Prabhavathy

പ്രഭാവതി


ദിച്ചുയർന്ന സൂര്യനും പതിച്ചു പശ്ചിമാബ്ധിയിൽ, 

മദിച്ചടുത്ത കൂരിരുട്ടുകൊണ്ടു മൂടി ഭൂതലം, 

വിദഗ്ദ്ധനായ മാന്ത്രികന്റെ വിദ്യയിൽ കുഴഞ്ഞുപോ-

ലദൃശ്യമായ് വസിച്ചിരുന്നു താരകാഗണങ്ങളും

1

 

കുറുക്കനും തികഞ്ഞ മൗനമാചരിച്ചു, ഭീതിയാൽ

പുറത്തു സഞ്ചരിച്ചതില്ലുലകജാതി പോലുമേ.

കുറച്ചുനേരമല്ല, യാമമൊന്നു രണ്ടിദം കഴി-

ഞ്ഞുറക്കമായ് ചരാചരങ്ങളാകവേ ഭയങ്കരം!                                            

2

 

ഒരുത്തി നല്ല സുന്ദരാംഗി, സ്വർവധൂഗണത്തിലും

പെരുത്തസൂയ ചേർത്തിടുന്ന മോഹനാംഗിമാർമണി,

വിരിച്ചുമെത്തതന്നിലങ്ങിരുന്നിടുന്നു, ദീപമൊ-

ന്നെരിഞ്ഞിടുന്നടുത്തുതന്നെ, മങ്ങിമങ്ങിയെപ്പോഴും.        

3

 

അടുത്തപൊക്കമംഗപുഷ്ടി, പൂർണ്ണമായ യൗവനം, 

പിടിക്കമർന്നിടാതഴിഞ്ഞുലഞ്ഞുവീണ കൂന്തലും, 

അടുത്തിടുന്ന ധൂർത്തരോടു വൻപടയ്ക്കു നിശ്ചയി-

ച്ചെടുത്ത ചാപമെന്നു തോന്നിടുന്ന ചില്ലിയുഗ്മവും.   

4

 

വിതർക്കമറ്റൊരാഭിജാത്യമോതിടും വിധത്തിലാ

നതാംഗിതൻ മുഖത്തു കേളിയാടിടുന്ന ഭാവവും, 

സ്ഥിതിക്കടുത്ത വസ്ത്രവും, വിഭൂഷണങ്ങളും സ്വയം

സതിക്കെഴുന്ന മാറ്റുരച്ചുകാട്ടിടുന്നു ഭംഗിയായ്, (യുഗ്മകം)

5

 

വിവേകമറ്റ മാരനോ, വിചാരമറ്റ ചോരനോ, 

സുവാസനീമണിക്കൊരല്ലലേറ്റി വച്ചു നിർദ്ദയം? 

ഭവാബ്ധിയിൽ കിടന്നുഴന്നിടുന്നവർക്കു കണ്ണുനീർ-

പ്രവാഹവും ചിലപ്പൊഴൊക്കെ വേണ്ടിവന്നിടും ദൃഢം.

6

 

അഴിഞ്ഞുലഞ്ഞ കൂന്തലൊന്നൊതുക്കിടുന്നതില്ലവൾ 

പൊഴിഞ്ഞിടുന്ന കണ്ണുനീർ തുടച്ചിടുന്നുമില്ല ഹാ!

വഴിഞ്ഞിടുന്ന മാലകത്തൊതുക്കുവാൻ ശ്രമിക്കിലും 

കഴിഞ്ഞിടാതെയീവിധം പുലമ്പിടുന്നു കന്യക:

7

 

“പിഴച്ചതെന്തു സാധു ഞാനിതേവിധത്തിലീശ്വരൻ 

മുഴുത്ത കഷ്ടകാലമെൻ ശിരസ്സിലേറ്റി വയ്ക്കുവാൻ?

പഴിച്ചിടുന്നു ലോകരെന്നെ നിർദ്ദയം; വരട്ടെ,യി-

ക്കുഴപ്പമൊക്കെയിന്നുതന്നെ തീർത്തിടുന്നതുണ്ടു ഞാൻ.

