Priyapetta Johny

പ്രിയപ്പെട്ട ജോണീ


ജോണീ! നിനക്കെന്തുപറ്റിയെന്നോമനേ? 

കാണാതെ മിണ്ടാതെയെങ്ങോട്ടുപോയി നീ ?

ആരോമലേ! നിന്നെ വച്ചു താരാട്ടുവാൻ 

പാരാകുമമ്മയ്ക്ക് പുണ്യമില്ലായ്കയാൽ 

മാണിക്യമാം നിന്നെ ബംഗാൾ മഹാബ്ധിക്കു 

കാണിക്കവച്ചതോ പൈതലേ! തങ്കമേ!

നീയോ മഹാധന്യനായാസമെന്നിയെ 

മായാസമുദ്രത്തെ നീന്തിക്കടന്നിതാ 

സായുജ്യസൗഭാഗ്യസംപ്രാപ്തനായി,നിൻ

പ്രായത്തെ വെല്ലുന്ന സാമർത്ഥ്യമത്ഭുതം! 

 

കണ്ണിന്റെ മുമ്പിലെ പന്തം പൊലിഞ്ഞുപോ –

യുണ്ണീ, പൊടുന്നനേ ഞങ്ങൾക്കു; ഭൂമുഖം

ഘോരാന്ധകാരത്തിലാണ്ടു കാണപ്പെടു-

ന്നീ രാവിനെ പ്രഭാതം തുടർന്നീടുവാൻ

സൂര്യചന്ദ്രന്മാരുമന്തരീക്ഷത്തിലേ

താരാഗണങ്ങളും ചേർന്നുദിച്ചീടിലും

പോരുന്നതല്ലേതുമസ്തമിക്കാതുള്ള

സൂര്യോദയംതന്നെ സംഭവിച്ചീടണം. 

ആദർശയോഗ്യമായേതും സുധീരയായ് 

വേദോക്തിപോൽ സഹിച്ചീടേണ്ട ഞാൻ തന്നെ

സന്താപസാഗരേ താണുപോകുന്നെങ്കി-

ലെന്താണു ചൊല്ലേണ്ടതന്യരെപ്പറ്റി ഞാൻ ?

 

കണ്മണിക്കൊപ്പമെന്നോതിയാൽ പോരാത്ത 

നിർമ്മായവാത്സല്യപൂർവ്വമിക്കുഞ്ഞിനേ

എന്നാളുമോമനിക്കുന്ന *”വല്യമ്മച്ചി-

യിന്നീ വിയോഗം സഹിക്കുന്നതെങ്ങനെ? 

പത്തുനാൾ മുമ്പിലീ പാറാവിനപ്പുറ-

ത്തെത്തിയോരോ വയോവൃദ്ധമാതാമഹി

എല്ലാത്തരത്തിലും സൗഭാഗ്യപൂർണ്ണയായ്

തെല്ലുമീയാതനയ്ക്കർഹയായില്ലവൾ. 

മാതാവു നിന്നെപ്പിരിഞ്ഞൊരാ നാളുതൊ-

ട്ടാതങ്കലേശവും നിന്റെമേലേശാതെ 

നൂറായിരം മാതൃഹൃത്തുക്കളേ വെന്ന 

കൂറോടു നിന്നെയിന്നോളം വളർത്തുന്ന

താതനേ-യെത്രയും സ്നേഹമേറീടുമെൻ-

ഭ്രാതാവിനേ-യുള്ളിലോർമ്മിച്ചിടുന്നേര-

മോമനേ കാസാ കവിഞ്ഞുപോകുന്നഹോ!

ശ്രീമേരിയംബികേ, സ്വാമിനീ പാഹിമാം!

ഓരോന്നു ചിന്തിക്കിലന്തമുണ്ടാകയി –

ല്ലാരാലുമാവതല്ലീയാഴി നീന്തുവാൻ. 

