പരിശുദ്ധൻ പരിശുദ്ധൻ!! പരമശുദ്ധൻ!!!

‘പിതാസുതൻ റൂഹാ’യെന്നീ പരിശുദ്ധനാമങ്ങൾക്കായ്
സ്തിയുണ്ടാകട്ടെനിത്യം നിരർഗ്ഗളമായ്!
തിരുസ്സഭാകർമ്മങ്ങളീ സമാരാദ്ധ്യനാമങ്ങളെ-
യുരുവിട്ടുതുടങ്ങുന്നു, സമാപിക്കുന്നു.
ത്രിത്വസ്തുതിയൊടു തുല്യമില്ലവേറെയാരാധന
പ്രാർത്ഥനയും ക്രിസ്ത്യാനിക്കെന്നറിയേണം നാം.
ഒരു നല്ല ക്രൈസ്തവന്റെ ജീവിതത്തിലീ പ്രാർത്ഥന-
യുരുവിടാനവസരം തുടരെയുണ്ടാം.
ഭക്ഷണവുമുറക്കവും പലേതരംജോലികളും
ശിക്ഷണവും യാത്രതൊട്ടകാര്യങ്ങളെല്ലാ-
ഒരു ത്രിത്വസ്തുതിയോടെ ക്രൈസ്തവനാരംഭിക്കണം
ചുരുക്കമാണി പ്രാർത്ഥനയമൂല്യമേറ്റം.
അപകടമേഖലകൾ വിജയിച്ചുമുന്നേറിടാം
ജപമിതുഭക്തിപൂർവ്വം ജപിച്ചുകൊണ്ടാൽ.
കൊടുങ്കാറ്റു ശാന്തമാക്കാ,മിടിമിന്നിൽ ഗതിമാറ്റാം
കടൽക്ഷോഭം ശമിപ്പിക്കാം; വിശ്വാസംവേണം.
രാമനാഥപുരമിന്നുകീർത്തിക്കുന്നീ പരിശുദ്ധ
നാമത്രയം, പണിതീർന്ന പള്ളിയിലൂടേ.
അംബരത്തിൽ മാലാഖാമാരമന്ദമാധുരിയോടെ
തംബുരുമീട്ടിക്കൊണ്ടേവമാലപിക്കുന്നു.
“പരംപൊരുൾ, മൂന്നാളുകളൊന്നായുള്ള നിരാമയൻ
പരിശുദ്ധൻ!! പരിശുദ്ധൻ!! പരമശുദ്ധൻ!!!
സ്വരംചേർത്തൊന്നേറ്റുപാടാം നമുക്കു ഗാനം; ദൈവം
പരിശുദ്ധൻ! പരിശുദ്ധൻ!! പരമശുദ്ധൻ!!!
നിരന്തരം പാടാം നമുക്കതുതന്നേ; നല്ലദൈവം
പരിശുദ്ധൻ! പരിശുദ്ധൻ!! പരമശുദ്ധൻ!!!
(രാമനാഥപുരം ഹോളി ട്രിനിറ്റി ചർച്ച് സുവനീർ, 1973)