8

 

കിണറ്റിലുണ്ടു വെള്ളമിന്നെനിക്കു മുങ്ങുവാ, നതിൻ 

തണുപ്പുകൊണ്ടു താപശാന്തി നിത്യമായ് വരുത്തിടാം, 

പിണം തിരഞ്ഞു കണ്ടെടുത്തിടുന്ന നേരമന്തികേ-

യണഞ്ഞു കേണിടുന്നതിന്നുമില്ലെനിക്കൊരുത്തരും.”

9

 

വദിച്ചു മങ്കയിത്രയും, പിടച്ചെണീറ്റു, പിന്നെയും 

നദിക്കുതുല്യമവാർത്തുകൊണ്ടു നിന്നരക്ഷണം. 

പദങ്ങളാ നിലത്തുനിന്നിളക്കുവാൻ ശ്രമിക്കവേ-

യുദിച്ചവൾക്കു ചിന്തയൊന്നു ചിത്തതാരിലീവിധം:

10

 

“പലർക്കുമെന്റെ ജീവഹാനി നാശഹേതുവായ് വരാം, 

കൊലയ്ക്കു ശിക്ഷ കുറ്റമേതുമറ്റവർക്കു കിട്ടിടാം.

കലക്കമെന്തിനീവിധം വരുത്തിടുന്നിതിന്റെ ദുഷ്-

ഫലത്തിനേവനർഹനാണവന്റെമേൽ ചുമത്തണം.

11

 

എഴുത്തിനുള്ള സാധനങ്ങൾ കൈയിലേന്തി മങ്കയാ-

ളെഴുത്തുമേശയോടടുത്തുചെന്നിരുന്നു തൽക്ഷണം. 

കഴിഞ്ഞതൊക്കെയെണ്ണിയെണ്ണിയോർത്തുകൊണ്ടു പിന്നെയും

പൊഴിഞ്ഞ കണ്ണുനീരിനാൽ നനച്ചു തന്റെ മാറിടം.

12

 

കരഞ്ഞു നെഞ്ചുപൊട്ടുമാറു നിശ്വസിച്ചുമേങ്ങിയും,

വരാംഗി തൻ ശിരസ്സിനെക്കരങ്ങളാലെ താങ്ങിയും, 

പരസ്പരം വിരുദ്ധമായ ചിന്തകൾക്കധീനയാ-

യിരുന്നുപോയനേരമെത്രയെന്നറിഞ്ഞതില്ലവൾ.

13

 

തുടച്ചു തൻ മൃദുക്കളാം കരങ്ങളാലെ കണ്ണുകൾ, 

തിടുക്കമോടു ദീപവും തെളിച്ചടുത്തുവച്ചുടൻ; 

അടുത്തിരുന്ന പേനയെക്കരത്തിലേന്തി വേണ്ടപോൽ 

പിടിച്ചു കൈവിറച്ചുകൊണ്ടിദം ചമച്ചു കായിതം:

14

 

“സ്ഥിരപ്രതിഷ്ഠയെന്റെയുള്ളിലാർന്ന ജീവനായകാ, 

പരാംഗനയ്ക്കധീനനായ് ചമഞ്ഞൊരെൻ പ്രഭാകരാ,

എരിഞ്ഞു ചാമ്പലായൊരെന്റെ ചിത്തമിന്നു കാഴ്ചയായ് 

തരുന്നു, നിൻ പദങ്ങളിൽ നമസ്കരിച്ചിടുന്നു ഞാൻ.

15

 

“പരേതയായൊരെന്റെയമ്മ തന്റെയന്ത്യവേളയിൽ 

കരഞ്ഞുകൊണ്ടടുത്തു നിന്നൊരെന്റെയീ കരങ്ങളെ, 

പരൻപുമാന്റെ നാമമുച്ചരിച്ചുകൊണ്ടു നിന്റെയാ-

കരത്തിലന്നു ചേർത്തതിപ്പൊളോർത്തിടുന്നുവോ ഭവാൻ?

16

 

“കളങ്കമറ്റ രാഗമെന്നു വിശ്വസിച്ചു നിന്റെയാ 

തെളിഞ്ഞപുഞ്ചിരിക്കധീനയായ്ച്ചമഞ്ഞു സാധു ഞാൻ!

