
I
ധവളകോമളകാന്തികലർന്നലം
ഭുവനമോഹനമായി വിശാലമാം
ഒരു മഹാമരുഭൂവിനകത്തു ഞാൻ
മരുവിടുന്നതു കണ്ടൊരു വേളയിൽ
എവിടെനിന്നിവിടേയ്ക്കു സമാഗമി-
ച്ചിവിടെ വന്നതിനെന്തൊരു കാരണം
ഇവയിലേതുമശേഷമറിഞ്ഞിടാ-
തവിടെയങ്ങനെ നിന്നൊരു മാത്ര ഞാൻ.
“ഇവിടമേതിടമെങ്ങു ഗമിപ്പൂ ഞാ-
നിവളിലെന്തിനു! ജാഗ്രദവസ്ഥയോ?
ഭുവനമാകെമയക്കിയ നിദ്രയെൻ
സവിധമാർന്നരുളുന്ന കിനാവിതോ?
പലവിശങ്കകളീവിധമാർന്നലം
കലിതകൗതുകപൂരിതയാകവേ
വലിയൊരത്ഭുതനിലശക്തിയാൽ
നിലവെടിഞ്ഞഥവാനിലുയർന്നു ഞാൻ.
അരിയശാരദനീരദപംക്തിയും
സുരനിശാകരവീഥികളൊക്കെയും
അരുമയേറിയതാരകളേയുമ-
ങ്ങരവിനാഴികകൊണ്ടു കടന്നുപോയ്.
നയനസീമകവിഞ്ഞളവറ്റമ-
ട്ടുയരമേറുമിടത്തൊരുലേശവും
ഭയവികാരമകന്നു ചരിച്ചു ഞാൻ
നിയതി തൻ പ്രിയവത്സലയെന്നപോൽ.
തുലയകന്നു പരന്ന മഹാമരു-
സ്ഥലമതപ്പൊഴുമെൻ നയനങ്ങളിൽ
വിശദമായി വിളങ്ങിയിരുന്നു കൈ-
വശമിരിപ്പൊരുദർപ്പണമെന്നപോൽ.
അതിശയോക്തിവെടിഞ്ഞു യഥാർത്ഥമാം
സ്ഥിതിയിലെങ്കിലുമാമരുഭൂമിയേ
ഇതരദൃക്കിനുഗോചരമാക്കിടു
ന്നതിനുകേരളവാണിയശക്തയാം.
അളവുമേതൊരുസീമയുമെന്നിയേ
വെളുവെളുത്തു തപിച്ചു വിശാലമായ്
അലയകന്നൊരു വൻകടലെന്നപോൽ
വിലസിടും മരുഭൂവതു ഭീകരം.
കൊതുകിനും തണലേകിയിരുത്തിടു –
ന്നതിനുദാരതയറ്റൊരു ശൂന്യമാം
സ്ഥലമതിൽ പല പാന്ഥരുഴന്നല-
ഞ്ഞുലയുമസ്ഥിതിയോതുക ദുഷ്കരം.
ഇന മരീചികളാൽ പരിതപ്തമായ്
കനലുപോലെഴുമാമണലിൽ പരം
അവശരായി വിശന്നതിദാഹമാർ-
ന്നവിരതം ജനമോടിനടപ്പുതേ.