മാറാത്ത കണ്ണുനീർ കാലങ്ങൾ പോയാലു-

മാറാത്ത സങ്കടം, തീരാത്ത നഷ്ടവും! 

സാക്ഷാൽ കുടുംബത്തിന്നക്ഷീണഭാസ്സാർന്ന 

നിക്ഷേപമെന്നോർത്തു നിന്നെയെല്ലാവരും. 

സത്യസ്വരൂപന്റെയന്തർഗ്ഗതങ്ങളോ 

വ്യത്യസ്തമായിരുന്നേറ്റം നിഗൂഢമായ്. 

“തോട്ട”ത്തിലേറ്റവും മേന്മയേറും ഫലം 

മൊട്ടിട്ടമാത്രയിൽ നുള്ളിപ്പറിച്ചിതാ

സൃഷ്ടിച്ചവൻ തന്നെകൊണ്ടുപോയ്! കൈവന്ന 

നഷ്ടവും തീർക്കാനശക്തനല്ലുന്നതൻ

അല്ലേ സഹോദരാ, ശ്രീയേശുനാഥന്റെ

ചൊല്ലിൽ സമാശ്വസിച്ചാലും കൃതാർത്ഥനായ്.

അത്യുന്നതൻ തന്നൊരീ നല്ല “താലന്തു’

പത്തല്ല നൂറാക്കി നാഥന്റെ പാദത്തി –

ലർപ്പിച്ച ഭൃത്യന്റെ വിശ്വസ്തതയ്ക്കെത്ര

മേല്പെട്ട സമ്മാനമുണ്ടായിരിക്കണം?

 

ഓതാവതല്ലാത്ത വാത്സല്യമെപ്പൊഴും

മാതാവിനെപ്പോലെ നിന്റെമേൽ വർഷിച്ച 

ധന്യയാം *കൊച്ചാന്റി നിത്യവ്രതങ്ങളെ- 

ക്കന്യാസ്ത്രിയന്തസ്സിലർപ്പിച്ചൊരാദിനം

എല്ലാവരും ചേർന്നു ഘോഷിക്കയാലന്നു

സോല്ലാസമൊന്നിച്ചു കണ്ടു നാം കണ്മണി, 

എല്ലാ ഭവിഷ്യത്തുമെപ്പൊഴും കാണുന്ന 

നല്ല ദൈവം നിയന്ത്രിക്കുന്നിതൊക്കെയും

മൂന്നായി മാസങ്ങളെങ്കിലും കണ്മുമ്പി-

ലിന്നു കാണും വിധം നിന്നെയോർമ്മിച്ചു ഞാൻ. 

ബുദ്ധിപ്രഭാവം സ്ഫുരിപ്പിച്ചിടും നിന്റെ 

മൂർദ്ധാവുമാ നല്ല ഫാലപ്രദേശവും, 

ബാല്യത്തിനപ്പുറം പോകാത്ത മാധുര്യ-

മുല്ലസിച്ചീടുന്ന മന്ദസ്മിതങ്ങളും 

എന്നാലഹോ! മനഃപാകതയ്ക്കാദർശ –

മാർന്നുള്ള വിജ്ഞന്റെ സംസാരരീതിയും 

വാത്സല്യമുള്ളത്തിലാർക്കും വളർത്തുന്ന 

സൽസ്വഭാവം, ദേഹകാന്തി വൈശിഷ്ട്യവും 

എന്നേക്കുമായുള്ള കാഴ്ചയാണായതെ-

ന്നന്നോർത്തതില്ല നാം സ്വപ്നത്തിലെങ്കിലും. 

ആരാലുമൂഹ്യമല്ലീലോകമായങ്ങ-

ളോരോന്നിതേവിധം സംഭവിച്ചീടുന്ന –

നേരത്തു മാത്രം ഗ്രഹിക്കുന്നു മാനുഷൻ

പേരെടുത്തുള്ളോരു സുരീന്ദ്രനാകിലും. 