വളർന്ന നാശമൊക്കെയെന്റെമേൽ ചുമത്തി വച്ചു നീ;-

യിളഞ്ചെടിക്കൊഴിച്ചിടൊല്ല കാഞ്ഞവെള്ളമീവിധം.

17

 

“പരാശ്രയംവിനാ കഴിപ്പതിന്നു വേണ്ടവസ്തുവി

നിരാശ്രയയ്ക്കു ദൈവദത്തമായിരുന്നതൊക്കെയും, 

പെരുത്തജാലമോടു നീ കരസ്ഥമാക്കിയപ്പൊഴും 

ദരിദ്രയായ് ചമഞ്ഞ ഞാൻ ക്ഷമിച്ചതോർക്കണം ഭവാൻ.

18

 

“ജനിച്ചു ഞാൻ വളർന്ന് നാടുവിട്ടു നിന്റെ കൂടെ “നീ-

യെനിക്കു സർവ്വ’മെന്നുറച്ചുപോന്നതും മറന്നിദം

തനിച്ചുകൊണ്ടുവന്നു തള്ളിയീ ഗുഹയ്ക്കകത്തതും 

മനസ്സുഖം വിടാതെ ഞാൻ ക്ഷമിച്ചതോർക്കണം ഭവാൻ.

19

 

“അകം തപിച്ചു ഞാനയച്ച കത്തിനൊക്കെയൊന്നുപോൽ

തികഞ്ഞ മൗനമാചരിച്ച നിർദ്ദയപ്രവൃത്തിയും, 

അകന്നുമാറിടുന്നതിന്റെ ലക്ഷ്യമെന്നറിഞ്ഞിടാ-

തകക്കുരുന്നിലങ്ങെയോർത്തിരുന്നതോർക്കണം ഭവാൻ.

20

 

“അടുത്ത വീട്ടിലങ്ങു വന്ന വാർത്ത ഞാനറിഞ്ഞുകൊ-

ണ്ടടങ്ങിടാത്തൊരത്തലോടു ദാസിയേ അയയ്ക്കവേ, 

കടുത്തവാക്കുരച്ചവൾക്കു ഭീതിയേകി, മാനവും-

കെടുത്തുവിട്ടതൊക്കെ ഞാൻ ക്ഷമിച്ചതോർക്കണം ഭവാൻ.

21

 

“പെരുത്തു ഗൗരവം വരുന്ന കുറ്റമേതു മട്ടിലോ

വരുത്തിവച്ചുപോയി ഞാനിദം വൃഥാ നിനച്ചുടൻ, 

കരഞ്ഞു മാപ്പിരന്നു കത്തയച്ചു; കല്ലിനേയുമ-

ങ്ങുരുക്കിടുന്ന വാചകങ്ങളോർത്തുനോക്കണം ഭവാൻ.

22

 

“പ്രഭാകരാ, ഭവാന്റെയിഷ്ടമൊന്നുമാത്രമേതിലും 

പ്രഭാവതിക്കു മാർഗ്ഗദർശിയായിരുന്നു നിശ്ചയം. 

ശുഭത്തിലും വിപത്തിലും ഭവൽപദാംബുജങ്ങളേ-

യഭംഗമായ് ഭജിച്ചു ഞാനതോർത്തുനോക്കണം ഭവാൻ.

23

 

“മരിക്കിലും ലയം വരാത്ത നിഷ്കളങ്കരാഗമാ-

ണിരിപ്പതെന്റെ ഹൃത്തിലെന്നറിഞ്ഞുകൊൾക സത്യമായ് 

ഒരിക്കൽ നീയിതൊക്കെയെണ്ണിയെണ്ണിയോർത്തു കേണിടും

ധരിക്ക ഞാൻ ശപിക്കയല്ലനുഗ്രഹിക്കതന്നെയാം.

24

 

“വിറച്ചിടുന്നുകൈകളൊന്നുരണ്ടു വാക്കുകൂടി ഞാൻ

കുറിച്ചിടട്ടെ വല്ലപാടുമീശ്വരാ തുണയ്ക്കണേ!