വളരുമാർത്തിനിമിത്തമനേകരും
തളരുമാ പരിതസ്ഥിതി ദുസ്സഹം
ഇളയിൽ വീണു പിടഞ്ഞെഴുന്നേല്ക്കയും
ജളത പൂണ്ടു കുഴഞ്ഞു നടക്കയും
തണലിനായ് ചിലർ ദണ്ഡുകളൂന്നിയൊ-
ട്ടണിയുമാടകൾ കെട്ടിവിരിക്കയും
മണലിലേതുമുറപ്പിയലാതെയ-
ക്ഷണമതങ്ങുമറിഞ്ഞുപതിക്കയും
വലിയദാഹമടക്കിടുവാൻ ചിലർ
ജലമെടുപ്പതിനോലി കുഴിക്കയും
കുഴിയിലേക്കു മണൽത്തരിയാകവേ
വഴുതി വീണതു നിഷ്ഫലമകയും
പശിയടക്കിടുവാൻ മണലപ്പമാ-
യശനമാക്കുവതിന്നു പചിക്കയും
വിശദമായ പരാജയഹേതുവാൽ
പിശകിതെന്നചിരേണ ധരിക്കയും
മരുമരീചികയിൽ പരമാശ്രയി-
ച്ചൊരു ജനാവലി വഞ്ചിതരാകയും
പെരിയൊരാശയുമാർത്തിയുമേറിയാ
തരിശുഭൂമിയിലോടിനടക്കയും
ദുരിതവാരിധിതന്നിലിദം സുഖം
തിരയുമാളുകളെത്രയിരിക്കിലും
ഒരു മനുഷ്യനുമല്പവുമാശ്വസി-
പ്പൊരുവിനാഴികകണ്ടതുമില്ല ഞാൻ. (കുളകം)*
ഇതിനിടയ്ക്കശനാദി സുഖങ്ങളിൽ
മതിയിലാഗ്രഹലേശവുമെന്നിയേ
കൃതികളാം ചിലർ ശാന്തമനസ്കരായ്
ഗതിമുദാ തുടരുന്നതു കണ്ടു ഞാൻ
ചെറിയസംഘമതേറ്റമൊതുങ്ങിയാ
തറയിലേക്കു കുനിച്ച മുഖത്തോടും
കരളിലുന്നതചിന്തകളോടുമ-
ങ്ങൊരുമയാർന്നു നടന്നവിടങ്ങളിൽ.
ബഹുജനാവലി പുച്ഛരസം കലർ-
ന്നഹിതഭാവമൊടീനരവീരരേ
മഹിമയറ്റൊരു മൂഢജനങ്ങളെ
ന്നഹഹ! ചൊല്ലി ഹസിപ്പതു കേട്ടു ഞാൻ.
ചെവിയിലീസ്വരമെത്തുപെടാത്തപോ-
ലവരഹന്തവെടിഞ്ഞതിശാന്തരായ്
തെളിവിയന്നൊരു പുഞ്ചിരി പൂനിലാ-
വൊളികണക്കു ധരിപ്പുമുഖങ്ങളിൽ.
മണലിലാണ്ടു കിടന്നപല തരം
മണികൾ നിസ്തുലജാഗ്രതയോടു താൻ
അവർ കുനിഞ്ഞു പെറുക്കിയിരുന്നു, മ-
റ്റവരനാസ്ഥയൊടങ്ങു ചരിക്കവേ.
മനുജദൃക്കിനഗോചരഗാത്രരായ്
പനിമതിക്കെതിരായ മുഖത്തോടേ
ജനതതിക്കിടയിൽ ചില ദുതരും
വിനയകന്നു നടന്നു വിനീതരായ്.
പരമജീവിതമേകിടുമപ്പവും
ചിരസുഖപ്രദമായൊരുവെള്ളവും
ഇരുകരത്തിലുമേന്തി നടന്നിരു-
ന്നരിയസുന്ദരമൂർത്തികളാമവർ.
അവരരൂപികളോടിനടന്നുകൊ-
ണ്ടവശരായ ജനങ്ങളെയാകവേ
മഹിമയേറിയ ദിവ്യവിരുന്നിനായ്
സഹതപിച്ചു വിളിപ്പതു കണ്ടു ഞാൻ.
പുരുസുഖപ്രദമാവിളികേൾക്കുവാൻ
ദുരിതമൂർത്തികൾ ശാത്രവിഹീനരായ്
പൊരിയുമാമണലിൽ പരമാശ്രയി –
ച്ചെരിയുമഗ്നിയിലീയലിനൊപ്പമായ്.
തരിശുഭൂമിയിലാശ്രയമല്പവും
തിരയുവാനഭിലാഷവിഹീനരാം
ചെറുജനാവലി മാത്രമിതാസ്വദി-
ച്ചറുതിയറ്റബലിഷ്ഠത നേടിനാർ.
വലിയൊരാബഹളത്തിലുമെത്രയും
ചലനമറ്റ മനസ്ഥിതിയോടു താൻ
തലകുനിച്ചു നടന്നവരൊക്കെയും
പലതരം മണികൈവശമാക്കിനാർ.
വിലയെഴും ചെറുചെപ്പുകൾ സഞ്ചികൾ
വലിയചാക്കുകളെന്നിവയൊക്കെയും
അവനവന്റെ മിടുക്കിനുതക്കപോ –
ലവർ നിറച്ചുചുമന്നു കൃതാർത്ഥരായ്.