മിന്നൽപ്പിണർ പോലെ പെട്ടെന്നു ദൃഷ്ടിയിൽ 

മിന്നിപ്പൊലിഞ്ഞു നീ; ദീർഘനേരം നിന്റെ –

യന്യൂനകാന്തിയിൽ മുങ്ങിയാറാടുവാൻ 

മന്നിടം സാക്ഷാലയോഗ്യമാണോമനേ! 

ആഴമേറീടുമീ സന്താപസാഗരം 

താഴാതെ നീന്തിക്കടക്കാനനുഗ്രഹം 

വാരാശി നക്ഷത്രമാകുന്ന കന്യകാ –

മേരിമാതാവിനോടങ്ങിരുന്നെപ്പൊഴു-

മർത്ഥിക്ക ഞങ്ങൾക്കുവേണ്ടിയെല്ലാരുമ-

ങ്ങെത്തിസ്സമീപത്തു കാണുന്ന നാൾവരേ. 

സ്വർല്ലോകരാജ്ഞിതൻ സ്വർഗ്ഗപ്രവേശത്തി-

ലല്ലോ മിടുക്കനായ് ലോകം വെടിഞ്ഞു നീ 

പാറിപ്പറക്കുമാ നീലമേലാടയിൽ 

കേറിപ്പിടിച്ചങ്ങു ചെന്നു നീ നിശ്ചയം.

 

ഭക്തരായ് *സംഘത്തിലംഗങ്ങളായ് തന്റെ 

മക്കളായ് നില്ക്കുന്ന നല്ല കുഞ്ഞുങ്ങളേ 

നല്ലോരു സന്ദർഭമൊപ്പിച്ചു മാതാവൊ-

രുല്ലാസയാത്രയ്ക്കിറങ്ങിയന്നേദിനം.

വന്നടുത്തുള്ളൊരു ഭാവിയെപ്പറ്റിയാ-

തൊന്നും ധരിക്കാതെയാണെന്നിരിക്കിലും

യാത്രയ്ക്കൊരുക്കങ്ങളെത്രയും ഭംഗിയായ് 

പൂർത്തീകരിച്ചിരുന്നന്തരാത്മാവിലും.

ആത്മാർത്ഥമായ് ദിവ്യപൂജയിൽ പങ്കെടു-

ത്താത്മീയഭോജ്യവും സ്വീകരിച്ചൊത്തപോൽ 

മേരീമഹോത്സവം കൊണ്ടാടി വാർഷികം

പോരായ്മ തീർക്കുവാനുല്ലാസയാത്രയും. 

ജോണിയും കൂട്ടരും പാരഡൈസിൽ തന്നെ-

യാണീ വിനോദം സമാപിച്ചീടേണ്ടതെ-

ന്നേണാങ്കബിംബത്തിൽ നില്ക്കുന്ന സുന്ദരീ-

മാണിക്യമാം നാഥയോർത്തിരുന്നപ്പൊഴേ.

വണ്ടും പുഴുക്കളും സൽപ്രസൂനങ്ങളെ-

തീണ്ടാതിറുത്തെടുത്തന്തികേ ഭദ്രമായ്.

ഘ്രാണിച്ചു ചുംബിച്ചു വച്ചുകൊണ്ടീടുവാൻ 

കാണിച്ചതാണമ്മയീ മഹാപാടവം

എന്നോർത്തു നാഥേ, സമാശ്വസിക്കുന്നു ഞാൻ 

വന്നെന്റെ കുഞ്ഞിനെക്കാണുന്ന നാൾവരേ

സന്ദേഹമില്ലങ്ങു വന്നെത്തിയാൽ പിന്നെ-

യൊന്നിച്ചു ശാശ്വതാനന്ദത്തിൽ വാണിടാം.

