറുന്ന തലയ്ക്കകത്തു വിലയേ

 റീടും തലച്ചോറുമായ്

മുക്കാലും ജഗദീശ്വരന്നു സമനായ്

ശോഭിച്ചിടും മാനുഷ-

 ന്നിക്കാണുന്നതുതന്നെയന്ത്യമിവിടെ

 ത്തീർന്നീടണം സർവവും.                                  24

കഷ്ടപ്പെട്ടിഹ ശേഖരിച്ച ധനമോ, 

തൻ ധർമ്മദാരങ്ങളോ

 ഇഷ്ടപ്പെട്ടൊരു മക്കളോ, ഭവനമോ,

ബന്ധുക്കളോ, കൂട്ടരോ

കഷ്ടം! തന്റെ സവിധത്തിലില്ല വളരെ

 സ്നേഹിച്ച ദേഹത്തെയി-

 ന്നഷ്ടിക്കായ് വിഭജിച്ചിടുന്നു നരിയും

 നായും മഹാകഷ്ടമേ!                                                25

എത്താ മേലിലൊരിക്കലെങ്കിലുമവൻ

 തന്മന്ദിരേ നവ്യമാം 

വൃത്താന്തങ്ങളുരച്ചു തൻ പ്രണയിനി-

 ക്കാനന്ദ മുണ്ടാക്കിടാ

 അത്യാമോദമൊടന്തികത്തിലണയും 

കുഞ്ഞുങ്ങളെക്കൈകളിൽ

ചേർത്താ ചുംബനമേല്പതിന്നുമിനിമേൽ

ഭാഗ്യം ലഭിക്കാ ദൃഢം.                                            26

എല്ലാം തീർന്നിഹ ലോകഭാഗ്യമിവിടെ 

സർവ്വത്ര മായാമയം

ചൊല്ലേറുന്നൊരു പുണ്യമേകമിനിയും

ശേഷിച്ചിടും ശാശ്വതം;

കില്ലില്ലായതു നേടിടാനനിശവും

യത്‌നിപ്പവൻ ബുദ്ധിമാ-

 നല്ലാതുള്ളവരാകെ മൂഢരിതുതാ

 നുൽകൃഷ്ടതത്വം പരം.                                       27

മണ്ണാലേയുരുവായ് ചമഞ്ഞ തടിയാ-

 മണ്ണോടുതാൻ ചേർന്നുപോം

ദണ്ഡം ചെയ്തു കരസ്ഥമായ മുതലും

 കൈവിട്ടുപോമേകദാ;

“പുണ്യം ശാശ്വത”മായതാണു മതിമാൻ

 നേടേണ്ട സമ്പാദ്യമാ-

വിണ്ണിൽ ചേർന്നഖിലേശപാദസവിധേ

നിത്യം സുഖിച്ചീടുവാൻ.                                   28

നേരം ചെറ്റിരുളുന്നുഹാ! നരികളും 

കൂകിത്തുടങ്ങുന്നു മേ-

ലാരും കൂട്ടിനുമില്ലിതിൻ ചുഴലവും

കാടാണു കാണുന്നതും

നേരേ വന്നവഴിക്കുപോയ് വസതിയെ

പ്രാപിച്ചിടാമാശു ഞാൻ

പോരാധൈര്യമിനിത്തനിച്ചിവിടെയീ

നേരത്തു നിന്നീടുവാൻ.                                   29

(കേരളീയ കത്തോലിക്കൻ, മേയ് 1924)