സുലഭസൽഫലമെന്നിയുഴന്നിടും
ഖലജനങ്ങളിലാർദ്രമനസ്കരായ്
പല നയത്തിൽ വിളിച്ചവരെങ്കിലും
ഖലരിൽ സജ്ജന വാക്കതുവന്ധ്യമായ്.
അവരിലെച്ചില നിർമ്മലബുദ്ധികൾ
ചെവിയിലീ വിളിയെത്തിയ മാത്രയിൽ
സവിനയം സഹഗാമികളെവെടി-
ഞ്ഞവരൊടൊത്തിട ചേർന്നിതു സത്വരം!
അനലനോടെതിരായൊരുതാപവും
ജനമുയർത്തിടുമാർത്തനിനാദവും
അനുനിമേഷമുയർന്നുവരുന്നതാ-
ണനുപമേയ ഭയങ്കരസംഭവം.
പെരിയ ഭീകരനാടകമീദൃശം
പരിണമിപ്പതുകാണ്മതിനാഗ്രഹം
കരളിലൊട്ടു നിറഞ്ഞുതുടങ്ങി ഞാൻ
പരിചൊടായതുനോക്കിയിരിക്കയായ്.
ഉടനിരുണ്ടിതു വിണ്ടലമാകവേ
കൊടിയമാരുതനൂക്കൊടുവിശീനാൽ
ഇടികളങ്ങുമുഴങ്ങി ഭയങ്കരം
പൊടിപൊടിച്ചുതകർത്തിതുമാരിയും
അവിടെ ഞാൻ സ്ഥിതി ചെയ്തൊരിടത്തിലീ
ഭുവനബാധകളെത്തുപെടായ്കയാൽ
നവസുഖാപ്തിയിലൊട്ടു കൃതാർത്ഥയാ-
യപകടങ്ങളകന്നു വസിച്ചു ഞാൻ.
ഇതിനിടയ്ക്കുടനാ മരുഭൂവിലെ
സ്ഥിതിയറിഞ്ഞിടുവാനഭിവാഞ്ഛയും
എതിരകന്നുളവായതിനാൽ തമ-
സ്സതിലിടഞ്ഞുകുതിച്ചിതു കണ്ണുകൾ
ഒരു വിനാഴിക, രണ്ടഥമൂന്നിദം
ത്വരിതമങ്ങു കടന്നിതുമാത്രകൾ
ഇരുളിനുഗ്രതചേർത്തനുവേലമീ
ധരയൊടൊന്നു പൊരുന്നതിനെന്നപോൽ
ഝടിതിമിന്നിയണഞ്ഞൊരുമിന്നലി-
ന്നിടയിലാസ്ഥലമെൻ നയനങ്ങളിൽ
സ്ഫുടതയോടുപതിച്ചിതു മാന്ത്രികൻ
പടുതയാർന്നരുളുന്നൊരു കാഴ്ചപോൽ
തുലയകന്നൊരു വിസ്മയമേ! ജനാ-
വലികളാൽ നിബിഡീകൃതമായൊരാ
സ്ഥലമിതാജനശൂന്യമതായി കഴി-
ഞ്ഞിലപൊഴിഞ്ഞൊരു വൻ തരുവെന്നപോൽ.
മരണമായതിനുത്തരവാദിയ-
ല്ലൊരുശവം ബത കാണ്മതുമില്ലഹോ !
ഇരുളിലേതൊരുഭൂതമണഞ്ഞ തീ
നരകുലത്തെ വിഴുങ്ങിയൊടുക്കുവാൻ
ഈ വിധം സഹതാപ വിചിന്തയിൽ
മതിമയങ്ങിയിരിപ്പൊരുവേളയിൽ
അതുലശക്തിയതെന്നെ വഹിച്ചുപാ –
ഞ്ഞതിജവേനഗമിച്ചിതു പിന്നെയും.
മമവിമാനമതൊട്ടകലം ഗമി-
ച്ചമിതവേഗതയൊന്നുകുറയ്ക്കവേ
അമലകാന്തിയെഴുന്നൊരു ഗോപുരം
സുമഹിതം വിലസുന്നിതധോഭുവിൽ.
