നെടുവീർപ്പുകൾ

നെടുവീർപ്പുകൾകൊണ്ടുതീർത്തിടാം
നെടുതായുള്ളൊരു കാവ്യതല്ലജം
ഉടയോനനുവാചകൻ ഗ്രഹി-
ച്ചിടുമാപണ്ഡിതനർത്ഥമൊക്കെയും.
എഴുതാൻ മഷി വേണ്ടപേനയും
മിഴിനീരാലതു നിർവ്വഹിച്ചിടാം
അഴകേറിന ചിത്രകാവ്യമായ്
നിഴലിച്ചീടുമതുന്നതങ്ങളിൽ.
നരനാദിയിൽ നഷ്ടമായൊരാ-
പറുദീസായിലിതിന്റെയുത്ഭവം
അവിടം മുതലെങ്ങുമെപ്പൊഴും
തുടരുന്നുണ്ടിതു വിശ്വസീമയിൽ.
ഇനിമേലിലുമന്തരം വരാ-
നിടയില്ലെന്നതു നിർവ്വിവാദമാം.
ഹൃദയങ്ങൾ തപിച്ചുനീറിയാൽ
നെടുനിശ്വാസമടക്കിടാവതോ?
ഇരുൾ തിങ്ങുമുറക്കറയ്ക്കക-
ത്തിടനെഞ്ചത് തകർത്തു ശക്തിയായ്
ഇടവിട്ടിടവിട്ടുയർന്നിടും
ചുടുനിശ്വാസമസംഖ്യമല്ലയോ?
പലമാതിരി കാരണങ്ങളാ-
ലുളവാകുന്നിതു; ധൂമമുള്ളടം
ചിതയെന്നുവരാ, മെരിഞ്ഞുനി-
ല്പൊരു നിർഭാഗ്യനികേതമായ് വരാം.
മകനായി വളർത്തി കാര്യമായ്
വഴിയിൽനിന്നു ലഭിച്ചകുഞ്ഞിനെ
അവനങ്ങുവളർന്ന രാതിയാ-
യെതിരിട്ടാൽ നെടുവീർപ്പിലാശ്രയം.
പ്രിയഹൃത്തുകളും പരസ്പരം
വിധിശക്തിക്കടിപെട്ടകന്നിടാം
പറയാൻ മടി മറ്റൊരാളിനോ-
ടവിടേയും നെടുവീർപ്പിലാശ്രയം.
കരുതൽ പലതാർന്നു പട്ടിണി-
പ്പൊരുതൽകൊണ്ടുളവായ സംഖ്യകൾ
പണവാണിഭശാലയിൽ തകർ-
ന്നതുമോർത്താൽ നെടുവീർപ്പിലാശ്രയം.
ധനികാഗ്രണിയാത്മബന്ധുവിൽ
മറുപേരാക്കി മറിച്ചൊരാധനം
തിരികെക്കിടയായ്ക്കിൽ നേടുവാൻ
വഴിയുണ്ടോ? നെടുവീർപ്പിലാശ്രയം.
പരദേവതതൻ ഗൃഹത്തിലേ
നിധി മോഷ്ടിച്ചിരുളിൽ കടക്കവേ
ഒരു മർദ്ദനം!–ഒട്ടുപല്ലുമാ-
നിധിയും പോയ്; നെടുവീർപ്പിലാശ്രയം.
ഒരുപെട്ടി നിറച്ചുതിക്കവ-
ച്ചറയിൽ പൂട്ടിയ കള്ളനോട്ടുകൾ
ഒരു ചെപ്പടിവിദ്യപോൽ മറ-
ഞ്ഞവിടെയും നെടുവീർപ്പിലാശ്രയം.
ലിപികൾക്കടിമപ്പെടാതെയു-
ള്ളൊരു ശാകുന്തളനാടകങ്ങളിൽ
ഉരുവാർന്നുതപിച്ചുയർന്നിടും
നെടുതാം വീർപ്പുകളെത്രയെത്രയോ!
സുരലോകസമാനസൌധവും
മകനായിപ്പണിയിച്ചൊരച്ഛനെ
അവനിട്ടുതുറുങ്കിലെങ്കിലോ
ദയനീയം നെടുവീർപ്പുദുസ്സഹം.
വിധവയ്ക്കൊരുപുത്രി; ഹന്തകൺ-
മണിപോൽ ലാളിതയായ് വളർന്നവൾ
സുവിവാഹിതയായി ജനിത്രിയേ
വെളിയിൽത്തള്ളുക സഹ്യമാകുമോ?
ഒരുതള്ളയിരട്ടപെറ്റ ര-
ണ്ടരുമക്കുട്ടികൾ; ഒന്നിനേയവൾ
മുകരും സമയത്തു പൂഴിയിൽ
മരുവും കുഞ്ഞുവിതുമ്പുകില്ലയോ?
നരലോകമിതെന്തുലോകമെ-
ന്നതുചിന്തിക്കിലപാരചിന്തയാം
ഒരുവൻ നെടുവീർപ്പിടുന്നു, മ-
റ്റവനോ മാധുരിയാർന്ന പുഞ്ചിരി.
ചിരിയില്ല കരച്ചിലില്ല സു-
സ്ഥിരമായോർക്കിലിഹത്തിലാർക്കുമേ
ഇരവിൽ കരയുന്നവൻ ചിരി-
ച്ചിടുമാറുണ്ടു വിഭാതവേളയിൽ
പ്രകൃതീശ്വരി,യേതുനേരവും
നെടുവീർപ്പിട്ടു കഴിഞ്ഞിടുന്നവൾ,
നിമിഷംപ്രതി മാറ്റമുള്ളവൾ,
പ്രസവിക്കുന്ന കിടാങ്ങൾ മാനുഷർ.
പ്രസവിത്രിയിൽ നിന്നു വന്നൊരാ-
പ്രകൃതം നമ്മോടു ചേർന്നിരിക്കയാം.
ഇതിസാന്ത്വനമുള്ളിലാർന്നിടാ-
മിതിലേറെപ്പറയേണ്ടതെന്തു ഞാൻ?
ഒരു ശാശ്വതസുപ്രഭാതമു-
ണ്ടതു കണ്ടെത്തുകിലോ ജയിച്ചു നാം.
അതിനപ്പുറമില്ലതേങ്ങലും
നെടുനിശ്വാസവുമൊന്നുമാർക്കുമേ.
(മലയാള മനോരമ ആഴ്ചപ്പതിപ്പ്, നവംബർ 1961)
