നരനാഗങ്ങൾ

അസൂയയാമുഗ്രഗരം വമിക്കും
മനുഷ്യനാഗങ്ങൾ ഭയാനകങ്ങൾ
അടുത്തിടൊല്ലാ കടിയേല്ക്കുമെന്നാ-
ലകന്നിടൊല്ലാ വെടിയുണ്ടയേല്ക്കും.
അകം തപിച്ചഗ്നിഗിരിക്കു തുല്യം
പുകഞ്ഞു നീറീട്ടതിശക്തിയോടേ
അതുല്യമാം ബോംബുകൾ തന്നെയല്ലോ
തെറിച്ചുവീഴുന്നതു നാലുപാടും.
തപിക്കുമുള്ളം പരനന്മകണ്ടാൽ
ദഹിച്ചുപോകും സ്വയമെങ്കിലെന്താ
കടിച്ച കീടം മൃതിയെത്തുവോളം
വിടാതെ നില്ക്കുന്നതു കാണ്മതല്ലോ.
മഹാശയന്മാരുടെയമ്മയാകും
മഹീമഹേളക്കിവരും കിടാങ്ങൾ
സഹിച്ചിടാതാ സതി ചൂടുകണ്ണീ
രഹർന്നിശം ചിന്തുവതാരറിഞ്ഞു?
പാലൂട്ടിടും തള്ളയേ നിഗ്രഹിപ്പാൻ
കാലക്കൊടും ദംഷ്ട്രകൾ മാറിടത്തിൽ
ഏല്പിച്ചിടും മക്കൾ ജനിപ്പതേക്കാൾ
വന്ധ്യത്വമല്ലോ വനിതയ്ക്കു ഭാഗ്യം
ഫണിപ്രവീരൻ പ്രതികാരബുദ്ധി-
ക്കൊന്നാമനാണെങ്കിലുമൊന്നു സത്യം
അകാരണദ്രോഹമൊരിക്കലും ചെ-
ന്യർക്കു നാശംകരനാകുകില്ല.
കാലുണ്ടു കൈയുണ്ടു മനുഷ്യരെപ്പോൽ
കർണ്ണങ്ങളും കണ്ണുകളും തഥൈവ
എന്നാലുമെന്താണു വിശേഷ, മേതും
നരത്വമില്ലാത്ത നരൻ നികൃഷ്ടൻ
അനന്തമാം വാനിലസംഖ്യമായി-
ട്ടവർണ്ണ്യതേജസ്സു ചൊരിഞ്ഞു നില്ക്കും
താരങ്ങളെക്കണ്ടു കുരച്ചിടും ശ്വാസ-
വീർഷ്യാലുവിന്റെ ദേശികനായിരിക്കാം.
ഉടപ്പിറപ്പേഷണിയാണസൂയ-
യ്ക്കടുപ്പമല്പേതരമെന്നു വേണ്ടാ
പരസ്പരം വേർപെടുകില്ല, ജീവൻ-
പിരിഞ്ഞുപോലും വിരഹം ഭവിക്കാം.
പുരാ ചിരഞ്ജീവികളെന്നപേരിൽ
പുരാണമേഴാളുകളെപ്പറഞ്ഞു-
ഒന്നാമതെണ്ണാനിവരർഹരെന്നാ-
ലന്നോർമ്മയില്ലാതെ കിടന്നതാവാം
മഹാരണം വെള്ളിടിയീതിബാധ
ഭൂകമ്പമെല്ലാം നടമാടിയാലും
അധൈര്യമില്ലീ സഹജർക്കിതൊന്നും
മനശ്ശരീരങ്ങളെയേശുകില്ല.
എന്നല്ലിതെല്ലാമിവരേയുണർത്തും
‘നന്നായി’തെന്നോർത്തു രസിക്കുമേറ്റം
ഒന്നെങ്കിലും ബാഷ്പകണം പരന്റേ-
തന്നന്നു കാണാനിവരാഗ്രഹിപ്പൂ.
ഭൂദേവി, നീയിങ്ങനെയെത്രനാളേ-
യീ ദാനവന്മാരുടെ ഭാരമേല്‌പൂ?
ദശാവതാരാദികളാലുമേയീ
വിനാശകന്മാർക്കു വിനാശമാകാ.
(കുട്ടികളുടെ ദീപിക, ആഗസ്റ്റ് 1958)