വിനയപൂർവ്വമതിന്റെ സവിധത്തിലേ
യ്ക്കനതിശീഘമടുത്തു തുടങ്ങവേ
കനകനിർമ്മിതമായൊരു കോട്ടയും
കനലുപോലൊളിയോടഥ ദൃശ്യമായ്
ഉലകിലുള്ളൊരു ശില്പികളാകവേ
തല കുനിച്ചിടുമാറു വിശേഷമായ്
അലഘുമൂല്യമനോഹരരത്നസ-
ങ്കുലവി നിർമ്മിതമാണതു നൂതനം.
തരിശുഭൂമിയിലെ ജനമാകെയാ
പെരിയകോട്ടയിലേക്കു കടന്നിടാൻ
ത്വരിതമോടിവിയർത്തു വരുന്നതും
പരിചിലെന്നുടെ കണ്ണിനുലക്ഷ്യമായ്
വിതതമായൊരു ദുർഗ്ഗകവാടമോ
സതതമങ്ങു തുറന്നുകിടക്കാം
അതിനടുത്തു വരുന്നവരായതി-
ന്നതിരുകാണ്മതുമില്ലൊരുനാളിലും
അതല, മീധര, വിണ്ടലമെന്നുവേ, –
ണ്ടതിരകത്തെഴുമണ്ഡകടാഹവും
മതിലിനുള്ളിലൊതുങ്ങിടുവാൻ സ്ഥലം
മതിയതിന്റെ വിശാലതയോർക്കുകിൽ.
ഭവുകമായതിലുള്ളവയോതുവാൻ
ഭുവനവാസികളൊത്തൊരുമിക്കിലും
അപജയം വരുമത്ര വിശിഷ്ടമാ-
യുപമയറ്റ വിഭൂതികളാണവ.
മനുജദൃക്കിനഗോചരമായ് ചെവി-
യ്ക്കനിശമായതു കേൾവിപ്പെടാത്തതായ്
ബുധജനത്തിനുപോലുമവേദ്യമാ-
യധികരിപ്പൊരുഭാവുകമാണവ.
അതിശയം പരമാർന്ന നിമേഷയാ-
യിതരചിന്തകളാകെ വെടിഞ്ഞു ഞാൻ
പുതുമയേറിയ കാഴ്ചകളിൽ പരം
മതിമറന്നുമയങ്ങിലയിച്ചുപോയ്.
ചെവിയിലപ്പൊഴതെത്തിയ ദിവ്യമാം
നവമനോഹരഗാനവിശേഷമോ
ഇതരഭൂതികളെക്കവിയുന്നതാ-
ണതിനെഴുന്നൊരു മാധുരി നിസ്തുലം.
എതിരകന്നൊരുഗായകസംഘമാ
വിതതദുർഗമതിന്നധികാരിയാം
പതി, മഹോന്നതനെ സ്തുതിചെയ്കയാ-
ണതുവിതർക്കമകന്നു ധരിച്ചു ഞാൻ.
ഒരു മഹാമണിപീഠമതിന്നുമേ-
ലരുമയോടതിശാന്തഗംഭീരനായ്
സുരസമൂഹനിഷേവിതനായിരു-
ന്നരുളമുന്നതരാട്ടഭിവന്ദ്യനാം.
ധവളവസ്ത്രമണിഞ്ഞു പലേശതം
യുവജനാവലിരാജനുചുറ്റിലും
നവമനോഹരഗാനമതോടു ചേർ –
ന്നവിരതംജയഭേരിയടിപ്പുതേ.
ഒരു ഭടൻ പടികാവൽ നടത്തിടു-
ന്നൊരുവനാ ജനസംഹതിയേ മുദാ
തരവിശേഷമറിഞ്ഞു തിരിച്ചിടു-
ന്നിരുവശങ്ങളിലായ് ബഹു കൃത്യമായ്
ഇതരനങ്ങണയുന്നു ഗഭീരനായ്
ചിതമെഴുന്നതുലാസൊരുകൈയിലും
ഇതരഹസ്തമതിൽ പ്രഭ ചിന്തിടും
പുതിയമാതിരി പുസ്തകമൊന്നുമായ്.
മണലിൽ നിന്നുപെറുക്കിയ മേൽത്തരം
മണികൾ തൂക്കി വണിഗ്വരതുല്യനായ്
കണിശമായവിധം വില നിർണ്ണയി-
ച്ചണുവുമന്തരമറ്റു കുറിച്ചവൻ.
അവനവന്റെ തുകപ്പടിശ്ശീട്ടുകൾ
നവസുവർണ്ണലിപി പ്രഭചേർന്നതായ്
ജവമവർക്കു കൊടുത്തധിരാട്ടു തൻ
സവിധമങ്ങു നയിച്ചവരേ മുദാ.