 

അമ്മേ, ലയോളാ മഹാപാഠശാലയേ,

നിന്മക്കളേ ഞാൻ നമസ്ക്കരിക്കുന്നിതാ !

ജസ്വീത്തരാം വന്ദ്യവൈദികർ, ചൊല്‌ക്കൊണ്ട 

നിസ്വാർത്ഥബുദ്ധികൾ നിന്റെ കുഞ്ഞുങ്ങളെ 

സൽക്കർമ്മധീരതയ്ക്കെപ്പോഴും മുമ്പരായ് 

നില്ക്കുവാനഭ്യസിപ്പിക്കുന്നതുത്തമം. 

അന്തർപ്രവാഹത്തിലാഴി ഗർഭത്തിലാ-

ണ്ടന്തരിച്ചോരാ സതീർത്ഥ്യരേയോർത്തവർ 

ചെയ്തോരു സേവനം കേട്ടീടിലേവനും 

കൈതൊഴും തൽക്ഷണം പാദം നമിച്ചിടും. 

രത്നാകരത്തിന്നു കൈവന്ന സമ്പൂജ്യ-

രത്നപ്രകാണ്ഡങ്ങൾ സ്വന്തമാക്കീടുവാൻ 

അത്യാശയുണ്ടായിരുന്നെങ്കിലും ധീര –

സത്യാഗ്രഹം കടൽതീരത്തു രാപകൽ 

ആരംഭശൂരത്വമേതും വിനാ നല്ല 

പൗരുഷത്തോടേയനുഷ്ഠിച്ചുകൊണ്ടവർ 

ബംഗാൾ മഹാബ്ധിയെത്തോല്പിച്ചു കാര്യവും

ഭംഗിയായ്ത്തന്നേ സമാപിച്ചു ശാന്തരായ്. 

വിശ്രമം നിദ്രയെന്നിത്യാദി ശാരീരി –

കാശ്വാസകാര്യങ്ങളൊന്നും ഗണിക്കാതെ, 

ആഹാരമില്ലാതെ, ചുറ്റിലും നോക്കിയാൽ 

ദാഹശാന്തിക്കല്‌പവെള്ളവും കിട്ടാതെ, 

ഏതിലും ദുസ്സഹം മാനസക്ലേശവും 

വീതസന്ദേഹം സഹിച്ചുകൊണ്ടെത്രയോ

ദൂരം നടന്നത്രയും! ശരീരങ്ങ-

ലോരോന്നു കണ്ടെടുത്തെങ്കിലും പിന്നെയും 

സന്താപമേ! കൊച്ചുജോണിയെക്കണ്ടില്ല, 

പിന്തിരിഞ്ഞീടാൻ വിചാരിച്ചുമില്ലവർ. 

ദേഹം തളർന്നും മണൽപ്പുറത്തൊട്ടുപേർ 

മോഹിച്ചു വീണും തുടർന്നു സത്യാഗ്രഹം.

ഗംഭീരമാനസം പാടേ തകർന്നുപോ-

യംഭോനിധിക്കുമിക്കാഴ്ച കണ്ടീടവേ.

പശ്ചാത്തപിച്ചവൾ തീരത്തു സാദരം 

വച്ചിട്ടു പിന്മാറിയാ രത്നതല്ലജം. 

എന്താണു ചൊല്ലേണ്ടതസ്വാസ്ഥ്യമല്പവും 

ചിന്തിച്ചിടാതെയാ നിർജ്ജീവമാം ജഡം 

നിക്ഷേപമെന്നപോലെല്ലാവരും ചേർന്നു

തൽക്ഷണം, പാതിരാനേരമാണെങ്കിലും, 

തോളിൽ ചുമന്നും ശിരസ്സിൽ വഹിച്ചുമാ-

നീളെക്കിടക്കും മണൽ പ്രദേശങ്ങളെ 

പിന്നിട്ട പന്ത്രണ്ടു നാഴികയ്ക്കപ്പുറം 

സന്നദ്ധയോദ്ധാക്കളെത്തിച്ചു സാദരം. 