പറഞ്ഞതൊന്നുമല്ലതിൽ കവിഞ്ഞതൊന്നുകൂടിയു-

ണ്ടറിഞ്ഞിടട്ടെ ലോകമിച്ചരിത്രമൊക്കെ വേണ്ടപോൽ.

25

 

“അഹോ കടുത്ത പാതകം, തെളിച്ചു ഞാനതോതുകിൽ 

മഹാജനം നടുങ്ങിടും, ജഗ്രതയും വിറച്ചിടും. 

സഹായമറ്റ സാധുവോടു ചൊരിച്ചതിക്കു നീ-

യിഹത്തിലും പരത്തിലും ശരിക്കു ശിക്ഷയേറ്റിടും.                                   

26

 

“ഒരുത്തരേയുമീവിധം ചതിച്ചിടൊല്ല,ദൈവമെ-

ന്നൊരുത്തനുണ്ടതോർമ്മവേണമുള്ളിലേതുനേരവും. 

വരുത്തിവച്ച നാശമൊക്കെ ഞാൻ ക്ഷമിച്ചു, ദൈവവും

തരട്ടെ മാപ്പു; യാത്ര ഞാൻ പറഞ്ഞിടുന്നു നിത്യമായ്.

27

 

“കളഞ്ഞുപോയി നീനിമിത്തമെന്റെ നല്ലപേരു, മേ-

ലിളയ്ക്കു ഭാരമായി ഞാൻ ധരിപ്പതില്ല ജീവനെ.

തെളിഞ്ഞു നീ വസിക്ക നിന്റെ ഭാനുവൊത്തു, മേല്ക്കുമേൽ 

വളർന്നിടും ശുഭം നിനക്കനുഗ്രഹിക്കുമീശ്വരൻ.  

28

 

” മടക്കിവച്ചു കത്തു, നല്ല ശുഭവസ്ത്രമൊന്നെടു-

ത്തുടുത്തു, കൂന്തൽ കെട്ടിവച്ചു, പൊട്ടുതൊട്ടു നെറ്റിയിൽ; 

എടുത്തു കത്തു വീണ്ടുമൊന്നു നോക്കി, ശീഘ്രമാവിധം

മടക്കിയങ്ങു വച്ചു മങ്ക, നിശ്വസിച്ചു ദീർഘമായ്.

29

 

കൊളുത്തിവച്ച ദീപമങ്ങെടുത്തെഴുത്തിനന്തികേ 

തെളിച്ചുവച്ചു, വിണ്ണിലേക്കുയർത്തി തന്റെ കണ്ണുകൾ;

വിളിച്ചു ദൈവനാമമേതു കർക്കശന്റെ ഹൃത്തുമ-

ങ്ങിളക്കിടും മൃദുസ്വരത്തിലാർത്തയായ് പ്രഭാവതി.

30

 

വിയത്തിലങ്ങുയർന്നൊരാ സ്വരം ക്രമേണ വായുവിൽ 

ലയിച്ചു, സർവ്വമസ്തമിച്ചു, ദീപവും പൊലിച്ചവൾ;

ഭയങ്കരം കൊടുംതമസ്സു കൂത്തടിച്ചു ഭൂമിയിൽ, 

ഭയം കലർന്നുമിണ്ടടങ്ങി ജീവജാലമാകവേ.

31

 

ഇരുട്ടുകൊണ്ടു തീർത്തൊരാ തിരയ്ക്കകത്തു നാടകം

പെരുത്തു ഭീകരം നടത്തിടുന്നു; കാണ്മതാരുവാൻ! 

പതിച്ചിടുന്നു ശബ്ദമൊന്നിതാ ചെവിക്കകത്തതാ

കിണറ്റിൽ നിന്നുയർന്നതാണു; ദൈവമേ! പ്രഭാവതി

32

 

തരുണീമണികളെപ്പോലുള്ളഴിഞ്ഞുള്ള രാഗം 

പുരുഷരിലൊരുനാളും കാണ്മതില്ലെന്തുചെയ്യാം! 

ചതികളുമിതുമട്ടിൽ പുരുഷന്മാർ തുടർന്നാൽ, 

സതികളവർ ശപിക്കും, ലോകമെല്ലാം നശിക്കും

(1927)