പരമരാജനകത്തെളിവോടുത-
ന്നരികിലങ്ങുവിളിച്ചു പലതരം
മണിമയാസനമേകിയിരുത്തി സൽ
ഗുണസുധാബ്ധധികളായ ജനങ്ങളേ.
വിലയെഴും നവരത്നകിരീടവും
തലയിൽ വച്ചഭിഷേചനകർമ്മവും
നലമൊടന്നു നടത്തിയ നാരതം
വിലസുമുന്നതരാട്ടുകളാക്കിനാൻ.
ഇതിനിടയ്ക്ക് തുറന്ന കരങ്ങളോ –
ടതിനടുക്കലണഞ്ഞവരൊക്കെയും
അതിരകന്ന നിരാശയിലാണ്ടുപോ-
യെതിരകന്നൊരു നീതി നടക്കയാൽ.
ഒരുവിധത്തിലുമേതൊരുനാളിലും
പരിഹരിപ്പതിനാർക്കുമസാദ്ധ്യമാം.
പെരിയ നഷ്ടമിതെന്നു ധരിക്കയാൽ
പരമസഹ്യതയോടവരോടിനാർ
കുപിതരായവർ പല്ലുകടിക്കയും
സപദി മാറിലടിച്ചുവിളിക്കയും
കഠിനവാക്കു പറഞ്ഞുശപിക്കയും
കൊടിയരംഗമിതോർക്കുക ഭീകരം.
ഒടുവിൽ ദുർഗ്ഗകവാടമടഞ്ഞതി-
ന്നടിയിൽ മറ്റൊരു വാതിൽ തുറക്കവേ
ഇരുൾ നിറഞ്ഞൊരു ഭീകര ഗർത്തമാ
പെരിയദുഷ്ടജനത്തിനു ദൃശ്യമായ്.
ചാരേവന്നൊരു ദൂത വീരനുടനേ
സമ്രാട്ടു കലപിച്ചപോ-
ലാരോടും ചെറുതെങ്കിലും കരുണയെ-
ക്കാട്ടാതെ നിഷ്പക്ഷമായ്
കാരാഗാരമതിന്നകത്തു ഖലരെ –
ത്തള്ളീട്ടുവാതായനം
പാരം ഭദ്രതയോടടച്ചു ബലമാ
യെന്നേയ്ക്കുമായ് പൂട്ടിനാൻ!
II
ചൊല്കൊണ്ട നാടകമതിന്നവസാന രംഗം
നിഷ്കർഷയോടഭിനയിപ്പതു കണ്ടനേരം
വാക്കിന്നഗോചരമതായവിധത്തിലുള്ളോ-
രുത്കണ്ഠയെന്നിലുളവായ മമ ഭാവിയിന്മേൽ
എന്താകിലും ഭയമകത്തു കടന്നതില്ല
സന്താപസാഗരമതിൽ കരളാണ്ടുമില്ല.
എന്തോപരം സ്ഥിരതയേറിയ ധൈര്യമൊന്നെ –
ന്നന്തർഗ്ഗതങ്ങളെ നയച്ചു ഭരിച്ചിരുന്നു.
മണ്ണിൽ പുതഞ്ഞ വിലയേറിയരത്നജാലം
കണ്ണിൽ പെടുന്നതിനുമുമ്പു നിലത്തുനിന്നും
വർണ്ണിപ്പതിന്നു കഴിയാത്തൊരു ദിവ്യശക്തി
വിണ്ണോളമെന്നെയിതു മട്ടിലെടുത്തുയർത്തി.
അല്ലെങ്കിലെത്ര വലുതായൊരു നല്ലഭാണ്ഡം
കില്ലേതുമെന്നിയെ നിറച്ചുവഹിച്ചു ഞാനും
കല്യാശയൻ പരമരാജനു കാഴ്ചവയ്പാൻ
സോല്ലാസമിങ്ങു സവിധേ വരുമായിരുന്നു!
ഏവം പലേതര വിചിന്തകളുൾക്കരുത്തിൽ
നാവുന്നതിന്നിടയിലെൻ നയനദ്വയത്തിൽ
മേവും തിരസ്കരണി നീങ്ങിയഥാർത്ഥമെല്ലാം
ദൈവേച്ഛയാപകലുപോലഥ ദൃശ്യമായി.
