Poochayum Njanum

പൂച്ചയും ഞാനും


പൂച്ചപോയല്ലോ, എന്റെ പൂച്ചപോയല്ലോ, എനി-

ക്കൊച്ചയും പൊങ്ങുന്നില്ല വാവിട്ടു കേണീടുവാൻ. 

എങ്ങനെ ജീവിക്കും ഞാൻ കണ്മണീ, നിന്നെപ്പിരി-

ഞ്ഞെങ്ങനെ ഭക്ഷിക്കും ഞാനന്തികേ നീയില്ലാതെ?

എങ്ങനെയുറങ്ങും ഞാൻ നിന്റെയാ പൂവൽമെയ്യി-

ലെങ്ങാനും മെല്ലെത്തൊട്ടു തടവിക്കൊണ്ടല്ലാതെ? 

എന്റെയോമനേ, മത്സ്യമാംസ്യഭക്ഷ്യങ്ങൾ നിന-

ക്കെന്റെയോഹരി പാടേ തന്നിരുന്നല്ലോ നിത്യം. 

നീയതു ഭുജിക്കവേയെനിക്കു നിറയുമ്പോ-

ലായിരുന്നനുഭൂതി, നേരു ഞാൻ ചൊന്നിടുന്നു.

കൈവിരൽ വീണ്ടും വീണ്ടും നക്കി നീയെന്നെപ്പരം

കോൾമയിർക്കൊള്ളിച്ചതുമെങ്ങനെ മറക്കും ഞാൻ? 

എങ്കിലുമെന്നെ വിട്ടു പൊയ്ക്കളഞ്ഞല്ലോ നീയെൻ

തങ്കമേ, നിനക്കില്ലേ സങ്കടമെന്നെപ്പോലെ?

മച്ചിലും മരക്കൊമ്പിൽ കൊച്ചുപക്ഷികൾ ഭയ-

ന്നൊച്ചയുണ്ടാക്കുന്നേടത്തൊക്കെയുമാരാഞ്ഞു ഞാൻ.

നാലുഗേറ്റിലും നോക്കി നിന്നു ഞാൻ പലപ്പൊഴും 

വേലിമുക്കുകൾ തോറും നടന്നു വിളിച്ചു ഞാൻ. 

ആളയച്ചയൽവീടുകളിലൊക്കെ നോക്കിച്ചു,

നാടു നീളെ നോക്കുവാൻ പറഞ്ഞയച്ചു ഭിക്ഷുക്കളെ.

കിണറ്റിലെല്ലാം നോക്കി, കുളത്തിലെല്ലാം നോക്കി 

ഗണകന്മാരോടൊക്കെച്ചോദിച്ചു രഹസ്യമായ് 

വഴിപാടുകളെത്ര നേർന്നു ഞാൻ !കണ്ടെത്തിയ

വഴിപോക്കരോടെത്ര പേരോടു ചോദിച്ചു ഞാൻ 

“നിങ്ങളാരാനും കണ്ടോ മഞ്ഞുപോൽ വെളുത്തിട്ടു 

മഞ്ജുളത്തങ്കപ്പുള്ളിയുള്ളൊരു പെൺപൂച്ചയേ?

ഒട്ടുപേരെല്ലാമെന്റെ മുഖത്തുനോക്കിച്ചിരി-

ച്ചൊട്ടുപേരെന്തൊക്കെയോ പറഞ്ഞു കളിയാക്കി. 

ഇപ്പൊഴുമതാപൊട്ടിച്ചിരിക്കുന്നാരോ മറ-

യ്ക്കപ്പുറത്തു നിന്നെനിക്കമർഷം ജ്യംഭിക്കുന്നു.

സഹതാപമില്ലാത്ത ചിരി! ഞാനിതുതെല്ലും

സഹിക്കില്ലാരാകിലും നല്ലതെന്നോടു കേൾക്കും.

“വേണ്ട വേണ്ടമർഷമൊന്നടക്കി നില്ക്കൂ സഖീ, 

രണ്ടു വാക്കോതട്ടെ ഞാനതു നീ കേൾക്കില്ലയോ? 

ഒരു പൂച്ചയല്ലയോ പോയതു? നീയെന്തിനു 

പരിഭ്രാന്തയാകുന്നു? പൂച്ചനിന്നാത്മാവാണോ? 

പതിയും പൊന്മക്കളും ഗൃഹവും നഷ്ടപ്പെട്ട

സതിയും മനസ്സിനെ നിയന്ത്രിക്കുന്നില്ലയോ? 

നീയൊരു സന്യാസിനി, ത്യാഗിനി, യൊരു പൂച്ച

പോയതോർത്തിതേവിധം വിലപിക്കയോ? കഷ്ടം!

ഇനിയെങ്കിലും നിന്റെ രോദനം മതിയാക്കൂ 

തനിയേ മുറിയിൽ പോയിരുന്നു ധ്യാനിക്ക നീ 

വിശുദ്ധഗ്രന്ഥം കൈയിലില്ലയോ ശ്രീയേശുവിൻ 

വിശിഷ്ട പ്രബോധനം തുറന്നു വായിച്ചാലും.

പരമപ്രഭാഷണം ഗിരിശൃംഗത്തിൽ നിന്നാ

ഗുരുദേവന്റെ തിരുവായ് മലരുതിർത്തതു

പരമാദരവോടേ വായിച്ചു ചിന്തിക്ക നീ

വരുമാശ്വാസം മനശ്ശാന്തിയുമെല്ലായ്പോഴും

പൂച്ചയും പൂമ്പാറ്റയുമൊക്കെയും ചാകും, 

മൂല്യം വാച്ചരത്നമാല്യവും നശ്വരം സഹോദരീ

ഒരുകാലത്തും സ്നേഹം നശ്വരവസ്തുക്കളിൽ

പരിധിക്കങ്ങേപ്പുറമരുതെന്നറിഞ്ഞാലും!

                                                                                                 (കർമ്മലാരാമം, 1973)