 

അല്ലേ സഹോദരന്മാരേ, കൃതജ്ഞത 

കല്ലോലമെന്നുള്ളിലൊന്നിനൊന്നെത്രയും

ശക്തിയായാർഭടിച്ചിടുന്നു, വാക്കിനാൽ 

വ്യക്തമാക്കീടുവാൻ സാദ്ധ്യമല്ലേതുമേ. 

യാതൊരു രേഖയും കൂടാതെ നിങ്ങളെൻ 

ചേതോവികാരങ്ങൾ വായിപ്പതുത്തമം.

ധീരയോദ്ധാക്കളേ, മേലിലും മാതൃകാ –

പുരുഷന്മാരായി ലോകത്തിലീവിധം 

മാഹാത്മ്യമേറുന്ന കൃത്യങ്ങൾ ചെയ്യുവാൻ 

സ്നേഹസ്വരൂപൻ തുണയ്ക്കട്ടെ നിങ്ങളെ!

 

പൊന്നോമനേ, ജോണി സ്വർല്ലോകരാജ്ഞിയാം 

കന്യാംബികാമേരി ചെയ്തോരനുഗ്രഹം! 

സ്ഥാനം പിഴയ്ക്കാതെ ശയ്യാതലം നല്കി 

മാനിച്ചു നിങ്ങളെപ്പള്ളിയാം മാതാവു 

ഗാനങ്ങൾ പാടിക്കിടത്തി തന്നങ്കത്തി –

ലാനന്ദപൂർണ്ണരായ് നിദ്രചെയ്തീടുവാൻ.

 

 എന്തോരു സന്താപനാടകം! വീണ്ടുമാ-

ചിന്താതരംഗത്തിലാണ്ടുപോകുന്നു ഞാൻ.

സാഘോഷമാം പ്രേതസംസ്കാരയാത്രയോ-

ശ്ലാഘാർഹമെങ്കിലും മാറത്തു കൈവച്ചു

ചൂടുള്ള കണ്ണുനീർ ചിന്താതെയാ മഹാ-

നാടകം കണ്ടതില്ലേതോരു ധീരനും. 

ആകവേ ഭാരതം ദീർഘമായ് നിശ്വസി-

ച്ചേകസ്വരത്തിൽ കരഞ്ഞോരു സംഭവം!

അമ്മയാകും മഹാരാജ്യത്തിനെന്നാളു-

മോർമ്മയിൽ മായാതെ നില്ക്കുന്ന സംഭവം! 

മാതൃഭൂമിക്കേറ്റമാത്മാഭിമാനവും

ഭൂതിയും ഭാവിയിൽ ചേർക്കാനിരുന്നൊരാ

പ്രേഷ്ഠസന്താനങ്ങൾ തന്നെയല്ലേയിന്നു

നഷ്ടമായ്ത്തീർന്നതെന്നാരറിഞ്ഞീശ്വരാ! 

 

തീരാത്തമട്ടിൽ തുടർന്നുപോകുന്നു ഞാൻ,

ധാരാളമുള്ളിൽ തുളുമ്പുന്നു പിന്നെയും. 

എന്നാലുമെല്ലാം സമാപിച്ചിടുന്നിതാ,

നന്നായ് തുടയ്ക്കുന്നു കണ്ണീർ പ്രവാഹവും. 

നല്ലകുഞ്ഞുങ്ങളേ, നാലുപേരും നിങ്ങൾ 

സോല്ലാസമൊന്നിച്ചു നിദ്രചെയ്യുന്നുവോ? 

ശാശ്വതാനന്ദം! സുഹൃത്തുക്കളാം നിങ്ങ-

ളാശ്വസിച്ചാലും സമാധാനപൂർണ്ണമായ്!