ഭൂചക്രവാളപരിധിക്കു വഴിപ്പെടാതെ
വാചാമഗോചരമതായവിധത്തിലേറ്റം
ശാഖോപശാഖകളിടഞ്ഞിടതൂർന്നു നീങ്ങി-
ട്ടാകാശസീമകവിയും വിധമങ്ങുയർന്നും
തിങ്ങിക്കുലച്ച നവരത്നഫലപ്രകാണ്ഡം
താങ്ങിക്കുഴഞ്ഞു ശിഖരങ്ങൾ വളഞ്ഞുതാണും
എങ്ങും നിലം തടവിടുന്നൊരു വൃക്ഷരാജൻ
താങ്ങുന്നു തന്റെ ശിഖരങ്ങളിലെന്നെ മോദാൽ (യുഗ്മകം)*
ഏറ്റം പ്രശാന്തതരമാം കുളിർതെന്നലൊന്നി-
ങ്ങേറ്റാലുമാവിടപിയങ്ങിളകിക്കളിക്കും
കുറ്റം വെടിഞ്ഞുവിലയേറിയ രത്നജാലം
ചുറ്റും വിതച്ചവിധമാ തറയിൽ പൊഴിക്കും.
ആരും പെറുക്കിടുവതിന്നണയായ്ക മൂലം
സ്വൈരം സദാപൊഴിയുമീ നവരത്നമെല്ലാം
ഭൂരിപ്രഭാപടലമങ്ങു വമിച്ചു നിത്യം
പാരിന്നുഭൂഷണമതായവിടെക്കിടപ്പൂ.
മിന്നിത്തിളങ്ങി മരുഭൂമിയിതിന്നകത്തു
ചിന്തിക്കിടന്ന വിലയേറിയ രത്നജാലം
സന്ദേഹമില്ല ചെറുതീയൊരു ശാഖി തന്റെ
വൃന്ദാരശാഖകളിൽ നിന്നു പൊഴിഞ്ഞത്.
അന്നന്നു വീണവിടെയങ്ങു കിടന്നു പാരം
കുന്നിച്ചിടും മഹിതഭാസുരരത്നമെല്ലാം
ഒന്നാകെ വാരിയധിരാജനുകാഴ്ചവയ്പാൻ
നന്നായുദിച്ചുവലുതാമഭിവാഞ്ഛയെന്നിൽ.
എന്നാലുമെന്റെ ചെറുതാമിരുകൈകളാലേ
വന്നീടുകില്ലഭിനിവേശമതിന്നു പൂർത്തി
എന്നുള്ള ചിന്തയോടുകർമവിമൂഢയായ് ഞാൻ
മന്ദം നടന്നു ശിഖരങ്ങളിലങ്ങുമിങ്ങും.
തായിത്തടിക്കരികിലെത്തിനിലത്തിറങ്ങാ-
നായിട്ടുകാലടിയിലേക്കു പതുക്കെ നീട്ടി
മായപ്പകിട്ടുകലരാത്തൊരു ദിവ്യദീപ്തി
പായിച്ചിടുന്ന മണിവേദികമേൽ ചവുട്ടി.*
ഞാനാനിലയ്ക്കു പുളകാഞ്ചിതഗാത്രയായി –
ത്താനേവിടുർന്നൊരു കരങ്ങളെ മെല്ലെ നീട്ടി.
ആ നല്ല ദിവ്യതരുവെന്നുടലോടുചേർത്തു
സാനന്ദമൊന്നു തഴുകി കൃതകൃത്യയായി.
അത്യുക്തിയേറി വിലസീടിനകാവ്യമെല്ലാ-
മൊത്താലുമൊട്ടുചിതമായ പദങ്ങളൊന്നും
സിദ്ധിക്കുകില്ലിഹ വെറും പരമാർത്ഥമോതാ –
ഇത്രയ്ക്ക് വണ്ണമതിനുണ്ടൊരു തർക്കമെന്യേ.
എന്നാലുമെൻ കരയുഗത്തിനിടയ്ക്കതേറ്റം
നന്നായൊതുങ്ങിയമരുന്നതു കണ്ടനേരം
വന്നോരു വിസ്മയമുരപ്പതു സാദ്ധ്യമാവി-
ല്ലെന്നാളുമേതൊരുമഹത്തരവാണികൊണ്ടും.
