Suryakeerthanam I

സൂര്യകീർത്തനം 1


ന്നതാമഹോന്നതാ! നമസ്തേ! സർവ്വേശ്വരാ!

നിന്നടി കൂപ്പുന്നു ഞാൻ, നിർമ്മലാത്മാവേ! ദേവാ! 

സകലചരാചര സൃഷ്ടികർത്താവേ! നാഥാ! 

സകലബഹുമതി സ്തുതിയുമങ്ങേയ്ക്കത്രേ.

നിൻ തിരുവടി തന്നിൽ സകല പുകഴ്ചയും 

സന്തതം നിസ്സംശയം നീതിയായ് ചേർന്നീടണം. 

താവകതിരുനാമം ജപിപ്പാൻ പോലും വിഭോ! 

പാവനാത്മാക്കൾ, പരിപൂതനാവുകൾ, എങ്ങോ? 

നമസ്തേ ജഗത്പതേ! സൃഷ്ടിജാലങ്ങളെല്ലാം. 

മമസോദരങ്ങളാണവയ്ക്കും നമസ്കാരം! 

അവയെല്ലാറ്റിൽ വച്ചും ലോകബാന്ധവനായ 

വിവസ്വാനഹസ്കരൻ പ്രഥമഗണനീയൻ. 

എത്രയോ മനോഹരൻ, നിർമ്മലതേജോരൂപൻ, 

വൃത്തഭംഗമില്ലാത്ത നിഷ്ക്കളങ്കനാണവൻ.

പരബ്രഹ്മത്തിൽ ദിവ്യ കിരണലവം തട്ടി

സ്ഫുരിക്കും ജ്യോതിസ്സേവ മവനിൽ കാണുന്നു നാം. 

പകലും പ്രകാശവുമാമഹാൻ വഴിയായി 

സ്സകലേശനാമങ്ങു ഞങ്ങൾക്കു തന്നീടുന്നു. 

ഭാസ്കരദിവാകര, മിത്രാദി പര്യായങ്ങ-

ളോർക്കുമ്പോളദ്ദേഹത്തിന്നർത്ഥവത്തുതന്നെയാം. 

 

വാനമണ്ഡലത്തിനു ഭൂഷണായമാനങ്ങൾ,

മാനിനീ നിശീഥിനി ചാർത്തിടും സുമാല്യങ്ങൾ, 

അമൃതാംശു, താരകാ ഗണങ്ങളവയ്ക്കായും 

നമസ്തേ വിശ്വംഭരാ! നമസ്തേ സച്ചിന്മയാ!

സോദരൻ ജഗത്പ്രാണൻ, പ്രസന്നനീലാംബരം,

സോദരികാദംബിനി, ഋതുക്കൾ വിഭിന്നങ്ങൾ,

ജീവജാലത്തെയെല്ലാ മിവയാൽ പോഷിപ്പിക്കും

താവകപത്തുക്കൾക്കു സാദരം നമസ്കാരം!

 

അനഘ, സുഖദ,യാർദ്രശീലയെന്നല്ല 

വിനയമഹദ്ഗുണ ഭൂഷിതസമ്പൂജിത

സോദരിയംഭസ്സിനെ യോർത്തുമെൻ ശിരസ്സങ്ങേ 

പാദപങ്കജങ്ങളിൽ ചേർത്തു ഞാൻ നമിക്കുന്നേൻ. 

തമസ്സാലാക്രാന്തയാം നിശയേ ശോഭിപ്പിക്കും 

സുമുഖൻ വൈശ്വാനരൻ സുജനോല്ലാസപ്രദൻ 

നിതരാം പ്രതാപവാൻ ബലവാനദ്ദേഹത്തേ

ക്ഷിതിയിൽ ചേർത്തൊരങ്ങേ നമിപ്പു ഭൂയോപി ഞാൻ. 

 

അമ്മയാം വസുന്ധരാ ദേവിയേനിനയ്ക്കവേ 

ചിന്മയാ, കൃതജ്ഞതാ ഭരത്താലെന്മാനസം 

നിറഞ്ഞു ചിന്തീടുന്നു, ശിരസ്സു താണീടുന്നു, 

കരങ്ങൾ താനേ ചേർന്നിട്ടഞ്‌ജലി കൂപ്പിടുന്നു. 

ആ മഹാമാതാവല്ലോ ഗണനാതീതങ്ങളായ് 

രാമണീയകഗുണമേറുന്ന സസ്യാദികൾ 

വിവിധ സുമങ്ങളും മധുരഫലങ്ങളു-

മിവർക്കുവേണ്ടും വിധം തന്നനുഗ്രഹിക്കുന്നു. 

 

സൃഷ്ടിജാലമേ, സദാ സ്തുതിക്ക, സ്വയംഭുവാം 

സൃഷ്ടിനാഥനെ ഭക്ത്യാ ഭജിക്ക, നമിക്കുക 

നിത്യവും കൃതജ്ഞത നിറഞ്ഞ ചേതസ്സോടെ 

സ്തോത്രഗീതങ്ങൾ പാടിയീശനെയാരാധിക്ക. 

 

പാവനാത്മാവേ! വിഭോ! വീണ്ടുമെൻ സ്തുതിയങ്ങേ

പരമഭക്തന്മാരേയോർത്തു ഞാനാവർത്തിപ്പൂ 

തെറ്റുകൾ ക്ഷമിക്കുന്നു, പീഡകൾ സഹിക്കുന്നു 

മാറ്റലർക്കായിട്ടവർ നന്മകൾ ചെയ്തീടുന്നു! 

സ്ഥിരമാമന്തശ്ശാന്തിയവരേ ഭരിക്കുന്നു, 

നരലോകത്തിൽ ധന്യരവരാണസംശയം 

നിൻതിരുവടി ഭക്തവത്സലനൊരുനാളിൽ 

കാന്തിയേറും കിരീടമവരേ ധരിപ്പിക്കും.

പാർത്തല നിവാസികൾക്കാർത്തി തീർത്തനുഗ്രഹം 

നിത്യമായ് ചേർത്തീടുന്ന മൃത്യുവാം സഹോദരീ! 

അവസാനമായ് നിന്നെയകമേ സ്മരിച്ചു ഞാൻ 

നവമാം ഗാനങ്ങളാൽ സ്തുതിപ്പൂ സർവ്വേശനെ 

താവകാശ്ലേഷത്തിൽ നിന്നാർക്കുമേ തെന്നിപ്പോവാ- 

നാവതില്ലെന്ന കാര്യം പരക്കെ പ്രസിദ്ധമാം 

ദുരിതം പാപത്തോടെ മരിക്കും ദുഷ്ടന്മാർക്കു, 

പരിശുദ്ധാത്മാക്കൾക്കോ പരമാനന്ദം നിത്യം! 

അവർക്കീ താത്കാലിക ജഡികമൃത്യുവാലേ 

ഭവിക്കാ വിനാശങ്ങൾ യാതൊരു തരത്തിലും.