അക്ഷിദ്വയം വിപുലമായവിധം തുറന്നു
സൂക്ഷിച്ചു ഞാൻ വിടപിരാജനെ നോക്കി വീണ്ടും
നക്ഷത്ര തുല്യലിപി പഞ്ചകമക്ഷണത്തി-
ലീക്ഷിച്ചതിന്റെ തടിയിൽ പിഴയേതുമെന്ന്യേ.
“ജീവന്റെ വൃക്ഷം” – അതു ചുണ്ടിലണഞ്ഞ പൂന്തേൻ,
നാവിന്നു ചിന്തി വഴിയുന്ന സുധാപ്രവാഹം,
കൈവല്യമെന്റെ കരളിന്നിതിലപ്പുറം ഞാ-
നാവാക്കിനെന്തു മഹനീയത ചൊന്നിടേണ്ടൂ?
ജീവന്റെ നീരുറവയാ തരുവിൻ ചുവട്ടി –
ലാവിർഭവിച്ചൊഴുകിടുന്നതുമാത്രമല്ല
ആയുസ്സുമർത്യനരുളുന്നൊരു ദിവ്യമന്നാ
പെയ്യുന്നതും സപദി കണ്ടവിടത്തിലെല്ലാം.
ഈ ദിവ്യകല്പതരുവിന്നരികത്തണഞ്ഞാൽ
പൈദാഹശാന്തി വരുമേവനുമത്രയല്ല
സാദം വെടിഞ്ഞു, പുനരെങ്ങുമുഴന്നിടാതെ
മോദിച്ചിതിന്റെ തണലിൽ ചിരമാശ്വസിക്കാം
. എന്നാലുമാരുമിവിടേക്കു വരായ്കമൂലം
മന്നാകെ ജീവജലവും പരിശുദ്ധമായ
മന്നായുമായ് വിതരണത്തിനു ദൈവദൂതൻ
തന്നേ തുനിഞ്ഞിവിടെ നിന്നനിശം ഗമിപ്പൂ!
ദാരുപ്രവീരനിവനിപ്പൊഴുതേവമെന്റെ
ദോരന്തരാളമതിൽ ബന്ധിതനായിരിക്കെ
ഭൂരിപ്രഭൂതിയിവകൾക്കിഹഞാനൊഴിച്ചി-
ന്നാരാണു മറ്റൊരവകാശി നിനച്ചു കണ്ടാൽ?
“എല്ലാമെനിക്കു മറുവാക്കിനിയൊന്നുമോതാ –
നില്ലെന്നു ധീരതകലർന്നൊരു ചിന്തയോടേ
കില്ലേതുമറ്റു പരിരംഭണബന്ധനത്തേ-
യുല്ലാസപൂർവ്വമഹമൊന്നു ബലപ്പെടുത്തി.
പ്രേമാമൃതാംബുധി കടഞ്ഞൊരു വെണ്ണകൊണ്ടു
സീമാതിരിക്തഗുണവായ്പോടുവാർത്തെടുത്ത
കാമാനുകൂലസുഖദായക പാണിയുഗ്മം
സാമോദമെന്നുടലിലൊന്നു തലോടിയപ്പോൾ.
ആരെന്നറിഞ്ഞീടുവതിന്നഭിവാഞ്ഛയോടേ
സ്വൈരം തിരിച്ചു നയനദ്വയങ്ങളങ്ങുമിങ്ങും
ചാരേമദീയകരബന്ധമതിൽ കുടുങ്ങീ-
ട്ടാരാജവീരനമരുന്നതു കണ്ടിതപ്പോൾ.
ഞാൻ കണ്ട ദിവ്യതരുവെങ്ങു മറഞ്ഞുവെന്നായ്
ശങ്കിച്ചുനോക്കുമളവായതു മുൻപിലേപ്പോൽ
തങ്കുന്ന പാണിയുഗളത്തിനിടയ്ക്കു മറ്റേ
തങ്കപ്രഭാമിളിതമൂർത്തിയദൃശ്യമായി!
മായപ്പകിട്ടരിയ ചെപ്പടിയിന്ദ്രജാല-
മീയെന്റെ കണ്ണിനിഹഗോചരമായിടുന്നോ?
സായൂജ്യതുല്യപരിപാവനഭാവുകത്തിൽ
മായാവിമോഹമണയുന്നതിനെന്തു ബന്ധം?
ഏവം മനസ്സിലിടതിങ്ങിയശങ്കയോടു –
മാവൃക്ഷരാജനുടെ നേർക്കിവളുറ്റുനോക്കി
ദിവ്യപ്രതാപമഹിമാവിനു കേളിഭൂവായ്
മേവുന്നരാട്ടവിടെ നില്പതു കണ്ടു വീണ്ടും.
ആലിംഗനാസപദി തന്റെ കരങ്ങളാലും
താലോലചുംബനമെനിക്കധരങ്ങളാലും
വാലോട്ടിടഞ്ഞമധുരോക്തികൾ നാവിനാലും
ചാലേ കനിഞ്ഞരുളി പാവനരാഗമൂർത്തി.
തൂമഞ്ഞുപോൽ ധവളമായൊരു നല്ലവസ്ത്രം
സാമോദമെന്നെയണിയിച്ചു സുഗന്ധമോലും
പൂമാലയൊന്നു പരിചാർത്തി, ശിരസ്സിലേറ്റം
കേമത്തമാർന്നൊരു കിരീടവുമങ്ങുചേർത്തു.
പീഠത്തിലൊന്നിലിവളേയുപിഷ്ടയാക്കി –
കൂടും പ്രിയത്തോടവിടുന്നൊരുമിച്ചിരുന്നു. കോടാനുകോടിയുവഗായകരക്ഷണത്തിൽ
നീടാർന്ന ഗാനമഴകൊടു മുഴക്കി വാനിൽ.
കുന്നിച്ചിടുന്നൊരു കൃതജ്ഞത, ശുദ്ധബാഷ്പ-
ബിന്ദുക്കളായ് പൊഴിയുമെൻ നയനങ്ങളാലേ
എൻ നാഥനാം പരമരാജനെ നോക്കി ഞാനു,-
മന്നേരമങ്ങു വിലസുന്നുമഹീരുഹേശൻ.
ആ മൂർത്തിയിൻ പരമരാജമുഖാംബുജത്തേ
ക്ഷേമാസ്പദം പരമസുന്ദരവിഗ്രഹത്തേ
ആ മാത്രയിൽ തെളിവിന്നിവൾ കണ്ടു വീണ്ടു-
മാമോഹനാംഗമതിലാതരുരാജനേയും.
“ജീവന്റെ ദിവ്യതരുവേ! ജയ! സർവ്വലോക –
സേവാർഹനാം പരമരാജ, ഭവാൻ ജയിക്ക
ഏവം പലതരമനോഹരഗാനമെല്ലാ –
മാവന്ദ്യഗായകസമൂഹവുമങ്ങുപാടി.
നിത്യപ്രകാശമുടനെന്നെ വളഞ്ഞു, സർവ്വ
തത്വങ്ങളും സപദി സുഗ്രഹമായെനിക്ക്
ബുദ്ധിക്കു വിജ്ഞതലഭിച്ചതു മാത്രമല്ല
സിദ്ധിച്ചു തൽക്ഷണമമാനുഷശക്തിയെല്ലാം.
ആമാല,യാട,യഴകാർന്ന മണിക്കിരീടം,
ശ്രീമത്തരംതുലയകന്നമനോജ്ഞപീഠം,
കൈവന്നഭൂതിയിവനിത്യമിരിപ്പതാണ-
ന്നാവേളയിൽ പിഴയകന്നു ധരിച്ചു ഞാനും.
വേലാതി ഗപ്രകൃതിയാർന്നൊരു ദിവ്യരാജ്യേ
കാലാന്തമറ്റ ഭരണത്തിനു വാഴ്ചയേറ്റ
ശ്രീപ്രഭാവന ധിരാജനുരാജ്ഞിയായി-
ച്ചേലോടുയർന്നതുനിനച്ചു കൃതാർത്ഥയായ് ഞാൻ.
പ്രേമപ്പൂന്തേൻ പൊഴിക്കും മധുര-
വചനമെൻ കാതിലദ്ദേഹമോതി,
സാമോദം കേട്ടു ഞാനും പുളകിത
തനുവായെങ്കിലും ശങ്കയെന്യേ
കാമം കാതിന്നുചേർക്കും പടി,
നവസുധയേവെന്ന സൽപ്രേമഗാനം
ശ്രീമൻ ശ്രോത്രദ്വയത്തിൽ പരി-
ചൊടു സുചിരം ചന്തമായാലപിച്ചു.
